UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ഒരു കുപ്രസിദ്ധ പയ്യന്‍; ഒറ്റ വാക്കില്‍ മനുഷ്യത്വം എന്നു വിളിക്കാം

മധുപാലിന്റെ തന്നെ തലപ്പാവിന്റെ ഒരു തുടർച്ചയാണ് ഒരു കുപ്രസിദ്ധ പയ്യൻ

അപര്‍ണ്ണ

രണ്ടു സിനിമകൾ കൊണ്ട് തന്നെ സംവിധായകൻ എന്ന നിലയിൽ അടയാളമുറപ്പിച്ച ആളാണ് മധുപാൽ. ‘ഒരു കുപ്രസിദ്ധ പയ്യൻ’ ടോവിനോ-മധുപാൽ കോമ്പിനേഷനിൽ വരുന്ന സിനിമ എന്ന നിലയിലും ടോവിനോ എന്ന നടന്റെ മാർക്കറ്റ് നിമിത്തവും പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു സിനിമ ആയിരുന്നു.

മൂന്നു വര്‍ഷങ്ങൾക്ക് മുന്നേ ജയസൂര്യയെ നായകനാക്കി മധുപാൽ ഈ സിനിമ ചെയ്യുമെന്ന വാർത്തകൾ സജീവമായിരുന്നു. പിന്നീട് ടോവിനോയെ നായകനാക്കി ഈ സിനിമ തുടങ്ങുകയായിരുന്നു. നിമിഷ സജയൻ, നെടുമുടി വേണു, അനു സിതാര, ശരണ്യ പൊൻവണ്ണൻ, സിദ്ദിക്ക് എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു യഥാർത്ഥ സംഭവത്തിന്റെ ചലചിത്രാവിഷ്കാരം എന്ന നിലയിലും ഈ സിനിമയെ കുറിച്ച് വാർത്തകൾ വന്നെങ്കിലും അതിനെ കുറിച്ചൊന്നും വ്യക്തമായ സൂചനകൾ ഇല്ലാതെ ആണ് ട്രെയിലർ പുറത്തു വന്നത്.

സൂചനകൾ പോലെ വളരെ കുപ്രസിദ്ധമായ ഒരു സംഭവത്തിന്റെ ചലചിത്രാവിഷ്കാരമാണ് ഒരു കുപ്രസിദ്ധ പയ്യൻ. 2012 ജൂലൈ 21 നു കോഴിക്കോട് ചിറക്കൽ ലൈനിൽ ഒറ്റയ്ക്ക് താമസിക്കുന്ന സുന്ദരി ‘അമ്മ എന്ന സ്ത്രീ വെട്ടേറ്റു കൊല്ലപ്പെടുന്നു. ചുറ്റുമുള്ള ചെറിയ ഹോട്ടലുകളിലേക്കും മറ്റും ഇഡലിയും ദോശയും പലഹാരങ്ങളും വിറ്റും പണം പലിശക്ക് കൊടുത്തുമാണ്‌ ആ 69 കാരി ജീവിച്ചിരുന്നത്. ദൂരെ എവിടെ നിന്നോ വന്നു താമസിക്കുന്ന ഇവർക്ക് ശത്രുക്കൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം 100 കണക്കിന് ആളുകളെ ചോദ്യം ചെയ്തിട്ടും പോലീസിന് കൃത്യമായ തെളിവുകളോ മറ്റു സൂചനകളോ ലഭിച്ചിരുന്നില്ല. അന്വേഷണം എങ്ങും എത്താതെ പോകുന്ന ആ സന്ദർഭത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നത്.

