TopTop

മോഹന്‍ലാല്‍, നിങ്ങള്‍ വലിയൊരു നുണയാണ്

മോഹന്‍ലാല്‍, നിങ്ങള്‍ വലിയൊരു നുണയാണ്
മലയാളികള്‍ വര്‍ഷങ്ങളായി അവരുടെ പ്രിയതാരമായി ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു നടന്‍, മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍, ഇന്ത്യയിലെ സിനിമ ഇന്‍ഡസ്ട്രികള്‍ക്കെല്ലാം പരിചിതന്‍, രാജ്യം ഹോണററി ബഹുമതിയായി ലെഫ്റ്റന്റ് കേണല്‍ പദവി നല്‍കിയ അഭിനേതാവ്; വിശേഷണങ്ങള്‍ ഇനിയുമുണ്ട് ഏറെ മോഹന്‍ലാലിനെ കുറിച്ച് പറയാന്‍. എന്നാല്‍ അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളിലെ യാഥാര്‍ത്ഥ്യം വിമന്‍ കളക്ടീവിലെ അംഗങ്ങളിലൂടെ പുറത്തു വന്നപ്പോള്‍ മോഹന്‍ലാല്‍ മലയാളിക്ക് മുന്നില്‍ വലിയൊരു നുണയായി മാറിയിരിക്കുകയാണ്.

2018 ജൂലൈ ഒമ്പതിന് എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളെ കണ്ട് മോഹന്‍ലാല്‍ സംസാരിച്ചതൊക്കെ ഓര്‍മയുണ്ടാകും എല്ലാവര്‍ക്കും. അദ്ദേഹം പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്ന എഎംഎംഎ ജനറല്‍ ബോഡിക്ക് ശേഷമായിരുന്നു ആ വാര്‍ത്ത സമ്മേളനം. എന്തിനായിരുന്നു അങ്ങനെയൊരു വാര്‍ത്തസമ്മേളനം! ഒരു സിനിമ നടി ക്രൂരമായി ലൈംഗികാതിക്രമത്തിന് വിധേയയാകുന്നു. അതിന് കാരണക്കാരനായതെന്ന് പൊലീസ് കണ്ടെത്തിയത് മലയാള സിനിമയിലെ സര്‍വാധിപനായ ഒരു സൂപ്പര്‍ താരത്തെ-ദിലീപിനെ. വ്യക്തമായി തെളിവുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്യുകയും പല തവണയാി ജാമ്യം നിഷേധിക്കപ്പെട്ട് മാസങ്ങളോളം ആ നടന്‍ റിമാന്‍ഡ് പ്രതിയായി ജയിലില്‍ കിടക്കുകയും ചെയ്തു. എന്നാല്‍ പുറത്തിറങ്ങിയതിനു പിന്നാലെ, കേസില്‍ കുറ്റാരോപിതനായെന്ന പേരില്‍ (നിവൃത്തിയില്ലാതെ എടുക്കേണ്ടി വന്ന നടപടി) എഎംഎഎയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. ആ തീരുമാനം ഉണ്ടാകുന്നത് മോഹന്‍ലാല്‍ സംഘടനയുടെ നേതൃത്വം ഏറ്റെടുത്തതിനു പിന്നാലെയും. ഇങ്ങനെയൊരു തീരുമാനം ഉണ്ടായതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും മറ്റു മൂന്നു നടിമാര്‍ കൂടി സംഘടനയില്‍ നിന്നും രാജിവച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇത് വലിയ വിവാദമായി. മാത്രമല്ല, ദിലീപിനെ തിരിച്ചെടുക്കുമെന്നത് മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നതിനാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി മാധ്യമങ്ങളെ ജനറല്‍ ബോഡി യോഗം കവര്‍ ചെയ്യാന്‍ ക്ഷണിച്ചില്ല. നടിമാരുടെ രാജി, മാധ്യമങ്ങളെ ക്ഷണിക്കാതിരുന്നത്, ഇതിലെല്ലാം വിശദീകരണം നല്‍കല്‍ എന്ന നിലയിലാണ് ജൂലൈ ഒമ്പതിന് മോഹന്‍ലാല്‍ വാര്‍ത്ത സമ്മേളനം നടത്തുന്നത്.

ആ വാര്‍ത്ത സമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്;

കോടതി ഇതുവരെ കുറ്റക്കാരനെന്ന് വിധിക്കാത്ത ഒരാളാണ് ദിലീപ്. അദ്ദേഹത്തെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ജനറല്‍ ബോഡിയില്‍ ആവശ്യം ഉയര്‍ന്നു. ആ ആവിശ്യത്തെ ആരും എതിര്‍ത്തതുമില്ല.

ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ സംഘടന പിളരുമെന്ന ഘട്ടംവരെ ഉണ്ടായിരുന്നു.

വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയില്‍ സംഘടനയുടെ നിയമാവലി പുനക്രമീകരിക്കും.

ജനറല്‍ ബോഡി യോഗത്തില്‍ മാധ്യമങ്ങളെ ക്ഷണിക്കാത്തതില്‍ മാപ്പ് ചോദിക്കുന്നു.

കേസിന്റെ കാര്യത്തിലും ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനം ഉണ്ടായ കാര്യത്തിലും എതിര്‍പ്പുള്ള ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തും (ഇതാണ് ഏറ്റവും പ്രധാനം)

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുമെന്നും എന്നാല്‍ ദിലീപിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്ന് അന്നേ പറഞ്ഞതില്‍ തന്നെ വാര്‍ത്തസമ്മേളനത്തിലെതായി മുകളില്‍ നല്‍കിയിട്ടുള്ള കാര്യങ്ങളില്‍ പറഞ്ഞിരിക്കുന്നതെല്ലാം ആരെയൊക്കെയോ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ള പറച്ചിലുകള്‍ മാത്രമാണെന്ന് പലര്‍ക്കും മനസിലായതാണ്. എങ്കില്‍ തന്നെയും ഇരയായ പെണ്‍കുട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ മോഹന്‍ലാല്‍ നടപടിയെടുക്കുമെന്ന് ഡബ്ല്യുസിസിയെപോലെ സാമാന്യ ജനങ്ങളും വിശ്വസിച്ചു.

ആ വിശ്വാസമാണ് ഇപ്പോള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നത്. എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവരെ കേള്‍ക്കുമെന്നും എല്ലാക്കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നൊക്കെ പറഞ്ഞ എഎംഎംഎ ഭാരവാഹികളും പ്രസിഡന്റ് മോഹന്‍ലാലും എങ്ങനെയാണ് ആ ചര്‍ച്ച നടത്തിയതെന്നാണ് ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. പാര്‍വതിയും രേവതിയുമൊക്കെ ആ യോഗത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞത് മലയാളികള്‍ മുഴുവന്‍ കേട്ടതാണ്. അവ ഒരിക്കല്‍ കൂടി പങ്കുവയ്ക്കുന്നത്, സൂപ്പര്‍സ്റ്റാറുകളുടെ കാപട്യങ്ങള്‍ തുറന്നുകാട്ടാന്‍ ഉപകരിക്കുമെന്ന് കരുതിയാണ്; ചര്‍ച്ച തുടങ്ങിയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ വിഷമം ഞങ്ങള്‍ അമ്മയുടെ പേര് മോശമാക്കാന്‍ ശ്രമിച്ചതിലായിരുന്നു. എന്തിനാണ് അമ്മയുടെ പേര് മോശമാക്കിയത്. എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത്, ഇവിടെ വന്ന്ു പറഞ്ഞാല്‍ പോരായിരുന്നോ എന്നൊക്കെയായിരുന്നു പ്രസിഡന്റിന്‍രെ പരാതി. ജനറല്‍ ബോഡിയില്‍പ്പെട്ട ഏതെങ്കിലും അംഗത്തിന് ഒരു തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അടിയന്തര യോഗം കൂടും എന്നൊക്കെ പറഞ്ഞ് അവര്‍ വാഗ്ദാനം തന്നിട്ടാണ് ഞങ്ങള്‍ ചര്‍്ച്ചയ്ക്ക് പോയത്. പക്ഷേ, അവിടെ നടന്നത് ഞങ്ങളെ കുറ്റവിചാരണ ചെയ്യലായിരുന്നു. ഞങ്ങളുടെ കുറ്റങ്ങളാണ് അവര്‍ തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരുന്നത്. ഞങ്ങള്‍ അമ്മയുടെ യോഗത്തിന് വരാത്തത്, അമ്മയുമായി സഹകരിക്കാതെ മാറി നില്‍ക്കുന്നതൊക്കെയായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങള്‍. ഞങ്ങലെ കുറിച്ച് മാത്രമല്ല, ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും അവര്‍ക്ക് എതിര്‍പ്പുകള്‍ പറയാനുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് പറഞ്ഞ് കെഞ്ചി. പലവട്ടം കെഞ്ചിയിട്ടും അവര്‍ കേട്ടില്ല. ആദ്യ 40 മിനിട്ട് അവര്‍ക്ക് പറയാനുള്ളത് മാത്രം പറഞ്ഞുകൊണ്ട് ഞങ്ങളെ കേള്‍ക്കാനെ അവര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ നടിക്ക് പറയാനുള്ള കാര്യങ്ങള്‍ ശബ്ദരേഖയാക്കി കൊണ്ടുവന്ന് അവിടെവച്ച് പ്ലേ ചെയ്തപ്പോള്‍ എല്ലാവരും നിശബ്ദരായി. മോഹന്‍ലാല്‍ പറഞ്ഞത് വ്യക്തിപരമായി ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജനറല്‍ ബോഡി എടുത്ത തീരുമാനം എങ്ങനെ തിരുത്തും എന്നായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത് അവര്‍ ഇത്രനാളും ഞങ്ങളെ മാത്രമല്ല, കേരളത്തിലെ ജനങ്ങളെ മുഴുവന്‍ പറ്റിക്കുകയായിരുന്നുവെന്ന്.

