TopTop
Begin typing your search above and press return to search.

മോങ്ക് ഹു സോള്‍ഡ് ഹിസ് മെഴ്‌സിഡസ് അഥവാ ബെന്‍സ് വിറ്റ് സന്യാസിയായ നടന്‍

മോങ്ക് ഹു സോള്‍ഡ് ഹിസ് മെഴ്‌സിഡസ് അഥവാ ബെന്‍സ് വിറ്റ് സന്യാസിയായ നടന്‍

വിനോദ് ഖന്ന ബോളിവുഡില്‍ അവതരിക്കുന്നത് ഒരു സുന്ദര വില്ലന്‍ എന്ന നിലയ്ക്കാണ്. എന്നാല്‍ അപാരമായ സ്‌ക്രീന്‍ പ്രസന്‍സ് ഉണ്ടായിരുന്നത് കൊണ്ട് ഏത് തരത്തിലുള്ള റോളുകള്‍ ചെയ്യുമ്പോളും അദ്ദേഹം ശ്രദ്ധയാകര്‍ഷിച്ചു. മനോജ് കുമാറിനൊപ്പമുള്ള പൂരബ് ഓര്‍ പശ്ചിം, രാജേഷ് ഖന്നയ്‌ക്കൊപ്പമുള്ള ആന്‍ മിലോ സജ്്‌ന, സച്ചാ ജൂത്ത (എല്ലാം 1970ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍) എന്നിവയിലെല്ലാം ഇത് പ്രതിഫലിക്കുന്നു. 1971 വിനോദ് ഖന്നയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ വര്‍ഷമായിരുന്നു. സുനില്‍ ദത്തിന്റെ രേഷ്മ ഓര്‍ ഷേര (അമിതാഭ് ബച്ചനൊപ്പം), ഗുല്‍സാറിന്റെ മേരെ അപ്‌നെ എന്നിവയെല്ലാം വിനോദ് ഖന്നയിലെ നടനെ വളര്‍ത്തി. രാജ് ഖോസ്ലയുടെ മേരാ ഗാവോം മേരാ ദേശ് എന്ന ചിത്രത്തില്‍ സുനില്‍ ദത്തിനും ധര്‍മ്മേന്ദ്രയ്ക്കും ഒപ്പമാണ് വിനോദ് ഖന്ന എത്തിയത്.

70കള്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുടെ കാലമായിരുന്നു. അമിതാഭ് ബച്ചനും രണ്‍ധീര്‍ കപൂറിനുമെല്ല്ാം ഒപ്പം വിനോദ് ഖന്ന ഇത്തരം ചിത്രങ്ങളില്‍ വേഷമിട്ടു. ഖൂന്‍ പാസിന, പര്‍വറിഷ്, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ ചിത്രങ്ങളില്‍ അമിതാഭ് ബച്ചന്‍ - വിനോദ് ഖന്ന കൂട്ടുകെട്ട് എത്തി. 70കളുടെ അവസാനമാണ് വിനോദ് ഖന്ന ആത്മീയതയിലേയ്ക്ക് തിരിയുന്നത്. ഓഷോ രജനീഷിന്റെ വഴിയിലേയ്ക്ക്്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളും മാലകളും അണിഞ്ഞാണ് ഇക്കാലത്ത് വിനോദ് ഖന്ന കൂടുതലായും പ്രത്യക്ഷപ്പെട്ടിരുന്നത്. അഭിമുഖങ്ങളില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഓഷോ ചിന്തകള്‍ ഒഴുകി. തിങ്കള്‍ മുതല്‍ വെള്ളി വരെ ബോംബെയില്‍ ഷൂട്ടിംഗ് ശനിയും ഞായറും പൂനെയിലെ ആശ്രമത്തില്‍ ഓഷോയ്‌ക്കൊപ്പം ഇതായി വിനോദിന്റെ രീതി. പതുക്കെ പതുക്കെ ജോലിയില്‍ താല്‍പര്യം നഷ്ടപ്പെട്ട് തുടങ്ങി. 1977-78 കാലത്തായിരുന്നു ഇത്. ബേണിംഗ് ട്രെയിന്‍, ഖുര്‍ബാനി തുടങ്ങിയ ചിത്രങ്ങള്‍ വലിയ ജനപ്രീതി നേടിയിരുന്ന കാലമായിരുന്നു അത്.