ജയേഷ് എന്ന് പേരുള്ള അനാഥനായ ഹോട്ടൽ തൊഴിലാളിയെ പ്രതിയാണെന്ന് പറഞ്ഞു ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുക്കുന്നു. സാക്ഷികൾ ആരുമില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകൾ ഇയാൾക്ക് എതിരായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് വാദിച്ചത്. വിചാരണക്ക് മുന്നേ രണ്ടു വർഷം ഇയാൾ ജയിലിൽ കിടന്നു. 2015 ൽ നടന്ന വിചാരണക്ക് ഒടുവിൽ കോടതി ഇയാൾ കുറ്റക്കാരൻ അല്ലെന്നു കണ്ടു വെറുതെ വിട്ടു. കൃത്യം നടത്താൻ ഇയാൾ ഉപയോഗിച്ചു എന്ന് പറഞ്ഞു ഹാജരാക്കിയ കത്തിയിൽ നടത്തിയ ശാസ്ത്രീയ പരിശോധന ആയിരുന്നു അന്ന് പ്രധാന തെളിവായി മാറിയത്.

അനിൽകുമാർ എന്ന വക്കീൽ ആണ് അന്ന് ലീഗൽ എയ്ഡ് ആയി നിന്നത്. കേസ് അന്വേഷണം അവസാനിപ്പിക്കാനും പ്രതിയെ കണ്ടെത്താനും ഉള്ള ബാഹ്യ സമ്മർദം കാരണം ക്രൈം ബ്രാഞ്ച് അനാഥനായ ഒരാൾക്ക് മേൽ വ്യാജ തെളിവുകളെ കൂട്ടിക്കെട്ടി കുറ്റം അടിച്ചേൽപ്പിക്കുക ആയിരുന്നു എന്ന് ആരോപണം ഉയർന്നു. ഇന്നും ഖണ്ഡിക്കപ്പെടാത്ത ആ വാദത്തിന്റെ തുടർച്ചയിലാണ് സുന്ദരി അമ്മ കൊലപാതക കേസ്. ജയേഷിനെ വെറുതെ വിട്ടു മൂന്നു വർഷങ്ങൾ കഴിഞ്ഞു. ഇന്നും കാരണങ്ങൾ വ്യക്തമാകാത്ത പ്രതികളിലേക്ക് ഒരു തുമ്പും കിട്ടാത്ത ഒരു പ്രഹേളികയായി സുന്ദരി അമ്മ കൊലപാതക കേസ് നിയമത്തിനു മുന്നിലുണ്ട്. പുനരന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്ന് അറിയുന്നു. ആ കാലത്ത് വലിയ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും നയിച്ചെങ്കിലും പിന്നീട് വന്ന വാർത്തകളുടെ ബാഹുല്യത്തിലാവണം നമ്മൾ ഈ സംഭവം പൂർണമായും മറവിക്ക്‌ വിട്ടു കൊടുത്ത സമയത്താണ് മധുപാൽ കുപ്രസിദ്ധ പയ്യനുമായി വന്നു ഈ സംഭവത്തെ ഓർമിപ്പിക്കുന്നത് .

സിനിമയിൽ സുന്ദരി അമ്മ ചെമ്പക അമ്മാൾ ആകുന്നു. ശരണ്യ പൊൻവണ്ണൻ ആണ് ഒരുപാട് ദുരൂഹതകൾ ഉള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജയൻ എന്ന അനാഥനും നിസ്വനും ആയ ചെറുപ്പക്കാരൻ ആയി ടോവിനോ എത്തുന്നു. ഹോട്ടലിലെ സഹ തൊഴിലാലാളികളും ജലജ എന്ന പ്രണയിനിയും (അനു സിതാര) അടങ്ങുന്നതാണ് അയാളുടെ ലോകം. മാതൃ സഹജമായ വാത്സല്യം അയാളോട് ചെമ്പക അമ്മാളിനുണ്ട്. വലിയ കഷ്ടപ്പാടുകൾക്കും അവഗണനകൾക്കും ഒടുവിൽ ജീവിതം സ്വാസ്ഥ്യത്തിലേക്കു നീങ്ങും എന്ന അവസ്ഥയിലാണ് അയാളെ നിയമ വ്യവസ്ഥ കൊലപാതകി ആക്കുന്നത്. ജയേഷ് എന്ന ജമാലിനും അജയൻ എന്ന അജ്മലിനും ഇടയിൽ നിൽക്കുന്നത് ടോവിനോയുടെ താര ശരീരമാണ്. അപൂർവമായി അത് ജയേഷ് ആകുന്നതിൽ നിന്നും അയാളെ തടയുന്നുണ്ടെങ്കിലും അപ്പോളൊക്കെ ആക്രമണത്തിനപ്പുറം പ്രതിരോധത്തിന്റെ മാനം തീർത്ത് സംവിധായകൻ സുരക്ഷിതനാകുന്നുണ്ട്. എഴുത്തുകാരൻ ജീവൻ ജോബ് തോമസിന്റെ കന്നി തിരക്കഥ ഇതിനു മധുപാലിനെ നന്നായി സഹായിക്കുന്നുമുണ്ട്.

