TopTop

വെട്രിമാരന്‍/ അഭിമുഖം: സവര്‍ണ പുരുഷന്റെ ഹീറോയിക് സിനിമകള്‍ ഇവിടെ ധാരാളമുണ്ട്, എപ്പോഴാണ് ദളിത് ജീവിതങ്ങള്‍ക്ക് ഇടമുണ്ടാവുക?

വെട്രിമാരന്‍/ അഭിമുഖം: സവര്‍ണ പുരുഷന്റെ ഹീറോയിക് സിനിമകള്‍ ഇവിടെ ധാരാളമുണ്ട്, എപ്പോഴാണ് ദളിത് ജീവിതങ്ങള്‍ക്ക് ഇടമുണ്ടാവുക?
പൊല്ലാതവന്‍, ആടുകളം, വിസാരണൈ, വടചെന്നൈ എന്നീ നാല് സിനിമകള്‍ കൊണ്ട് തമിഴ് സിനിമയില്‍ തന്റേതായ ഇടം തീര്‍ത്ത സംവിധായകനാണ് വെട്രിമാരന്‍. തന്റെ സിനിമകളിലൂടെ വ്യക്തമായ രാഷ്ട്രീയം പറയുകയും പച്ചയായ യാതാര്‍ത്ഥ്യങ്ങളെ ദൃശ്യാനുഭവത്തില്‍ കൊണ്ടുവരികയും ചെയ്തുകൊണ്ടാണ് അദ്ദേഹം തമിഴ് സിനിമാരംഗത്ത് പുതിയ സിനിമാ തരംഗം തീര്‍ക്കുന്നത്. 23ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി അംഗമായിരുന്ന വെട്രിമാരന്‍ തന്റെ സിനിമകളെക്കുറിച്ചും, രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും അഴിമുഖത്തോട് സംസാരിക്കുന്നു.


മുഖ്യധാര സിനിമകളുടെ പ്ലോട്ടില്‍ നിന്നും വ്യത്യസ്തമായി അരികുവത്കരിക്കപ്പെട്ടവരെയും അധോലോക ജീവിതങ്ങളെയും സിനിമയ്ക്കായി തെരഞ്ഞെടുക്കുന്നതിനു പിന്നില്‍?
ഓരോയിടങ്ങളിലേയും മനുഷ്യര്‍ വ്യത്യസ്തരാണ്; അവര്‍ പറയുന്ന കഥകളും. പൊല്ലാതവന്‍ ചെന്നൈയിലെ അധോലോക ജീവിതത്തെയാണ് കാണിക്കുന്നത്. 2009ല്‍ ഇറങ്ങിയ സുബ്രഹ്മണ്യപുരം മധുരയിലെ അധോലോക ജീവിതം കാണിച്ചു. അങ്ങനെ ഓരോരോ ഇടത്തിലുള്ളവര്‍ക്കും ഓരോ ജീവിതങ്ങളെക്കുറിച്ച് പറയാനുണ്ടാകും. അതാണ് ഇപ്പോള്‍ സംഭവിക്കുന്നതും. ലോകസിനിമയോട് നമുക്ക് കിട്ടിയ ഒരു എക്‌സ്‌പോഷറാണ് അതിന് കാരണമെന്നാണ് ഞാന്‍ കരുതുന്നത്. 2002-2003 കാലത്തിലെല്ലാം ഒരുപാട് ലോകസിനിമകള്‍ കാണാനും അതൊക്കെ മനസിലാക്കാനുമുള്ള അവസരം കിട്ടിയിരുന്നു. അപ്പോഴാണ് ഇങ്ങനെയും സിനിമ എടുക്കാം, കഥ പറയാം എന്നുള്ളൊരു ബോധ്യം ഉണ്ടായത്. സിനിമ പിന്തുടര്‍ന്നുപോന്ന പരമ്പരാഗത രീതിയില്‍ കഥ പറയേണ്ട കാര്യമില്ലെന്ന ബോധമുണ്ടായത് അങ്ങനെയാണ്. ജനങ്ങള്‍ക്കായുള്ള സിനിമകള്‍ ജനങ്ങളില്‍ നിന്നും യഥാര്‍ത്ഥ ജീവിതങ്ങളില്‍ നിന്ന് ഉണ്ടാക്കിയെടുക്കണമെന്ന തിരിച്ചറിവായിരുന്നു അത്. അതിന് ശേഷം അതൊരു മൂവ്‌മെന്റായി മാറി. ഇപ്പോള്‍ പാ രഞ്ജിത്, മാരി സെല്‍വരാജ്, മണികണ്ഠന്‍, ഞാന്‍ തുടങ്ങിയവര്‍ ശ്രമിക്കുന്നതും യഥാര്‍ത്ഥ ജീവിതങ്ങളെ സ്‌ക്രീനീല്‍ കൊണ്ടുവരാനാണ്.