ഓഷോ ഇന്ത്യ വിട്ടു. അമേരിക്കയിലെ ഓറിഗോണിലെ ആശ്രമത്തിലേയ്ക്ക് മാറി. വിനോദ് ഖന്നയേയും ഓഷോ ക്ഷണിച്ചു. വിനോദ് ഓഷോയെ പിന്തുടര്‍ന്ന് അമേരിക്കയിലേയ്ക്ക് പോയി. ഡേറ്റ് നല്‍കിയ പുതിയ സിനിമകളില്‍ നിന്നെല്ലാം പിന്മാറി. പ്രൊഡ്യൂസര്‍മാര്‍ക്ക് പണം തിരിച്ച് നല്‍കി. സഹതാരങ്ങളും നിര്‍മ്മാതാക്കളും വിതരണക്കാരും മാദ്ധ്യമങ്ങളും അടക്കം വിനോദ് ഖന്നയുടെ പുതിയ വേഷം കണ്ട് അദ്ഭുതപ്പെട്ട് നില്‍ക്കുകയായിരുന്നു. ആശയക്കുഴപ്പങ്ങള്‍ മാറ്റാന്‍ വിനോദ് ഖന്ന വാര്‍ത്താസമ്മേളനം വിളിച്ചു. ഭാര്യ ഗീതാഞ്ജലിയും മക്കളായ രാഹുലും അക്ഷയും വാര്‍ത്താസമ്മേളനത്തിനെത്തിയിരുന്നു. സിനിമ വിടാനും അമേരിക്കയില്‍ സ്ഥിരതാമസമാക്കാനുമുള്ള തീരുമാനം വിനോദ് ഖന്ന വ്യക്തമാക്കി. ഭാര്യയും ഇതിനെ പിന്തുണക്കുന്ന തരത്തിലാണ് സംസാരിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ വിനോദ് ഓറിഗോണിലേയ്ക്ക് പോയി. അവിടെ ഓഷോ ആശ്രമത്തില്‍ തോട്ടക്കാരനായി. അതിരാവിലെ എഴുന്നേറ്റ് ചെടികള്‍ക്ക് വെള്ളം നനയ്ക്കാനും അവയോട് സംസാരിക്കാനും അവയോട് പാട്ട് പാടാനും തുടങ്ങി.

1985ല്‍ ഗീതാഞ്ജലിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്ന ഘട്ടത്തിലാണ് പിന്നീട് വിനോദ് ഖന്ന വാര്‍ത്തകളില്‍ നിറയുന്നത്. വെള്ളത്താടിയുമായി ഒരു മാഗസിന്‍ കവറില്‍ വിനോദ് ഖന്ന വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതൊരു സൂചനയായിരുന്നു. ഞാന്‍ തിരിച്ച് വന്നിരിക്കുന്നു എന്ന അറിയിപ്പ്. വിനോദ് ഖന്നയുടെ മൂല്യം ഒട്ടും താഴോട്ട് പോയിരുന്നില്ല. ഇടം അവിടെ തന്നെ ഉണ്ടായിരുന്നു. ബോംബെയിലെ വീടിന് മുന്നില്‍ പ്രൊഡ്യൂസര്‍മാര്‍ വീണ്ടും ക്യൂ നിന്നു. മുകുള്‍ ആനന്ദ് സംവിധാനം ചെയ്ത ഇന്‍സാഫില്‍ ഡിംപിള്‍ കപാഡിയയ്‌ക്കൊപ്പം അഭിനയിച്ചു. ഫിറോസ് ഖാന്റെ ദയാവന്‍ കമല്‍ഹാസനെ നായകനാക്കി വരദരാജ മുതലിയാരുടെ ജീവിതം പറഞ്ഞ നായകന്റെ ഹിന്ദി റീ മേക്കായിരുന്നു. മാധുരി ദീക്ഷിതാണ് നായികയായി എത്തിയത്. യാഷ് ചോപ്രയുടെ ചാന്ദ്‌നി, മഹേഷ് ഭട്ടിന്റെ ജും തുടങ്ങിയവയിലെല്ലാം വിനോദ് ഖന്ന അഭിനയിച്ചു.

90കളില്‍ അമിതാഭ് ബച്ചനൊപ്പം വിനോദ് ഖന്നയുടെ സിനിമാ കരിയറും നിറം മങ്ങി. കവിതയുമായുള്ള വിവാഹം ഇക്കാലത്തായിരുന്നു. 1997ല്‍ മകന്‍ അക്ഷയ് ഖന്നയെ തന്റെ നിര്‍മ്മാണ സംരംഭമായ ഹിമാലയ് പുത്രയിലൂടെ രംഗത്തിറക്കി. ചിത്രം വിജയിച്ചു. അതേ വര്‍ഷം തന്നെ രാഷ്ട്രീയ പ്രവേശം - ബിജെപിയിലൂടെ. 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പൂരില്‍ നിന്ന് വിജയിച്ചു. 99ലും വിജയം ആവര്‍ത്തിച്ചു. 2004ലും ജയം തുടര്‍ന്നു. എന്നാല്‍ 2009ല്‍ പരാജയപ്പെട്ടു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഇവിടെ നിന്ന് ജയിച്ചു. സിനിമയില്‍ നിന്ന് ആത്മീയതയിലേയ്ക്കും തിരിച്ച് സിനിമയിലേയ്ക്കും സിനിമയും രാഷ്ട്രീയവുമായുള്ള ജീവിതത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തിലൂടെ പല വേഷങ്ങളില്‍ മെഴ്‌സിഡസ് ബെന്‍സ് കാര്‍ വിറ്റ് തോട്ടക്കാരനായി മാറിയ വിനോദ് ഖന്ന അവതരിച്ചു.


Next Story

Related Stories