Top

'ജെയ്സനെ പോലെ പ്രണയമൊന്നുമില്ല എനിക്ക്', കുമ്പളങ്ങിയുടെ സ്വന്തം ഫ്രാങ്കി തണ്ണീർമത്തനിലെത്തുമ്പോൾ; മാത്യു തോമസ്/അഭിമുഖം

പ്രണയവും സൗഹൃദവും കലഹവും ഒരുപിടി നൊസ്റ്റാൾജിയയും ഒത്തുചേരുന്ന ചിത്രമാണ് നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ്, വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഇതിനോടകം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് നായകനായ മാത്യൂ തോമസ് അഴിമുഖവുമായി.

സിനിമ ഇപ്പോൾ ഹിറ്റ് ആയി നിൽക്കുമ്പോഴും, സിനിമ ഇറങ്ങും മുൻപേ തന്നെ ഹിറ്റായ പാട്ടുകൾ തന്ന ഒരു പ്രതീക്ഷ ഇല്ലേ?


ആദ്യം പറയാൻ ഉള്ളത് സിനിമ തീർത്ത വിജയത്തിൽ ഉള്ള സന്തോഷം ആണ്. ഞങ്ങൾ എല്ലാവരും വളരെ ഹാപ്പി ആയി വർക്ക് ചെയ്ത സിനിമ ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ സിനിമ വിജയിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. പിന്നെ പ്രേക്ഷകരുടെ പ്രതികരണം ഒക്കെ എത്തരത്തിൽ ആയിരിക്കും എന്നറിയാൻ ഉള്ള ആഗ്രഹവും ഉണ്ടായിരുന്നു. ഭാഗ്യവശാൽ നല്ല പ്രതികരണം ആണ് കിട്ടുന്നത്. അതൊക്കെ സന്തോഷം തരുന്നു. പിന്നെ പാട്ട് ഒക്കെ ഹിറ്റ് ആയി നില്‍ക്കുമ്പോഴും പടം റിലീസ് ആയാൽ എന്താകും അവസ്‌ഥ എന്ന കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു. എല്ലാം നല്ലതായി സംഭവിച്ചു എന്നതിൽ സന്തോഷം. പിന്നെ സിനിമ കണ്ടു പലരും വിളിച്ചു, മെസ്സേജ് ചെയ്തു. ആരും നെഗറ്റീവ് ആയ അഭിപ്രായങ്ങൾ ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ. മൊത്തത്തിൽ നല്ല പ്രതികരണം.

സിനിമയിലുടനീളം ദുർബലനായ നായകൻ. ജീവിതത്തിലോ?

ജീവിതത്തിൽ സ്വാഭാവികമായും സ്കൂളിൽ പോകുന്ന ഒരു വിദ്യാർത്ഥി എങ്ങനെയാണോ, അത്രയൊക്കെയെ ഒള്ളു. അതിപ്പോൾ കുമ്പളങ്ങിയിലെ ഫ്രാങ്കി ആയാലും തണ്ണീർമത്തൻ ദിനങ്ങളിലെ ഈ പറഞ്ഞ ദുർബലനായ നായകനായ ജെയ്‌സണായാലും ശരി, ഇതിനൊക്കെ ഇടയിൽ നിൽക്കുന്ന ഒരു കഥാപാത്രമാണ് ഞാൻ. എനർജി ലെവൽ ഒക്കെ ജെയ്‌സനെ പോലെ ആയിരിക്കും എന്റേതും. പക്ഷെ ജയസ്നെ പോലെ പ്രണയം ഒന്നുമില്ല എനിക്ക്. ഈ സിനിമയിൽ കാണുന്ന പോലെ കടയിൽ പോക്കും മറ്റും ഒക്കെ പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുമായിരുന്നു. ഇതിൻറെ സംവിധായകനും എഴുത്തുകാരും ഒക്കെ വളർന്നു വന്ന രീതി ഇങ്ങനെയായിരുന്നു. അവരുടെ സ്കൂൾ ലൈഫ് ഇങ്ങനെയായിരുന്നു. അതൊക്കെ മാക്സിമം റിയലിസ്റ്റിക്കായി കാണിക്കാൻ അവർ ശ്രമിച്ചു. അത് റിലേറ്റ് ചെയ്യാൻ എനിക്കും സാധിച്ചു.

ഫ്രാങ്കിയിൽ നിന്നും നേരെ ജെയ്സനിലേക്ക് വരുമ്പോൾ

കുമ്പളങ്ങിയിൽ ഫ്രാങ്കി എന്ന കഥാപാത്രം ചെയ്യുന്ന സമയത്ത് സഹായിക്കാനായി കുറെ പേർക്ക് എനിക്കൊപ്പമുണ്ടായിരുന്നു. ശ്യാം ചേട്ടൻ ആയാലും മധു ചേട്ടൻ ആയാലും എന്താണോ ഞാൻ ചെയ്യേണ്ടത് അത് എനിക്ക് കൃത്യമായി പറഞ്ഞു തരുമായിരുന്നു. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം അത് പ്രെസെൻറ് ചെയ്യുക എന്ന ഉത്തരവാദിത്വം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകഴിഞ്ഞു ഒരു ഗ്യാപ്പ് വന്ന ശേഷമാണ് തണ്ണീർമത്തൻ ദിനങ്ങളിൽ അവസരം ലഭിക്കുന്നത്. അതും ഈ പറഞ്ഞതുപോലെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരാൻ ചുറ്റിലും ആളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ ആ ഫ്ലോയിൽ അങ്ങ് ചെയ്ത് തീർക്കാൻ പറ്റി എനിക്ക്.

