TopTop
Begin typing your search above and press return to search.

അപ്പോൾ പുരുഷാരം ഒന്നിച്ചലറി, ഈ വരത്തനാണോ നമുക്ക് ന്യായം നിശ്ചയിക്കുന്നത്?

അപ്പോൾ പുരുഷാരം ഒന്നിച്ചലറി, ഈ വരത്തനാണോ നമുക്ക് ന്യായം നിശ്ചയിക്കുന്നത്?

സോദോമിലെ ലോത്തിന്റെ വീട്ടുവളപ്പിലേക്ക് ആളുകൾ ഇരച്ചു കയറി. ലോത്തിന്റെ വീട്ടിൽ അന്തിയുറങ്ങാനെത്തിയ മൂന്നു പുരുഷൻമാരെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് അവരെത്തിയത്. ലോത്ത് അവരോട് പറഞ്ഞു, ആ മൂന്ന് പുരുഷൻമാർ എന്റെ അതിഥികളാണ്. അതിഥികളോട് അനാദരവ് കാണിക്കരുത്. അപ്പോൾ പുരുഷാരം ഒന്നിച്ചലറി. ഈ വരത്തനാണോ നമുക്ക് ന്യായം നിശ്ചയിക്കുന്നത്. ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലാണ് ഈ കഥയുള്ളത്.

ലോത്ത് സോദോമിലേക്ക് കുടിയേറിയവനായിരുന്നു. വന്നു കേറിയവന് അവകാശങ്ങളൊന്നുമില്ലെന്ന് വേദപുസ്തകത്തിന്റെ കാലം മുതലുള്ള ഒരു തോന്നലാണ്. നിങ്ങളെ 'വരത്തൻ' എന്നു വിളിച്ചാൽ നിങ്ങൾ എല്ലാ അനീതിക്കും അർഹനായി. അപ്പോൾ മുതൽ നിങ്ങൾ ഭരണഘടനയ്ക്ക് പുറത്തായി. നിങ്ങൾക്കെതിരെയുള്ള വിചാരണ, വിധി തീർപ്പ്, ശിക്ഷ എല്ലാം പിന്നെ ആൾക്കൂട്ടമാണ് നിശ്ചയിക്കുകയും നിർവ്വഹിക്കുകയും ചെയ്യുക.

സദാചാരക്കമ്മറ്റിയുടെ ചോദ്യാവലിയിലെ ആദ്യത്തെ ചോദ്യം നിങ്ങൾ എവിടെ നിന്നാണ് എന്നാണ്. നിങ്ങളെ അന്യവൽക്കരിക്കാനുള്ളതാണ് ഈ ചോദ്യം. ഈ ചോദ്യത്തിന് നിങ്ങൾ നൽകുന്ന ഉത്തരമാണ് നിങ്ങൾക്കെതിരെയുള്ള വിചാരണക്ക് അവരെ അധികാരിയാക്കുന്നത്. അവരുടെ പരിപാവനമായ പ്രദേശത്ത് അവരുടെ മഹത്തായ സംസ്കാരത്തെ മലിനമാക്കാൻ എത്തിയ പരദേശിയായി നിങ്ങൾ മാറുന്നു. ഇത് ഒരു നാട്ടിൻ പുറമാണ്, ഇവിടെ ചില രീതികളുണ്ട് എന്ന് അവരുടെ ദേശം പെട്ടെന്ന് നൻമകളാൽ സമൃദ്ധമാവുന്നു.

നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡ് സമർപ്പിക്കാതെ ഒരു ഗ്രാമത്തിലും കയറാനാവില്ല. അവിടെ കേറിയതു മുതൽ നിങ്ങൾ ഒരു നിരീക്ഷണ പരിധിയിലാണ്. നിങ്ങളെ അവർ സ്കാൻ ചെയ്തു കൊണ്ടിരിക്കും. അമൽ നീരദിന്റെ വരത്തൻ എന്ന സിനിമ സൊസൈറ്റി എന്ന ആത്മാവില്ലാത്ത ജീവി നടത്തുന്ന നീതിരഹിതമായ സ്കാനിങ്ങിന്റെ, കടന്നുകയറ്റത്തിന്റെ കഥയാണ്.

