UPDATES

സിനിമ

അയേണ്‍മാന്‍ പിന്‍ഗാമിയായി നിശ്ചയിച്ചത് സ്പൈഡര്‍മാനെയാണ്, പക്ഷേ സോണി സമ്മതിക്കാതിരുന്നാല്‍ ഡിസ്നി എന്തുചെയ്യും?; മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് കുഴപ്പത്തിലാകുക ഇങ്ങനെ

ഈ വാർത്ത പുറത്ത് വന്നതോടെ വന്‍പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്‌

ലോകമെമ്പാടും കോടിക്കണക്കണക്കിന് ആരാധകരുള്ള സ്പൈഡര്‍മാന്‍ മാര്‍വല്‍ സ്റ്റുഡിയോയുടെ പടിയിറങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സോണി പിക്ചേഴ്സും സ്പൈഡര്‍മാന്‍റെ സൃഷ്ടാക്കളായ മാര്‍വലും തമ്മിലുള്ള തര്‍ക്കമാണ് സ്പൈഡര്‍മാന്‍ മാര്‍വല്‍ സ്റ്റുഡിയോ വിടാന്‍ കാരണം. ഈ വിഷയത്തിൽ പ്രതികരിച്ച് സ്പൈഡർമാനായി വേഷമിട്ട ഹോളിവുഡ് താരം ടോം ഹോളണ്ട്. ‘ഞങ്ങൾ അഞ്ച് മികച്ച സിനിമകൾ നിർമ്മിച്ചു, യഥാർത്ഥത്തിൽ അഞ്ച് ആശ്ചര്യപ്പെടുത്തുന്ന വർഷങ്ങൾ, എന്റെ ജീവിതത്തിലെ മികച്ച സമയമായിരുന്നു അത്. എന്നാൽ ഇനി ഭാവിയിൽ എന്താകുമെന്ന് ആർക്കറിയാം’. ടോം ഹോളണ്ട് പറയുന്നു

പക്ഷെ തനിക്ക് ഒരു കാര്യം മാത്രം അറിയാമെന്നും, താൻ സ്പൈഡർമാൻ വേഷം ചെയ്യുന്നത് തുടർന്നുകൊണ്ടേ ഇരിക്കും എന്നും ഇത് വളരെ രസകരമായിരിക്കുമെന്നും താരം പറയുന്നു. പക്ഷെ സ്പൈഡർമാന്റെ ഇനി അങ്ങോട്ടുള്ള ഭാവി വ്യത്യസ്തമായിരിക്കാമെന്നും, അതേസമയം അത് ആകർഷകവും അതിശയകരവുമായിരിക്കുമെന്നും പറയുന്ന താരം സ്പൈഡർമാനെ കൂടുതൽ മനോഹരമാക്കാനുള്ള വഴികൾ ആലോചിക്കുമെന്നും പറയുന്നു. കാലിഫോർണിയയിൽ ഡി 23 എക്‌സ്‌പോയിൽ സംസാരിക്കുകയായിരുന്നു ടോം ഹോളണ്ട്.

ആവഞ്ചേര്‍സ് എന്‍ഡ് ഗെയിമിലെ പ്രശസ്തമായ ഒരു ഡയലോഗ് പറഞ്ഞുകൊണ്ടാണ് ടോം ഹോളണ്ട് തന്റെ വാക്കുകൾ അവസാനിപ്പിച്ചത് “ആൻഡ് ഐ ലവ് യു 3,000″ . ചിത്രത്തിലെ പ്രധാന കഥാപാത്രമായ അയേണ്‍മാന്റെ മകൻ സ്ഥിരമായി പറയുന്ന ഒരു സംഭാഷണമാണ് ഇത്. അയേണ്‍മാന്റെ മരണ ശേഷവും വിട പറയുന്ന സമയത്തും അയേണ്‍മാന്‍ ഈ ഡയലോഗ് തന്നെയാണ് പറയുന്നത്. വിട പറയുന്നതിനേക്കാൾ കൂടുതൽ തങ്ങളുടെ സ്നേഹം പങ്കുവെക്കുന്ന വാക്കുകളാണ് ”ഐ ലവ് യു 3,000”.

മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രങ്ങളിൽ ഒന്നാണ് സ്പൈഡർമാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർമാന്‍റെ യഥാർത്ഥ പേര്. പിന്നീട് മാര്‍വല്‍ കോമിക്സില്‍ നിന്നും ഈ കഥാപാത്രത്തിന്‍റെ സിനിമ അവകാശം സോണി വാങ്ങുകയായിരുന്നു. പിന്നീട് മാർവൽ സ്വന്തമായി ചലച്ചിത്ര രംഗത്ത് എത്തി തങ്ങളുടെ കഥാപാത്രങ്ങള്‍ കൊണ്ട് സാന്നിധ്യം ഉറപ്പിച്ചു. ഇതിനെ തുടര്‍ന്ന് സോണിയില്‍ നിന്നും സ്പൈഡര്‍മാന്‍ കഥാപാത്രത്തെ വീണ്ടും മാര്‍വലിന്‍റെ പ്രമോട്ടര്‍മാരായ സിഡ്നി തിരിച്ചെടുക്കുകയായിരുന്നു. 2016 ല്‍ ഇറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാറില്‍ ടോം ഹോളണ്ട് അവതരിപ്പിച്ച പുതിയ സ്പൈഡര്‍മാര്‍ എത്തി. പിന്നീട് മാര്‍വല്‍ പരമ്പരയിലെ അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേര്‍സ് എന്‍റ് ഗെയിം എന്നീ ചിത്രങ്ങളിലും സ്പൈഡര്‍മാന്‍ എത്തി. കൂടാതെ സോണിയുമായി സംയുക്തമായി ചെയ്ത സ്പൈഡര്‍മാന്‍ ചിത്രങ്ങളില്‍ മാര്‍വല്‍ കഥാപാത്രങ്ങളും എത്തി. സ്പൈഡര്‍മാന്‍ ഹോം കമിംഗില്‍ അയേണ്‍മാനും, സ്പൈഡര്‍മാര്‍ ഫാര്‍ ഫ്രൈം ഹോമില്‍ നിക്ക് ഫ്യൂരിയും കഥാപാത്രങ്ങളായി.

ഇത്തരത്തില്‍ നന്നായി പോയ ഡിസ്നി, സോണി സഹകരണം എന്നാല്‍ സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന്‍റെ വന്‍ വിജയത്തോടെയാണ് മോശമായത്. ഇപ്പോള്‍ സ്പൈഡര്‍മാന്‍ അടക്കമുള്ള മാര്‍വല്‍ കഥാപാത്രങ്ങളെ വച്ച് സോണി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ലാഭം പങ്കുവയ്ക്കുന്നതില്‍ അഞ്ചു ശതമാനം ആണ് മാര്‍വലിനുള്ള ഷെയര്‍. വരുമാനം പങ്കുവയ്ക്കല്‍ 50:50 എന്ന രീതിയിലാണ് വേണ്ടതെന്നാണ് മാര്‍വല്‍ ഉടമകളായ ഡിസ്നിയുടെ ആവശ്യം. എന്നാല്‍ സോണി ഈ ആവശ്യം അംഗീകരിച്ചില്ല.

ഇതോടെയാണ് സ്പൈഡര്‍മാന്‍ അടക്കമുള്ള കഥാപാത്രങ്ങള്‍ മാര്‍വല്‍ വിടാന്‍ ഒരുങ്ങുന്നത്. ഇത് ആവഞ്ചേര്‍സ് എന്‍ഡ് ഗെയിമോടെ പുതിയ ഘട്ടത്തിലേക്ക് കടന്ന മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിന്‍റെ പുരോഗതിയെ ബാധിച്ചേക്കും. അയേണ്‍മാന്‍ തന്‍റെ പിന്‍ഗാമിയായി സ്പൈഡര്‍മാനെ നിശ്ചയിച്ചാണ് അവഞ്ചേര്‍സിന്‍റെ മൂന്നാം ഘട്ടം അവസാനിച്ചത്. ഇതേ സ്പൈഡര്‍മാന്‍ മാര്‍വെല്‍ വിട്ടാല്‍ അത് മാര്‍വല്‍ ആരാധകര്‍ക്ക് വലിയ നിരാശയായിരിക്കും.

ഈ വാർത്ത പുറത്ത് വന്നതോടെ വന്‍പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്‌. തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഇരുകമ്പനികള്‍ക്കും ആരാധകരുടെ സന്ദേശങ്ങളും പ്രവഹിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