TopTop
Begin typing your search above and press return to search.

ഇന്നും മൂര്‍ച്ച കുറയാത്ത പൊന്നരിവാള്‍ അമ്പിളിയുടെ പാട്ടുകാരന്‍; ദേവരാഗങ്ങള്‍ നിലച്ച 13 വര്‍ഷങ്ങള്‍

ഇന്നും മൂര്‍ച്ച കുറയാത്ത പൊന്നരിവാള്‍ അമ്പിളിയുടെ പാട്ടുകാരന്‍; ദേവരാഗങ്ങള്‍ നിലച്ച 13 വര്‍ഷങ്ങള്‍

ഇന്നും മൂര്‍ച്ച കുറയാത്ത പൊന്നരിവാള്‍ അമ്പിളിയുടെ പാട്ടുകാരന്‍. മലയാള സിനിമ സംഗീതത്തിലെ നിത്യഹരിത ഗാനങ്ങളുടെ പട്ടികയില്‍ ഈ സംഗീതജ്ഞന്റെ ഗാനങ്ങളുടെ സ്മരണകളാകും ആദ്യം ഇരമ്പിയെത്തുക. പരവൂരില്‍ നിന്നു പാടി മലയാളിയുടെ മനസിലേക്ക് ഓടി കയറിയ ജി. ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മകള്‍ക്കിന്ന് 13 വര്‍ഷം (27 സെപ്റ്റംബര്‍ 1924 - 15 മാര്‍ച്ച് 2006). അരങ്ങില്‍ നിന്നും കൊട്ടകകളിലേക്ക് ദേവരാജ സംഗീതം ഒഴുകി എത്തിയപ്പോഴും ആവര്‍ത്തിച്ചത് ഹിറ്റുകളുടെ ചരിത്രം. നാടന്‍പാട്ടുകളുടെ താളലയവും കര്‍ണാട്ടിക്ക്, ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാഗലയവും ശാസ്ത്രീയ സംഗീതത്തിന്റെ സൗന്ദര്യവും പാശ്ചാത്യ സംഗീതത്തിന്റെ വൈവിധ്യവുമൊക്കെ സമ്മിശ്രമായി ചേര്‍ത്ത ദേവരാജന്‍ മാസറ്ററുടെ ഗാനങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തത പുലര്‍ത്തി. ആര്‍ദ്രമായ സംഗീതംകൊണ്ട് മലയാളിയുടെ കാതുകളില്‍ നിന്ന് തലമുറകളിലേക്ക് ആ ഗാനങ്ങള്‍ പടര്‍ന്നു പന്തലിച്ചു. വയലാറിന്റെയും പി. ഭാസ്‌ക്കരന്റെയും ഒ. എന്‍. വിയുടെയുമൊക്കെ വരികളിലെ കവിതാംശത്തിനു മങ്ങലേല്‍പ്പിക്കാതെ മാസ്റ്റര്‍ ഗാനങ്ങളൊരുക്കിയപ്പോള്‍ ആ കൂട്ടുകെട്ടില്‍ പിറന്നത് എത്രയോ ഹിറ്റുകള്‍. മലയാള സിനിമാ സംഗീതത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം സഞ്ചരിച്ച് ഗാനങ്ങളൊരുക്കാനും ദേവരാജ സംഗീതത്തിനായി എന്നത് ആ പ്രതിഭയെ വിളിച്ചറിയിക്കുന്നു. മലയാള സിനിമ സംഗീതത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ അത് ദേവരാജന്‍ മാസ്റ്ററുടെ ചരിത്രമായി മാറിയാല്‍ സ്വാഭാവികം.

കെ.പി.എസ്.സി എന്ന നാടക പ്രസ്ഥാനത്തിന്റെ വളര്‍ച്ച ദേവരാജ സംഗീതത്തിനൊപ്പം ചേര്‍ന്നതാണ്. സിനിമാ ഗാനങ്ങള്‍ അത്രത്തോളം ജനകീയമാകാത്ത കാലം. അരങ്ങില്‍ മുഴങ്ങി കേട്ട കെ.പി.എസ്.സിയുടെ നാടകഗാനങ്ങള്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ മുഴങ്ങി കേട്ടു. ആ നാടകഗാനങ്ങള്‍ പുതുതലമുറയും ഏറ്റു പാടുന്നെങ്കില്‍ അത് ദേവരാജ സംഗീതത്തിലെ മാന്ത്രികത ഒന്നുകൊണ്ടു തന്നെ. ബലി കുടീരങ്ങളേ, ചക്കര പന്തലില്‍, അമ്പിളി അമ്മാവാ, ചെപ്പു കിലുക്കണ ചങ്ങാതി, പൊന്നരിവാള്‍ അമ്പിളിയില്‍, ഇല്ലിമുളം കാടുകളില്‍, വള്ളിക്കുടിലിന്‍ തുടങ്ങി എത്രയോ ഗാനങ്ങള്‍. സംഗീതം പരവൂര്‍ ദേവരാജന്‍, ഗാനരചന വയലാര്‍, ഒ. എന്‍. വി എന്ന് മുഴങ്ങി കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നിന്നു കൈയടിച്ചൊരു തലമുറ ഇവിടെയുണ്ടായിരുന്നു.

