UPDATES

സിനിമ

അവര്‍ അവനെ ഒതുക്കി, തിരികെ ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ പൃഥ്വിരാജ് ആലോചിച്ചു; മല്ലിക സുകുമാരന്‍

മാപ്പ് എന്ന വാക്ക് തന്നെ പറയണമെന്നും ഖേദം എന്നു പോരെന്നും അവര്‍ പൃഥ്വിരാജിനോട് തീര്‍ത്തു പറഞ്ഞു

സുകുമാരനു നല്‍കിയതുപോലെ പൃഥ്വിരാജിനെയും വനവാസത്തിനയക്കാന്‍ സിനിമയില്‍ ശ്രമം ഉണ്ടായിരുന്നുവെന്നും മൂന്നൂമാസത്തോളം പൃഥ്വിരാജിനെ ഒതുക്കിയിരുത്തിയെന്നും മല്ലിക സുകുമാരന്‍. ആ ഘട്ടത്തില്‍ നിന്നും പൃഥ്വിയെ ഉയര്‍ത്തിക്കൊണ്ടു വന്നത് സംവിധായകന്‍ വിനയനാണെന്നും പറഞ്ഞ മല്ലിക വിനയന്‍ ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ ഉണ്ടാകില്ലായിരുന്നുവെന്നും തുറന്നടിച്ചു. വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പൂജാവേളയിലായിരുന്നു ഈ അനുഭവങ്ങള്‍ മല്ലിക വെളിപ്പെടുത്തിയത്.

വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് മാപ്പ് പറയണമെന്ന് അവര്‍ പൃഥ്വിരാജിനോട് പറയുകയുണ്ടായി. മാപ്പ് എന്ന വാക്ക് തന്നെ പറയണമെന്നും ഖേദം എന്നുപോരെന്നും അവര്‍ തീര്‍ത്തു പറഞ്ഞു. അങ്ങനെ മൂന്നുമാസത്തെ ഒതുക്കിയിരുത്തലിന് ശേഷം അത്ഭുതദ്വീപ് സിനിമയുമായാണ് പൃഥ്വിരാജ് മടങ്ങിയെത്തുന്നത്; മല്ലിക പറഞ്ഞു.

ഒരുപാടുപേരുടെ ജീവിതം തകര്‍ത്തില്ലേ, ഇനിയും ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ നേരിടും; ആഷിഖ് അബു

ഒരുഘട്ടത്തില്‍ സിനിമ ഉപേക്ഷിച്ച് തിരികെ ഓസ്‌ട്രേലിയിലേക്ക് പോകാന്‍ വരെ പൃഥ്വി ആലോചിച്ചിരുന്നതായും മല്ലിക പറയുന്നു. ഞാന്‍ തിരിച്ചങ്ങ് ഓസ്‌ട്രേലിയയിലേക്ക് പൊയ്‌ക്കോട്ടെ അമ്മേ എന്ന് പൃഥ്വി എന്നോട് ചോദിച്ചപ്പോള്‍, ഞാന്‍ ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ…നീ ഓറിയന്റേഷന്‍ കോഴ്‌സ് വരെ മുടക്കി സിനിമയില്‍ അഭിനയിച്ചത് ഇവിടെ തുടര്‍ന്ന് നില്‍ക്കണമെന്ന ആഗ്രഹത്തിലാണോ അതോ വെറുതെ വന്നു തിരിച്ചുപോകുവാനാണോ. അപ്പോള്‍ പൃഥ്വി പറഞ്ഞു ഞാന്‍ വന്നത് നില്‍ക്കാന്‍ തന്നെയാണ്. അങ്ങനെയെങ്കില്‍ ഇവിടെ നിന്നാല്‍ മതിയെന്ന് ഞാനും പൃഥ്വിയോട് പറഞ്ഞു. ആ വാക്കുകള്‍ എന്റെ എന്റെ മകന് ഒരു ധൈര്യവും മാനസികബലവും നല്‍കിയെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ആ സമയത്താണ് അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ പൃഥ്വിയെ വീണ്ടും സിനിമാരംഗത്തേക്ക് കൊണ്ടുവരുന്നത്. അവിടെ നിന്നും പൃഥ്വിരാജിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല; മല്ലികയുടെ വാക്കുകള്‍.

