സിനിമ

വിശ്വാസം അതാണല്ലോ എല്ലാം; സൂപ്പർതാര ഇമേജുള്ള ഒരു നടൻ ഒരു സംവിധായകന് മേലെ വെച്ചിരിക്കുന്ന വിശ്വാസത്തിന്റെ പരകോടി ആണിത്

2013 ഏപ്രിൽ നാലിനാണ് അജിത്കുമാറിന്റെ വീരം ഷൂട്ടിംഗ് തുടങ്ങിയത്. ആറുകൊല്ലമാവാറായിരിക്കുന്നു. അന്നു മുതൽ അജിത്ത് വീരത്തിന്റെ സംവിധായകൻ ചിരുത്തൈ ശിവയുടെ കൂടെ ആണ്.

ശൈലന്‍

ശൈലന്‍

2013 ഏപ്രിൽ നാലിനാണ് അജിത്കുമാറിന്റെ വീരം ഷൂട്ടിംഗ് തുടങ്ങിയത്. ആറുകൊല്ലമാവാറായിരിക്കുന്നു. അന്നു മുതൽ അജിത്ത് വീരത്തിന്റെ സംവിധായകൻ ചിരുത്തൈ ശിവയുടെ കൂടെ ആണ്. വീരത്തിന് ശേഷം വേതാളം വന്നു. വേതാളത്തിന് ശേഷം വിവേകം വന്നു. ഇപ്പോൾ ദേ വിശ്വാസവും എത്തിയിരിക്കുന്നു. മുൻപെന്നോ കൊടുത്ത ഡേറ്റിന്റെ പേരിൽ ആയിരിക്കണം അതിനിടയിൽ ഗൗതം വാസുദേവ് മേനോന്റെ “എന്നൈ അറിന്താൽ” എന്ന സിനിമയിൽ മാത്രം അജിത്ത് പോയി അഭിനയിച്ചത്. സൂപ്പർതാര ഇമേജുള്ള ഒരു നടൻ ഒരു സംവിധായകന് മേലെ വെച്ചിരിക്കുന്ന വിശ്വാസത്തിന്റെ പരകോടി ആണിത്.

നാട്ടിൻപുറ ഗ്യാംഗ്സ്റ്ററുടെ കഥയായിരുന്നു വീരം എങ്കിൽ വേതാളത്തിൽ അജിത്ത് കൽക്കത്താ ഗ്യാംഗ്സ്റ്റർ ആയിരുന്നു. ഉള്ളടക്കം ഏതാണ്ട് സമാനം തന്നെ. വിവേകത്തിൽ എത്തിയപ്പോഴേക്കും ഇന്റർനാഷണൽ ലെവലിലേക്ക് കാര്യങ്ങൾ കൈവിട്ട് പോയി. ആ തിരിച്ചറിവിൽ ആവണം വീണ്ടും നാട്ടിൻപുറത്തേക്ക് തിരിച്ച് വരികയാണ് ശിവയും അജിത്തും. പതിവ് അടി ഇടി വെടി ഗുണ്ടാ പരിപാടികളെ സൈഡിലേക്കൊന്ന് ഒതുക്കിവച്ച് ഷുവർബെറ്റ് ചേരുവകളായ ദാമ്പത്യകലഹത്തിനെയും അപ്പാ-മകൾ സെന്റിമെന്റ്സിനെയും മുന്നിൽ വച്ചാണ് ഇത്തവണ ഇരുവരും പൊങ്കൽ പോരാട്ടത്തിന് ഇറങ്ങുന്നത്.

പേര് തൂക്കുദുരൈ
തേനിമാവട്ടം
ഊര് – കൊടുവിലാർപ്പട്ടി
പൊണ്ടാട്ടിപ്പേര് – നിരഞ്ജന
പൊണ്ണ് പേര് – ശ്വേത എന്ന് സ്വയം ഇൻട്രഡ്യൂസ് ചെയ്യുന്ന അജിത്തിന്റെ കുടുംബസ്ഥവേഷവും നടനെന്ന നിലയിൽ ഉള്ള അദ്ദേഹത്തിന്റെ ഗ്രെയ്സും തന്നെയാണ്‌ വിശ്വാസത്തിന്റെ ഹൈലൈറ്റ്. തന്റെ വിക്കി പ്രായത്തിൽ നിന്നും ഒരു വയസ് പോലും കുറക്കാതെ എയ്ജ് നാൽപ്പത്തേഴ് എന്ന് അഭിമാനപൂർവം പറയുമ്പോഴും അയാളുടെ താടിയും മുടിയും മീശയും മുതൽ നെഞ്ചിലെ സകലരോമങ്ങളും നരച്ച് തന്നെയാണ് കാണപ്പെടുനത്. സാൾട്ട് ആൻഡ് പെപ്പർ സ്റ്റൈലിൽ നിന്നും വെറും സാൾട്ട് മോഡ് മാത്രമായി വെളിപ്പെടുന്ന തൂക്കുദുരൈക്ക് പന്ത്രണ്ട് വയസ് കുറവുള്ള മറ്റൊരു ഗെറ്റപ്പ് കൂടി ഉണ്ട്. ഡൈ ചെയ്തുള്ള പ്രസ്തുത ഗെറ്റപ്പും ഒട്ടും മോശമായിട്ടില്ല.