നാടകഗാനങ്ങളിലെ ദേവരാജന്‍ മാസ്റ്ററുടെ സ്വീകാര്യത അദ്ദേഹത്തെ സിനിമയിലേക്കും എത്തിച്ചു. 1955ല്‍ പുറത്തിറങ്ങിയ 'കാലം മാറുന്നു' എന്ന ആദ്യ ചിത്രത്തിന് ഗാനങ്ങളെഴുതിയത് ഒ.എന്‍.വി കുറുപ്പായിരുന്നു. ചിത്രത്തില്‍ കെ.പി.എസ്.സി സുലോചനയും കെ.എസ്.ജോര്‍ജും ചേര്‍ന്നാലപിച്ച 'ആ മലര്‍ പൊയ്കയില്‍' എന്ന ഗാനം ഇനിയും തലമുറകള്‍ ഏറ്റുപാടും.

പ്രണയം, വിരഹം, ഭക്തി, വിപ്ലവം തുടങ്ങി വികാരങ്ങളേതായാലും ദേവരാജ സംഗീതത്തില്‍ മുങ്ങി കുളിച്ചാല്‍ ശ്രോതാക്കള്‍ അത് കേട്ട് കുളിരണിഞ്ഞു. ആദ്യകാലങ്ങളില്‍ വയലാര്‍, ഒ. എന്‍. വി കൂട്ടുകെട്ടിലാണ് ദേവരാജന്‍ മാസ്റ്ററുടെ ഹിറ്റുകള്‍ പിറന്നത്. 1962ല്‍ 'ഭാര്യ' എന്ന ചിത്രത്തില്‍ വയലാര്‍ - ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളാണ് യേശുദാസ് എന്ന ഗായകനെ ശ്രദ്ധേയനാക്കുന്നത്. തുടര്‍ന്ന് 'ഗാനഗന്ധര്‍വന്‍' എന്ന വിശേഷണത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തുന്നതിലും മാസ്റ്ററുടെ ഗാനങ്ങള്‍ വലിയ പങ്കുവഹിച്ചു.

വയലാര്‍ - ദേവരാജന്‍ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നത് 1959ല്‍ പുറത്തിറങ്ങിയ 'ചതുരംഗം' എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ 'വാസന്തരാവിന്റെ വാതില്‍ തുറന്നു വരും' എന്ന ഹിറ്റുഗാനത്തിന്റെ ചരിത്രം ഈ കൂട്ടുകെട്ടിന് തുടര്‍ക്കഥയായി. പെരിയാറേ പെരിയാറേ, കണ്ണുനീര്‍ മുത്തുമായ്, ഇടയകന്യേക പോവുക നീ, അഷ്ടമുടിക്കായലിലേ, ഏഴു സുന്ദരരാത്രികള്‍, ഒരിടത്തു ജനനം, പാരിജാതം തിരുമിഴി തുറന്നു, സ്വര്‍ണച്ചാമരം വീശി എത്തുന്ന, തങ്കഭസ്മക്കുറിയിട്ട, താഴമ്പൂ മണമുള്ള, കസ്തൂരിത്തൈലമിട്ടു, കായാമ്പൂകണ്ണില്‍ വിടരും, ആയിരംപാദസ്വരങ്ങള്‍ കിലുങ്ങി, സുമംഗലി നീ ഓര്‍മിക്കുമോ, ഉത്തരായനക്കിഴളിപാടി, പാമരം പളുങ്കുകൊണ്ട്, അദ്വൈതം ജനിച്ച നാട്ടില്‍, പൂന്തേനരുവി, കാറ്റു വന്നു കള്ളനെപ്പോലെ,ഈശ്വരന്‍ ഹിന്ദുവല്ല, ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ, അമ്മേ അമ്മേ അവിടുത്തെ മുന്‍പില്‍, വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ, സന്യാസിനി നിന്‍, ചന്ദ്രകളഭം, റംസാനിലേ ചന്ദ്രികയോ, കളിന്ദി കാളിന്ദി, ഇതിഹാസങ്ങള്‍ ജനിക്കും തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ഹിറ്റുകള്‍ വയലാറിലൂടെ ഈ പരവൂരുകാരന്‍ നെയ്തെടുത്തു. ദേവരാജന്‍ മാസ്റ്റര്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചതും വയലാര്‍ രാമവര്‍മയായിരുന്നു. 1992ല്‍ വയലാറിന്റെ പുത്രന്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ആദ്യമായി ഗാനരചന നിര്‍വഹിച്ച 'എന്റെ പൊന്നു തമ്പുരാന്‍' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടതും ദേവരാജന്‍ മാസ്റ്റര്‍ തന്നെയായിരുന്നു.

ഒ.എന്‍.വിയുമൊത്തുള്ള മാസ്റ്ററുടെ ഗാനങ്ങളും പ്രേക്ഷകപ്രീതി നേടി. മാണിക്യ വീണയുമായെന്‍, നീയെവിടെ നിന്‍, എന്തിനി ചിലങ്കകള്‍, പ്രിയസഖി ഗംഗേ, പൊന്‍തിങ്കള്‍ക്കല പൊട്ടുതൊട്ട, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍, പുലരികള്‍ സന്ധ്യകള്‍ തുടങ്ങി ആ കൂട്ടുകെട്ടും മലയാളിയുടെ മനസില്‍ കൂടുകൂട്ടി.

1963ല്‍ ഡോക്ടര്‍ എന്ന ചിത്രത്തിലൂടെയാണ് പി. ഭാസ്‌ക്കരനുമായുള്ള ആദ്യ ദേവരാജ സംഗീതം പിറക്കുന്നത്. വിരലൊന്നു മീട്ടിയാല്‍, എന്നാണെ നിന്നാണേ തുടങ്ങിയ ഗാനങ്ങള്‍ ചുണ്ടുകളില്‍ നിന്നു ചുണ്ടുകളിലേക്കു പടര്‍ന്നു. നാദബ്രഹ്മത്തിന്‍ സാഗരം, സ്വര്‍ഗഗായികേ ഇതിലേ ഇതിലേ, എന്റെ സ്വപ്നത്തിന്‍, ഇന്നെനിക്കു പൊട്ടുകുത്താന്‍, നവകാഭിഷേകം കഴിഞ്ഞു, ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലെ തുടങ്ങിയ നിരവധി ഗാനങ്ങള്‍ ഭാസ്‌ക്കരന്‍ മാഷിലൂടെയും ആസ്വദകരെ തേടി എത്തി.

മാസ്റ്റര്‍ക്കു വേണ്ടി കൂടുതല്‍ ഗാനങ്ങളെഴുതിയ മറ്റൊരു പ്രതിഭയായിരുന്നു ശ്രീകുമാരന്‍ തമ്പി. ആതിരേ തിരുവാതിരേ, സ്വര്‍ണമുഖീ നിന്‍, മുന്‍കോപക്കാരീ, ഇന്ദീവരങ്ങള്‍ പൂത്തു, മംഗളം നേരുന്നു തുടങ്ങിയ ഗാനങ്ങള്‍ ശ്രീകുമാര്‍ തമ്പി - ദേവരാജന്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ കേട്ടു.

യൂസഫലി കേച്ചേരിയുമൊത്ത് ഓമലാളെ കണ്ടു ഞാന്‍, തമ്പ്രാന്‍ തൊടുത്തത്, പൊന്നില്‍ കുളിച്ച രാത്രി, പതിനാലാംരാവുദിച്ചത്, ദൈവം മനുഷ്യനായ്, വേമ്പനാട്ടു കായലിന്നു തുടങ്ങിയ ഹിറ്റുകള്‍. ശ്രീകുമാരന്‍ തമ്പി, പൂവച്ചല്‍ ഖാദര്‍, കാവാലം നാരായണപണിക്കര്‍, ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാര്‍ തുടങ്ങിയ ഗാനരചയിതാക്കളോടൊപ്പവും ദേവരാജന്‍ മാസ്റ്റര്‍ കൈകോര്‍ത്തപ്പോള്‍ പിറന്നത് സൂപ്പര്‍ ഹിറ്റുകള്‍.

