Top

അഭിനന്ദനങ്ങള്‍ ആഷിഖ്; താരങ്ങളല്ല, അഭിനേതാക്കളാണ് ഒരു സിനിമയ്ക്ക് വേണ്ടതെന്ന് തെളിയിച്ചതിന്

അഭിനന്ദനങ്ങള്‍ ആഷിഖ്; താരങ്ങളല്ല, അഭിനേതാക്കളാണ് ഒരു സിനിമയ്ക്ക് വേണ്ടതെന്ന് തെളിയിച്ചതിന്
കാളിദാസ് ജയറാമിന് തന്റെ കരിയറിയിലെ ഏറ്റവും വലിയ നഷ്ടമായി തോന്നുക വൈറസിലെ വേഷം വേണ്ടെന്നു വച്ചതായിരിക്കും; സോഷ്യല്‍ മീഡിയിലെ കമന്റാണ്. അതൊരു കൊതിക്കെറുവ് അല്ലെന്ന് വൈറസ് കണ്ടിറങ്ങിയവര്‍ എല്ലാം പറയുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിക്കു ശേഷം ശ്രീനാഥ് ഭാസിയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് വൈറസിലെ ഡോക്ടര്‍ ആബിദ്. ശ്രീനാഥ് മാത്രമല്ല, ഓരോ കഥാപാത്രങ്ങളും ചെയ്ത അഭിനേതാക്കള്‍ക്കും അവരുടെ ഇതുവരെയുള്ള സിനിമ ജീവിതത്തില്‍ വൈറസ് എന്നും പ്രത്യേകത ഉള്ളതായിരിക്കും. മലയാള സിനിമയുടെ സമീപ ചരിത്രം പരിശോധിച്ചാല്‍ ഇത്രയും മുന്‍നിര താരങ്ങള്‍ ഒരുമിച്ച് ഒരു സിനിമയില്‍ വരുന്ന മറ്റൊരു ചിത്രം കാണില്ല. വൈറസിന്റെ പ്രത്യകതയും അതായിരുന്നു. എന്നാല്‍ സിനിമ കണ്ടു കഴിയുമ്പോള്‍ മേല്‍പ്പറഞ്ഞ ഒരു താരത്തെയും നമ്മള്‍ ഓര്‍ക്കുന്നില്ല, പകരം അവര്‍ ചെയ്തുവച്ച കഥാപാത്രങ്ങള്‍ മാത്രം. ഒരു സര്‍വൈവല്‍ ത്രില്ലറിന്റെ, കേരളം നേരിട്ട ഒരു വൈകാരിക സാഹചര്യത്തിന്റെ, ഒത്തൊരുമയുടെ, പോരാട്ടത്തിന്റെ, സ്‌നേഹത്തിന്റെ, പ്രതിരോധത്തിന്റെ കഥയില്‍ ഈ നടന്മാര്‍ തങ്ങളുടെ താരശരീരങ്ങള്‍ ഉപേക്ഷിച്ച് യഥാര്‍ത്ഥ മനുഷ്യരായി മാറുകയാണ്. ഒന്നുറപ്പാണ്, വൈറസില്‍ അഭിനയിച്ച ഓരോ നടനെയും നടിയേയും പ്രേക്ഷകന്‍ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പട്ടികയില്‍ പെടുത്തും.