നയൻതാരയെപ്പോലെ കണ്ണഞ്ചും ഫോമിലുള്ള സൂപ്പർസ്റ്റാർ എന്തിന് ഇതുപോലൊരു ക്ലീഷേ നായികയ്ക്കായും ക്യാരക്റ്ററിനായും നിന്നുകൊടുക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരുമണിക്കൂർ ആണ് പടത്തിന്റെ തുടക്കത്തിൽ കാണാനാവുക. പഴകിത്തേഞ്ഞ് വളിച്ച തൂക്കുദുരൈയെയും നിരഞ്ജനയെയുമാണ് ഈ ഭാഗത്ത് ചെറുതല്ലാതെ ചെടിപ്പിക്കും. ഫ്രെയിം ബ്യൂട്ടിയും അജിത്തിന്റെ സ്ക്രീൻ പ്രെസൻസും മാത്രമാണ് അല്പമെങ്കിലും ഇന്നേരത്ത് ആശ്വാസമാവുക.

എന്നാൽ ഒരു മണിക്കൂർ കഴിയുമ്പോൾ അജിത്തും ശിവയും എന്തിനാണ് നിരഞ്ജ്ജനയെ ചെയ്യാൻ നയൻസിനെ വിളിച്ചെന്നതിനും അവർ നയൻസ് എന്തിന് ആ റോൾ തെരഞ്ഞെടുത്തു എന്നതിനും ഉത്തരമാകും. തൂക്കുദുരൈക്ക് കട്ടയ്ക്ക് കട്ട നിൽക്കുന്നതോ ഒരു പടി മേലെ നിൽക്കുന്നതോ ആയ നിരഞ്ജനയെ ആണ് പിന്നീട് കാണാനാവുക.

എന്നൈ അറിന്താനിൽ അജിത്തിന്റെ ഹിറ്റ് കോംബോ ആയ ബേബി അനിഖയെ കൂടി മകൾ റോളിൽ ഇന്റർവെലിൽ അവതരിപ്പിക്കപ്പെടുകയും വില്ലനായി ജഗപതി ബാബു മാസ് എൻട്രി നടത്തുകയും ചെയ്യുന്നതോടെ തുടർന്നങ്ങോട്ട് പടം വൈകാരികമായി വലിഞ്ഞുമുറുകുകയും കൊമേഴ്സ്യൽ ലക്ഷ്യങ്ങളിലേക്ക് ദ്രുതഗതിയിൽ നടന്നു തുടങ്ങുകയും ചെയ്യുന്നു. അരച്ചരച്ച് പഴയതായ ഐറ്റങ്ങളെ ഇത്രമേൽ ആകർഷകമായി റീ-പാക്ക് ചെയ്യാൻ ശിവയെപ്പോൽ മിടുക്കനായ മറ്റൊരു ഡയറക്ടർ കാണില്ല എന്നത് വീരത്തിൽ നമ്മൾ കണ്ടതാണല്ലോ.

ഇഴഞ്ഞുതുടങ്ങിയ പടം ക്ലൈമാക്സിലെത്തിയപ്പോഴെക്കും ത്രസിക്കും മട്ടിലുള്ള ടെമ്പറിൽ എത്തുന്നു. വില്ലനെ വെറുമൊരു വില്ലനായി അവതരിപ്പിക്കാതെ അയാൾക്കും വൈകാരികപരിസരങ്ങൾ നൽകിയത് ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ നല്ല മൈലേജ് നൽകും.

അജിത്തിന്റെ അസാധ്യ പ്രസൻസിനൊപ്പം നിൽക്കുന്ന നയൻസിന്റെയും അനിഖയുടെയും പെർഫോമൻസും ഡി ഇമ്മാന്റെ ബീ ജി യെമ്മിന്റെയും പാട്ടുകളുടെയും മാധുര്യവും ആക്ഷൻ സീക്വൻസുകളുടെ ചടുലതയും പടത്തിന്റെ പോസിറ്റീവ് ഘടകങ്ങൾ ആണ്. ക്ലീഷെയുടെ കന്നി മാസമായ ഫസ്റ്റ്ഹാഫും തമ്പിരാമയ്യയുടെയും വിവേകിന്റെയും ദയനീയമായ കോമഡി അഭ്യാസങ്ങളും വിശ്വാസത്തിന്റെ പരാധീനതകളാണ്. ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ കമേഴ്സ്യൽ പ്രേക്ഷകനും നിർമ്മാതാവിനും കൈപൊള്ളാത്ത ഐറ്റം എന്ന് പേഴ്സണലി വിശ്വസിക്കുന്നു. വിശ്വാസം അതാണല്ലോ എല്ലാം.

പേട്ട: ഒരു കൊടും രജനി ഫാനിനെ ഇങ്ങനെ ചെയ്യാന്‍ സാധിക്കൂ…

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