എല്ലാ സിനിമയിലും വയലന്‍സ് പ്രധാന ഘടകമാക്കുന്നതെന്തുകൊണ്ട്?
ഞാന്‍ അവസാനം ചെയ്ത വടചെന്നൈയില്‍ വയലന്‍സ് കുറവാണ്. സിനിമയിലെ വയലന്‍സ് മനസില്‍ പ്രേക്ഷകന്‍ അനുഭവിക്കുകയാണ് വേണ്ടത്. രാജന്റെ കൊലപാതകം മാത്രമാണ് വടചെന്നൈയില്‍ വിഷ്വലായി കാണിച്ചിട്ടുള്ളത്. വേറെ ഒരിടത്തും വയലന്‍സ് കാണിക്കുന്നില്ല. പക്ഷേ വയലന്‍സ് കാണികള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നെങ്കില്‍ ആ മൂഡ് സെറ്റ് ചെയ്യുന്നതിന്റെ മികവാണ്. അതുകൊണ്ടാണ് അത്ര ശക്തമായ വയലന്‍സ് കാണികള്‍ മനസിലാക്കിയെടുക്കുന്നത്. പൊല്ലാതവനിലും, വിസാരണൈയിലും വയലന്‍സ് ഉണ്ട്. യാഥാര്‍ഥ്യത്തില്‍ അത്രയേറെ ഭീകരമായ അവസ്ഥകള്‍ ഉള്ളപ്പോള്‍ സ്‌ക്രീനില്‍ അവയെ മയപ്പെടുത്തി കാണിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ പക്ഷം.

ധനുഷിനെ നായകനാക്കിയാണ് കൂടുതല്‍ സിനിമകള്‍ ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് മറ്റൊരു അഭിനേതാവിനെ തെരഞ്ഞെടുക്കുന്നില്ല?
എന്ത് തരത്തിലുള്ള കഥാപാത്രമാണെങ്കിലും അത് നന്നായി അവതരിപ്പിക്കാന്‍ കഴിയുന്ന നടനാണ് ധനുഷ്. പൊല്ലാതവന്‍ സ്‌ക്രിപ്റ്റ് എഴുതിയതിന് ശേഷം ആര് അഭിനയിക്കുമെന്ന ഒരു ചോദ്യമുണ്ടായിരുന്നു. ധനുഷ് ആ കഥാപാത്രം ചെയ്യാന്‍ തയാറാണെന്ന് പറഞ്ഞ് മുന്നോട്ട് വരികയായിരുന്നു. ധനുഷിന് വേണ്ടി ചില മാറ്റങ്ങള്‍ സിനിമയില്‍ ഉണ്ടാക്കുകയും ചെയ്തു. പക്ഷേ ആടുകളം ധനുഷിന് വേണ്ടി എഴുതിയതാണ്. വടചെന്നൈ ചിമ്പുവിനെ ഉദ്ദേശിച്ചാണ് എഴുതിയത്. പക്ഷേ ചിമ്പുവിനെ കൊണ്ട് അത് ചെയ്യിക്കാന്‍ കഴിഞ്ഞില്ല. പിന്നെയാണ് ധനുഷ് വന്നത്. 2013ല്‍ തുടങ്ങിയ ചിത്രമാണ് വടചെന്നൈ. അതിനുള്ള റിസര്‍ച്ച് 2003 മുതല്‍ ഞാന്‍ തുടങ്ങിയിരുന്നു. വടചെന്നൈ ധനുഷിന്റെ കൈയില്‍ ഭദ്രമാണെന്ന് തന്നെയാണ് ആദ്യ ഭാഗത്തിന്റെ വിജയം തെളിയിക്കുന്നത്. അഭിനേതാവിന്റെ കഴിവിനും സ്‌കില്‍സിനുമൊപ്പം നമ്മുടെ സെന്‍സിബിലിറ്റി ഉപയോഗിച്ച് സിനിമ ചെയ്യാന്‍ പറ്റുമോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

മുഖ്യധാരാ സിനിമകളുടെ സങ്കല്‍പ്പങ്ങളല്ല തെരഞ്ഞെടുക്കുന്നതെങ്കിലും വാണിജ്യ വിജയം ഉണ്ടാവുന്നുണ്ട്. അങ്ങനെയൊരു ബാലന്‍സ് എങ്ങനെയുണ്ടാകുന്നു?
അങ്ങനെയൊരു ബാലന്‍സ് എങ്ങനെ നടക്കുന്നുവെന്ന് എനിക്കും അറിയില്ല. ഞാന്‍ ലിറ്ററേചറാണ് പഠിച്ചത്. അതിന് ശേഷം ബാലുമഹേന്ദ്ര സാറിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ഗൈഡന്‍സാണോ കൊമേഴ്‌സ്യല്‍ വിജയത്തിന് കാരണമെന്നൊന്നും എനിക്കറിയില്ല. കൊമോഴ്‌സ്യല്‍ എന്ന് പറയുമ്പോള്‍ ഒരു എന്റര്‍ടൈന്‍മെന്റ് വാല്യൂ, മാസ് എലമെന്റ് എന്നിവയിലൊക്കെ ഐഡന്റിഫൈബിള്‍ എലമെന്റ്‌സ് എന്താണെന്നാണ് ശ്രദ്ധിക്കുന്നത്. ഉദാഹരണത്തിന് ഈ.മ.യൗ ചിത്രത്തില്‍ എന്താണ് ഐഡന്റിഫൈ ചെയ്യുന്നുവെന്നാണ് ഒരു സംവിധായകനായി ഞാന്‍ ശ്രദ്ധിക്കുക. ഏത് ജനങ്ങളെ കുറിച്ചാണ് സിനിമ എടുക്കുന്നത് അവര്‍ക്ക് അവരുടെ ജീവിതവുമായി സിനിമയെ ബന്ധിപ്പിക്കാന്‍ കഴിയണം. അങ്ങനെയൊരു സ്‌പേസാണ് സിനിമകള്‍ക്ക് കൊമേഴ്‌സ്യല്‍ വിജയം ഉണ്ടാക്കി കൊടുക്കുന്നതെന്നും വിശ്വസിക്കുന്നു. അതുപോലെ തന്നെ എന്റെ ജനതയെ കുറിച്ച് ഞാനെടുക്കുന്ന പടം അവര്‍ക്ക് മനസിലാകുന്ന അതേ അളവില്‍ യൂറോപ്പിലുള്ള ഒരു സിനിമാ വിമര്‍ശകനും മനസിലാകുന്നുണ്ടെങ്കില്‍ സാഹിത്യവും സെന്‍സിറ്റിവിറ്റിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നാണ് എന്റെ നിരീക്ഷണം. സിനിമകളുടെ വിജയം ആസൂത്രണം ചെയ്യുന്നതൊന്നുമല്ല, അത് അങ്ങനെ നടക്കുന്നുവെന്നതാണ് സത്യം. സ്വാഭാവികമായി വിജയം ഉണ്ടാകുന്നതില്‍ സന്തോഷമുണ്ട്.

മേക്കപ്പ്, വസ്ത്രാലങ്കാരം, ഭാഷ, മാനറിസം അങ്ങനെയെല്ലാത്തിലും സസൂക്ഷ്മമായ നിരീക്ഷണങ്ങള്‍ സിനിമയിലെ ഓരോ കഥാപാത്രത്തിനും കാണാന്‍ കഴിയും. എത്രത്തോളം റിസര്‍ച്ച് അതിന് ആവശ്യമാണ്?
ഒരു സിനിമയില്‍ പരമാവധി ഡിറ്റൈലിങ് കൊണ്ടുവരുന്നതിലാണ് എന്റെ സന്തോഷം. നരേറ്റീവ് ഡ്രാമയേക്കാള്‍ ചെറിയ ഡിറ്റൈലിംഗുകളില്‍ ശ്രദ്ധ കൊടുത്ത് ഡ്രാമയുമായി ഒരുമിപ്പിക്കുന്ന രീതിയാണ് ഇഷ്ടം. ഞാനെപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ്. ഒരു പുതിയ വിഷയമെടുത്താല്‍ അതിനെയൊരു റിസര്‍ച്ച് വിഷയമായാണ് ഞാന്‍ കാണുന്നത്. പഠിക്കാനുള്ള സാധ്യതകള്‍ അപ്പോഴാണ് കിട്ടുന്നത്. 2003 മുതല്‍ വടചെന്നൈക്ക് വേണ്ടി റിസര്‍ച്ച് ചെയ്യുന്നുണ്ട്. ക്യാമറമാന്‍, കോസ്റ്റ്യൂം, ഹെയര്‍ഡ്രസര്‍, അഭിനേതാക്കള്‍ തുടങ്ങി എല്ലാവരുടെയും ടീം വര്‍ക്കാണ് വടചെന്നൈ.

കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ ശരിയായിട്ട് പഠിച്ചിരുന്നില്ല. ഇപ്പോള്‍ സിനിമ വഴി ഒരുപാട് പഠിക്കുന്നു. അതാണ് സിനിമയുടെ ഏറ്റവും വലിയ ഗുണവും. നിങ്ങള്‍ എപ്പോഴും ഒരു വിദ്യാര്‍ത്ഥിയായിരിക്കും. ഉദാഹരണത്തിന് ഇപ്പോള്‍ ആസ്‌ട്രോണമിയെ പറ്റി ഒരു സിനിമ ചെയ്യുമ്പോള്‍ ഞാന്‍ അതിനെ കുറിച്ച് പഠിക്കും, കൃഷിയെ പറ്റി സിനിമ ചെയ്താല്‍ കൃഷിയെ കുറിച്ച് പഠിക്കും. ഒരു അറുപത് എഴുപത് വയസിനുള്ളില്‍ പത്ത് ജോലികളെക്കുറിച്ചെങ്കിലും ഞാന്‍ പഠിച്ചിരിക്കും. ലോക അറിവ്, രാഷ്ട്രീയം, കല അങ്ങനെ എല്ലാം അറിയാന്‍ പറ്റുന്ന ഒരു തൊഴിലാണ് സിനിമ.

എന്താണ് താങ്കളുടെ രാഷ്ട്രീയം?
നാഷണല്‍ ഐഡന്റിറ്റി പൊളിറ്റിക്‌സാണ് എന്റെ രാഷ്ട്രീയം. പ്രത്യേകിച്ചും ഭാഷ, ജാതി എല്ലാം ഉള്‍പ്പെടുന്ന എത്‌നിക്‌സ് പൊളിറ്റിക്‌സ്. എനിക്ക് ഇന്ത്യ ഒരു രാജ്യമല്ല അതൊരു കണ്‍വീനിയന്‍സാണ്. നമ്മുടെ സൗകര്യത്തിനായി നമ്മള്‍ ഇന്ത്യയില്‍ ഒരുമിച്ച് കഴിയുന്നു. സൗകര്യങ്ങളുള്ളതു വരെ നമ്മള്‍ ഇവിടെ ഒരുമിച്ച് കഴിയും. അത്രയേയുള്ളൂ.

ജാതി സിനിമയില്‍ കൊണ്ടുവരാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളുണ്ടോ?
സവര്‍ണ ജാതിയുടെ, സവര്‍ണ പുരുഷന്റെ ജീവതത്തെപ്പറ്റിയെല്ലാം ഹീറോയിക് സിനിമകളുണ്ടായിട്ടുണ്ട്. തമിഴില്‍ തേവര്‍, കൗണ്ടര്‍ ജാതികളെക്കുറിച്ചുള്ള ചിത്രങ്ങള്‍ ധാരാളമുണ്ട്. മലയാളത്തില്‍ പഴശ്ശിരാജയെ പറ്റിയും മറ്റ് രാജവംശങ്ങളെ കുറിച്ചും സിനിമകളുണ്ട്. എപ്പോഴാണ് ദളിത് ജീവിതങ്ങള്‍ക്ക് സിനിമയില്‍ ഇടമുണ്ടാകുക? അവരുടെ പോരാട്ടങ്ങളെ, സന്തോഷങ്ങളെ, ആഘോഷങ്ങളെ, ജീവിതങ്ങളെ സിനിമയില്‍ കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്. പാ രഞ്ജിത്തിനെ സംബന്ധിച്ച് അവന്റെ സമുദായത്തെ പറ്റി, അവരുടെ ജീവിതത്തെപ്പറ്റി സംസാരിക്കേണ്ടത് അവന്റെ ഉത്തരവാദിത്വമാണ്. അങ്ങനെ ദളിത് ജീവിതങ്ങളെ സിനിമയില്‍ ചിത്രീകരിക്കുന്നതില്‍ രഞ്ജിത് ഇന്ത്യന്‍ സിനിമക്ക് തന്നെ വഴിവെട്ടിയിരിക്കുകയാണ്. ഇന്ന് രഞ്ജിത്തിനെ പറ്റി സംസാരിക്കാത്തവര്‍ ഈ ഇന്ത്യയില്‍ തന്നെയില്ല. സിനിമ നല്ലതാണോ അല്ലയോ എന്നുള്ളതിനപ്പുറം ഒരു ഫിലിം പോളിറ്റീഷ്യനായി രാജ്യം തന്നെ അദ്ദേഹത്തെ അംഗീകരിച്ചിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലുണ്ടായ മികച്ച സംവിധായകരില്‍ ഒരാളാണ് രഞ്ജിത്. അത് ആര്‍ക്കും തള്ളിക്കളായാനാകില്ല. അദ്ദേഹം പറയുന്ന രാഷ്ട്രീയത്തിന്റെ വ്യക്തത കൊണ്ട്, സിനിമ നല്‍കിയ മാധ്യമത്തിലൂടെ അദ്ദേഹമത് പ്രതിനിധീകരിക്കുന്ന രീതിയിലൂടെയാണ് അത് സാധ്യമായത്.

വിസാരണൈക്ക് സെന്‍സര്‍ഷിപ്പ് ഒരു കടമ്പയായിരുന്നോ?
വിസാരണൈ സ്‌റ്റേറ്റും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളെയാണ് കാണിക്കാന്‍ ശ്രമിച്ചത്. ദരിദ്രനും പണക്കാരനും സ്‌റ്റേറ്റ് കാരണം സംഘര്‍ഷം നേരിടുന്നുവെന്നതാണ് അത് വ്യക്തമാക്കാന്‍ ശ്രമിച്ചത്. സ്‌റ്റേറ്റ് ഒരാളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിവേചനമുണ്ടാവില്ല എന്നൊരു വിഷയം കൈകാര്യം ചെയ്തിട്ടും സെന്‍സര്‍ഷിപ്പൊന്നും വിസാരണൈ സിനിമക്ക് പ്രശ്‌നമായിരുന്നില്ല.

സിനിമകളുടെ ആശയങ്ങള്‍ സെന്‍സറിംഗിന് വിധേയമാകുന്നതിനൊപ്പം രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും നിരോധനങ്ങളും നേരിടുന്നു. ഐഎഫ്എഫ്‌കെ പോലുള്ള ചലച്ചിത്രമേളകള്‍ പോലും അത്തരം നടപടികളില്‍ നിന്ന രക്ഷ നേടുന്നില്ല. സെന്‍സെര്‍ഷിപ്പിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?
സഹിഷ്ണുത ഇല്ലാതാകുന്നതാണ് സെന്‍സര്‍ഷിപ്പിന് കാരണമാകുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. എല്ലാവരും ഒരുതരം അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. ഭൂരിപക്ഷം ന്യൂനപക്ഷത്തെ ഭയപ്പെടുന്നു. ഫാസിസത്തിന്റെ വലിയ സൂചനയാണിത്. എല്ലാവര്‍ക്കും എല്ലാവരെയും ഭയമാണ്. സ്‌റ്റേറ്റ് ആ പേടി ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. അവര്‍ക്ക് ജനങ്ങള്‍ ഒന്നായി കഴിയണമെന്നില്ല. ഇവിടെയുണ്ടായിരുന്ന സെക്യുലറിസം, യൂണിറ്റിയെല്ലാം കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ വലിയ തോതില്‍ ഇല്ലാതായിട്ടുണ്ട്. അതുകൊണ്ട് എല്ലാവരും ഒരുപാട് പ്രതികരിക്കുന്നു. ഈ സിനിമ ഞങ്ങളെപ്പറ്റി ഇങ്ങനെ പറയുന്നു, അവരെപ്പറ്റി അങ്ങനെ പറയുന്നു, ഈ സിനിമ വേണം, വേണ്ട എന്നൊക്കെ പറഞ്ഞ് പ്രതിഷേധങ്ങളുണ്ടാകുന്നു. ഉറക്കെ ഒച്ച വെച്ച് പ്രതിഷേധിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്ക് സമൂഹത്തില്‍ പ്രാതിനിധ്യം ഉണ്ടാകുകയുള്ളൂവെന്ന് അവര്‍ കരുതുന്നു. അതൊരു പ്രശ്‌നമാണ്.

സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതി തന്നെ തെറ്റാണ്. നമുക്ക് സിനിമയെ ഒന്നൊന്നായി വേര്‍തിരിച്ചെടുക്കാം. 18 വയസിന് മുകളിലുള്ളവര്‍ കാണേണ്ട പടമാണെങ്കില്‍ എന്തിനാണ് രക്ഷിതാക്കള്‍ അവരുടെ മക്കളെ കൊണ്ടുപോകുന്നത്. വടചെന്നൈ കണ്ടിട്ട് ഒരാള്‍ ചോദിച്ചു സര്‍, എന്തിനാണ് ഇത്രയധികം വയലന്‍സ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, കുട്ടിയെയും സിനിമക്ക് കൊണ്ടുപോയിരുന്നുവെന്ന്. ഞാന്‍ അവരോട് പറഞ്ഞത്, എന്റെ കുട്ടിക്ക് പോലും ഞാന്‍ സിനിമ കാണിച്ചിട്ടില്ല എന്നിട്ട് നിങ്ങള്‍ എന്തിനാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ്.

എന്തിനാണ് സിനിമയില്‍ സര്‍ട്ടിഫിക്കേഷന്‍, എന്തിനാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത് എന്ന് മനസിലാക്കാതെയാണ് പൊതുജനമുള്ളത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ മാത്രം കാണുക എന്നാണെങ്കില്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ മാത്രം കാണാന്‍ പോകട്ടെ. രാഷ്ട്രീയപരമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമെന്ന് ഭയമുണ്ടെങ്കില്‍ അതിനൊരു സര്‍ട്ടിഫിക്കേറ്റ് കൊടുക്കുക. പക്ഷേ ഒരു ക്രിയേറ്റിവിറ്റിയെ, ആശയത്തെ, അതിന്റെ എക്‌സ്പ്രഷനെ നിരോധിക്കാനുള്ള അധികാരം ആര്‍ക്കുമില്ല.

കല്‍ക്കിയുടെ തമിഴ് ക്ലാസിക് പൊന്നിയിന്‍ സെല്‍വനുമായി വടചെന്നൈക്ക് സാമ്യമുണ്ടോ?
ചന്ദ്രയുടെ കഥാപാത്രം അങ്ങനെ തോന്നിക്കുമെങ്കിലും പൊന്നിയിന്‍ സെല്‍വനുമായി വടചെന്നൈക്ക് സാമ്യമില്ല. വടചെന്നൈ ഒരു ഇതിഹാസം പോലെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങള്‍, ട്വിസ്റ്റുകള്‍, വ്യത്യസ്ത കാലഘട്ടം തുടങ്ങി പലതുമുണ്ട്. കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വനില്‍ രാജ രാജ ചോഴന്റെ കഥയാണ്. പൊന്നിയിന്‍ സെല്‍വനിലെ നന്ദിനീ ദേവിയുടെയും വടചെന്നൈയിലെ ചന്ദ്രയുടെയും കഥാപാത്രത്തിന്റെ സ്വഭാവത്തിന് സാമ്യതയുണ്ട്. അല്ലാതെ കഥയ്ക്ക് യാതൊരു വിധ സാമ്യതയുമില്ല.

