TopTop
Begin typing your search above and press return to search.

സോവിയറ്റാനന്തര കാലത്തെ ഒരു 'കള്ളന്‍'; കിര്‍ഗിസ്താനിലെ 'പ്രൊമിത്യൂസ്'

സോവിയറ്റാനന്തര കാലത്തെ ഒരു കള്ളന്‍; കിര്‍ഗിസ്താനിലെ പ്രൊമിത്യൂസ്

സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കിര്‍ഗിസ്താനിലെ ഒരു ഗ്രാമം. സോവിയറ്റ് യൂണിയന്‍റെ പതനത്തിന് ശേഷം തൊഴിലില്ലായ്മ രൂക്ഷമാവുകയും അരക്ഷിതാവസ്ഥയിലേക്ക് എത്തുകയും ചെയ്ത മധ്യേഷ്യയിലെ പുതിയ റിപ്പബ്ലിക്കുകളില്‍ ഒന്നാണ് കിര്‍ഗിസ്താന്‍. കിര്‍ഗിസ്ഥാനില്‍ ബഹുഭൂരിപക്ഷത്തിനും വൈദ്യുതി കിട്ടാക്കനിയായ ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ. ഗ്രാമത്തിലെ യുവാക്കളില്‍ ഭൂരിപക്ഷവും തൊഴില്‍ തേടി റഷ്യയിലേക്കും കസാഖിസ്താനിലേക്കും കുടിയേറിയിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ സ്വെറ്റ് ഏക് ഗ്രാമത്തിലെ ഇലക്‌ട്രീഷ്യനും ലൈന്‍മാനുമൊക്കെയാണ്. അതിനപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒരാളാണ് സ്വെറ്റ് എക്. വെളിച്ചം നിഷേധിക്കപ്പെടുന്നവര്‍ക്ക് അത് മോഷ്ടിച്ചു നല്‍കുന്ന കള്ളന്‍ കൂടിയാണ് അയാള്‍. ദൈവങ്ങളുടെ രഹസ്യം മനുഷ്യന് ചോര്‍ത്തി കൊടുത്ത, സ്വര്‍ഗത്തില്‍ നിന്നും അഗ്നി വീണ്ടെടുത്ത പ്രൊമിത്യൂസിനെ പോലെ.

ഗ്രാമത്തിലെ 'വികസന' സാധ്യതകള്‍ മനസിലാക്കിയാണ് രാഷ്ട്രീയ, അധികാര കേന്ദ്രങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ബാസ്കാറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍. അയാളുടെ കയ്യേറ്റ താല്‍പര്യങ്ങളെ കുറിച്ചു ബോധ്യമുള്ള, എന്നാല്‍ നിസഹായരായ മേയര്‍ എസേനും മറ്റു അധികൃതരും അവിടെയുണ്ട്. വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ മീറ്ററുകളില്‍ കൃത്രിമം കാണിക്കുന്നത് പോലുള്ള ചെറിയ ക്രമക്കേടുകള്‍ കാണിക്കുന്നയാളാണ് സ്വെറ്റ് എക്. ഇത് അധികൃതരുടെ ഭാഗത്ത് നിന്നും പലപ്പോഴും നടപടികള്‍ ക്ഷണിച്ചു വരുത്തുന്നു. ഇങ്ങനെയാണെങ്കിലും മേയര്‍ എസെന് സ്വെറ്റ് എകിന്‍റെ ഉദ്ദേശശുദ്ധിയെകുറിച്ച് ബോധ്യമുണ്ട്. ഗ്രാമത്തിന്‍റെ വികസന പ്രശ്നങ്ങളെ കുറിച്ചും അത് മുതലെടുത്ത്‌ റിയല്‍ എസ്റ്റേറ്റ്, അഴിമതി താല്‍പര്യങ്ങളുമായി എത്തുന്ന രാഷ്ട്രീയ സ്വാധീനമുള്ളവരെക്കുറിച്ചും ബോധ്യമുണ്ട്.

ഗ്രാമത്തിന്‍റെ സാമൂഹ്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളില്‍ ഒന്നാണ് സ്വെറ്റ് എക്. വൈദ്യുതി വില താങ്ങാന്‍ കഴിയാത്ത വളരെ പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കുകയാണ് സ്വെറ്റ് എകിന്‍റെ ലക്‌ഷ്യം. അങ്ങനെ ഗ്രാമത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കുക. എന്നാല്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന്‍റെ പേരില്‍ ഒരു വന്‍കിട ചൈനീസ് കമ്പനിക്ക് ഭൂമി തീറെഴുതാന്‍ ശ്രമിക്കുന്ന വലിയ അഴിമതിക്കാരനായ ബെസ്കാറ്റിനുള്ളത് അയാളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മാത്രമാണ്. മേയര്‍ എസെനിന്‍റെ മരണം എതിര്‍പ്പുകളുടെ ശക്തി കുറയ്ക്കുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു. സ്വെറ്റ് എകിന്‍റെ സുഹൃത്തായ മന്‍സൂറിനെ പുതിയ മേയറായി നിര്‍ദ്ദേശിക്കുന്നതിലൂടെ തന്‍റെ കച്ചവട, അഴിമതി താല്പര്യങ്ങള്‍ എളുപ്പമാകുമെന്ന് അയാള്‍ കരുതുന്നു. സ്വെറ്റ് എകിനെ തങ്ങളുടെ അഴിമതി താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്താന്‍ ബാസ്കാറ്റ് ശ്രമിക്കുന്നുണ്ടെങ്കിലും സ്വെറ്റ് എക് വഴങ്ങുന്നില്ല. ഭൂമിയെയും മനുഷ്യരെയും വില്‍പ്പന വസ്തുക്കളായി കാണുന്ന കാഴ്ച അയാള്‍ക്കില്ല.

