Top

അഭിമുഖം: എന്തായിരുന്നു ഒടിയനിലെ തന്റെ റോള്‍? സംവിധായകന്‍ എം പത്മകുമാര്‍ വെളിപ്പെടുത്തുന്നു

അഭിമുഖം: എന്തായിരുന്നു ഒടിയനിലെ തന്റെ റോള്‍? സംവിധായകന്‍ എം പത്മകുമാര്‍ വെളിപ്പെടുത്തുന്നു
മലയാള സിനിമയിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളായ സിനിമകളുടെ പിന്നണിയിലെ നിറസാന്നിധ്യമായിരുന്നു എം.പത്മകുമാർ. സഹസംവിധായകനായി പതിനാറോളം വർഷങ്ങൾക്കിടയിൽ മലയാളത്തിലെ ഒട്ടനവധി മികച്ച സംവിധായകരുടെ കൂടെ പ്രവർത്തിച്ചു തഴക്കം വന്നൊരാൾ. 'അമ്മക്കിളിക്കൂട്' എന്ന സിനിമയിലൂടെ 2003ൽ സ്വതന്ത്ര സംവിധായകനായതിന്‌ ശേഷം 2018 വരെ പതിനഞ്ചു സിനിമകൾ. ഇക്കാലയളവിൽ വാസ്തവം, വർഗം, ശിക്കാർ, ജലം പോലുളള നല്ല സിനിമകൾ ചെയ്തപ്പോഴും വലിയ വിജയങ്ങൾ പത്മകുമാറിൽ നിന്നും അകന്നു നിന്നു. ഇന്ന്‌ കേരളം മുഴുവൻ സംസാരിക്കുന്ന 'ജോസഫ്‌' എന്ന സിനിമയിലൂടെ ആ കുറവും നികത്തിയിരിക്കുകയാണ് പത്മകുമാർ. ജോസഫിനെ കുറിച്ചും തന്റെ സിനിമ കാഴ്ചപാടുകളെപ്പറ്റിയും മനസ്സ്‌ തുറക്കുകയാണ് പത്മകുമാർ.


സംവിധായകൻ ആയ ഈ 15 വർഷത്തിനിടയിൽ വലിയ താരങ്ങളെ ഒക്കെ വച്ചു സിനിമകൾ ചെയ്തു. പക്ഷേ കരിയറിലെ ഏറ്റവും വലിയ വിജയം നേടി തന്നത്‌ താരതമ്യേന ചെറിയ ബഡ്ജറ്റിൽ ചെയ്ത ജോസഫ് എന്ന ചെറിയ സിനിമയാണ്. എന്താണ്‌ ജോസഫിന്റെ വിജയത്തെ പറ്റി പറയാനുള്ളത്‌?

എല്ലാ സിനിമകളുടെയും ബാക്ക്ബോൺ എന്നത്‌ സ്ക്രിപ്റ്റ് ആണ്‌. നമ്മൾ എപ്പോഴും പ്രാർത്ഥിക്കുന്നത് നല്ല സ്ക്രിപ്റ്റ് കിട്ടാനാണ്. ഒരുപാട്‌ തിരക്കഥകൾ വായിക്കാറുണ്ട്. അതിൽ നല്ലത്‌ തിരഞ്ഞെടുത്താണ് സിനിമ ചെയ്യാറ്. 100% പെർഫെക്റ്റ് ആയിട്ടൊരു സ്ക്രിപ്റ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ട്‌ ആണ്‌. ഒരുവിധം തരക്കേടില്ലാത്ത തിരക്കഥ സ്വീകരിക്കും. അതിൽ ആവശ്യമുള്ള മാറ്റങ്ങൾ ഒക്കെ വരുത്തിയിട്ട് ഇതാണ്‌ ശരി എന്ന്‌ സ്വയം ബോധ്യപ്പെട്ടതിന് ശേഷം ആണ്‌ ഷൂട്ട് ചെയ്യുന്നത്‌. പക്ഷേ നമുക്ക്‌ ശരി എന്ന്‌ തോന്നുന്നത്‌ പ്രേക്ഷകർക്ക്‌ ശരിയാവണമെന്നില്ല. നമ്മുടെ ചിന്താരീതിയും പ്രേക്ഷകന്റെ ചിന്താരീതിയും ഒരെ തരത്തിൽ വരുമ്പോഴാണ് സിനിമ വിജയിക്കുന്നത്. അങ്ങനെ കിട്ടിയ ഒരു തിരക്കഥ ആണ്‌ ജോസഫിന്റേത്. തിരക്കഥ വായിക്കുമ്പോൾ നമ്മുക്ക്‌ കിട്ടുന്ന ഒരു എക്സൈറ്റ്മെന്റ് ഉണ്ട്, അതുണ്ടെങ്കിൽ അറിയാം ഇത്‌ ഒരു നല്ല സിനിമ ആയിരിക്കും എന്ന്‌. അങ്ങനെ ഒറ്റവായനയിൽ എന്നില്‍ എക്സൈറ്റ്മെന്റ് ഉണ്ടാക്കിയ തിരക്കഥയാണ് ജോസഫിന്‍റേത്.

