TopTop
Begin typing your search above and press return to search.

ഒരിക്കല്‍ തമ്പി ലാലിനോട്‌ ചോദിച്ചു: "കാല് കൊണ്ട് മാത്രം ഫൈറ്റ് ചെയ്യാമോ" എന്ന്

ഒരിക്കല്‍ തമ്പി ലാലിനോട്‌ ചോദിച്ചു: കാല് കൊണ്ട് മാത്രം ഫൈറ്റ് ചെയ്യാമോ എന്ന്

സത്യന്‍ അന്തിക്കാട്, പദ്മരാജന്‍, പ്രിയദര്‍ശന്‍, ഐവി ശശി, ഹരിഹരന്‍, സിബി മലയില്‍, തമ്പി കണ്ണന്താനം തുടങ്ങിയ മുഖ്യധാര സംവിധായകരുടെ സിനിമകളിലൂടെ മോഹന്‍ലാല്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന വര്‍ഷമായിരുന്നു 1986. 36 സിനിമകളിലാണ് ലാല്‍ ആ വര്‍ഷം അഭിനയിച്ചത്. ഇതില്‍ നിരവധി ചിത്രങ്ങള്‍ മെഗാഹിറ്റുകളായി മാറി. സത്യന്‍ അന്തിക്കാടിന്റെ ഹിറ്റ് ചിത്രം ടിപി ബാലഗോപാലന്‍ എംഎയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ബോക്‌സ് ഓഫീസില്‍ സൂപ്പര്‍സ്റ്റാറായി പ്രതിഷ്ഠിച്ചത് തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍ ആയിരുന്നു. മോഹന്‍ലാലിന്റെ അനുകരിക്കുന്ന കലാകാരന്മാരെല്ലാം വിന്‍സന്റ് ഗോമസുമാരായി. "ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു" എന്ന ഡയലോഗ് എക്കാലത്തേയ്ക്കും വൈറലായി.

സ്‌ത്രൈണതയും കുടിലതയും വഷളത്തരങ്ങളും പ്രദര്‍ശിപ്പിച്ചിരുന്ന വില്ലന്‍, ഉപനായകന്‍ വേഷങ്ങളില്‍ നിന്ന് മോഹന്‍ലാല്‍ നായകപദവിയിലേയ്ക്ക് ഉയര്‍ന്നുവന്നുകഴിഞ്ഞ കാലത്താണ് വിന്‍സന്റ് ഗോമസ് എന്ന അധോലോക നായകനായി മോഹന്‍ലാലിനെ തമ്പി കണ്ണന്താനം അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ ആന്റി ഹീറോ സങ്കല്‍പ്പങ്ങളില്‍ രാജാവിന്‍റെ മകന്‍ നിര്‍ണായകമായിരുന്നു. ബോംബെ അധോലോക പശ്ചാത്തലത്തില്‍ ചെയ്ത ഇന്ദ്രജാലത്തിലും മോഹന്‍ലാലിന് ശ്രദ്ധേയമായ നായക കഥാപാത്രമാണ് തമ്പി കണ്ണന്താനം നല്‍കിയത്.

'മമ്മൂട്ടി, പെട്ടി, കുട്ടി' എന്ന് നിരൂപകരും സിനിമ പ്രേക്ഷകരും തമാശയായി വിലയിരുത്തിയിരുന്ന കച്ചവട ഫോര്‍മുലയുടെ ഹിറ്റ് കാലത്തിന് ശേഷം മമ്മൂട്ടി തുടര്‍ച്ചയായി ഫ്ലോപ്പുകളുമായി പ്രതിസന്ധിയിലായിരുന്ന കാലവുമായിരുന്നു അത്. രാജാവിന്റെ മകന്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍താര നിര്‍മ്മിതിയില്‍ വലിയ പങ്ക് വഹിക്കുകയും മലയാള കച്ചവടസിനിമയിലെ മമ്മൂട്ടി - മോഹന്‍ലാല്‍ താരനായക ദ്വന്ദ്വത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്തു. പിന്നീട് ഭൂമിയിലെ രാജാക്കന്മാര്‍ പോലൊരു രാഷ്ട്രീയ ചിത്രവും നാടോടിയും ഇന്ദ്രജാലവും മാന്ത്രികവും ഒന്നാമനുമെല്ലാം മോഹന്‍ലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്തു. ഭൂമിയിലെ രാജാക്ക്നമാരിലും നെഗറ്റീവ് സ്വഭാവമുള്ള നായക വേഷമായിരുന്നു മോഹന്‍ലാലിന്.