സുന്ദരി അമ്മാൾ കൊലപാതകത്തിൽ എത്ര വലിയ പങ്ക് ഉണ്ടെന്നത് ഇന്നും ദുരൂഹമാണെങ്കിലും അജയന് ചാർത്തി കൊടുക്കുന്ന അജ്മൽ എന്ന വിളിപ്പേര് സിനിമയിൽ വലിയ കഥാപാത്രമാകുന്നു. സുന്ദരി അമ്മ കൊലപാതകത്തിന്റെ കഥ അറിയുന്നവരെയും മറന്നു പോയവരെയും കേട്ടിട്ടേ ഇല്ലാത്തവരെയും ഒരു പോലെ സിനിമയുടെ മോഡിലേക്ക് കൊണ്ട് വരാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടുണ്ട്. കോർട്ട് പോലെ പല ക്ലാസ്സിക്കുകളും ഇന്ത്യയിൽ നിന്നും പുറത്തു വരുന്നുണ്ടെങ്കിലും മലയാള പോപ്പുലർ സിനിമകളിൽ കോർട്ട് റൂം ഡ്രാമ സാധ്യതകൾ മുഴുവനായി ഉപയോഗിച്ച സിനിമകൾ കുറവാണ്. പോപ്പുലർ സിനിമയുടെ സാധ്യതകൾ ഉപയോഗിക്കുമ്പോഴും പറഞ്ഞ നിലപാടിൽ നിന്ന് മാറിപ്പോകാതെ രണ്ടര മണിക്കൂറിൽ അധികം മുന്നോട്ട് പോകുക എന്ന ശ്രമകരമായ ദൗത്യത്തെ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്.

ടോവിനോ ആണ് ടൈറ്റിൽ കഥാപാത്രം ആകുന്നത് എങ്കിലും നിമിഷയുടെ കൂടി സിനിമയാണ് കുപ്രസിദ്ധ പയ്യൻ. നിമിഷയുടെ ഹന്നാ എന്ന ലീഗൽ എയ്ഡ് ആണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സിനിമയിൽ ആണും പെണ്ണുമായി വക്കീലുമാർ പിന്തുടർന്ന് വരുന്ന ഒരു ശരീര ഭാഷയുണ്ട്. മലയാള സിനിമയിൽ അത് തികച്ചും ഏകതാനമായ ഒന്നാണ്. ആത്മവിശ്വാസം അണുവിട ചോരാത്ത നായികാ നായകന്മാരും മണ്ടന്മാരായ ഹാസ്യ താരങ്ങളും ആണ് കാലാകാലങ്ങളായി മലയാള സിനിമയിലെ വക്കീലുമാർ. നായകൻ തന്നെ ട്രോള് ആകുന്ന വികട കുമാരൻ ഒക്കെയാണ് ഇതിനു അപവാദം. അതാണെങ്കിൽ പൂർണമായും ഹാസ്യ പ്രാധാന്യമുള്ള സിനിമ ആണ്, ജോളി എൽ എൽ ബിയെ ഒക്കെ ഓർമിപ്പിക്കുന്ന ഒന്ന്.