ജോസഫ് പോലുള്ള സിനിമകളുടെ വിജയം വലിയ താരങ്ങളോ കെട്ടുകാഴ്ചകളോ വേണ്ട ഒരു നല്ല സിനിമ സൃഷ്ടിക്കുന്നതിന് എന്നതിന് ആക്കം കൂട്ടുകയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നു ഈ മാറ്റത്തിനെ?

ഇത്‌ ശരിക്കും പ്രേക്ഷകരുടെ മാറ്റം ആണ്‌. നമ്മൾ സിനിമ ചെയ്യുന്നത്‌ ജനങ്ങൾക്ക് കാണാനാണ്‌, നമുക്ക്‌ കാണാനല്ല. ജനങ്ങൾ അംഗീകരിക്കുന്ന സിനിമകൾ എന്താണ് എന്നുള്ളതാണ് വിഷയം. അവർ ഇപ്പോ ചില പ്രത്യേക സിനിമകളെ കാണൂ എന്ന് വാശി പിടിച്ചാ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. നല്ല സിനിമകൾ ഉണ്ടാവണം എങ്കിൽ അവർ തന്നെ വിചാരിക്കണം. നല്ല സിനിമകളെ അവരും പ്രോത്സാഹിപ്പിക്കണം. നല്ല സിനിമകൾ ഓടുകയും മോശം സിനിമകൾ പരാജയപ്പെട്ടാലും മാത്രമെ നല്ല സിനിമകൾ ചെയ്യാൻ നമുക്കെല്ലാവർക്കും ആവേശം ഉണ്ടാവൂ. എല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. ആളുകൾ അങ്ങനെ വ്യത്യസ്തമായ കഥപറച്ചിലുകൾ സ്വീകരിക്കാൻ തയ്യാറാവുന്നത് കൊണ്ടാണ്‌ അത്തരം ചിന്തകൾ നമുക്കും ധൈര്യം തരുന്നത്. ജോസഫ്‌ എന്ന്‌ പറഞ്ഞാൽ അത്തരത്തിലൊരു ധൈര്യമാണ്‌.

https://www.azhimukham.com/trending-cinema-joju-goerge-performance-joseph-movie-brilliant-gireesh-writes/

ജോസഫിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ കുറിച്ച്?