ദുബായിൽ നിന്ന് നാട്ടിലും പിന്നെ അവരുടെ നാടിൻപുറത്തുമെത്തുന്ന എബിയും പ്രിയയും പലരാൽ പലതരം സ്കാനിങ്ങിന് വിധേയരാവുന്നുണ്ട്. അവിടത്തെ ചായക്കടയിൽ നിന്ന് ചായ കുടിക്കുന്ന രണ്ട് പേരെയും ഇങ്ങനെ സ്കാൻ ചെയ്ത് ഒടുവിൽ എല്ലാവർക്കും വേണ്ടി കൂട്ടത്തിൽ ചെറുപ്പമായ ഒരാളുടെ പ്രസ്താവന, നമ്മുടെ സംസ്കാരം ഇല്ലാണ്ടാക്കാൻ ഓരോരുത്തൻമാര് കുറ്റീം പറിച്ച് ഇറങ്ങിക്കോളും എന്നാണ്. അങ്ങനെ ഇല്ലാണ്ടായിപ്പോകുന്ന ആ സംസ്കാരം പിന്നീട് നാം ധാരാളമായി കാണുന്നുണ്ട്. സ്ത്രീകളുടെ അടിസ്ത്രം പുറത്തിടാനാവാത്ത, ബാത്റൂമിൽ ഒളിക്ക്യാമറ വെക്കുന്ന, സ്ത്രീയേയും പുരുഷനേയും അവരുടെ സ്വകാര്യതകളിൽ ഒറ്റക്കിരിക്കാനനുവദിക്കാത്ത, മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഇടിച്ചു കേറുന്ന മഹത്തായ ഒരു സംസ്കാരമാണത്. നമ്മുടെ സാംസ്കാരികമായ ഈ ദുസ്സാമർത്ഥ്യം നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്നു എന്നതുകൊണ്ടാണ് ഇത്തരം പ്രവൃത്തികളിൽ ചെറുപ്പക്കാരുടെ സാന്നിധ്യം ധാരാളമായി ഉണ്ടാവുന്നത്.

ഈ സംസ്കാരത്തോടാണ് ശാന്തശീലനും ജനാധിപത്യ ബോധം പ്രകൃതത്തിൽത്തന്നെ സൂക്ഷിക്കുന്നവനുമായ എബിക്ക് ഏറ്റുമുട്ടേണ്ടി വരുന്നത്. എബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് പതിവുപോലെ തന്റെ ഭാഗം ഭംഗിയായി കൈകാര്യം ചെയ്തു. പ്രത്യേകിച്ച് സിനിമയുടെ ആദ്യ ഭാഗങ്ങൾ. മായാനദിക്കു ശേഷം തനിക്ക് ലഭിച്ച മികച്ച കഥാപാത്രത്തിന് ആത്മാവ് നൽകാൻ ഐശ്വര്യക്ക് കഴിഞ്ഞു. പ്രിയ എന്ന കഥാപാത്രം പ്രേക്ഷകമനസ്സിൽ ഇടം പിടിച്ചത് ഐശ്വര്യയുടെ അഭിനയത്തികവ് കൊണ്ടു കൂടിയാണ്.

തന്റെ വ്യക്തിത്വത്തെക്കുറിച്ച് അത്രമേൽ ഉറപ്പുണ്ടായിട്ടും സ്വന്തം തട്ടകത്തിൽപ്പോലും അവൾ അന്യയായിപ്പോകുന്നു. ക്യാമറകൾക്കോ പുരുഷന്റെ കണ്ണുകൾക്കോ ഒപ്പിയെടുക്കാനുള്ള വെറും ശരീരമായി അവൾ മാറുന്നു. എത്ര ഊക്കോടെ പൊരുതിയിട്ടും അവൾ നിസ്സഹായയാകുന്നു. ഒരർത്ഥത്തിൽ സ്വന്തം ദേശത്തും ശരീരത്തിലും അന്യയായിപ്പോകുന്ന സ്ത്രീയാണ് ഈ സിനിമയിലെ വരത്തൻ. അതു കൊണ്ട് വരത്ത എന്നോ വരത്തത്തി എന്നോ ആണ് ഈ സിനിമയെ നാം പേരിട്ടു വിളിക്കേണ്ടത്. സമത്വ ബോധം ഉള്ളിൽ സൂക്ഷിക്കുന്ന ആണും പെണ്ണും ഒരു പോലെ അന്യവൽക്കരിക്കപ്പെടും എന്ന ആശയമാണ് ഈ സിനിമയിൽ നിന്ന് നമുക്ക് ലഭിക്കുന്നത്.

നാട്ടുമ്പുറ വസതിയിലെ അവരുടെ ആദ്യരാത്രിയെ വരവേൽക്കുന്നത് ചീവീടുകളുടെ കോറസ്‌ ആണ്. ഇണയെ ആകർഷിക്കാനാണ് ചീവീടുകൾ ഇങ്ങനെ ഒച്ചയുണ്ടാക്കുന്നത് എന്ന പ്രിയയുടെ വാദത്തോട് എബിയുടെ പ്രതികരണം ഇങ്ങനെയാണ്. 'ഉം, ഈ ഒച്ച കേട്ട് ഇണ ആകർഷിക്കപ്പെട്ടത് തന്നെ'. സത്യത്തിൽ എല്ലാ ജീവികളും ബഹളം വച്ചാണ് ഇണയെ ആകർഷിക്കുന്നത് എന്നു തോന്നും. കള്ളുകുടിച്ച് അയൽപ്പക്കത്തെ വായനോക്കികൾ ഉറക്കെപ്പാടുന്നതും ഒച്ച വെക്കുന്നതും ഇണയെ ആകർഷിക്കാൻ തന്നെയാണ്. പല മട്ടിൽ ഒച്ച വെക്കാൻ കഴിയുന്നു എന്നതൊഴിച്ചാൽ ഒരു ക്ഷുദ്ര കീടത്തിന്റെ തന്ത്രത്തേക്കാൾ ഒട്ടും മികച്ചതല്ല നമ്മുടെ ഇണയാകർഷണതന്ത്രവും.