കുപ്രസിദ്ധ പയ്യനിലെ ഹന്നാ കരിയറിൽ ഒരു ബ്രേക്ക് കിട്ടാൻ ഉള്ള കഠിന ശ്രമത്തിലാണ്. ആരുടെയെങ്കിലുമൊക്കെ ജൂനിയർ ആയി കാലാകാലങ്ങളിൽ ചെയ്യുന്ന ക്ലറിക്കൽ ഉദ്യോഗം അല്ല വക്കീൽ പണി എന്നുള്ള ബോധ്യം ഹന്നക്കുണ്ട്. എന്നാൽ അപരിചിതത്വത്തിന്റെ പതർച്ചകൾ അവരുടെ സ്വഭാവത്തിന്റെ മറ്റൊരു വശമാണ്. കേസ് വാദിക്കുമ്പോഴും ഹന്നയ്ക്ക് പതർച്ചയുണ്ട്. നിർണായകമായ ഒരു ദിവസത്തിന്റെ തലേ രാത്രി അവർ തലകറങ്ങി ഛർദിച്ചു ആശുപത്രിയിൽ ആവുന്നുണ്ട്.നന്മയുടെ കൂടെ തന്നെ ഹന്നയെ നയിക്കുന്നത് അവരുടെ ആത്മവിശ്വാസക്കുറവാണ്. അവർ അതിനെ അതിജീവിക്കുന്ന വിധവും കൗതുകമുണ്ടാക്കുന്നുണ്ട്. നിമിഷയുടെ കരിയറിലെ മറ്റൊരു നല്ല കഥാപാത്രമാണ് ഹന്നാ. അവരുടെ കയ്യിൽ അത് മുഴുവനായും ഭദ്രവുമായിരുന്നു. ഒരുപാട് കാലത്തിനു ശേഷമാണ് നെടുമുടി വേണുവിലെ നടനെ ഒരു സിനിമ ഉപയോഗിക്കുന്നത് കാണുന്നത്. നെടുമുടി വേണുവും നിമിഷയും ചേർന്നുള്ള കോടതി രംഗങ്ങൾ ആണ് സിനിമയുടെ ജീവൻ. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളും ഔസേപ്പച്ചന്റെ ഈണങ്ങളും വ്യത്യസ്തമായ ഒരു മൂഡ് ഉണ്ടാക്കുന്നുണ്ട്.

ഒരർത്ഥത്തിൽ നോക്കിയാൽ മധുപാലിന്റെ തന്നെ തലപ്പാവിന്റെ ഒരു തുടർച്ചയാണ് ഒരു കുപ്രസിദ്ധ പയ്യൻ. രണ്ടു കാലങ്ങളിൽ നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളിലൂടെ ഇവിടത്തെ നിയമനിർവഹണത്തിന്റെ പാളിച്ചകളെ കുറിച്ച് അദ്ദേഹം അന്വേഷിക്കുന്നു. തെളിവ്, നീതി, നിയമ വാഴ്ചയുടെ ഞെട്ടിക്കുന്ന ക്രമക്കേടുകൾ ഒക്കെ എല്ലാ കാലത്തിലും ഒരേ അടരുകളിൽ തന്നെ നിർത്തുന്നു എന്ന് ഓർമിപ്പിച്ചു കൊണ്ട് സിനിമ തുടങ്ങി അവസാനിക്കുന്നു. ത്രില്ലറിന്റെ ഒക്കെ സാദ്ധ്യതകൾ ഉപയോഗിച്ചെങ്കിലും സിനിമയുടെ ഫോക്കസ് അതല്ല. ഒറ്റ വാക്കിൽ ഫാബ്രിക്കേറ്റഡ് കാലത്തെ മനുഷ്യത്വം ഉള്ള സിനിമ എന്ന് ചുരുക്കാം ഒരു കുപ്രസിദ്ധ പയ്യനെ.

മുസ്ലിം ദളിത് വേട്ടയാടലുകളെ തുറന്നു പറയാന്‍ ധൈര്യമില്ലാതെ പോയെങ്കിലും ഈ കെട്ടകാലത്തിന്റെ അനിവാര്യമായ രാഷ്ട്രീയം പറയുന്നുണ്ട് ‘പയ്യന്‍’

‘ഒരു കുപ്രസിദ്ധ പയ്യന്‍’ നമ്മുടെ നാട്ടില്‍ നടന്ന കൊലപാതക കഥ’ : സംവിധായകൻ മധുപാൽ സംസാരിക്കുന്നു

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