പാര്‍വതി പറഞ്ഞതു തന്നെയാണ് ശരി; രണ്ടോ മൂന്നോ നടികളെയല്ല, മലയാളികളെ മൊത്തത്തിലാണ് മോഹന്‍ലാലും എഎംഎംഎ നേതൃത്വവും കൂടി വഞ്ചിച്ചിരിക്കുന്നത്. കുറ്റം ചെയ്തവനെയല്ല, അത് ചോദ്യം ചെയ്തവരെയാണ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ വിചാരണ ചെയ്തത്. കൂട്ടത്തില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായ ആ പെണ്‍കുട്ടിയേയും വിചാരണയില്‍ ഉള്‍പ്പെടുത്താന്‍ മോഹന്‍ലാലും സംഘവും മറന്നില്ലെന്നു കൂടി ഓര്‍ക്കണം.

തന്നെയും സംഘടനയേയും വിമര്‍ശിക്കുന്നവരോട് വൈകാരികമായി മോഹന്‍ലാല്‍ പറഞ്ഞത് ഓര്‍മിയല്ലേ? 'അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞുകൊണ്ടു തന്നെയാണ് ഇക്കാലമത്രയും ആ സംഘടന നിലനിന്നതും നില്‍ക്കുന്നതെന്നുമുള്ള ഉത്തമബോധ്യം ഞങ്ങള്‍ക്കുണ്ടെന്ന്! ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണോ ഇരയായ ആ പെണ്‍കുട്ടിയെ പോലും വിചാരണ ചെയ്തത്? മാധ്യമങ്ങള്‍ എത്ര പറഞ്ഞാലും ഞങ്ങള്‍ അവള്‍ക്കൊപ്പം അല്ല എന്ന് സമ്മതിച്ചു തരില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. കിരാതമായ ആ ആക്രമണത്തെ കുറിച്ച് അറിഞ്ഞ നിമിഷത്തില്‍ തന്നെ ആ വേദന ഏറ്റുവാങ്ങി നടക്കുന്നവരാണ് സകല സിനിമാക്കാരും! അന്നുതൊട്ട് ഇന്നോളം ഞങ്ങള്‍ അവള്‍ക്കൊപ്പം തന്നെയാണെന്നും കൈയിലടിച്ച് സത്യമിടുന്നതുപോലെ പറഞ്ഞ മോഹന്‍ലാലിനോട് തന്നെയാണ് അവള്‍ക്കു വേണ്ടി സംസാരിക്കാന്‍ വന്നവര്‍ 40 മിനിട്ടോളം അതിനൊരവസരത്തിനായി കെഞ്ചിയത്. എഎംഎംഎയുടെ ജനാധിപത്യവും സ്ത്രീശാക്തീകരണവും എത്രത്തോളമുണ്ടെന്നു നാലഞ്ച് സ്ത്രീകള്‍ അവരുടെ അനുഭവത്തില്‍ നിന്നുകൊണ്ട് പറഞ്ഞപ്പോള്‍, അതേ കേട്ടിരുന്ന ഓരോ മലയാളിക്കും തോന്നിയത് തന്നെയാണ് അംബുജാക്ഷനും പറയുന്നത്; മോഹന്‍ലാല്‍ നിങ്ങള്‍ വലിയൊരു നുണയാണ്!

https://www.azhimukham.com/trending-i-have-to-do-more-no-time-to-waste/

Next Story

Related Stories