സ്വതന്ത്ര ലിബറല്‍ 'ജനാധിപത്യ' മുതലാളിത്തം സോവിയറ്റ് ജനതയ്ക്ക് എങ്ങനെയാണ് 90കളില്‍ 'സ്വാതന്ത്ര്യം' നല്‍കിയത് എന്നും ആ സ്വാതന്ത്ര്യം എത്ര മാത്രം ഭീകരമായിരുന്നു എന്നുമാണ് ലൈറ്റ് തീഫ് പറയുന്നത്. സാമൂഹ്യസുരക്ഷ വലിയ വിലകൊടുത്ത് വാങ്ങേണ്ട ഒന്നായി മാറുന്നു. ഭൂമിയടക്കം എന്തും വില്‍പ്പന ചരക്ക് മാത്രമാകുന്നു. ഉല്‍പ്പാദനം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമല്ലാതാകുന്നു. വിപണി അധിഷ്ഠിത വ്യവസ്ഥയുടെ ജനാധിപത്യ, സ്വാതന്ത്ര്യ, പൗരാവകാശങ്ങള്‍ സംബന്ധിച്ചുള്ള അവകാശവാദങ്ങള്‍ എത്രമാത്രം പൊള്ളയാണെന്ന് ഈ കിര്‍ഗിസ്താന്‍ ചിത്രം പറയുന്നു. ഭൂമിയും തൊഴിലും തൊഴില്‍ തേടിയുള്ള കുടിയേറ്റങ്ങളും പ്രശ്‌നവത്കരിക്കപ്പെടുന്നു. ഭൂമിയും തൊഴിലും ഗവണ്‍മെന്റിന്റെ വാഗ്ദാങ്ങളാണ്. എന്നാല്‍ കുടിയേറ്റമെന്ന ഉപാധിയുണ്ട്. സോവിയറ്റ് കാലത്തെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ജനാധിപത്യവിരുദ്ധതയും ചൂഷണങ്ങളും മുതലാളിത്ത കാലത്തും തുടരുന്നു. എന്നാല്‍ നേരത്തെയുണ്ടായിരുന്ന സാമൂഹ്യസുരക്ഷ സൗകര്യങ്ങളും ആനുകൂല്യങ്ങളുമെല്ലാം ഇല്ലാതാക്കിക്കൊണ്ടാണ് എന്ന് മാത്രം.

മുമ്പ് അവര്‍ക്ക് ഇന്നത്തേതിനേക്കാള്‍ പരിഗണന ലഭിച്ചിരുന്നു എന്നും അവര്‍ക്ക് എന്തെങ്കിലും വിഭവങ്ങള്‍ക്കായി കഷ്ടപ്പെടേണ്ടി വന്നിരുന്നില്ലെന്നും മേയര്‍ ഈസന്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ഭൂമിക്ക് ഉടമസ്ഥരില്ലാത്തതാണ് പ്രശ്‌നമെന്നും സ്വകാര്യ ഉടമസ്ഥതയില്ലാത്തതുകൊണ്ടാണ് ഈ നാട് അധപതിച്ചതെന്നും ഈ ഭൂമി എനിക്ക് തന്നാല്‍ ഞാനിതിനെ സ്വര്‍ഗമാക്കുമെന്നും ബെസ്കാറ്റ് അവകാശപ്പെടുന്നു.

കോര്‍പ്പറേറ്റ്, വികസന മാഫിയകളുടെ അധിനിവേശം കുതിരയോട്ടത്തിന്‍റെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു. സംഭാഷണങ്ങള്‍ കൊണ്ടുള്ള അമിത വിശദീകരണമല്ല, മികച്ച ദൃശ്യങ്ങളും സഹായകമായ പശ്ചാത്തല സംഗീതവും ശബ്ദലേഖനവുമാണ് ലൈറ്റ് തീഫിന്ർറേത്. ബാസ്കാറ്റിന്‍റെ വികസന മാഫിയ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കിടയിലും സ്വെറ്റ് എകിന്‍റെ ചെറു കാറ്റാടി, ഒരു വൈദ്യുത ബള്‍ബ് കത്തിക്കുന്നുണ്ട്. അതിജീവനത്തിന്‍റെ, പുതിയ പോരാട്ടങ്ങളുടെ സൈക്കിള്‍ ചവിട്ടി സ്വെറ്റ് എക് മുന്നോട്ട് പോവുകയാണ്. സംവിധായകന്‍ അക്ടന്‍ അരിം കുബാത് തന്നെയാണ് കേന്ദ്ര കഥാപാത്രമായ സ്വെറ്റ് എക് എന്ന ലൈറ്റ് തീഫാകുന്നത്.

ദ ലൈറ്റ് തീഫ് (സ്വെറ്റ് ഏക്) - 2010


Next Story

Related Stories