TopTop

എല്ലാമറിയാം, എന്നിട്ടും കാണികള്‍ എന്തുകൊണ്ട് ശ്വാസമടക്കിപിടിച്ച് വൈറസ് കാണുന്നു? മെയ്ക്കിംഗിലെ ആഷിക് അബു മാജിക്

എല്ലാമറിയാം, എന്നിട്ടും കാണികള്‍ എന്തുകൊണ്ട് ശ്വാസമടക്കിപിടിച്ച് വൈറസ് കാണുന്നു? മെയ്ക്കിംഗിലെ ആഷിക് അബു മാജിക്
തന്റെ കരിയറില്‍ നിരവധി മികച്ച സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും റാണി പത്മിനി മുതലാണ് ആഷിക് അബുവിലെ സംവിധായകനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. രണ്ടു സ്ത്രീകള്‍ നടത്തുന്ന ഫ്രീക്കി യാത്ര, അവരുടെ ജീവിതവുമായി കെട്ടുപിണഞ്ഞിട്ടാണെങ്കില്‍ കൂടി, യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം മോഹ കാഴ്ചയായിരുന്നു. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മായാനദി എന്ന ഉള്ളു തുളക്കുന്ന പ്രണയ കാവ്യവുമായി ആഷിക് എത്തി. പ്രണയവും ജീവിതവും മരണവും തമ്മില്‍ നടത്തുന്ന കണ്ണുപൊത്തി കളിക്കിടയില്‍ പരാജയമേറ്റുവാങ്ങുന്ന നായകനെയും നായികയെയും മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു.

2018ല്‍ കേരളം ഞെട്ടിവിറച്ച നിപ ബാധയെ സഹാനുഭൂതികൊണ്ടും ഉള്‍ക്കരുത്തുകൊണ്ടും ഒരു ജനത നേരിട്ടപ്പോള്‍ അതിനെ ആസ്പദമാക്കി സിനിമയെടുക്കുന്നു എന്ന പ്രഖ്യാപനവുമായി ആഷിക് എത്തി. നിരവധി നടക്കാത്ത സിനിമാ പ്രഖ്യാപനങ്ങളില്‍ ഒന്നായിട്ടാണ് ആദ്യം കരുതിയത്. എന്നാല്‍ ആഷികും സംഘവും സീരിയസായിരുന്നു. ഒരു ഡോക്യുമെന്ററിയായി എടുക്കാവുന്ന വിഷയത്തെ എങ്ങനെ ഒരു ഫീച്ചര്‍ ഫിലിമാക്കും എന്ന അത്ഭുതത്തെ കണ്ടറിഞ്ഞിട്ട് തന്നെ കാര്യം എന്ന് ഉള്ളിലുറപ്പിച്ച് കാത്തിരുന്നു.

നിപയുടെ ഒന്നാം വാര്‍ഷികത്തില്‍, ഏറണാകുളത്തും പരിസര പ്രദേശങ്ങളിലും നിപ ഭീതിയില്‍ അകപ്പെട്ട ദിവസങ്ങളില്‍, ഒടുവില്‍ മറ്റൊരു നിപ ആക്രമണത്തില്‍ നിന്നും സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ട് ദീര്‍ഘനിശ്വാസമുതിര്‍ക്കുന്ന നിമിഷങ്ങളില്‍ ആഷിക് അബുവിന്റെ വൈറസ് തിയറ്ററുകളില്‍ എത്തി. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാമായിരുന്നിട്ടും ശ്വാസമടക്കി പിടിച്ച് സിനിമ കാണുന്ന കാണികളെയാണ് ആദ്യദിനത്തില്‍ തിയറ്ററില്‍ കണ്ടത്. അതേ, മലയാള സിനിമയിലെ മറ്റൊരു അത്ഭുതമായിരിക്കുകയാണ് വൈറസ് എന്ന ചലച്ചിത്രം. കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും മനുഷ്യപക്ഷ രാക്ഷ്ട്രീയം കൊണ്ടും മേക്കിംഗിലെ മാന്ത്രികത കൊണ്ടും നടീനടന്‍മാരുടെ അസാമാന്യ പ്രകടനങ്ങള്‍ക്കൊണ്ടും ഏറെ ചര്‍ച്ചയായിരിക്കുകയാണ് വൈറസ് ഇപ്പോള്‍.

ഡോക്യുമെന്‍ററിയും ഫിക്ഷനും തമ്മിലുള്ള നേര്‍ത്ത അതിരിനെ ഭേദിക്കാതെ പറയാനുദ്ദേശിച്ച കാര്യങ്ങളെ വൃത്തിയായി അവതരിപ്പിക്കാന്‍ പറ്റിയിടത്താണ് ആഷികും തിരക്കഥാകൃത്തുകളായ മുഹ്സിൻ പരാരിയും സുഹാസും ഷറഫും വിജയിക്കുന്നത്. ഒപ്പം സംവിധായകനും എഴുത്തുകാരനും മനസില്‍ വരച്ചുവെച്ച കാര്യങ്ങള്‍ ദൃശ്യങ്ങളായി പകര്‍ത്തി സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും.

മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വണ്ണം ഉദ്വേഗവും ഇന്‍ഫര്‍മേഷനും വൈകാരിക മുഹൂര്‍ത്തങ്ങളും നിറഞ്ഞിരിക്കുന്നു വൈറസില്‍. ഒരു ഭരണകൂടം, അതിന്റെ സംവിധാനങ്ങള്‍, ഒരു ജനത എങ്ങിനെയാണ് ഒരു ദുരന്തത്തെ അതിജീവിച്ചത് എന്നു പറഞ്ഞുവെക്കുമ്പോഴും മരണവും ജീവിതവും തമ്മിലുള്ള പിടിവലികളെ, നിസ്സഹായതയെ, സ്നേഹ നഷ്ടത്തെ, പ്രണയ നഷ്ടത്തെ എല്ലാം കോറിയിടാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. കുറേ ചെറു ചിത്രങ്ങളുടെ ആന്തോളജി പോലെ, വ്യക്തിത്വമുള്ള ഓരോ കഥാപാത്രങ്ങളും കടന്നുവരികയും അവരുടെ കഥ നമ്മുടെ ഉള്ളിലേക്ക് തൊടുത്തുവിട്ട് മറഞ്ഞു പോവുകയും ചെയ്യുന്നു. ഓരോ കഥാപാത്രങ്ങളും കഥ പറയാനുള്ള വെറും ഉപകരണങ്ങള്‍ അല്ലാതെ സ്വന്തമായി കഥയുള്ളവരായി അവതരിപ്പിച്ചിരിക്കുന്നു എന്നിടത്താണ് വൈറസിന്റെ വിജയം.ഇവിടെ സിസ്റ്റര്‍ ലിനിയുടെ സ്ക്രീന്‍ കഥാപാത്രമായ അഖിലയ്ക്ക് മാത്രമല്ല മുഖ്യ കഥയുള്ളത്. ഒറ്റബുദ്ധിയായ നിപ ബാധിച്ചു മരിക്കുന്ന സൌബിന്റെ ഉണ്ണികൃഷ്ണനുമുണ്ട് കഥ. പര്‍വതിയുടെ ഡോ. അനു എന്ന കമ്മ്യൂണിറ്റി മെഡിസിന്‍ ഡോക്ടര്‍ക്കുമുണ്ട് സ്വന്തമായ ഇടം, നിപ സംശയത്തില്‍ അവസാനം ഹോസ്പിറ്റലില്‍ എത്തുന്ന ദിലീഷ് പോത്തന്‍ എന്ന പോലീസുകാരനുമുണ്ട് ചിലത് പ്രേക്ഷകരോട് സംവദിക്കാന്‍. ആസിഫ് അലിയുടെ വിഷ്ണു വേദനയാകുമ്പോള്‍ ശ്രീനാഥ് ഭാസിയുടെ ആബിദും മഡോണയുടെ സാറയും തമ്മിലുള്ള ബന്ധം ഉള്ളുലയ്ക്കുന്നു. ഏറെ എടുത്തു പറയേണ്ടത് സുഡാനിയുടെ സംവിധായകന്‍ സക്കറിയ അവതരിപ്പിച്ച നിപ ബാധയിലെ ഇന്‍ഡക്സ് കേസായ സാബിത്തിന്റെ റിയല്‍ ലൈഫ് കഥാപാത്രമാണ്. ജോജുവിന്റെ താല്‍ക്കാലിക ജീവനക്കാരനും ഇന്ദ്രജിത്തിന്റെ ചൂടന്‍ ഡോക്ടറും കുഞ്ചാക്കോ ബോബന്റെ ഡോ. സുരേഷ് രാജനും ടൊവിനോയുടെ ജില്ലാ കളക്ടറും അങ്ങനെ ഇനിയും എണ്ണിപ്പറയാന്‍ നിരവധി പ്രകടനങ്ങളുണ്ട് വൈറസില്‍.

കോഴിക്കോട് ആഞ്ഞടിച്ച നിപ ഒരു ജൈവായുധം ആണെന്ന ഗൂഡാലോചന സിദ്ധാന്തം തകര്‍ക്കപ്പെടുന്നു എന്നതാണ് സിനിമ ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി. നിപയില്‍ ഇസ്ലാമോഫോബിയയുടെ കരുക്കള്‍ നീക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്നത് മനസിലാക്കാന്‍ ആ കാലത്തെ ഒരു സോഷ്യല്‍ മീഡിയ ഓഡിറ്റ് നടത്തിയാല്‍ മാത്രം മതി. ഏത് ദുരന്തവും തങ്ങളുടെ സങ്കുചിത രാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന കെട്ട കാലത്ത് തീവ്ര വലതുപക്ഷ വിരുദ്ധ രാഷ്ട്രീയം പറയാന്‍ തന്റെ സിനിമയെ ഉപയോഗിച്ച സംവിധായകനെയും എഴുത്തുകാരെയും അഭിനന്ദിക്കാതിരിക്കാന്‍ ആവില്ല.

സംഘര്‍ഷഭരിതമായ ഒരു കാലത്തിലൂടെയാണ് മനുഷ്യ സമൂഹം കടന്നുപോകുന്നത്. യുദ്ധവും പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും നമ്മില്‍ നിന്നും എത്രയോ അകലെയാണ് സംഭവിക്കുന്നത് എന്ന മിത്ത് പൊളിഞ്ഞു വീണ വര്‍ഷം കൂടിയായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ മലയാളിക്ക്. ഒഖിയും, നിപയും, പിന്നെ നൂറ്റാണ്ടിലെ മഹാപ്രളയവും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കേരള സമൂഹം ഉയര്‍ത്തെഴുന്നേറ്റ് വരുന്നതെ ഉള്ളൂ. ആ ഉയിര്‍പ്പിന്റെ ആദ്യ സിനിമാ അടയാളപ്പെടുത്തലാണ് വൈറസ്.

Read More: ഒരു ജനത നേരിട്ട സോഷ്യല്‍ ബോയ്ക്കോട്ടിംഗിന്റെ പിന്നാലെ ഞങ്ങള്‍ പോയി, റിയാലിറ്റി ഞെട്ടിക്കുന്നതായിരുന്നു: വൈറസിനെ കുറിച്ച് ആഷിക് അബു/അഭിമുഖം

Next Story

Related Stories