Top

ധനുഷും കള്ളന്‍ പവിത്രനും, ഒരു പഴയകാല പ്രിയദര്‍ശന്‍ പടവും; തരംഗത്തിന്റെ വിശേഷങ്ങളുമായി ഡൊമിനിക് അരുണ്‍/ അഭിമുഖം

ധനുഷും കള്ളന്‍ പവിത്രനും, ഒരു പഴയകാല പ്രിയദര്‍ശന്‍ പടവും; തരംഗത്തിന്റെ വിശേഷങ്ങളുമായി ഡൊമിനിക് അരുണ്‍/ അഭിമുഖം
കാക്കമുട്ടൈ, വിസാരണൈ, നാനും റൗഡി താന്‍, അമ്മാ കണക്ക് എന്നീ തമിഴ് സിനിമകള്‍ക്ക് ശേഷം ധനുഷിന്റെ നിര്‍മ്മാണകമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് മലയാളത്തിലാദ്യമായി നിര്‍മ്മിക്കുന്ന ചിത്രമെന്ന പേരിലാണ് തരംഗം എന്ന സിനിമ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ വീണ്ടും ശ്രദ്ധിക്കപ്പെടുന്നതാകട്ടെ ഫസ്‌ററ് ലുക്ക് പോസ്‌റററിലെ 'The Curious Case Of കളളന്‍ പവിത്രന്‍' എന്ന ടാഗ് ലൈനിലൂടെയാണ്. സിനിമ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞിരിക്കുന്നു. ധനുഷിന്റെ സിനിമ നിര്‍മ്മാണത്തില്‍ നിര്‍മ്മിച്ച ആദ്യമലയാള ചിത്രമായ തരംഗത്തിന്റെ കൂടുതല്‍ വിശേഷങ്ങളുമായി
അനു ചന്ദ്ര
സംവിധായകന്‍ ഡൊമിനിക് അരുണുമായി നടത്തുന്ന അഭിമുഖം.


അനു ചന്ദ്ര: എന്താണ് തരംഗം?

ഡൊമിനിക് അരുണ്‍: തരംഗമെന്നത് ഒരു തരം റിപ്പിള്‍ എഫക്ടാണ്. അതായത് ഒരു കല്ലെടുത്ത് വെളളത്തിലെറിഞ്ഞാല്‍ തീര്‍ച്ചയായും അവിടെ റിപ്പിള്‍സുണ്ടാകും. അതിന്റെ മേജര്‍ റീസണെന്ന് പറയുന്നത് കല്ലാണ്. അപ്പോള്‍ അവിടെ സംഭവിക്കുന്നത് ഒരു റിപ്പിളിന് പുറകെ മറ്റൊരു റിപ്പിള്‍ വരും ഒരു തുടര്‍ച്ചയെന്ന പോലെ. അത്തരത്തിലൊരു ചെയിന്‍ ഓഫ് ഇവന്റ്‌സാണ് പടത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത്. പ്രശ്‌നങ്ങള്‍ക്ക് പുറകെയുളള പ്രശ്‌നങ്ങള്‍.


അനു: തരംഗത്തിന്റെ കഥാതന്തുവിലേക്ക് വരികയാണെങ്കില്‍?

ഡൊമിനിക്: ഒരു ക്രൈം കോമഡി ത്രില്ലറെന്ന് പറയാം. ഒരുപാട് കഥാപാത്രങ്ങളും, കണ്‍ഫ്യൂന്‍സും എല്ലാമുളള ഒരു കോമിക് ടൈപ്പ്. അതിനകത്ത് ഞങ്ങള്‍ ഒരുപാട് എക്‌സ്പിരിമെന്റല്‍ എലമെന്റസ് കൊണ്ട് വരാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. അതിന്റെ ട്രീറ്റ്‌മെന്റ് എന്ന് പറയുന്നത് തന്നെ എക്‌സ്പിരിമെന്റെലെന്ന രീതിയിലാണ്. ടൊവിനൊ തോമസ് ചെയ്യുന്ന എസ്ഐ പദ്മനാഭന്‍ പിള്ള, ബാലു വര്‍ഗീസ് അവതരിപ്പിക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ജോയ്.സി എന്നിവരിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. പടം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം ഒരു ഫാന്റസി എന്ന പോലെയാണ്. ഒരു തരത്തില്‍ അത് വലിയൊരു ചലഞ്ച് തന്നെയാണ്. ബെയ്‌സിക്കലി ഒരു സാധാ ബഡ്ജററില്‍ പഴയകാല പ്രിയദര്‍ശന്‍ പടത്തെ പോലെ പുതിയ രീതിയില്‍ എടുക്കുക എന്നൊരു ശ്രമം ഇതിലുണ്ട്.  നായികയാവുന്നത് പുതുമുഖം ശാന്തി ബാലചന്ദ്രനാണ്.