ഒരു ഡോക്ടർ മാത്രമാണ്‌ അത്തരത്തിൽ ഒരു എതിരഭിപ്രായം പറഞ്ഞത്‌. പുറത്തു വന്നത്‌ പക്ഷേ IMA ഇതിനെ എതിർക്കുന്നു എന്നാണ്‌.
അത്തരത്തിൽ ഒന്നുമുണ്ടായിരുന്നില്ല. ഒരാളുടെ സ്വന്തമായ ഒരു അഭിപ്രായപ്രകടനം മാത്രമാണത്. അതിന്‌ വളരെ വ്യക്തമായ മറുപടി ഞാൻ പറഞ്ഞിട്ടുണ്ട്. സിനിമയിൽ നമ്മൾ കാണിച്ചിട്ടുള്ളത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്‌. അതിനേക്കാൾ എത്രയോ ഭീകരമായ പ്രശ്നങ്ങളും തോന്നിവാസങ്ങളും അഴിമതിയും ഒക്കെ നടക്കുന്ന രംഗമാണ്‌ മെഡിക്കൽ ഫീൽഡ്. ഒട്ടേറെ നല്ല കാര്യങ്ങളും അവിടെ നടക്കുന്നുണ്ട്‌, പക്ഷേ നല്ലതിനെ മുതലെടുക്കുന്ന ഒരു തെറ്റായ രീതി അവിടെ ഉണ്ട്‌. അത്‌ സിനിമയിലും രാഷ്ട്രീയത്തിലും സർക്കാർ സ്ഥാപനങ്ങളിലുമൊക്കെയുണ്ട്. എന്നാൽ മെഡിക്കൽ രംഗത്ത് അങ്ങനെ ഒന്നുമില്ല, അവിടം പൂർണ്ണമായി സംശുദ്ധമാണ്‌, ആരുടെ കയ്യിലും കറ ഇല്ല എന്നൊക്കെ പറയുന്നത്‌ വങ്കത്തരമാണ്. ജോസഫ് ഒരു തട്ടിപ്പ് സിനിമ ആണെന്നൊക്കെ ആണ്‌ അവർ പറയുന്നത്‌. മെഡിക്കൽ രംഗത്ത് നടക്കുന്ന അത്ര തട്ടിപ്പ്‌ ലോകത്ത് വേറെ എവിടെയും നടക്കുന്നില്ല. അതുകൊണ്ട് സിനിമയിലെ തട്ടിപ്പിനെ പറ്റി ഡോക്ടർമാർ സംസാരിക്കരുത്. അവർക്ക്‌ അതിനുളള അവകാശം ഇല്ല.

ജോസഫ്‌ എന്ന സിനിമയ്ക്ക് ഇടയ്ക്ക് വച്ച് നിർമ്മാതാവ്‌ മാറുകയും പിന്നീട്‌ ജോജു അത്‌ ഏറ്റെടുക്കുകയും ആയിരുന്നു എന്ന്‌ കേട്ടു. ചെറിയ സിനിമകൾ ലോകശ്രദ്ധ നേടുന്ന ഈ കാലത്തും ജോസഫ് പോലുളള സിനിമകൾ ഏറ്റെടുക്കാൻ പല നിർമാതാക്കളും ഇന്നും തയാറാവുന്നില്ല എന്നുതല്ലേ യാഥാര്‍ഥ്യം?

ജോസഫ് പോലുളള സിനിമകൾ ഇറങ്ങി കഴിയുമ്പോൾ മാത്രമാണ്‌ അതിന്റെ വില ആളുകൾക്ക്‌ മനസ്സിലാകുക. അതിന്‌ മുൻപ്‌ വരെ അതോടുന്ന സിനിമ ആയിരിക്കുമോ, പ്രോപ്പർ ആയിട്ടൊരു വിതരണക്കാർ വരുമോ, നല്ല തീയേറ്റേഴ്സ് കിട്ടുമോ എന്നൊക്കെ ഉള്ള പേടി ഉള്ളത്‌ കൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്‌. വലിയ താരമൂല്യമുള്ള ഒരു നടൻ അല്ല ഇതിലെ നായകൻ. കഥ എന്താണെന്ന്‌ എന്നൊന്നും ആളുകൾക്ക്‌ ഒരു ഐഡിയയും ഇല്ല. അതുകൊണ്ടാണ് നിർമ്മാതാക്കൾ മടിക്കുന്നത്. ഇപ്പോ എന്തായാലും അവർക്കൊക്കെ മനസ്സിലായിക്കാണും. അതുകൊണ്ട് ഇനിയുള്ള സിനിമകൾക്ക്‌ അത്തരം പ്രശ്‌നങ്ങൾ ഉണ്ടാവില്ല എന്ന്‌ വിശ്വസിക്കാം.

