TopTop
Begin typing your search above and press return to search.

തൊട്ടപ്പന്‍ എന്ന തുരുത്ത്, സാറാക്കൊച്ച് എന്ന കായലും; ജീവിത കാമനകളുടെ ദൃശ്യ വിസ്മയം

തൊട്ടപ്പന്‍ എന്ന തുരുത്ത്, സാറാക്കൊച്ച് എന്ന കായലും; ജീവിത കാമനകളുടെ ദൃശ്യ വിസ്മയം

തുരുത്ത് ഭൂമിശാസ്ത്ര പദാവലിയിലെ ഒരു വാക്ക് എന്നതിനപ്പുറം നിരവധി അടരുകളും ഉള്‍പ്പിരിവുകളും ഉള്ള ബിംബമാണ്. സാഹിത്യത്തില്‍ അത് ധ്വനി ഭംഗികൊണ്ട് കൊണ്ട് നമ്മളെ വായനാ പുളകിതരാക്കും. വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ കൊച്ചു ഭൂഖണ്ഡം ചിലപ്പോള്‍ ഏകാന്തതയെ, മറ്റ് ചിലപ്പോള്‍ കാത്തിരിപ്പിനെ, ഉത്കണ്ഠയെ, അതുമല്ലെങ്കില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ തുള്ളി ഇളകുന്ന കായലില്‍ അടിയുലയുന്ന ഒരു പച്ച പായ്ക്കപ്പലിന്റെ അതിജീവനത്തെ, പേടിയെ, നിലവിളിയെ ഒക്കെ നമ്മളില്‍ എത്തിക്കും. ഏത് വൈകാരിക ഭാവത്തോടും ചേര്‍ത്തു വെക്കാവുന്ന ഈ ദൃശ്യ ബിംബത്തിനകത്താണ് തൊട്ടപ്പന്‍ എന്ന ഒറ്റയാനെ നമ്മള്‍ കാണുന്നത്. അഥവാ ആ ഭൂഖണ്ഡം തന്നെയാണ് തൊട്ടപ്പന്‍. അവിടെയുള്ള മനുഷ്യരും സകല ചരാചരങ്ങളും അയാളിലാണ് ചരിക്കുന്നതും നിലനില്‍ക്കുന്നതും. തൊട്ടപ്പനെന്ന തുരുത്തിനെ ആകെ വലയം ചെയ്ത് ഒരു കായല്‍ പോലെ അയാളുടെ ചങ്ങാതിയുടെ മകള്‍ സാറാ കൊച്ചും.

ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയായ 'തൊട്ടപ്പന്‍' മലപ്പുറത്തിന്റെ സാമൂഹ്യ രാഷ്ട്രീയം പറഞ്ഞ കിസ്മത് എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഷാനവാസ് കെ ബാവക്കുട്ടി അഭ്രപാളിയിലേക്ക് പകര്‍ത്തിയപ്പോള്‍ അതൊരു വൈകാരികാനുഭൂതി എന്നതിനപ്പുറം മനുഷ്യ ജീവിത കാമനകളുടെ നേര്‍ സാക്ഷ്യമായി. തൊട്ടപ്പന്‍ ചിലപ്പോള്‍ ശാന്തനായി, ചിലപ്പോള്‍ അധീരനായി, ചിലപ്പോള്‍ ഉള്ളുലഞ്ഞ്, ചിലപ്പോള്‍ രൌദ്ര ഭാവത്തോടെ, വാത്സല്യത്തോടെ, പ്രണയം ഉള്ളിലൊളിപ്പിച്ച ചെറിയ കള്ളച്ചിരിയോടെ, അച്ചനെന്താ തന്നോട് മോഷ്ടിക്കരുത് എന്നുപദേശിക്കാത്തത് എന്ന വ്യവസ്ഥാപിത ദൈവചിന്തയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന നിഷ്കളങ്ക ചോദ്യത്താലെ നമ്മളെ ഇനിയുള്ള കുറെ ദിവസക്കാലത്തോളം പിന്തുടര്‍ന്നുകൊണ്ടിരിക്കും. അത്രയ്ക്ക് ഉള്‍ക്കരുത്തുണ്ട് നൊറോണയുടെ കഥയ്ക്ക്, പി എച്ച് റഫീക് നല്‍കിയ തിരക്കഥാ രൂപത്തിന്, ഷാനവാസിന്‍റെ ദൃശ്യാവിഷ്ക്കാരത്തിന്.