ലൊക്കേഷൻ അനുഭവങ്ങൾ

അടിപൊളി ആയിരുന്നു. ഞങ്ങൾ എല്ലാവരും എന്നും ഷൂട്ട് കഴിഞ്ഞു റൂമിൽ ചെന്നാലും അപ്പോഴും ഒരുമിച്ച് കൂടും. ആഘോഷം, സംസാരം എന്നിങ്ങനെ മൊത്തത്തിൽ നല്ല രസമായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെതായ കെമിസ്ട്രി ഞങ്ങളുടെ സൗഹൃദത്തിൽ നിന്നും നിങ്ങൾക്ക് സ്ക്രീനിൽ കാണാൻ സാധിക്കും.

വിനീത്‌ ശ്രീനിവാസനൊപ്പം

നല്ല എക്സ്പീരിയൻസ് ആയിരുന്നു ചേട്ടനോടൊപ്പം ഉണ്ടായിരുന്നത്. ചേട്ടനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പടിച്ചെടുക്കാന്‍ പറ്റി. അതുപോലെ തന്നെ വിനീത് ചേട്ടൻ കുറെ ടിപ്സ് ഒക്കെ പറഞ്ഞു തന്നിട്ടുണ്ട്. പിന്നെ എന്തെങ്കിലും തെറ്റ് ഒക്കെ ചെയ്താൽ വിനീത് ചേട്ടൻ പതുക്കെ മയത്തിൽ പറഞ്ഞു തരും ഡാ ഇങ്ങനെ ഒന്ന് ചെയ്തു നോക്ക് എന്ന്. അതുപോലെ നന്നായാൽ അഭിനന്ദിക്കുകയും ചെയ്യും.

സിനിമ എന്ന ലക്ഷ്യം

വളരെ അപ്രതീക്ഷിതമായി സിനിമയിലെത്തിയ ആളാണ് ഞാൻ. ഞാൻ ക്ലാസ്സിൽ ഇരിക്കുന്ന സമയത്ത് കുമ്പളങ്ങിയുടെ ഒഡീഷൻ നടക്കുന്നുണ്ടായിരുന്നു സ്‌കൂളിൽ. അത് വെറുതെ പോയി നോക്കി അത് അറ്റൻഡ് ചെയ്തു. അങ്ങനെ സിനിമയിലേക്ക് എത്തിപ്പെട്ടത് ആണ്. സിനിമയിൽ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായി നടന്നിരുന്ന ആളൊന്നുമല്ല ഞാൻ. അതങ്ങനെ സംഭവിച്ചു പോയതാണ്. കുമ്പളങ്ങി നൈറ്റ്സിലെ ഷൂട്ട് തുടങ്ങുന്ന ആദ്യത്തെ ദിവസം ആദ്യത്തെ ഷോട്ട് തന്നെ എന്റേതായിരുന്നു. ഞാന്‍ൻ വീട്ടിലേക്ക് കയറി പോകുന്ന ഒരു ഷോട്ട്. എനിക്ക് അപ്പോൾ നല്ല പേടി ഉണ്ടായിരുന്നു. എന്നാൽ ഫസ്റ്റ് ടെയ്ക്ക് പോയപ്പോ മധു ചേട്ടനും ശ്യാം ചേട്ടനും ഒക്കെ പറഞ്ഞു ഇങ്ങനെ തന്നെയാണ്, നി ഒന്നു കൂടി ബെറ്റർ ആക്കി ചെയ്യ്, കൊള്ളാം എന്നൊക്കെ. അവർ തന്ന ആത്മവിശ്വാസം വലുതായിരുന്നു.

ലോക്കേഷൻ ഓർമ്മകൾ

എല്ലാ ദിവസവും ഓർമ്മിക്കാൻ എന്തെങ്കിലും ഒക്കെ അനുഭവങ്ങൾ തന്നുകൊണ്ട് തന്നെയായിരുന്നു ഷൂട്ട് അവസാനിക്കാറുള്ളത്. അതിൽ തന്നെ സ്‌കൂളിൽ നിന്നും ടൂർ പോകുന്ന ഒരു ഗാനമുണ്ടായിരുന്നു. ഞങ്ങൾ ശരിക്കും എങ്ങനെയാണോ ടൂർ പോകുക, അതുപോലെ ഒരു ടൂർ ഒക്കെ പോയി രണ്ട് ബസ്സിന് ഒക്കെ പോയി വളരെ എൻജോയ് ചെയ്ത് ആണ് ആ യാത്ര പോയതും അതൊക്കെ ചിത്രീകരിച്ചതും.

കുടുംബത്തിലെ പിന്തുണ


വീട്ടിൽ എല്ലാവരും ഒരുപോലെ സപ്പോട്ടീവ് ആണ്. ഞങ്ങൾ നാലു പേരാണ് വീട്ടിൽ ഉള്ളത്. അച്ഛൻ,അമ്മ,ചേട്ടൻ,ഞാൻ. അവർ തരുന്ന പിന്തുണ വലുതാണ്.

Next Story

Related Stories