രാജാവിന്‍റെ മകനിലെ മറ്റൊരു രംഗം:

അക്കാലത്ത് മോഹന്‍ലാലിനെ ക്രൂരനായ നായകനാക്കി അവതരിപ്പിച്ചത് എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ഉയരങ്ങളില്‍ എന്ന സിനിമയും ശശികുമാറിന്‍റെ ശോഭരാജും ആയിരുന്നു. ഈ രണ്ട് ചിത്രങ്ങളിലേയും ക്രൂര നായക വേഷങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലെങ്കിലും നന്മയും കുടിലതയും ഇടകലര്‍ന്ന നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങള്‍ ആണ് തമ്പി, രാജാവിന്‍റെ മകനിലും ഭൂമിയിലെ രാജാക്കന്മാരിലും മോഹന്‍ലാലിന് നല്‍കിയത്. എല്ലാ സിനിമകളിലും മോഹന്‍ലാലിനെ ത്രില്ലടിപ്പിക്കുന്ന ഷോട്ടുകള്‍ ഒരുക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നതായും എപ്പോളും സംവിധായകനെന്ന നിലയില്‍ താന്‍ പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള പ്രകടനങ്ങള്‍ കൊണ്ട് ലാല്‍ വിസ്മയിപ്പിച്ചിട്ടുള്ളതായും തമ്പി കണ്ണന്താനം പറഞ്ഞിട്ടുണ്ട്.

ഭൂമിയില്‍ രാജാക്കന്മാരില്‍ നിന്ന് ഒരു രംഗം:

നാടകാചാര്യന്‍ എന്‍എന്‍ പിള്ള അഭിനയിച്ച രണ്ട് സിനിമകളില്‍ ഒന്ന് നാടോടിയായിരുന്നു. സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദറിന് ശേഷം തമ്പി കണ്ണന്താനത്തിന്റെ നാടോടിയില്‍ മാത്രമാണ് എന്‍എന്‍ പിള്ള അഭിനയിച്ചത്. നാടോടിയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു സംഭവം ഒരു അനുഭവം തമ്പി കണ്ണന്താനം വര്‍ഷങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. മോഹന്‍ലാലും എന്‍എന്‍ പിള്ളയുമുള്ള രംഗമാണ്. എന്‍എന്‍ പിള്ളയുടെ ഡയലോഗിന് ശേഷം ലാലിന്റെ കഥാപാത്രം മറുപടി ഡയലോഗ് പറയുമ്പോള്‍ കരയുന്നുണ്ട്. എന്നാല്‍ ഞാന്‍ നിബന്ധന വച്ചു - കരയണം, പക്ഷെ ഗ്ലിസറിന്‍ തരില്ല. ആ സീന്‍ കട്ട് പറയുമ്പോള്‍ അയാളുടെ കണ്ണില്‍ നിന്നും വെള്ളം വീണുകൊണ്ടിരിക്കുകയായിരുന്നു - ഒരു തുള്ളി ഗ്ലിസറിനില്ലാതെ. മാന്ത്രികത്തിലും ലാല്‍ ഇത്തരമൊരു നിബന്ധന തമ്പി ലാലിന് മുന്നില്‍ വച്ചു. സംഘട്ടന രംഗമാണ്. കൈ കൊണ്ട് പഞ്ച് ചെയ്യരുത് അടി കാല് കൊണ്ട് മാത്രം. മാന്ത്രികത്തിലെ മികച്ച സംഘട്ട രംഗത്തില്‍ പ്രേക്ഷകര്‍ക്ക് ഇത് അനുഭവിക്കാനാകും എന്ന് തമ്പി പറഞ്ഞിരുന്നു.


Next Story

Related Stories