Top

ദി നണ്‍: പിശാചുക്കളെ മാത്രമല്ല ചിലപ്പോൾ പാതിരിമാരെ ഒഴിപ്പിക്കാനും കന്യാസ്ത്രീകൾക്ക് കഴിയും

ദി നണ്‍: പിശാചുക്കളെ മാത്രമല്ല ചിലപ്പോൾ പാതിരിമാരെ ഒഴിപ്പിക്കാനും കന്യാസ്ത്രീകൾക്ക് കഴിയും
വിജനമായ സ്ഥലത്ത് കിടന്നുറങ്ങുകയായിരുന്നു യാക്കോബ്. ചേട്ടനായ ഏശാവിന്റെ വധഭീഷണിയിൽ നിന്ന് രക്ഷപ്പെടാനായിരുന്നു ആ യാത്ര. മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ടാത്തതു കൊണ്ട് എവിടെ വേണേലും കിടക്കാം. നീളമുള്ളൊരു കല്ലെടുത്ത് തലയിണയാക്കി വച്ച് സുഖനിദ്രയിലായിരുന്നു അയാൾ. ഉറക്കത്തിനിടയിൽ അയാളൊരു സ്വപ്നം കണ്ടു. സ്വർഗ്ഗത്തു നിന്ന് ഭൂമിയിലേക്കൊരു ഗോവണി. അതു വഴി മാലാഖമാർ ഭൂമിയിലേക്കിറങ്ങുകയും സ്വർഗ്ഗത്തിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നു. ഏണിയുടെ മുകളിലത്തെ പടവിൽ നിന്നു കൊണ്ട് ദൈവം യാക്കോബിനോട് സംസാരിച്ചു. സ്വപ്നത്തിൽ നിന്നുണർന്ന യാക്കോബിന് അതൊരു വിശുദ്ധസ്ഥലമാണെന്ന് മനസ്സിലായി. അതിന് അദ്ധേഹം ബഥേൽ എന്നു പേരിട്ടു

സ്വർഗ്ഗത്തിൽ നിന്ന് മാത്രമല്ല നരകത്തിൽ നിന്നും ഭൂമിയിലേക്ക് തുറക്കുന്ന വാതിലുകളുണ്ട്. നരകത്തിൽ നിന്ന് ദുരാത്മാക്കൾ ഒരു തുരങ്കത്തിലൂടെ സഞ്ചരിച്ച് ഭൂമിയിലെത്തുന്നു. ഭൂമിയുടെ വാതിൽ തുറന്ന് അവർ ഇങ്ങോട്ട് കേറി വരും. എന്നിട്ട് പൂട്ടിയിട്ട പള്ളികളിലും ശ്മശാനത്തിലുമൊക്കെയായി തെക്കുവടക്കു നടക്കും.

പക്ഷെ, ആരും പേടിക്കരുത്. ആ വാതിൽ ഇന്നലെ ഒരു പള്ളീലച്ചനും കന്യാസ്ത്രീയും ചേർന്ന് പൂട്ടി സീൽ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇനിയൊന്നും പേടിക്കാനില്ല. നരകത്തിൽ നിന്ന് ഭൂമിയിലേക്ക് തുറക്കുന്ന വാതിൽ യേശു ക്രിസ്തുവിന്റെ ഹൃദയരക്തം തൂവിയാണ് എന്നെന്നേക്കുമായി കൊട്ടിയടച്ചത്. സമാധാനമായി.

പക്ഷെ, ഒരു സംശയം. ഇനിയും വേറെ എവിടെ നിന്നെങ്കിലും പ്രേതം വന്നാൽ എന്തു ചെയ്യും. യേശു ക്രിസ്തുവിന്റെ രക്തം ഇങ്ങനെ എപ്പഴും കിട്ടുവോ? ഭൂമിയിൽത്തന്നെ ധാരാളം പ്രേതങ്ങളും പിശാചുക്കളും ഉണ്ടല്ലോ! മുല്ലക്കരയച്ചനും മറ്റനേകം ധ്യാനഗുരുക്കൻമാരും ഓരോ ദിവസവും എത്രയെത്ര ഭൂതപ്രേത പിശാചുക്കളേയാണ് കുടിയൊഴിപ്പിച്ചു വിടുന്നത്. ഇവരെല്ലാം എവിടെ നിന്ന് വരുന്നു? എങ്ങോട്ട് പോകുന്നു? വല്ല നിശ്ചയവുമുണ്ടോ? ഇപ്പ വന്ന കന്യാസ്ത്രീ പ്രേതത്തിന് നമ്മുടെ ചില ബിഷപ്പുമാരുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാമായിരുന്നു. അങ്ങനെയാണെങ്കിൽ പ്രേതത്തിന് വേണ്ട ചോരേം കിട്ടും നാട്ടുകാർക്ക് മനസ്സമാധാനോം ഉണ്ടാകും.