താങ്കളുടെ കരിയർ എടുത്തു നോക്കിയാൽ കൂടുതലും കൈകാര്യം ചെയ്തിരിക്കുന്നത്‌ സീരിയസ് വിഷയങ്ങൾ ആണ്‌. വളരെ സങ്കീർണമായ കഥകളും കഥപറച്ചിലുകളും ആണ്‌. എന്തുകൊണ്ടാണ്‌ ലളിതമായ വിഷയങ്ങൾ പറയാൻ ശ്രമിക്കാത്തത്?

https://www.azhimukham.com/trending-facebook-diary-joseph-movie-unscientific-thoughts-injecting-to-society-dr-nursulphi-writes/

ഹ്യൂമർ സബ്ജെക്റ്റുകൾ കേൾക്കുമ്പോ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടാവും. പക്ഷേ ഒരു പേടി തോന്നും. നമുക്ക്‌ കിട്ടുന്ന ഒരു തിരക്കഥയെ അതിനും മുകളിൽ ഒരു തലത്തിലേക്ക് എത്തിക്കുന്നവരാണ് സംവിധായകർ. പ്രേക്ഷകരിലേക്ക്‌ ആ കഥയെ കുറേക്കൂടി അടുപ്പിക്കുകയാണ് സംവിധായകന്റെ ഉത്തരവാദിത്തം. ഷാഫിയെ പോലെയുള്ള സംവിധായകർക്ക് ഹ്യൂമർ പറയാൻ പറ്റുന്നത് പോലെ എനിക്ക്‌ കഴിയില്ല. അതേസമയം ജോസഫ് പോലുളള വിഷയങ്ങൾ ആകുമ്പോൾ എനിക്ക്‌ ഒരു ധൈര്യം ആണ്‌.

കനൽ കഴിഞ്ഞിട്ട് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോസഫ്‌ വരുന്നത്‌. ഈ ഇടവേളകൾ ബോധപൂർവ്വം ആണോ?

നമ്മളെ എക്സൈറ്റ് ചെയ്യിക്കുന്ന തിരക്കഥകൾ ലഭിക്കാത്തത് കൊണ്ടാണ് ഈ ഗ്യാപ്പ് സംഭവിക്കുന്നത്. ഇതിനിടക്ക്‌ ഞാൻ കുറേ കഥകൾ കേട്ടു, ചെയ്യാമെന്ന് സമ്മതിച്ചു, പലതും ഷൂട്ടിങ്ങിന്റെ അടുത്ത് വരെയെത്തി. ആദ്യം കിട്ടിയ എക്സൈറ്റ്മെന്റ് പിന്നീട്‌ നഷ്ടപെട്ടപ്പോഴാണ് ആ കഥകൾ ഒക്കെ ഡ്രോപ്പ് ചെയ്‌തത്‌.

ഒടിയൻ എന്ന സിനിമയിൽ പത്മകുമാറിന്റെ സാന്നിധ്യം ഉണ്ടെന്ന്‌ കേട്ട നാൾ മുതൽ പലതരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ടായിരുന്നു. ശരിക്കും എന്താണ്‌ താങ്കളുടെ റോൾ ഒടിയനിൽ?


ഒടിയൻ തീർച്ചയായും മലയാളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടാൻ പോകുന്ന ഒരു മാസ് സിനിമ ആയിരിക്കും. മോഹൻലാൽ എന്ന നടനെ പരമാവധി ഉപയോഗിച്ചിട്ടുള്ള ഒരു സിനിമ ആയിരിക്കും ഒടിയൻ. അതിൽ എന്റെ റോൾ എന്താണ് എന്നുചോദിച്ചാൽ അതിന്റെ ഷൂട്ടിന്‌ വേണ്ടിയുളള കാര്യങ്ങൾ അറേഞ്ച് ചെയ്യുക എന്നത്‌ മാത്രമായിരുന്നു. ഒടിയന്റെ ക്രീയേറ്റീവ് സൈഡിൽ എങ്ങും എന്റെ ഒരു ആവിശ്യം ഇല്ലായിരുന്നു. കാരണം ശ്രീകുമാർ മേനോൻ എന്ന സംവിധായകന് അദ്ദേഹത്തിന്റെ സിനിമയെ പറ്റി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. കൂടാതെ ഷാജി എന്ന മലയാളത്തിലെ ഏറ്റവും നല്ല ക്യാമറാമാൻ ഉണ്ട്‌. പീറ്റർ ഹെയ്ൻ എന്ന കലക്കൻ ആക്ഷൻ കോറിയോഗ്രാഫർ ഉണ്ട്‌. ഇവരൊക്കെയുള്ള സ്ഥിതിക്ക്‌ എനിക്ക്‌ ആ സിനിമയിൽ ചെയ്യാൻ ഒന്നുമില്ല. എന്റെ ജോലി കോർഡിനേറ്റ് ചെയ്യുക എന്നതായിരുന്നു, അതായത് ചാർട്ട് ചെയ്യുക. വലിയ സിനിമ ആയതിനാൽ ചാർട്ട് പെട്ടെന്ന് മാറാം. അങ്ങനെ മാറുമ്പോഴുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവരെ സഹായിക്കുക; അതായിരുന്നു ഒടിയനിലെ എന്റെ റോൾ.