വിനയന്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ദ്രജിത്ത് അമേരിക്കയിലെ ഒരു സോഫ്‌റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുമായിരുന്നുവെന്നും പൃഥ്വിരാജ് തിരിച്ച് ഓസ്‌ട്രേലിയയ്ക്കും പോയേനെ എന്നും മല്ലിക പറഞ്ഞു.

 

"ചാലക്കുടിക്കാരൻ ചങ്ങാതി" എന്ന എൻെറ പുതിയ ചിത്രത്തിൻെറ ഇന്നലെ നടന്ന പൂജാവേളയിൽ ബഹുമാന്യയായ മല്ലിക ചേച്ചിയും എൻെറ സഹപ്രവർത്തകനും സംവിധായകനും, ഫെഫ്ക നേതാവുമായ ജോസ് തോമസും നടത്തിയ പ്രസംഗം കേട്ടപ്പോൾ സത്യത്തിൽ മനസ്സിനൊത്തിരി സന്തോഷം തോന്നി. ജോസ്തോമസ്സിൻെറ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു വേദനയുമുണ്ടായി. യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ ഫെഫ്ക നേതാക്കളും കുറേ സിനിമാ പ്രമുഖരും ചേർന്ന് തേജോ വധം ചെയ്ത് സിനിമയിൽ നിന്നു തന്നെ പുറത്താക്കാൻ ശ്രമിച്ചു എന്ന ജോസ് തോമസ്സിൻെറ വെളിപ്പെടുത്തൽ ഈ സാംസ്കാരിക കേരളത്തിൽ തന്നെയാണ് നടന്നതെന്ന് ഒാർക്കുമ്പോളാണ് വേദനയും, ലജ്ജയും,തോന്നുന്നതോടൊപ്പം കമൽ,സിദ്ദിക്, സിബിമലയിൽ ,ഉണ്ണികൃഷ്ണൻ എന്നീ സംവിധായകരോട് അങ്ങേയറ്റത്തെ സഹതാപവും തോന്നുന്നത്. ഇവർക്കെതിരേ കോമ്പറ്റീഷൻ കമ്മീഷൻെറ വിധി നേടിയതിനേക്കാൾ സന്തോഷം ചെയ്ത തെറ്റ് ഒടുവിൽ അവരിലൊരാൾ തന്നെ ഏറ്റു പറഞ്ഞപ്പോൾ തോന്നുന്നു. ശ്രീ ജോഷിയും കോഴിക്കോടു രൻജിത്തും ഒക്കെ ആ വാക്കുകൾ ഒന്നു കേൾക്കുന്നതു നല്ലതാണ്.ഇപ്പോഴും നിങ്ങളുടെ നേതാവ് ഉണ്ണികൃഷ്ണൻ എൻെറ ഈ പുതിയ ചിത്രവും തടസ്സപ്പെടുത്താൻ ടെക്നീഷ്യൻമാരോട് ആവശ്യപ്പെടുന്നുണ്ട്.ഇതേവരെ അങ്ങേർക്കു നിർത്താൻ സമയമായിട്ടില്ല..കഷ്ടം..ഇത്തരം തേജോവധങ്ങൾക്കിടയിലും കൊച്ചു കൊച്ചു സന്തോഷം പകരുന്ന വാക്കുകൾ പറഞ്ഞ മല്ലികച്ചേച്ചിക്ക് ഹൃദയത്തിൻെറ ഭാഷയിൽ നന്ദി പറയട്ടെ…

Posted by Vinayan Tg on Montag, 6. November 2017

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