രണ്ടു കള്ളന്‍മാരുടെ കഥയിലാണ് സിനിമ തുടങ്ങുന്നത്. തൊണ്ടി മുതലുമായുള്ള അവരുടെ ഓട്ടംത്തില്‍ അടങ്ങിയിട്ടുണ്ട് കാണാന്‍ പോകുന്ന കാഴ്ചകളെ കുറിച്ചുള്ള പ്രേക്ഷക ആകാംക്ഷകള്‍. കുറച്ചു സമയം മാത്രമേ രണ്ടു കള്ളന്‍മാര്‍ ഉണ്ടായിരുന്നുള്ളൂ. ഇത്താക്കിനെ (വിനായകന്‍) ഉപേക്ഷിച്ച് ആയാളുടെ ചങ്കായ ജോനപ്പന്‍ എവിടെയോ അപ്രത്യക്ഷനാവുന്നു. മകള്‍ സാറായുടെ മാമോദീസയുടെ തലേ ദിവസമാണ് ജോനപ്പനെ കാണാതാകുന്നത്. അതിനു മുന്‍പേ തൊണ്ടി മുതല്‍ കായലിനടിയിലെ പ്രാന്തന്‍ കണ്ടലിന്റെ വേരുകള്‍ക്കിടയില്‍ ഒളിപ്പിക്കാന്‍ മുങ്ങുന്നതിനിടയില്‍ ജോനപ്പന്‍ തീരുമാനിച്ചിരുന്നു, ഇത്താക്കിനെ മകളുടെ തലതൊട്ടപ്പന്‍ ആക്കാന്‍. ഭാര്യ മേരിയുടെ സമ്മതം കൂടാതെ തന്നെ.

അങ്ങനെയാണ് സാറായുടെ തലതൊട്ടപ്പനായി ഇത്താക്ക് മാറുന്നത്. ഏത് പ്രതിസന്ധിയിലും നിവര്‍ന്നു നില്‍ക്കുന്ന ഒത്തൊരു പെണ്ണായി അവളെ വളര്‍ത്തുന്നത്. ഭര്‍ത്താവിന്റെ അപ്രത്യക്ഷമാകലിന് ശേഷം കല്ല് പോലെയായ മേരിയെ പോലെ ആയിരുന്നില്ല രക്ത ബന്ധുവല്ലാത്ത ഇത്താക്ക്. സാറ പറയുന്നതു പോലെ സ്വന്തം അപ്പന്‍ തിരിച്ചു വന്നു പറഞ്ഞാലും തൊട്ടപ്പന്‍ പറയുന്നതില്‍ അപ്പുറമില്ല അവള്‍ക്ക് ഒന്നും.

ഈ അടുത്ത കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കുമ്പളങ്ങി നൈറ്റ്സ് കുടുംബം എന്ന സങ്കലപ്പത്തെ രക്ത ബന്ധത്തിനപ്പുറം അനുയോജ്യമായ കാലാവസ്ഥയില്‍ സ്വാഭാവികമായി രൂപപ്പെടുന്ന സംയുക്തമായി കാണാന്‍ ശ്രമിച്ചതുപോലെ അപ്പന്‍-മകള്‍ ബന്ധത്തെ രക്തം രക്തത്തെ തൊടുമ്പോഴുള്ള വിറയലിന് അപ്പുറമായി വ്യാഖ്യാനിക്കുകയാണ് തൊട്ടപ്പന്‍. അപ്പന്‍-മകള്‍ ബന്ധത്തില്‍ വ്യവസ്ഥാപിത നായക, നായിക സങ്കല്‍പ്പത്തില്‍ നിന്ന് വഴിമാറി നടക്കുന്നുണ്ട് ഈ ചിത്രം.

തുരുത്തിന്റെ ആധോലോക ജീവിതത്തെ കള്ളനായ ഇത്താക്ക് മാത്രമല്ല പ്രതിനിധീകരിക്കുന്നത്. അന്ധനായ കച്ചവടക്കാരനും, ആയാളുടെ യുവതിയായ ഭാര്യയും, കെട്ട് കാവല്‍ ജോലിക്കു പുറം നാട്ടില്‍ നിന്നെത്തുന്ന ഇസ്മുവും, കള്ളന് കൂട്ട് നില്‍ക്കുന്ന പള്ളിലച്ചനും കൌമാര കാലത്തെ പ്രണയം വാര്‍ദ്ധക്യത്തിലും തുടരുന്ന വൃദ്ധ കാമുകരും, കടം വീട്ടാന്‍ ഭാര്യയുടെ സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ഇത്താക്കിനെ ചട്ടം കെട്ടുന്ന യുവാവും ഒക്കെ പെടുന്നു. ടിപ്പു എന്ന പട്ടിയും ഉമ്മുകുല്‍സു എന്ന പൂച്ചയും ഉണ്ട്. (അവരെ introducing എന്നു പറഞ്ഞുകൊണ്ടു ടൈറ്റില്‍ കാര്‍ഡില്‍ എഴുതിക്കാണിച്ചു കൊണ്ട് സംവിധായകന്‍ ആ കഥാപാത്രങ്ങളുടെ പ്രാധാന്യത്തെ ഉറപ്പിക്കുന്നുണ്ട്) ഇത്താക്കിനെ ചുറ്റിപ്പറ്റിയുള്ള ഈ അധോലോകത്തെ കൂടിയാണ് സാറ എന്ന കായല്‍ വലയം ചെയ്യുന്നത്.