മലയാളത്തിലെ മറ്റൊരു സംവിധായകനും സ്വന്തം സിനിമ ചെയ്തിട്ടും പിന്നെ മറ്റൊരാളുടെ കൂടെ അസോസിയേറ്റ് ആയി പോയിട്ടില്ല. പക്ഷേ താങ്കള്‍ പിന്നെയും രഞ്ജിത് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം?

കുറേ ആൾക്കാർ ഈ ചോദ്യം എന്നോട് ചോദിച്ചിട്ടുണ്ട്. സംവിധായകനായതിന്‌ ശേഷം അസോസിയേറ്റ് ആയി പോകുന്നത്‌ എന്തിനാണ്‌ എന്ന്‌. ഈ അസോസിയേറ്റ് ഡയറക്ടർ എന്നത്‌ ഒരു മോശം പണിയായി എനിക്ക്‌ തോന്നിയിട്ടില്ല. അത്‌ വളരെ ചലഞ്ചിങ് ആയിട്ടൊരു ജോലി ആണ്‌. എല്ലാവർക്കും പറ്റുന്ന ഒരു പണി അല്ല. ഞാൻ രഞ്ജിയുടെ കൂടെ മാത്രമല്ല ആരുടെ കൂടെ വേണേലും വർക് ചെയ്യാൻ തയ്യാറാണ്. ടീം നല്ലതായിരിക്കണം എന്നേയുള്ളൂ. രഞ്ജിയുടെ കൂടെ സിനിമ ചെയ്യുമ്പോ ഞങ്ങൾ തമ്മിൽ ഡയറക്ടർ,അസോസിയേറ്റ് ഡയറക്ടർ എന്ന വ്യത്യാസം ഇല്ല. ഞങ്ങൾ ഒന്നിച്ചു ഇരിക്കുന്നു, സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഒരു വേർതിരിവ് ഉണ്ടായിട്ടില്ല. എനിക്ക്‌ സിനിമ ചെയ്യാനാണ് ഇഷ്‌ടം. ശിക്കാറും പ്രാഞ്ചിയേട്ടനും ഒരേസമയം ആയിരുന്നു ഷൂട്ട്. ശിക്കാറിന്റെ ഷൂട്ട് കഴിഞ്ഞ സമയത്ത് ഞാൻ പ്രാഞ്ചിയേട്ടനിൽ പോയി വർക്ക് ചെയ്തിട്ടുണ്ട്. അതൊക്കെ സൗഹൃദത്തിന്റെ പേരിലും അതിനേക്കാളും മുകളിൽ സിനിമയൊടുള്ള ആവേശം കൊണ്ടുമാണ്.

ഹരിഹരൻ സാറിന്റെ സഹായി ആയാണ് കരിയർ തുടങ്ങുന്നത്‌. പിന്നീട് ഐ വി ശശി, ഷാജി കൈലാസ്, ജോഷി, രഞ്ജിത് എന്നിവരോടൊപ്പം ഒക്കെ പ്രവർത്തിക്കാൻ കഴിഞ്ഞു. എന്താണ്‌ ആ ഒരു അനുഭവസമ്പത്തിനെ പറ്റി പറയാനുള്ളത്?