മെഹബൂബ് ആലപിച്ച വണ്ടി പുക വണ്ടി, കേളടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത് എന്നീ ഗാനങ്ങളും പഞ്ചാരപ്പാലുമിഠായി, മണ്ടച്ചാരെ മൊട്ടത്തലയാ തുടങ്ങിയ രസകരമായ സംഗീതവും ദേവരാജന്‍ മാസ്റ്ററില്‍ നിന്നു പിറന്നു. കുട്ടനാടന്‍ പുഞ്ചയിലെ, കുടമുല്ലപൂവിനും മലയാളി പെണ്ണിനും, മലയാള ഭാഷതന്‍, ആറന്മുള ഭഗവാന്റെ തുടങ്ങിയ മലയാളിത്വം തുളുമ്പുന്ന പാട്ടുകളും ദേവരാഗത്തില്‍ ജനിച്ചതു തന്നെ.

കമ്യൂണിസ്റ്റ് ആശയങ്ങളില്‍ തല്‍പരനായ ദേവരാജന്‍ മാസ്റ്റര്‍ നിരീശ്വരവാദിയായിരുന്നെങ്കിലും നമുക്ക് സമ്മാനിച്ചത് ഭക്തമനസുകളിലേക്ക് ആര്‍ദ്രമായി പെയ്തിറങ്ങുന്ന ഗാനങ്ങളായിരുന്നു. 'സ്വാമി അയ്യപ്പന്‍' എന്ന ചിത്രത്തിനുവേണ്ടി ഹരിവരാസനം ചിട്ടപ്പെടുത്തിയത് മാസ്റ്ററായിരുന്നു. ശബരിമല ശാസ്താവിന് ഇന്നും ഉറക്കുപാട്ട് ഈ സംഗീതം തന്നെ. ചെത്തിമന്ദാരം തുളസി, നിത്യവിശുദ്ധയാം, ഗുരുവായൂരമ്പല നടയില്‍, ശരണമയ്യപ്പ സ്വാമി, അമ്പാടി തന്നിലൊരു ഉണ്ണി, ഗോകുലാഷ്ടമിനാള്‍, വൈക്കത്തപ്പനും ശിവരാത്രി, ശക്തിമയം ശിവശക്തിമയം, തേടിവരും കണ്ണുകളില്‍, ശബരിമലയില്‍ തങ്കസൂര്യോദയം, ആകാശരൂപണി അന്നപൂര്‍ണേശ്വരി തുടങ്ങി ഭക്തിഗാന ശ്രേണിയില്‍ പിറന്നത് എത്രയോ ഗാനങ്ങള്‍.

ശാസ്ത്രീയ സംഗീതവും നാടന്‍ സംഗീതവും മാപ്പിളപ്പാട്ടിന്റെ ഇമ്പവുമൊക്കെ അദ്ദേഹത്തിന്റെ താളങ്ങളില്‍ പുതുമയുടെ വഴി തേടി. ചെറുപ്പം മുതലുള്ള സംഗീതപാഠങ്ങള്‍ അദ്ദേഹത്തെ കരുത്തനാക്കി. മലയാളികളായ ഗായകരെ പൂര്‍ണമായും ഉപയോഗിക്കാന്‍ ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ക്കായി. അക്കാലഘട്ടത്തിലെ ഗായകരുടെ മിക്ക സൂപ്പര്‍ ഹിറ്റുകള്‍ക്കു പിന്നിലും ദേവരാജ സംഗീതമായിരുന്നു. ഏറ്റവും നല്ല ചലച്ചിത്ര സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അഞ്ചു തവണ കരസ്ഥമാക്കി. നിരവധി അന്യഭാഷാ ചിത്രങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. തമിഴ് ചിത്രമായ 'അണ്ണൈ വേളാങ്കണ്ണി'യിലെ ഗാനങ്ങള്‍ പ്രശസ്തമാണ്. സ്വഭാവത്തിലെ കാര്‍ക്കശ്യം മാസ്റ്റര്‍ ഗാനങ്ങളിലും പകര്‍ത്തിയതാകാം കാലം ഇങ്ങനെ കടന്നു പോകുമ്പോഴും ദേവരാജ സംഗീത്തിന്റെ ഇമ്പം കൂട്ടുന്നത്.


Next Story

Related Stories