കുമ്പളങ്ങിയിലെ സജിയില്‍ നിന്നും വൈറസിലെ ഉണ്ണികൃഷ്ണനിലേക്ക് എത്തുമ്പോള്‍, സൗബിന്‍ നിങ്ങളൊരു അസാമാന്യ നടന്‍ തന്നെ! നിങ്ങള്‍ പകര്‍ന്ന ഭയവും വിഹ്വലതകളും പരിഭ്രാന്തിയും വിട്ടൊഴിയാന്‍ സമയം എടുക്കും. ഇന്ദ്രജിത്ത് സുകുമാരന്‍; മലയാള സിനിമയിലെ ഫ്‌ളെക്‌സിബിള്‍ നടന്മാരില്‍ ഒരാളാണ് താനെന്ന് മുന്നേ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് വൈറസിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബാബുരാജിനെ കാണുമ്പോള്‍ അത്ഭുതം തോന്നുന്നില്ല. വലിയൊരു ഇടവേളയ്ക്കു ശേഷം രമ്യ നമ്പീശനെ സ്‌ക്രീനില്‍ കാണുകയാണ്. ഒരുപാട് സിനിമകളൊന്നും വേണ്ട, നല്ലതൊന്നു ചെയ്താല്‍ മതി ഒരു അഭിനേത്രിയെ പ്രേക്ഷകന് ഓര്‍ത്തിരിക്കാന്‍. രമ്യക്കതില്‍ സന്തോഷിക്കാം. പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തൊട്ട് നമ്മളെ വിസ്മയിപ്പിച്ച രേവതി, സിനിമയിലാകെ അത് രേവതിയോ ശൈലജ ടീച്ചറോ എന്ന് പ്രേക്ഷകനെ സംശയിപ്പിച്ചു കൊണ്ടേയിരുന്നു. ജോജുവിന്റെ മോര്‍ച്ചറി ജീവനക്കാരനായ ബാബു, കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച ഡോക്ടര്‍, കളക്ടറായി എത്തിയ ടൊവിനോ, സ്വാഭാവിക അഭിനയം കൊണ്ട് വീണ്ടും കൈയടി നേടിയ ആസിഫ് അലി, പക്വതയോടെ കഥാപാത്രത്തെ അവതരിപ്പിച്ച് തന്റെ തിരിച്ചു വരവ് മികച്ചതാക്കിയ പൂര്‍ണിമ, ഉയരേയിലെ പല്ലവിക്കു പിന്നാലെ സന്നദ്ധ പ്രവര്‍ത്തകയായ അനുവിനെ അവതരിപ്പിച്ച് വീണ്ടുമൊരു ഗംഭീര പ്രകടനം നടത്തിയ പാര്‍വതി തെരുവോത്ത്, ചെറുതെങ്കിലും മനസിനെ തൊട്ട കഥാപാത്രങ്ങളായി വന്ന ഇന്ദ്രന്‍സ്, മഡോണ സെബാസ്റ്റിയന്‍, ബിനു പപ്പു, എല്ലാത്തിലും പുറമെ കേരളം ഒരിക്കലും മറക്കാത്ത നഴ്‌സ് ലിനിയെ പ്രതിനിധീകരിച്ചെത്തിയ റിമ കല്ലിങ്കലിന്റെ അഖില; എന്തിനാണ് ഇത്രയും നടീനടന്മാരെ ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയതിന് ഉത്തരം ഇവരുടയെല്ലാം പെര്‍ഫോമന്‍സ് തന്നെ.

ഇതിനെല്ലാത്തിനും കൈയടി കൊടുക്കേണ്ടത് ഒരാള്‍ക്കാണ്; സംവിധായകന്‍ ആഷിഖ് അബുവിന്. നന്ദി, ആഷിഖ് ഒരു മികച്ച സിനിമ തന്നതിന് മാത്രമല്ല, താരങ്ങളല്ല, അഭിനേതാക്കളാണ് ഒരു സിനിമയ്ക്ക് വേണ്ടതെന്ന് തെളിയിച്ചതിന്. കുറെ താരശരീരങ്ങളെ കാണിച്ച് വലിയൊരു കൊമേഴ്‌സ്യല്‍ ഹിറ്റ് ഒരുക്കാന്‍ അല്ല ആഷിഖ് ശ്രമിച്ചതെന്ന് വൈറസ് കാണുന്നവര്‍ക്കെല്ലാം മനസിലാകും. വൈറസ് ഒരു മാസ് സിനിമയൊന്നുമല്ല. വാണിജ്യ ചേരുവകളിലൂന്നിയുള്ള അവതരണവും അല്ല. പ്രേക്ഷകനുമായി ഓരോ നിമിഷവും സംവേദിച്ചുകൊണ്ട്, കാണുന്നവനെ നേരിട്ട് ഇടപെടുത്തിക്കൊണ്ടാണ് വൈറസ് മുന്നോട്ടു പോകുന്നത്. ഈ സിനിമയും പ്രമേയപശ്ചാത്തലങ്ങളും കഥാപാത്രങ്ങളും എല്ലാം നമുക്ക് നേരിട്ട് അറിയുന്നതാണ്. ആ സ്വാഭാവികത നിലനിര്‍ത്താന്‍ കഴിഞ്ഞിടത്താണ് ഇത്രയും താരങ്ങളെ ഉള്‍പ്പെടുത്തിയത് നീതീകരിക്കപ്പെടുന്നതും.

സഹാനുഭൂതിയാണ് കാരണവും പ്രതിരോധവും; നിപ സ‍ഞ്ചരിച്ച, രോഗത്തെ തേടിപ്പോയ ഭീതിയുടെ വഴിയാണ് വൈറസ്

Next Story

Related Stories