മറ്റ് ഹൊറർ മൂവികളിൽ നിന്ന് ദി നൺ എന്ന സിനിമക്കുള്ള വ്യത്യാസം എന്താണെന്നു ചോദിച്ചാൽ അതിത്രേയുള്ളൂ, മറ്റു പ്രേതങ്ങളൊക്കെ സാദാ പ്രേതങ്ങളായിരുന്നു. ഈ പ്രേതം കന്യാസ്ത്രീയാണ്. നമ്മുടെ കൂട്ടത്തിലും അൽമായരും അച്ചൻമാരും കന്യാസ്ത്രീകളും ഒക്കെ ഉള്ളതുപോലെത്തന്നെ പ്രേതങ്ങളുടെ കൂട്ടത്തിലും ഉണ്ട്. മറ്റൊന്നുകൂടി. ഇതു വരെയുള്ള പ്രേതങ്ങളെയൊക്കെ ഒഴിപ്പിച്ചു വിട്ടിരുന്നത് പള്ളീലച്ചൻമാരായിരുന്നു. ഇവിടെ അച്ചനെ സഹായിക്കാൻ ഒരു കന്യാസ്ത്രീ കൂടിയുണ്ടായിരുന്നു. മാത്രമല്ല അച്ചൻ നിസ്സഹായനായ ഇടത്തിലെല്ലാം രക്ഷക്കെത്തിയത് കന്യാസ്ത്രീയാണ്. അവസാനം പ്രേതങ്ങളുടെ കുലനാശം വരുത്തിയതും അവര് തന്നെ, ആ യുവ കന്യാസ്ത്രീ.

നമ്മുടെ അച്ചൻമാർ പഠിക്കേണ്ട ഒരു പാഠമുണ്ട് ഇതിൽ. കന്യാസ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ കന്യാസ്ത്രീ തന്നെ വേണം. അച്ചൻമാരെക്കൊണ്ട് അതൊന്നും നടപ്പില്ല. മാത്രമല്ല, ചിലപ്പോൾ പാതിരിമാരെ ഒഴിപ്പിക്കാനും കന്യാസ്ത്രീകൾക്ക് കഴിയും.

കണ്ടു കണ്ട് എല്ലാ ഹൊറർ മൂവികളും ഒരുപോലെയായിരിക്കുന്നു. ഒരു പക്ഷെ നർമ്മം സൃഷ്ടിക്കുന്നതു പോലെത്തന്നെ ബുദ്ധിമുട്ടാണ് ഭീകരത ഉണ്ടാക്കാനും. പാളിപ്പോയാൽ രണ്ടും മുട്ടൻ പരാജയങ്ങളായിരിക്കും. ഇപ്പഴത്തെ കാലത്ത് എന്ത് കാണിച്ചാലും കുട്ടികളൊന്നും പേടിക്കുന്നുമില്ല.

പാളിപ്പോയ ഹൊറർ മൂവികൾ ചിലപ്പോൾ കോമഡികളാവും. കോമഡികൾ ഹൊറർ ആയിട്ടും മാറും. അവ തമ്മിൽ ഇങ്ങനെ ഒരു വിപരീത ബന്ധമുണ്ട്. കോമഡിയാവുന്നതിൽ നിന്ന് കഷ്ടിച്ചാണ് നൺ രക്ഷപ്പെട്ടത്. പക്ഷെ, ആവർത്തന വിരസത, അതിസാധാരണത്വം എന്നിവ അതിനെ ബാധിച്ച രോഗങ്ങളാണ്. രോഗിയാണെങ്കിലും സിനിമ വിജയിച്ചു എന്നാണറിവ്. വിജയിച്ചവരെ രോഗിയെന്ന് വിളിക്കാമോ? ചില രോഗികൾ വൻ വിജയമാണ്. പക്ഷെ, നാമവരെ ദുരന്തം എന്നു വിളിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories