TopTop
Begin typing your search above and press return to search.

തൃശ്ശിവപേരൂര്‍ ക്ലിപ്തം; ഒരു തൃശൂര്‍ സിനിമ തന്നെ, പക്ഷേ കഥയില്ലാതായിപ്പോയി

തൃശ്ശിവപേരൂര്‍ ക്ലിപ്തം; ഒരു തൃശൂര്‍ സിനിമ തന്നെ, പക്ഷേ കഥയില്ലാതായിപ്പോയി

ഈ വര്‍ഷം തൃശ്ശൂര്‍ പശ്ചാത്തലത്തില്‍ വന്നു പ്രേക്ഷകപ്രീതി നേടിയ ജോമോന്റെ സുവിശേഷങ്ങള്‍, ജോര്‍ജ്ജേട്ടന്‍സ് പൂരം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ സിനിമകള്‍ക്കു പിന്നാലെയാണ് നവാഗതനായ രതീഷ് കുമാര്‍ തൃശ്ശൂരിനെ കഥാഭൂമികയാക്കി സംവിധാനം ചെയ്ത തൃശ്ശിവപേരൂര്‍ ക്ലിപ്തം പ്രേക്ഷകന് മുന്നിലെത്തിയത്. ചടുലമായി തുടങ്ങിയ ആകര്‍ഷണീയ അവതരണശൈലിയിലുള്ള രസകരമായ സംഭവങ്ങളിലൂടെ തൃശൂരിലേക്കു പ്രേക്ഷകരെ എത്തിക്കുന്നതില്‍ തുടക്കത്തിലേ സംവിധായകന്‍ വിജയിച്ചു. തൃശ്ശൂരിലെ സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന പോളി സ്റ്റുഡിയോ പ്രൊെ്രെപറ്റര്‍ ഡേവിഡ് പോളിയും സംഘവും ബാബുരാജ് അവതരിപ്പിക്കുന്ന ജോയി ചെമ്പാടനും സംഘവും തമ്മിലുളള ബദ്ധശത്രുതയില്‍ നിന്ന് കൊണ്ടാണ് സംവിധായകന്‍ കഥ പറഞ്ഞു പോകുന്നത്. സ്ഥലത്തെ പ്രധാന റൗഡികളായ ഡേവിഡ് പോളിയുടെ സംഘത്തില്‍ അപ്രതീക്ഷിതമായി എത്തി ചേരുന്ന ഉള്‍നാട്ടുകാരനായ ഗിരിജ വല്ലഭനെന്ന നായക കഥാപാത്രമാണ് ആസിഫ് അലി. തല്ലും ഗുസ്തിയുമായി തന്റേടത്തോടെ തലയുയര്‍ത്തി നടക്കാന്‍ പോന്ന ഏതെങ്കിലും ഒരു സംഘത്തില്‍ എത്തിപ്പെടണമെന്ന ആഗ്രഹവുമായി എത്തുന്ന ഗിരിജ വല്ലഭന് ഒപ്പം ചില ദുരുദ്ദേശ്യങ്ങള്‍ കൂടിയുണ്ട്. ഡേവിഡിന്റെ സംഘത്തില്‍ ചേരുന്നതോടെ അയാളുടെ ആദ്യത്തെ ആഗ്രഹം നടക്കുന്നു.

യാതൊരു വിധത്തിലുളള നായക പരിവേഷവുമില്ലാത്ത സാധാരണക്കാരനായ ഗിരിജ വല്ലഭന്‍ തന്റെ ഭീരുത്വം ഒരു മുന്‍കൂര്‍ ജാമ്യമെന്നോണം തന്റെ രംഗപ്രവേശത്തില്‍ തന്നെ പ്രേക്ഷകരോടു പറയുന്നുണ്ട്. അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ മോഡലിലുളള യാതൊന്നും ചെയ്യാനില്ലാത്ത നായക കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയ്ക്ക് കഥയില്‍ വലിയ തരത്തിലുള്ള പ്രാധാന്യമൊന്നും കാണുന്നില്ല. ജോയി ചെമ്പാടന്റെ പുതിയ ജ്വല്ലറി ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് സംഘങ്ങളും തമ്മിലുളള പക മൂര്‍ദ്ധന്യതയിലെത്തുന്നതോടെ ജോയി ചെമ്പാടനെയും സംഘത്തെയും ഒതുക്കുവാനായി ഡേവിഡിനും സംഘത്തിനും ഗിരിജ വല്ലഭന്‍ ഒരു അവിഭാജ്യ ഘടകമായി മാറുന്നു. എന്നാല്‍ രണ്ട് സംഘങ്ങളുടെയും കുടിപകയുടെ കഥക്ക് പുറകെ ചുവട് പിടിച്ചു പോയാല്‍ അവിടത്തെ യുക്തിരാഹിത്യം പി.എസ് റഫീഖിന്റെ തിരക്കഥയില്‍ മുഴച്ചു നില്‍ക്കുന്നതായി തിരിച്ചറിയാം.

ഹൈസ്‌ക്കൂള്‍ അനുഭവങ്ങളും പ്രണയവും ചതിയും സ്‌കൂള്‍ കാലഘട്ടത്തിലെ മുന്‍ബെഞ്ചുകാരനായ ജോയി ചെമ്പാടനെയും പിന്‍ബെഞ്ചുകാരനായ ഡേവിഡ് പോളിയെയും തമ്മില്‍ അകറ്റുന്നുവെങ്കിലും മുപ്പതുകളിലെത്തി തടിമാടന്മാരായ റൗഡികളായി ഈ കഥാപാത്രങ്ങള്‍ അതേ പ്രശ്‌നത്തെ ചൊല്ലി ശത്രുത വളര്‍ത്തുന്നതും പ്രകടിപ്പിക്കുന്നതും മാത്രമല്ല, സ്‌കൂള്‍ കാലഘട്ടത്തില്‍ ഇരട്ടപേര് വിളിച്ച് കളിയാക്കിയതിന്റെ പേരില്‍ വരെ പകരം ചോദിക്കുവാനായി ഇറങ്ങി തിരിക്കുന്നതും കാണുമ്പോള്‍ കഥാപാത്രങ്ങളുടെ അസ്തിത്വ നിര്‍മിതിയില്‍ സാരമായ കുഴപ്പം രചയിതാവിന് സംഭവിച്ചോ എന്ന് നേരിയ തോതിലെങ്കിലും സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഒരു എന്റര്‍ടെയിനിംഗ് എന്ന പരിഗണനയില്‍ ഈ യുക്തിരാഹിത്യത്തെ തളളി കളയാനുളള അവസരവും പ്രേക്ഷകന് മുമ്പിലുണ്ട്.

ശ്രീജിത് രവി അവതരിപ്പിക്കുന്ന എസ്.ഐ ഷഹീദുളളയെന്ന കഥാപാത്രത്തിലും പൊതുബോധത്തിന് നിരക്കാത്ത വിധത്തിലുളള സാമാന്യ യുക്തിരാഹിത്യം പ്രകടമാണ്. പഞ്ചപാവമായ നായക കഥാപാത്രം സ്വന്തം ഭൂസ്വത്ത് വിറ്റ് വിഐപിയായ സ്ത്രീയുടെ ശരീരസുഖം തേടി പോകേണ്ട അവസ്ഥയിലെത്താന്‍ മാത്രം അത്രയേറെ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്നവനാണെന്ന് കഥയിലൊരിടത്ത് വെച്ചും തിരക്കഥാകൃത്ത് സൂചന നല്‍കിയില്ലെന്നത് തിരക്കഥയിലെ തരക്കേടില്ലാത്ത ഒരു പാളിച്ചയാണ്.

നല്ല അഭിനയം കാഴ്ച വെച്ചുവെങ്കിലും അപര്‍ണ ബാലമുരളിയുടെ ഭാഗ്യ എന്ന കഥാപാത്രം പ്രത്യേകിച്ച് കഥാഗതിയില് ഒന്നും തന്നെ ചെയ്യാനില്ലാതെ പ്രയാസപ്പെടുന്നുണ്ട്. ഭാഗ്യ തന്റേടിയാണ്. എന്നാല്‍ അതേ ഭാഗ്യയെക്കൊണ്ടു തന്നെ 'മാനം പോകുന്നതിനെക്കാള്‍ നല്ലത് മരിക്കുന്നതാണ്' എന്ന് പറയിപ്പിച്ചുകൊണ്ട് തിരക്കഥാകൃത്ത്് നായികയുടെ തന്റേടത്തെ പൊളിക്കുന്നുമുണ്ട്. 'ഇതില്‍ നിങ്ങളിലാര്‍ക്കാണ് വഴങ്ങേണ്ടത്' എന്ന് നായികയെ കൊണ്ട് ചോദിപ്പിക്കുമ്പോള്‍ എഴുത്തിലെയും എഴുത്തുകാരനിലെയും വൈരുദ്ധ്യം പ്രകടമാകുന്നു.

തൃശ്ശൂര്‍ നഗരത്തെ അസ്സലായി പരിചയപ്പെടുത്തുന്ന ചിത്രം തന്നെയാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ, കുത്തി നിറക്കപ്പെട്ട സംഭാഷണങ്ങളോ ഇല്ലാതെ ആകര്‍ഷകമായ തുടക്കത്തിലൂടെ പ്രേക്ഷകനെ രസച്ചരട് പൊട്ടിക്കാതെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കൈവിട്ടു. തുടക്കവും ഒടുക്കവും തമ്മില്‍ കൂട്ടിമുട്ടിക്കാനുളള ചില ബദ്ധപ്പാടുകളില്‍ സംവിധായകനും എഴുത്തുകാരനും പരാജയപ്പെടുന്നതോടെ കഥ ഒന്നുമല്ലാത്ത വിധത്തിലുളള ഒരു അവസാനിപ്പിക്കലിലെത്തി ചേരുന്നു. എന്താണ് പറഞ്ഞു വെച്ച കഥ, നായകനെന്ത് ചെയ്യാനുണ്ട്, ഇതില്‍ നായികയുടെ ആവശ്യമെന്ത് എന്നുളള തരത്തില്‍ പല ചോദ്യങ്ങള്‍ സിനിമ കണ്ടിറങ്ങുന്നവന്‍ സ്വയം ചോദിച്ചു പോകുന്നു. സിനിമയില്‍ മുഴുനീളം സ്‌കോര്‍ ചെയ്തത്രയും കോട്ടപ്പുറം ഡേവിഡും സംഘവുമാണെന്നു പറയേണ്ടി വരും. സിനിമയുടെ അവതരണശൈലിയുടെ ആകര്‍ഷണീയത ഇടയ്‌ക്കെവിടെയോ വെച്ച് നഷ്ടപ്പെട്ടു എങ്കിലും പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരുത്താന്‍ ഉതകുന്ന രസകൂട്ടുകളെല്ലാം ഈ സിനിമക്ക് കൈമുതലായുണ്ട്. പി.എസ് റഫീഖിന്റെ കഥയ്ക്ക് മുകളിലുളള വിശ്വാസ്യതയും, കഥയുടെ ബലവും ഇത്തവണ നിരാശകരമായ രീതിയില്‍ നഷ്ടപ്പെട്ടു എന്നതാണ് പ്രധാനമായി പറയേണ്ടത്. എങ്കിലും പ്രേക്ഷകനെ ആദ്യാവസാനം വരെ പിടിച്ചിരുത്തി മികച്ച സംവിധാന മികവ് പുലര്‍ത്തിയ രതീഷ് കുമാറും, ബിജിബാലിന്റ പശ്ചാത്തല സംഗീതവും, സ്വരൂപ് ഫിലിപ്പിന്റെ ക്യാമറയും നിലവാരം പുലര്‍ത്തി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories