TopTop
Begin typing your search above and press return to search.

തമാശയ്ക്ക് മുമ്പും ശേഷവും എന്ന് ഞാന്‍ അടയാളപ്പെടും: വിനയ് ഫോര്‍ട്ട്/അഭിമുഖം

തമാശയ്ക്ക് മുമ്പും ശേഷവും എന്ന് ഞാന്‍ അടയാളപ്പെടും: വിനയ് ഫോര്‍ട്ട്/അഭിമുഖം

ഈദ് റിലീസുകളില്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ അഷ്റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്ത തമാശ. ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ പ്രധാനകഥാപാത്രമായ ശ്രീനിവാസന്‍ ആയി എത്തുന്നത് വിനയ് ഫോര്‍ട്ട് ആണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ വിനയ് ഫോര്‍ട്ട് അഴിമുഖവുമായി പങ്കുവയ്ക്കുന്നു.

പത്ത് വര്‍ഷത്തിനുള്ളില്‍ അമ്പതോളം സിനിമകള്‍. അവയില്‍ നിന്നെല്ലാം തമാശ വിനയ് ഫോര്‍ട്ട് എന്ന അഭിനേതാവിന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തമാകുന്നുണ്ടോ?

നാലാം ക്ലാസ് മുതല്‍ നാടകം കളിച്ചു തുടങ്ങിയ ആളാണ് ഞാന്‍. ഇതുവരെയുള്ള കലാജീവിതത്തില്‍/സിനിമയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഞാന്‍ കാണിക്കുന്ന ആത്മാര്‍ഥതയുടെയും കഠിനാധ്വാനത്തിന്റെയും റിസള്‍ട്ട് ആണ് തമാശ. അങ്ങനെ കാണാന്‍ ആണ് എനിക്കിഷ്ടം. എന്റെ കരിയറില്‍ ഇതുവരെ ഇത്രയും പ്രഗത്ഭരായ ഒരുപറ്റം ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന് എന്നെ പ്രധാനകഥാപാത്രമാക്കി ഒരു സിനിമ സംഭവിച്ചിട്ടില്ല. അതുകൊണ്ട് എന്റെ കരിയര്‍ തമാശക്ക് മുന്‍പ് തമാശക്ക് ശേഷം എന്ന നിലയില്‍ നിര്‍ണയിക്കപ്പെടും എന്നാണ് പ്രതീക്ഷ.

തമാശയുടെ സംവിധായകന്‍ അഷ്‌റഫ് നവാഗതനാണ്. അദ്ദേഹവുമായുള്ള സഹകരണത്തെക്കുറിച്ച്?

തമാശയിലെ ഏറ്റവും വലിയ ആകര്‍ഷണം അതിനെ പിന്തുണയ്ക്കുന്ന ഒരു വലിയ ഗ്രൂപ്പാണ്. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് എന്നിങ്ങനെ ഒരു താരനിര തന്നെ നിര്‍മാതാക്കളായും തമാശയോടൊപ്പമുണ്ട്. എന്റെ കഥാപാത്രം ആളുകള്‍ സ്വീകരിച്ചാലും അതിന്റെ മുഴുവന്‍ ക്രെഡിറ്റും എനിക്കുള്ളതല്ല. അതിനെ പിന്തുണച്ച ഒരു ഗ്രൂപ്പിനും കൂടി അവകാശപ്പെട്ടതാണ്. അഷ്റഫ് വളരെ ക്രിയേറ്റീവ് ആയ ആളാണ്. മനുഷിക വികാരങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കുന്ന, നന്മയുള്ള വ്യക്തി. എല്ലാത്തിനും അപ്പുറത്ത് ഞങ്ങളെ ഹോള്‍ഡ് ചെയ്യാന്‍ ശക്തമായ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു എന്നതാണ് ഏറെ സന്തോഷം.

ശ്രീനിവാസന്റെ അപകര്‍ഷകതകളോ ഈ ചിത്രത്തിലെ തമാശകള്‍?

കുറ്റിപ്പുറം പോലൊരു സ്ഥലത്ത് മലയാളം പഠിപ്പിക്കുന്ന കോളേജ് അധ്യാപകന്‍. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന സ്ത്രീകളെ പ്രമേയമാക്കിയുള്ള റൊമാന്റിക് കോമഡി ചിത്രമാണ് തമാശ. ശ്രീനിവാസന്‍ കഷണ്ടിക്കാരനാണ്.അയാള്‍ക്ക് അതിന്റെതായ കടുത്ത അപകര്‍ഷതാബോധമുണ്ട്. എന്നാല്‍ കഷണ്ടിയുടെ അപകര്‍ഷതാബോധത്തിനപ്പുറം വളരെ ശക്തമായി പറയാന്‍ ശ്രമിക്കുന്ന മറ്റൊരു വിഷയം കൂടി സിനിമയിലുണ്ട്. അത് ബോഡി ഷേമിംഗ് ആണ്. പലവധിത്തില്‍ നമ്മളെല്ലാവരും അതിന്റെ ഇരകളാണ്. നമ്മളാരും പക്കാ പെര്‍ഫക്ട് ആയിട്ടുള്ളവരല്ല. ഞാനും നിങ്ങളുമൊക്കെ തീര്‍ച്ചയായും ഏതെങ്കിലും വിധത്തില്‍ ബോഡി ഷേമിംഗിന് ഇരയായിട്ടുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ ഇന്ന് വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ട/ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ് ബോഡി ഷേമിംഗ്. ഒരു സ്മാര്‍ട്ട് ഫോണ്‍/ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍ നമുക്ക് ലോകത്തിന്റെ എവിടെയിരുന്നും ആരേയും കമന്റ് ചെയ്യാം, മോശമായി ട്രോള്‍ ചെയ്യാം. അത്തരം പ്രവണതയെ ശക്തമായി ചോദ്യം ചെയ്യുന്ന സിനിമയാണ് തമാശ. ശ്രീനിവാസന്റെ കഷണ്ടി/നായക സങ്കല്‍പ്പം എന്നതിന് അപ്പുറത്തോട്ട് വലിയ വിഷയം തന്നെയാണ് തമാശ പറയാന്‍ ശ്രമിക്കുന്നത്.

പ്രേമത്തിലെ വിമല്‍ സാറിനെപ്പോലെ ഒരു കോളേജ് അധ്യാപകനാണ് ശ്രീനിവാസനും. കഥാപാത്രങ്ങളുടെ അവതരണത്തില്‍ സമാനതകള്‍ ഇല്ലാതിരിക്കുക എന്ന ഒരു തയാറെടുപ്പ് നടത്തേണ്ടത് അനിവാര്യമല്ലായിരുന്നോ?

വിമല്‍ സര്‍ അല്ലാത്ത പുതിയൊരു കഥാപാത്രത്തിന് രൂപം നല്‍കാനായി എന്റെ ഭാഗത്തു നിന്നും പരമാവധി ശ്രമിച്ചിട്ടുണ്ട്. കാരണം, ഈ കഥാപാത്രങ്ങള്‍ തമ്മില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ട്. ഇവര്‍ രണ്ടുപേരും കോളേജ് അധ്യാപകരാണ്. രണ്ട് പേര്‍ക്കും കൂടെ പഠിപ്പിക്കുന്ന ഒരു ടീച്ചറോട് പ്രണയമുണ്ട്. അതേസമയം തന്നെ മുടി ഇല്ല എന്ന കോംപ്ലക്സ് രണ്ടു പേര്‍ക്കും ഉണ്ട്. ഈ സാദൃശ്യങ്ങള്‍ നിര്‍ത്തിക്കൊണ്ട് തന്നെ നിങ്ങള്‍ക്ക് അറിയാത്ത പുതിയൊരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ഒരു നടനെന്ന നിലയ്ക്ക് ഞാന്‍ പൂര്‍ണമായി ശ്രമിച്ചിട്ടുണ്ട്. എട്ടു മാസത്തോളം മറ്റൊരു വര്‍ക്കും ചെയ്യാതെ ഞാന്‍ ഈയൊരു സിനിമക്ക് വേണ്ടി മാത്രം മാറ്റി വെച്ചു. എല്ലാത്തിനുമപ്പുറം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് അയാളെ ഗൈഡ് ചെയ്യുന്ന നല്ലൊരു സംവിധായകനും അയാള്‍ക്ക് കിട്ടുന്ന നല്ലൊരു ടീമും ആണ്. ഞാന്‍ എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ ശരീരഭാഷ കൃത്യമായി ശ്രദ്ധിക്കുന്ന ആളാണ്. ആ കഥാപാത്രം ഇരിക്കുന്ന രീതി നടക്കുന്ന രീതി സംസാരിക്കുന്ന രീതി ഓരോ സീനിലും പുള്ളി പെരുമാറുന്ന രീതി അങ്ങനെ ഒരു ഡീറ്റൈല്‍ഡ് ആയിട്ടുള്ള വര്‍ക്ക് ഞാന്‍ ചെയ്തിട്ടുണ്ട്. ജനങ്ങളുടെതാണ് സിനിമ. ഇനി കഥാപാത്രത്തെ നോക്കിക്കാണേണ്ടത് അവരാണ്.

ആത്യന്തികമായി ഒരു നടന് ആവശ്യം ചുറ്റുപാടുകള്‍ക്ക് നേരെയുള്ള ആഴത്തിലുള്ള നിരീക്ഷണമാണ്. താങ്കള്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഈ നിരീക്ഷണം അടിസ്ഥാനമാക്കാറുണ്ടോ?

നമ്മള്‍ അഭിനയിച്ചിരിക്കുന്ന ഒട്ടുമിക്ക കഥാപാത്രങ്ങളും നമ്മളില്‍ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ മറ്റൊരാളെ നോക്കി പഠിക്കുന്നതിന് അപ്പുറത്തോട്ട് നമ്മളിലുള്ള കഥാപാത്രത്തെ തിരഞ്ഞു കണ്ടു പിടിക്കുക എന്നുള്ള രീതിയാണ് എനിക്ക് എളുപ്പം. ഞാന്‍ പുറത്ത് പ്രകടിപ്പിക്കാ്ത്ത പല വികാരങ്ങളും എന്നിലുണ്ട്. എന്റെ ശരീരത്തിലും മനസിലും ഹൃദയത്തിലും എല്ലാം അതുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ നിരീക്ഷിക്കുന്നതിന് അപ്പുറം ഞാന്‍ എന്നിലേക്ക് തന്നെ നോക്കി കാണുന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു നോക്കും, ഇത്തരം സാഹചര്യങ്ങള്‍ ഒക്കെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ, എന്റെ പരിചയത്തില്‍ ഉള്ള ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ഇനി അതല്ല,എന്റെ ജീവിതത്തിലാണ് ഉണ്ടാകുന്നതെങ്കില്‍ എങ്ങനെ ആയിരിക്കുമായിരുന്നു ഞാന്‍ അതിനെ അഭിമുഖീകരിക്കുക എന്നു തുടങ്ങിയ ചിന്തയില്‍ നിന്നാണ് നമ്മള്‍ കഥാപാത്രമായി മാറുന്നത്.

നാടക പശ്ചാത്തലം ഇതുവരെയുള്ള യാത്രയില്‍ എത്രത്തോളം സഹായിച്ചിട്ടുണ്ട്?

ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആയി തീര്‍ന്നാല്‍ അതിനുള്ള പൂര്‍ണ ക്രെഡിറ്റും നാടകത്തിനാണ്. നാടക നടന്‍ ആയിരുന്നില്ല/നാലാം ക്ലാസ്സില്‍ എനിക്ക് നാടകം കളിക്കാന്‍ ഉള്ള അവസരം കിട്ടിയിരുന്നില്ല എങ്കില്‍ ഇന്ന് നിങ്ങള്‍ കാണുന്ന വിനയ് ഫോര്‍ട്ട് ഉണ്ടാകുമായിരുന്നില്ല. ചെറുപ്രായത്തില്‍ തന്നെ സ്റ്റേജുകളില്‍ നാടകം കളിക്കുന്നു, അഭിനയിക്കുന്നു, ആളുകള്‍ കൈയടിക്കുന്നു, അതിന്റെ ഭാഗമായി യാത്ര ചെയ്യാന്‍ പറ്റുന്നു, പുതിയ ആളുകളെ കാണാന്‍ സാധിക്കുന്നു ഇതില്‍ ഒക്കെ ആണ് കൂടുതല്‍ സന്തോഷിക്കുന്നത് എന്ന തിരിച്ചറിവ് അന്നേ എനിക്ക് ഉണ്ടായിരുന്നു. എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം കിട്ടുന്ന കാര്യം അഭിനയമാണ്.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനമാണോ അഭിനേതാവെന്ന നിലയില്‍ കൂടുതല്‍ തിരിച്ചറിവ് നല്‍കിയത്?

വെറുതെയൊരാഗ്രഹത്തിന്റെ പുറത്തല്ല പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. അവിടെ അഡ്മിഷനും കിട്ടാന്‍ പോകുന്നില്ല. സ്മിത പാട്ടീല്‍, ശബാന ആസ്മി, ഓംപുരി ഒക്കെയും പഠിച്ച ഒരു ഫിലിം സ്‌കൂള്‍ ആണത്. അവിടെ എന്നെ പോലത്തെ വെറും സാധാരണക്കാരനും അത്രയൊന്നും പൊട്ടന്‍ഷ്യലും ഇല്ലാത്ത ഒരാള്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ കാരണമായി എന്തെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് നാടകം ആയിരുന്നു. ഞാന്‍ അഞ്ചു വര്‍ഷം വളരെ സീരിയസ് ആയി തീയേറ്റര്‍ ചെയ്തത് കൊണ്ട് മാത്രമാണ് ഫിലിം സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടിയത്. അവിടുത്തെ പഠനത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും പറ്റി. വലിയ ആളുകളുമായി ഇടപഴകാന്‍ പറ്റി, കഴിവുകളുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ക്ലാസ്സില്‍ ഇരുന്നു പഠിക്കാനുള്ള ഭാഗ്യം ഉണ്ടായി. എന്നെ മറ്റൊരു തരത്തില്‍ ശക്തനാക്കിയത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

സ്‌കൂള്‍ പഠനകാലത്ത് അഭിനേതാവെന്ന നിലയില്‍ പിന്തുണ കിട്ടിയിരുന്നോ?

ഞാന്‍ പഠിക്കുന്ന സമയം ഒരു ക്ലാസില്‍ തന്നെ എഴുപതോളം കുട്ടികള്‍ ഉണ്ടായിരിക്കും. എല്ലാവരുടെയും പേര് പോലും ടീച്ചര്‍മാര്‍ക്ക് ഓര്‍മയുണ്ടാകില്ല. ഈ അടുത്ത കാലത്ത് എന്റെ അഭിമുഖങ്ങളില്‍ പഴയ കാലത്തെക്കുറിച്ച് പറഞ്ഞു വായിച്ചാണ് അധ്യാപകര്‍ക്കു പോലും മനസിലാകുന്നത് ഞാന്‍ ആ സ്‌കൂളില്‍ പഠിച്ച ആളാണ് എന്ന്. ഒരുപാട് കുട്ടികളുള്ള ഒരു ക്ലാസില്‍ പ്രത്യേക ശ്രദ്ധ കിട്ടാന്‍ വേണ്ടുന്ന പവൃത്തികളൊന്നും ചെയ്യാനുള്ള കഴിവ് എനിക്കില്ലായിരുന്നു. പഠനത്തിലും ശരാശരിക്കാരനായിരുന്നു. സ്‌പോര്‍ട്‌സിലും വലിയ മിടുക്കൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ നിന്നും നാടകത്തില്‍ അഭിനയിക്കുമ്പോള്‍ കൂടെ ഉള്ള സുഹൃത്തുക്കളില്‍ നിന്നും കിട്ടുന്ന പിന്തുണയൊക്കെയാണ് എനിക്ക് ഉണ്ടായിട്ടുള്ളത്.


Next Story

Related Stories