അപ്പനെ കാണണം എന്നു തോന്നുമ്പോള്‍ സാറാ വെള്ളത്തിലേക്ക് ഊളിയിടുകയാണ് ചെയ്യാറ്. വെള്ളത്തിനടിയിലൂടെയുള്ള അവളുടെ സഞ്ചാരം ഒരു വിഭ്രാമക ദൃശ്യം തന്നെയാണ്. കരയില്‍ അവളെ കാത്ത് തൊട്ടപ്പന്‍ ഇരിക്കുന്നുണ്ടാവും. അപ്പനെ കണ്ടോ സാറാ കൊച്ചേ എന്ന തൊട്ടപ്പന്റെ ചോദ്യം ഉളുലയ്ക്കും. ജീവന്‍ പോകുന്നതിന് മുന്‍പേ നിന്‍റപ്പനെ മുന്നില്‍ കൊണ്ട് നിര്‍ത്തും എന്ന് ഒരു അന്തവുമില്ലാതെയാണ് പറയുന്നതെങ്കിലും അതില്‍ വല്ലാത്ത ദാര്‍ഡ്യമുണ്ടായിരുന്നു. വല്ലാതെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുമ്പോള്‍ അല്ലെങ്കില്‍ സന്തോഷം തോന്നുമ്പോള്‍ തൊട്ടപ്പനും സാറയും നിലാവത്ത് കായലിലൂടെ കറങ്ങി നടക്കുന്ന ദൃശ്യം ജലം ജീവിത സംഘര്‍ഷങ്ങളെ അലിയിച്ചെടുക്കുന്ന അതിമനോഹരമായ അനുഭവമാണ്.

വിനായകന്‍ എന്ന നടനാണ് തൊട്ടപ്പന്റെ ആത്മാവ്. ഓരോ സീനിലും ഈ നടന്റെ വെറും സാന്നിധ്യം മാത്രം മതി അതിനു ജീവന്‍ പകരാന്‍. അയാള്‍ എന്തെങ്കിലും കൂടുതലായി അഭിനയിക്കേണ്ടതില്ല എന്നു തോന്നിക്കുന്ന തരത്തിലുള്ള അത്യുജ്ജ്വലമായ പെര്‍ഫോമന്‍സ്. കമ്മട്ടിപ്പാടത്തിലെ ഗംഗയല്ല തൊട്ടപ്പന്‍ എന്നു തോന്നിപ്പിക്കുന്ന അത്ഭുതകരമായ പരകായ പ്രവേശം.

സാറയായി അഭിനയിച്ച പ്രിയംവദയും വിസ്മയിപ്പിക്കുന്ന അനുഭവമായി. സ്ഫടികം കാണാന്‍ ചെന്നപ്പോള്‍ തിയറ്ററില്‍ ഇത്താക്കിനോടൊപ്പം തന്നെ ശല്യം ചെയ്തവനെ തല്ലാന്‍ കൂടുന്ന സാറയുടെ മെയ്ക്കരുത്തും മനക്കരുത്തും വെളിപ്പെടുന്ന നിരവധി രംഗങ്ങളുണ്ട് ചിത്രത്തില്‍.

കുറച്ചു സീനുകളില്‍ മാത്രമേ ഉള്ളൂവെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരെ കീഴ്പ്പെടുത്തി കളഞ്ഞു ദിലീഷ് പോത്തന്‍. ഇത്താക്കിന്റെ മോഷണ മുതല്‍ കൊണ്ട് അനാഥാലയം നടത്തുന്ന മനോജ് കെ ജയന്റെ പാതിരിയും രഘുനാഥ് പലേരിയുടെ അന്ധനായ കച്ചവടക്കാരനും സുനിതയുടെ മേരിയുമെല്ലാം മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് കാഴ്ചവെച്ചത്.

സുരേഷ് രാജന്റെ ക്യാമറ കവിതയെഴുതുകയാണ് എന്നു തന്നെ പറയേണ്ടി വരും. ഷാനവാസ് ബാവക്കുട്ടിയുടെ ഉള്ളിലിരുപ്പ് അറിഞ്ഞുകൊണ്ട്.

Read More: ഡീ നീ ആകെ തടിച്ചല്ലോ’, ‘അളിയാ മൊത്തം കഷണ്ടിയായല്ലോ’; മുഖമടച്ചൊരു അടിയാണ് തമാശ


Next Story

Related Stories