അമീര്‍ സുല്‍ത്താന്റെ കാസ്റ്റിങ് എങ്ങനെയായിരുന്നു?
അമീര്‍ സുല്‍ത്താന്‍ ചെയ്ത കഥാപാത്രം ആദ്യം വിജയ് സേതുപതി ചെയ്യുമെന്നാണ് വെച്ചിരുന്നത്. പിന്നെ രവി തേജ അഭിനയിക്കാമെന്നായി. പക്ഷേ അവരുടെ ഡേറ്റുകള്‍ കിട്ടാത്തതു കൊണ്ട് അമീര്‍ സുല്‍ത്താനെ അപ്രോച്ച് ചെയ്തു. മറ്റൊരാളുടെ സംവിധാനത്തില്‍ അഭിനയിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത്. അത് സംവിധായകന്‍ ആരാണെന്നത് അനുസരിച്ചിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഞാനാണ് ആ സംവിധായകന്‍ എന്ന് പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ അഭിനയിക്കാമെന്ന് അദ്ദേഹം പറയുകയായിരുന്നു. കഥ പോലും കേള്‍ക്കാതെ അദ്ദേഹം ആ വേഷം ചെയ്യാമെന്ന് സമ്മതിച്ചു. ഇന്റിമേറ്റായി അഭിനയിക്കാന്‍ പറ്റില്ലാന്ന് ഒരു നിബന്ധന അദ്ദേഹം വെച്ചിരുന്നു. അതുകൊണ്ട് കുറച്ചൊക്കെ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തി. പക്ഷേ അവരുടെ ബന്ധത്തിന്റെ തീവ്രത സ്‌ക്രീനില്‍ കൊണ്ടുവന്നാല്‍ മാത്രമേ ചന്ദ്ര എന്ന കഥാപാത്രം 35 വര്‍ഷം അവരുടെ ഭര്‍ത്താവിനെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുന്നതിനെ ജസ്റ്റിഫൈ ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. ആദ്യം കോവിലില്‍ വെച്ച് അവര്‍ കാണുന്നത്, കല്യാണം, ബോട്ടിലുള്ള ആദ്യരാത്രി ഇങ്ങനെ മൂന്ന് സീനില്‍ അമീര്‍ സുല്‍ത്താനും ആന്‍ഡ്രിയയുമായുള്ള ബന്ധം ചുരുക്കേണ്ടി വന്നുവെങ്കിലും കുറച്ച് സീനുകള്‍ വെച്ച് തന്നെ എനിക്കത് കാണികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്.

സിനിമയില്‍ സംഗീതത്തിനും ശബ്ദത്തിനും എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട്?
ശബ്ദം, സംഗീതം എനിക്ക് വളരെ പ്രധാനമാണ്. നിശബ്ദത മനസിലാക്കുന്ന ആളാകണം എന്റെ മ്യൂസിക് ഡയറക്ടര്‍ എന്ന ഒരു നിര്‍ബന്ധം എനിക്കുണ്ട്. പക്ഷേ വടചെന്നൈയില്‍ സന്തോഷ് വളരെ കുറച്ചാണ് മ്യൂസിക് ചെയ്തിരുന്നത്. ഞാനാണ് പരമാവധി മ്യൂസിക് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. എനിക്കൊരു ചാന്‍സ് എടുക്കാന്‍ വയ്യായിരുന്നു. അതായിരുന്നു അങ്ങനെയൊരു തീരുമാനം.ബോക്‌സ് ഓഫീസ് കളക്ഷന് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട്?
സിനിമ എനിക്ക് ആദ്യം സയന്‍സ്, പിന്നെ കൊമേഴ്‌സ് അവസാനമാണ് ആര്‍ട്. ചിലവാക്കിയ പണം തിരിച്ചെടുക്കാനായില്ലെങ്കില്‍ അടുത്ത സിനിമയ്ക്ക് നിങ്ങള്‍ക്കായി ആര് കാശ് തരും? ഒരു ഫിലിം മേക്കറിന്റെ ജോലി തുടര്‍ച്ചയായി സിനിമ ചെയ്യുക എന്നതാണ്. ഒരു സിനിമ ചെയ്ത് പത്ത് വര്‍ഷം വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്നെ സംബന്ധിച്ച് വലിയ ഫാക്ടറാണ്.

23ാമത് ഐഎഫ്എഫ്‌കെ അനുഭവം എങ്ങനെയുണ്ടായിരുന്നു?
ആടുകളം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതായിരുന്നു ആദ്യ ഐഎഫ്എഫ്‌കെ. ഇപ്പോള്‍ ജൂറി അംഗമായി എത്തിയിരിക്കുന്നു അതുകൊണ്ട് ഐഎഫ്എഫ്‌കെയെ കുറിച്ച് കൂടുതലൊന്നും പറയാനാകില്ല.

Next Story

Related Stories