എന്റെ ഒരു മഹാഭാഗ്യം ആണ് ഇവരോടൊക്കെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത്‌. ഹരിഹരൻ സർ എന്ന്‌ പറഞ്ഞാൽ ശരിക്കും ഒരു ക്യാപ്റ്റൻ ആണ്‌. ഒരു സംവിധായകൻ എങ്ങനെ ആവണം എന്ന് നമുക്ക്‌ പഠിക്കാം അദ്ദേഹത്തിൽ നിന്ന്‌. ശശിയേട്ടന്റെ സിനിമയോടുളള ആവേശം ഭയങ്കരമാണ്. ഓരോ സിനിമ ചെയ്യുമ്പോഴും ആദ്യ സിനിമ ചെയ്യുന്ന പോലെയാണ്. സെറ്റിൽ ആദ്യം എത്തുന്നതും അദ്ദേഹം ആയിരിക്കും. അതുപോലെ ഫ്രെയിമിൽ എത്ര ആൾക്കാരെ നിർത്താനും അദ്ദേഹത്തിന്‌ ഒരു മടിയും ഇല്ലായിരുന്നു. ഷാജി കൈലാസിന്റെ ഷോട്ട്സ്‌ എടുക്കുന്ന മികവ്‌ നമ്മളെ അമ്പരപ്പിക്കും. നമ്മൾ വിചാരിക്കാത്ത തരം ആംഗിൾസും ഷോട്ട്സും ഒക്കെ കണ്ടുപിടിച്ചു കളയും അദ്ദേഹം. രഞ്ജിയുടെ കാര്യത്തിൽ നമുക്ക്‌ തിരകഥയെ പറ്റി ഒരു ടെൻഷനും വേണ്ട. ശക്തമായ തിരക്കഥയുടെ സഹായം ഉള്ളതുകൊണ്ട് അത്‌ ചിത്രീകരിക്കുന്നതിൽ നമുക്ക്‌ ഒരു ടെൻഷൻ വേണ്ട. ഇവരെല്ലാവരും എനിക്ക്‌ പാഠങ്ങൾ തന്നിട്ടുണ്ട്. പക്ഷേ അവരെ അനുകരിക്കാൻ ഞാൻ ശ്രമിക്കാറില്ല. ഒരു സംവിധായകന്‌ ആരുടെയും സ്വാധീനം ഉണ്ടാവരുതെന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാൻ.

സോഷ്യൽ മീഡിയയുടെ സഹായം ശരിക്കും ഇന്ന്‌ മലയാള സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. ജോസഫിന്റെ വിജയത്തിലും സോഷ്യൽ മീഡിയയ്ക്ക് നല്ല പങ്കില്ലേ?

തീർച്ചയായും. സോഷ്യൽ മീഡിയാസിനോട് വലിയ കടപ്പാടുണ്ട്‌. സിനിമ മോശമാണേൽ ഇതേ സോഷ്യൽ മീഡിയ തന്നെ അതിനെ വലിച്ചു കീറും. മറിച്ചു നല്ല സിനിമയാണേൽ പൂർണ്ണമായി പിന്തുണക്കുകയും ചെയ്യാറുണ്ട്.

കഴിഞ്ഞ വർഷം അറബിക്കടലിന്റെ റാണി - ദി മെട്രോ വുമൺ എന്ന ഒരു പ്രൊജക്റ്റ് പ്രഖ്യാപിച്ചിരുന്നു. പിന്നീട്‌ അതിനെ പറ്റി ഒന്നും പറഞ്ഞു കേട്ടില്ല. ആ സിനിമ ഇനി ഉണ്ടാവുമോ?


ഇല്ല. അത്‌ നടന്നില്ല. അതിനകത്ത് കുറച്ചു പ്രാക്ടിക്കൽ ഇഷ്യൂസ് ഉണ്ട്‌. മെട്രോയിൽ വച്ചിട്ടാണ് അത്‌ ഷൂട്ട് ചെയ്യാനിരുന്നത്. അതിന്റെ ഒരു ഉൽഘാടനസമയത്തായിരുന്നു ക്ലൈമാക്സ് പ്ലാൻ ചെയ്തിരുന്നത്. ഇപ്പോ അതിന്റെ പ്രസക്തി എത്രത്തോളം ഉണ്ടെന്ന്‌ സംശയമുണ്ട്. അതുകൊണ്ട്‌ ആ സിനിമ ഞങ്ങൾ ഉപേക്ഷിച്ചു.

https://www.azhimukham.com/cinema-mohanlal-starred-odiyan-movie-directed-by-shrikumar-menon-review-by-aparna/

Next Story

Related Stories