അനു: ഇത്തരത്തില്‍ എക്‌സ്പിരിമെന്റല്‍ ടൈപ്പ് സിനിമകളെ സ്വീകരിക്കാന്‍ വിധത്തില്‍ നമ്മുടെ തിയേറററുകള്‍ പുരോഗമിച്ചെന്ന് വിശ്വസിക്കുന്നുണ്ടോ?

ഡൊമിനിക്: നമ്മുടെ തീയേറ്ററുകളിലെ സൗണ്ട് ക്വാളിറ്റീസെന്നതൊക്കെ ഒരു ഇഷ്യൂ തന്നെയാണ്. ഇപ്പൊ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടനെന്ന സിനിമയുടെ സൗണ്ട് സൈഡ് വളരെ ഗംഭീരമാണ്. പക്ഷേ തിയേറററുകളുടെ നിലവിലെ അവസ്ഥ കാരണം ഫൈനല്‍ റിസല്‍റ്റെന്ന് പറയുന്നത് ഉദ്ദേശിച്ച പോലെ വന്നില്ല. ആ  ആശങ്ക തീര്‍ച്ചയായും ഉണ്ട്. എന്റെ കാര്യത്തിലാണെങ്കില്‍, ബെയ്‌സിക്കലി സൗണ്ട് ഡിസൈന്‍, ബാക്ക്‌ഗ്രൌണ്ട് സ്‌കോര്‍ ഇതിലൊക്കെ പുതിയതായി എന്തെങ്കിലുമൊക്കെ കൊണ്ട് വരാന്‍ പറ്റുമോ എന്ന് ട്രൈ ചെയ്യുന്നയാളാണ്.  എനിക്ക് താല്‍പര്യമായി തോന്നുന്ന സിനിമയുടെ എലമെന്റ്‌സാണ് ഇതൊക്കെ. കാരണം സൗണ്ട്‌സിന് കൂടുതല്‍ മൂഡ് ക്രിയേറ്റ് ചെയ്യാന്‍ പറ്റും. ഇപ്പോഴത്തെ സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും നമുക്ക് സംതൃപ്തി കിട്ടുന്നത് വരെ വര്‍ക്ക് ചെയ്യുക എന്നുളളതാണ് നമ്മളെ സംബന്ധിച്ച് ചെയ്യാന്‍ പറ്റുന്ന കാര്യം.

അനു: എങ്ങനെയാണ് ധനുഷിലേക്കെത്തുന്നത്?

ഡൊമിനിക്: ടൊവിനൊയുമായി എനിക്ക് വളരെ നല്ലൊരു സുഹൃത്ത് ബന്ധമുണ്ട്. ഇത്തരത്തിലൊരു സിനിമ ചെയ്യാനാഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ സുകുമാര്‍ തെക്കേപ്പാട്ടുമായി ബന്ധപ്പെടുത്തുന്നത് അവനാണ്. സുകുവേട്ടന്‍ നേരം സിനിമയുടെ ഒക്കെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. അങ്ങനെ സുകുവേട്ടന്റെ അടുത്ത് പോയി ഞാന്‍ കഥ പറഞ്ഞപ്പോള്‍ സുകുവേട്ടനാണ് വണ്ടര്‍ ബാറിലെ വിനോദേട്ടനിലെത്തിക്കുന്നത്. അങ്ങനെ കഥ കേട്ട് ഇനീഷ്യല്‍ പ്രൊഡ്യൂസറാകാന്‍ വിനോദേട്ടന്‍ തയ്യാറായി. വിനോദേട്ടനും ധനുഷും നല്ല സുഹൃത്തുക്കളാണ്. മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ ധനുഷ് സാര്‍ ആഗ്രഹിച്ച് നില്‍ക്കുന്ന സമയമായിരുന്നു. അങ്ങനെ വിനോദേട്ടനാണ് ധനുഷിനെ ഇതില്‍ ഇന്‍വോള്‍വ് ചെയ്യിക്കുന്നത്. വാസ്തവത്തില്‍ ഷൂട്ടിന്റെ തലേ ദിവസമാണ് ഞാനും അറിയുന്നത് ധനുഷ് സാര്‍ ഇതില്‍ ഇന്‍വോള്‍വായെന്ന്. സന്തോഷമുണ്ട്. നമ്മള്‍ കണ്ട് ആരാധിച്ച ധനുഷ് സാര്‍, വണ്ടര്‍ ബാറിന്റെ സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ട് നടന്ന കാലം.. ഇപ്പൊ അവര്‍ക്കൊപ്പം ഒന്നിക്കുന്നു എന്നത് സന്തോഷം.അനു: ടൊവിനൊയുമായുളള ആത്മബന്ധം സിനിമയെ എത്തരത്തില്‍ സ്വാധീനിച്ചു?
ഡൊമിനിക്: ടൊവിനോയുമായുളള ആത്മബന്ധത്തോടൊപ്പം അവന്റെ സിനിമാ ജീവിതവുമായി ഞാന്‍ അറിഞ്ഞോ അറിയാതെയോ ഒരു പാര്‍ട്ട് ആയിട്ടുണ്ട്. എല്ലാ സിനിമാവിശേഷങ്ങളും പങ്ക് വെക്കും. കൂതറ സിനിമ ചെയ്യുന്ന സമയം തൊട്ടെ എനിക്കവനെ അറിയാം. അപ്പോള്‍ എന്റെ ആദ്യ സിനിമയില്‍ ടൊവിനൊയെ കൊണ്ടേ അഭിനയിപ്പിക്കൂ എന്നൊക്കെ ഞാന്‍ ദൃഢനിശ്ചയം എടുത്ത ആളൊന്നുമല്ല. യാദൃച്ഛികമായി സംഭവിച്ചതാണ് അത്. സൗഹൃദം നല്ല തോതില്‍ സിനിമയെ സ്വാധീനിച്ചു. ടൊവിനൊ എന്ന വ്യക്തിയുമായി എവിടെയൊക്കെയോ സാദൃശ്യമുള്ള ഒരു കഥാപാത്രം തന്നെയാണ് അവനിതില്‍ ചെയ്യുന്നത്. ഞങ്ങള്‍ തമ്മിലുളള ബന്ധം  ജോലി കുറെ കൂടി അനായാസമാക്കി തീര്‍ത്തു. പിന്നെ ബാലുവാണെങ്കിലും അത് പോലെ തന്നെയായിരുന്നു. നല്ല ഒരു ബന്ധം ഉണ്ട്. രണ്ടു പേരുമായി നന്നായി എന്‍ജോയ് ചെയ്ത് തന്നെയാണ് വര്‍ക്ക് ചെയ്തത്. പലപ്പോഴും എഴുതി വെച്ച സ്‌ക്രിപ്റ്റിനപ്പുറത്തേക്ക് അവരുടെ കയ്യില്‍ നിന്നായി പല സംഭാഷണങ്ങളും രസകരമായി കൂട്ടി ചേര്‍ത്തു. പിന്നെ ഷമ്മി ചേട്ടന്‍, മനോജേട്ടന്‍ തുടങ്ങി എല്ലാവരും working atmosphere കംഫര്‍ട്ടാക്കി തീര്‍ത്തു.