ജീവിതത്തിന്റെ എല്ലാ മേഖലയിലും കാപട്യം സൂക്ഷിക്കാൻ നാം പഠിച്ചിട്ടുണ്ട്. കാൽക്കുലേറ്ററിൽ കൂട്ടുന്ന കാശിന്റെ കണക്ക് തെറ്റിച്ചു പറയാൻ ഒരു മടിയുമില്ലാത്ത ആ കച്ചവടക്കാരൻ നാം തെറ്റായിപ്പഠിച്ച മൂല്യബോധത്തിന്റെ അവശേഷിപ്പാണ്. നുണ ഒരു തന്ത്രമാകുന്നതും പിന്നെ അത് രാഷ്ട്രതന്ത്രമാകുന്നതും നാം കാണുന്നുണ്ടല്ലോ!? ഒടുവിൽ വണ്ടി കുന്നു കേറി വരുമ്പോൾ കാണുന്ന ആ ചുവരെഴുത്ത് ശ്രദ്ധിക്കണം, പി സി ജോർജ് സിന്ദാബാദ് എന്ന ശിലാലിഖിതം. അത്രയെളുപ്പം മാഞ്ഞു പോകാത്ത പ്രാകൃതമലയാളിയുടെ ഹൃദയരേഖയാണത്. നേരും നെറിയുമില്ലാത്ത കാലത്തിന്റെ ഈ പുതിയ മിശിഹയാണല്ലോ ഇപ്പോൾ നമ്മുടെ യുഗപുരുഷൻ.

ഒരു സ്ത്രീയുടെ ജീവിതത്തിൽ പുരുഷന്റെ പ്രസക്തിയെന്താണ്? പ്രത്യേകിച്ചൊന്നുമില്ല. അവളെ പ്രണയിക്കുക. അവളോടൊപ്പം അവനായി ജീവിക്കുക. അവളുടെ ഉടമയോ അധികാരിയോ ആകാതിരിക്കുക. പരസ്പരം ചുംബിക്കാനും ആലിംഗനം ചെയ്യാനും അവർക്കുള്ളത് ഒരേ തരം അവയവങ്ങളാണ്. പ്രണയത്തിന്റെ കടലിരമ്പുന്നത് ഒരേ തരം ഹൃദയങ്ങളിലാണ്. വരത്തനിലെ എബി അങ്ങനെയൊരാളായിരുന്നു. ഒട്ടും പുരുഷനല്ലാത്ത ഒരാൾ. പക്ഷെ, സിനിമ അവസാനിക്കുമ്പോൾ ആ എബി ഇല്ലാതാവുന്നു. അയാൾ പ്രിയയുടെ കാമുകനാവുന്നതിന് പകരം അവളുടെ അപ്പനാകുന്നു. കായബലം കൊണ്ടും ആയുധബലം കൊണ്ടും ശത്രുവിനെ തുരത്തി ജേതാവാകുന്നു. പുരുഷന്റെ കായബലം കൂടാതെ സ്ത്രീയെ സംരക്ഷിക്കാനാവില്ല എന്നാണോ സിനിമ പറയാൻ ശ്രമിക്കുന്നത്? അതോ എബിയെപ്പോലെ ഒരാളെ ഉൾക്കൊള്ളാൻ മലയാളി സമൂഹം പാകപ്പെട്ടിട്ടില്ലെന്നോ? അതു വരേക്കും അയാൾ ബലവാനായിത്തന്നെ ഇരിക്കട്ടെ എന്നോ!? അതോ പഴയ ശീലങ്ങളിലുറച്ചു പോയ പുരുഷ ആസ്വാദന രീതികളെ തൃപ്തിപ്പെടുത്തി ബോക്സോഫീസ് തകർക്കാമെന്ന മുൻകരുതലോ? എന്തായാലും അവസാനത്തെ അസ്വാഭാവിക രംഗങ്ങളൊഴിച്ചാൽ പ്രമേയം കൊണ്ടും പ്രതിപാദന രീതി കൊണ്ടും അഭിനയം കൊണ്ടും മികച്ച ഒന്നായി വരത്തൻ എന്ന സിനിമ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/cinema-varathan-movie-review-ron-bastian/

https://www.azhimukham.com/film-not-only-varathan-shanavasabhavakkutty-short-film-kanneru-writes-subeesh/

https://www.azhimukham.com/film-review-varathan-writes-divya/


Next Story

Related Stories