അനു: യുവതലമുറയിലെ സൗഹൃദകൂട്ടായ്മ നിലനിര്‍ത്താനുളള ഒരു ശ്രമം ഈ വര്‍ക്കിലുണ്ടായിട്ടുണ്ടോ?

ഡൊമിനിക്: മനഃപൂര്‍വ്വമല്ല. short film ചെയ്ത സമയത്ത് ഒരു ഗ്രൂപ്പ് സെറ്റായി വന്ന് പിന്നെ സിനിമയില്‍ അസിസ്‌ററ് ചെയ്തപ്പോള്‍ ഉളള ഫ്രണ്ട്‌സ് അങ്ങനെ സ്വാഭാവികമായും രൂപപ്പെട്ടു വന്നതാണ്. മൊത്തത്തില്‍ വര്‍ക്കിന് ഒരു സൗഹൃദത്തിന്റെ സുഖമുണ്ട്.


അനു: സിനിമയിലേക്കുളള എന്‍ട്രി?

ഡൊമിനിക്: ഞാന്‍ അടിസ്ഥാനപരമായി ഒരു എഞ്ചിനീയറാണ്. വിപ്രോയിലായിരുന്നു. അവിടെ നിന്ന് റിസൈന്‍ ചെയ്ത ശേഷം സെക്കന്റ്‌സ്, മണിരത്‌നം എന്നീ രണ്ട് സിനിമകളില്‍ അസിസ്‌ററന്റ് ആയി. സ്റ്റൈലെന്ന സിനിമയില്‍ co-writer ആയി. അങ്ങനെയാണ് കരിയറിന്റെ തുടക്കം.

അനു: സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഏത് വരെയെത്തി?

ഡൊമിനിക്: പോസ്‌ററ് പ്രൊഡക്ഷനിലെത്തി നില്‍ക്കുന്നു. മാര്‍ച്ച് 19-നായിരുന്നു ഷൂട്ട് തുടങ്ങിയത്. മേയ് മൂന്നിന് അവസാനിച്ചു. ഇത് റിയലിസ്റ്റിക്കായിട്ടുളള totally young included ആയിട്ടുളള സിനിമയാണ്.

അനു: മറ്റു വിശേഷങ്ങള്‍ ?


ഡൊമിനിക്: ഞാന്‍ മാരീഡാണ്. ഒരു മകളുണ്ട്. ഭാര്യ അര്‍ച്ചന കൊച്ചിന്‍ യൂണിവേഴ്‌സിററിയിലെ അസിസ്‌ററന്റ് പ്രൊഫസറാണ്. സന്തോഷ ജീവിതം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories