TopTop
Begin typing your search above and press return to search.

വിമന്‍ കളക്ടീവ്; വെറും 18 പേര്‍ എന്ന പരിഹാസത്തെ അവഗണിക്കാം, പക്ഷേ ഈ സംശയങ്ങളോ?

വിമന്‍ കളക്ടീവ്; വെറും 18 പേര്‍ എന്ന പരിഹാസത്തെ അവഗണിക്കാം, പക്ഷേ ഈ സംശയങ്ങളോ?

വിമന്‍ ഇന്‍ സിനിമ കളക്ടീവ്; മലയാള സിനിമയിലെ ആദ്യ വനിത സംഘടന. അതിന്റെ രൂപീകരണത്തിനുള്ള കാരണവും ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളും അതിനു കിട്ടിയ ബഹുജന പിന്തണയും എല്ലാം പലവട്ടം വാര്‍ത്തകളായിട്ടുണ്ട്. ഇന്ത്യന്‍ സിനിമാലോകത്ത് സ്ത്രീകള്‍ മാത്രമായുള്ള ഒരു ചലച്ചിത്രപ്രവര്‍ത്തക കൂട്ടായ്മ ഡബ്ല്യുസിസി എന്നു ചുരുക്കപ്പേരിലറിയപ്പെടുന്ന വിമന്‍ എന്‍ സിനിമ കളക്ടീവ് ആയിരുന്നു. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ബീനപോള്‍, ദിദീ ദാമോദരന്‍, സജിത മഠത്തില്‍, രമ്യ നമ്പീശന്‍, അഞ്ജലി മേനോന്‍, സയനോര തുടങ്ങി സിനിമയുടെ വിവിധ വശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ചേര്‍ന്നായിരുന്നു വിമന്‍ കളക്ടീവ് രൂപകരിക്കുന്നത്.

തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരു നടി കേട്ടുകേള്‍വിയില്ലാത്ത വിധം ലൈംഗികമായി ആക്രമിക്കപ്പെട്ടപ്പോള്‍, അതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് പറഞ്ഞു മഞ്ജു വാര്യര്‍ പരസ്യമായി രംഗത്തു വരുന്നതോടു കൂടിയാണ്, മലയാള സിനിമയിലെ ആണ്‍ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടും സഹപ്രര്‍ത്തകയായിട്ടു പോലും ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പം നില്‍ക്കാതെ, പ്രതിയെന്നു പറയുന്നയാള്‍ക്ക് പിന്തുണ എന്ന നിലയിലേക്ക് സിനിമ സംഘടനകള്‍ മാറിയതിനെതിരേയും ഒരു മറുശക്തിയായി വിമന്‍ കളക്ടീവ് രൂപപ്പെടുന്നത്. അന്നത്തെ സാഹചര്യത്തില്‍, സിനിമയില്‍ നിന്ന് കിട്ടിയ പിന്തുണ സംഘടനയ്ക്ക് തീരെ ചെറുതായിരുന്നുവെങ്കിലും പൊതുസമൂഹം ഒപ്പം നിന്നു.

http://www.azhimukham.com/dubbing-artist-bhagyalakshmi-clarification-on-women-in-cinema-collective/

എന്നാല്‍ ഇതേ സംഘടനയ്‌ക്കെതിരേ സിനിമയ്ക്കു പുറത്തുള്ള, മുമ്പ് പിന്തുണച്ചവര്‍ക്കിടയില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട് എന്നത് ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ടോ? ഒരു പ്രത്യേക കാര്യത്തിനു മാത്രമായി രൂപീകരിച്ചതാണോ വിമന്‍ കളക്ടീവെന്നും സ്ത്രീകള്‍ക്കു വേണ്ടിയെന്നു പറഞ്ഞിട്ട് ഒരാള്‍ക്കൊപ്പം മാത്രം നില്‍ക്കുകയും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്നത് ശരിയാണോ എന്നുമുള്ള ചോദ്യങ്ങള്‍ എന്തുകൊണ്ട് ഉയരുന്നുവെന്ന് ആലോചിക്കുന്നുണ്ടോ? ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അവഗണിച്ചതിനനെതിരേ പ്രതിഷേധിക്കുമ്പോള്‍, ചലച്ചിത്ര അക്കാദമി മാത്രമല്ല വിമന്‍ കളക്ടീവും വിമര്‍ശിക്കപ്പെടുന്നുണ്ട്. 'ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത് വനിത കളക്ടീവിലേക്ക് എന്നെ ചേര്‍ത്തിരുന്നു. എന്റെ അറിവില്‍, അതിലെ രണ്ടോ മൂന്നോ പേരുണ്ട് മേളയുടെ സംഘാടനത്തില്‍. അവര്‍ എന്റെ കാര്യം അവിടെ ചൂണ്ടി കാണിച്ചോ എന്നറിയില്ല. ഇത്തരത്തില്‍ ഇരയാക്കപെടുന്നവര്‍ക്ക് വേണ്ടി ഇനി പുതിയൊരു സംഘടന വേണ്ടി വരുമോ,' എന്നു സുരഭി നിരാശയോടെ ചോദിക്കുമ്പോള്‍, അതുണ്ടാക്കുന്നത് പൊതുസമൂഹത്തിനിടയില്‍ ഡബ്ല്യുസിസിക്കെതിരേയുള്ള വികാരമാണ്. 'സ്ത്രീകളുടെ അന്തസ്സിനു വേണ്ടി നിലകൊള്ളുന്നവര്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കിയവരാണ് ഞങ്ങളെ പോലുള്ള സാധാരണ പ്രേക്ഷകര്‍. സുരഭിയെ അംഗീകരിക്കുവാന്‍ ഒപ്പം നിന്നിരുന്നുവെങ്കില്‍ ഡബ്ല്യുസിസിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് അത് വിശ്വാസ്യത കൂട്ടുകയേ ഉണ്ടാകുമായിരുന്നുള്ളു. ദിലീപിനും രാമലീലക്കും വേണ്ടി ശബ്ദമുയര്‍ത്തിയവരോ, ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ചാനലുകളില്‍ ദിവസങ്ങളോളം സംസാരിച്ചവരോ ഒരു വാക്കുരിയാടാന്‍ തയ്യാറായില്ല' എന്ന് എഴുത്തുകാരി ശാരദക്കുട്ടി പറയുമ്പോഴും ആ നിരാശയും ഡബ്ല്യുസിസിക്കെതിരേയുള്ള വികാരമായാണ് മാറുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കാണിച്ച ആര്‍ജ്ജവും ആത്മാര്‍ത്ഥയും മറ്റൊന്നിലും മറ്റാരുടെയും കാര്യത്തില്‍ കാണിക്കാതിരിക്കുമ്പോള്‍, ഏതെങ്കിലുമൊരു സ്വാര്‍ത്ഥലക്ഷ്യത്തോടെയോ, വൈരാഗ്യബുദ്ധിയോടെയോ രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണിതെന്ന് തോന്നിപ്പോവുകയാണെന്നു സോഷ്യല്‍ മീഡിയയില്‍ നിന്നു വായിക്കേണ്ടി വരുമ്പോള്‍, അടിസ്ഥാനമില്ലാത്ത ആരോപണമാണെങ്കിലും അതിനു പ്രചാരം കിട്ടുന്നത് ഗുണമല്ല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനുശേഷം മലയാള സിനിമയില്‍ ഒരു സ്ത്രീക്കും ദുരനുഭവം ഉണ്ടായിട്ടേയില്ലെന്നാണോ വിമന്‍ കളക്ടീവിന്റെ മൗനം കാണുമ്പോള്‍ വിശ്വസിക്കേണ്ടതെന്ന പരിഹാസവുമുണ്ട്. സത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന ഏതൊരു പ്രവര്‍ത്തിയും അത്, മലയാളമെന്നോ തമിഴെന്നോ ഇന്ത്യന്‍ സിനിമയെന്നോ ലോകസിനിമയെന്നോ വ്യത്യാസമില്ലാതെ കണ്ട് പ്രതികരിക്കാനും നീതിയാവശ്യപ്പെടാനും എന്തുകൊണ്ട് സംഘടനയ്ക്ക് കഴിയുന്നില്ലെന്നാണ് മറ്റൊരു ചോദ്യം. സെലിബ്രിറ്റികളായ സംഘടനഭാരവാഹികള്‍ തെരുവിലിറങ്ങി പ്രകടനം നടത്തണമെന്നല്ല പറയുന്നതെന്നും ഏറ്റവും ചുരുങ്ങിയത് വിമന്‍ കളക്ടീവിന്റെ പേരില്‍ രൂപീകരിച്ച ഫെയ്‌സ്ബുക്ക് പേജിലൂടെയെങ്കിലും ഇത്തരം പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്താന്‍ കഴിയില്ലേയെന്നുമാണ് ചോദിക്കുന്നത്.

http://www.azhimukham.com/film-all-women-are-safe-in-cinema-question-against-actresses-who-criticize-wcc/

ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ പുതിയ കവര്‍ ഫോട്ടോ പോലും പലര്‍ക്കും പരിഹസിക്കാനുള്ള കാരണമാക്കിയിട്ടുണ്ട്. അവരുടെ ചിന്തകളും താത്പര്യങ്ങളും എങ്ങനെയാണ് സഞ്ചരിക്കുന്നതെന്ന് മനസിലാക്കി, അവര്‍ ഉയര്‍ത്തുന്ന പരിഹാസങ്ങളും വിമര്‍ശനങ്ങളും അവഗണിക്കാം. വെറും പതിനെട്ട് പേരുടെ സംഘടനയെന്ന് നടി ലക്ഷ്മി പ്രിയ തന്നെ ഒരിക്കല്‍ പരിഹസിച്ചിട്ടുണ്ട്. 18 പേരല്ല മലയാള സിനിമയില്‍ ആകെയുള്ള സ്ത്രീകളെന്നും ബഹുഭൂരിപക്ഷവും എന്തുകൊണ്ട് ആ സംഘടനയില്‍ ചേരുന്നില്ലെന്നതിന്റെ കാരണമോര്‍ക്കണമെന്നുമുള്ള പരോക്ഷ വിമര്‍ശനവും വിമന്‍ കളക്ടീവിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. തങ്ങളെല്ലാം സുരക്ഷിതരാണെന്നും മോശം അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി മറ്റു ചില നായിക നടിമാരും വിമന്‍ കളക്ടീവ് എന്ന ആവശ്യത്തെ നിരാകരിച്ചിട്ടുമുണ്ട്. ഇക്കൂട്ടരുടെയെല്ലാം നിലപാടുകളെയും ചോദ്യം ചെയ്യലുകളെയും നിലനില്‍പ്പിന്റെ തന്ത്രങ്ങളായി കണ്ടാലും, ഒരു വര്‍ഷത്തിനടുത്തായി രൂപീകരിക്കപ്പെട്ട ഒരു സംഘടനയില്‍ ആദ്യത്തെ 18 പേര്‍ മാത്രമെ ഇപ്പോഴും ഉള്ളോ എന്ന സംശയം ആര്‍ക്കെതിരേയാണ് വിരല്‍ ചൂണ്ടുന്നത്. തങ്ങളോട് പറഞ്ഞിട്ടും അറിയിച്ചിട്ടുമില്ലെന്നു പറഞ്ഞ് മാറി നില്‍ക്കുന്നവര്‍ക്കും, തങ്ങള്‍ക്കിങ്ങനെയൊരു സംഘടനയുടെ ആവശ്യമില്ലെന്ന നിലപാടെടുക്കന്നവര്‍ക്കും നേരെയോ, അതോ ഇപ്പോഴുള്ളവരേക്കാള്‍ കൂടുതലായി ഒരാളെപോലും വിശ്വാസത്തിലെടുക്കാന്‍ ഡബ്ല്യുസിസിക്ക് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപത്തിനു നേരേയോ?

പതിനെട്ട് പേര്‍ മാത്രമേ ഉള്ളൂ എന്നത് ഒരിക്കലുമൊരു പരാജയമോ അപാകതയോ അല്ല ഒരു സംഘടനയെ സംബന്ധിച്ച്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ വേദിയില്‍ റിമയില്‍ നിന്നുണ്ടായ ആ ഒറ്റയാള്‍ പ്രകടനം മാത്രം മതി, ആളുകളുടെ എണ്ണത്തിലല്ല, ഉള്ളവരില്‍ പ്രകടമാകുന്ന ആര്‍ജ്ജവത്തിലാണ് ഒരു സംഘടനയുടെ കരുത്ത് എന്ന് മനസിലാക്കാന്‍. ഈ പതിനെട്ടുപേരില്‍ പലരും വ്യക്തിപരമായി തങ്ങളുടെ അഭിപ്രായങ്ങള്‍ ധീരമായി തന്നെ പലപ്പോഴും പ്രകടിപ്പിച്ചു കാണാറുമുണ്ട്. മലയാള സിനിമയിലെ അഭിനേതാക്കളില്‍ 99 ശതമാനത്തേയും അംഗങ്ങളാക്കി പ്രവര്‍ത്തിക്കുന്ന അമ്മ എന്ന സംഘടന, അതിന്റെ സ്വഭാവം വ്യക്തിമാക്കി കൊണ്ട് അതെത്രമേല്‍ ദുര്‍ബലമാണെന്ന് തെളിയിച്ചിട്ടുണ്ടല്ലോ! നടീനടന്മാരുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമെന്ന നിലയില്‍ രൂപീകരിക്കുകയും അടിസ്ഥാന ആശയത്തില്‍ നിന്നും വ്യതിചലിച്ച് സ്വാര്‍ത്ഥതാത്പര്യങ്ങളുടെ സംരക്ഷകരായി മാറുകയും ചെയ്തിടത്ത് ആള്‍ക്കൂട്ടത്തിന്റെ വലിപ്പത്തില്‍ ഒരു സംഘടനയേയും വിലയിരുത്തേണ്ടതില്ലെന്നും ഉറപ്പിച്ചു പറയാവുന്നതാണ്.

http://www.azhimukham.com/film-rima-kallingal-and-stand-on-actress-attack-case/

എന്നാല്‍ അവിടെയും ചോദ്യം, വിമന്‍ കളക്ടീവ് കാണിച്ച ആ ആര്‍ജ്ജവവും പ്രതിരോധവും ഒറ്റപ്പെട്ടൊരു കാര്യത്തിനു വേണ്ടി മാത്രമായിരുന്നോ എന്നാണ്. സിനിമയുടെ മുന്‍നിരയില്‍ തന്നെയുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ചൊരു സംഘടനയിലേക്ക് ഒരു ജൂനിയര്‍ താരം പോലും വരാതെ പോകുന്നതെന്തുകൊണ്ടാണെന്നതാണ്. ഭാഗ്യലക്ഷ്മിയില്‍ നിന്നുണ്ടായ ഈ പരാതി തന്നെ ഒന്നു ശ്രദ്ധിക്കൂ; ' ഈ സംഘടന രൂപീകരിച്ച വിവരം പോലും മാധ്യമങ്ങള്‍ വഴിയാണ് ഞാനറിയുന്നത്. അന്ന് മാധ്യമങ്ങള്‍ മുഴുവന്‍ എന്നെ വിളിച്ച് എന്തുകൊണ്ട് നിങ്ങളെ കണ്ടില്ല അവിടെ എന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നേ അന്നും ഇന്നും ഞാന്‍ പറയുന്നുളളു. എന്നെ അറിയിക്കേണ്ട കാര്യവുമില്ല. ആ നിമിഷവും ഈ സംഘടനയിലെ ഒരു വ്യക്തി എന്റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. പക്ഷേ സംഘടന രൂപീകരിച്ച ദിവസവും അതിന്റെ തലേന്നും നടന്ന സൗഹൃദ സംഭാഷണത്തില്‍ ഈ സംഘടനയിലെ അംഗങ്ങളായ എന്റെ ആത്മ സുഹൃത്തുക്കളെന്ന് ഞാന്‍ കരുതിയിരുന്ന നാല് പേരുടെ അഭിനയ പാടവം എന്നെ അത്ഭുതപ്പെടുത്തി, വേദനിപ്പിച്ചു എന്നത് നേര്..സുഹൃത്തുക്കളാവുമ്പോ നമ്മള്‍ വിളിച്ച് ചോദിക്കുമല്ലോ. അതിനവര്‍ തന്ന വിശദീകരണം നല്ല തമാശയായിരുന്നു. അത് ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല,.

ചിലരുടെ മാത്രം താത്പര്യപ്രകാരം രൂപീകരിക്കപ്പെട്ട ഒരു സംഘടന. ഇങ്ങനെയൊന്നിനായി നീങ്ങുമ്പോള്‍ അതിലേക്ക് പരമാവധി ആളുകളെ ക്ഷണിക്കണം എന്നു ചിന്തിക്കാതെ, അധികമാരും അറിയേണ്ട എന്ന തരത്തില്‍ രഹസ്യസ്വഭാവത്തോടെ ഒരു സംഘടന രൂപീകരിച്ചതാണ് ബഹുഭൂരിപക്ഷത്തേയും ഡബ്ല്യുസിസിയില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്നതെന്ന പരാതി, അത് സിനിമ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ ഉയര്‍ത്തുമ്പോള്‍ തങ്ങളാരെയും പ്രത്യേകമായി ക്ഷണിക്കുന്നില്ലെന്നും എല്ലാവര്‍ക്കും സ്വയം പങ്കാളിയാകാവുന്നതുമാണെന്ന ന്യായീകരണം എത്രമേല്‍ അംഗീകരിക്കപ്പെട്ടു എന്നിടത്താണ്, 18 എന്ന അംഗസംഖ്യ ഡബ്ല്യുസിസിക്കു നേരെയുള്ള മറുചോദ്യമാകുന്നത്.

ഒരു ചെറു വീഡിയോയില്‍ ഇപ്പോള്‍ സംഘടനയില്‍ ഉള്ളവരില്‍ ഭൂരിഭാഗം പേരും പ്രത്യക്ഷപ്പെട്ട് വിമന്‍ കളക്ടീവിനെ കുറിച്ച്, അതിന്റെ ആശയത്തേയും നിലപാടിനെയും ലക്ഷ്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. വ്യക്തമായി നിങ്ങളീ സംഘടനയെക്കുറിച്ച് പറയുമ്പോഴും, കാണാന്‍ ' ഭംഗിയുള്ള' ഒരു വീഡിയോ എന്നുമാത്രമായി ചിലരതിനെ നിസ്സാരവത്കരിക്കുകയാണ്. വേണമെങ്കില്‍ അവഗണിക്കാം, പക്ഷേ ഈ വഴിയില്‍ ഇതുവരെ എത്തിയ ദൂരമത്രയും പിന്നിട്ടത് ശരിയായ ചുവടുകളോടെ തന്നെയായിരുന്നോ എന്നൊരു ആത്മപരിശോധന, സ്വയം താഴലാകില്ല.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന നിലനില്‍ക്കേണ്ടതാണ്. വിമര്‍ശനങ്ങളും പരാതികളും എതിര്‍പ്പുകളും ഉണ്ടാകും, ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായി അതിനിയും തുടരും. ഈ 18 പേര്‍ തന്നെ മതി(കൂടുതല്‍ പേര്‍ വന്നാല്‍ സന്തോഷം). വിധേയപ്പെട്ടു നില്‍ക്കുന്ന സ്ത്രീകളെ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരുന്നൊരു മേഖലയില്‍ നിന്ന് 18 പേരെങ്കിലും സധൈര്യം മുന്നിട്ടറങ്ങി നിന്ന് വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്ന് പറയുന്നത് എത്രമേല്‍ അഭിമാനകരമാണ്. നിങ്ങള്‍ക്കൊപ്പം സമൂഹമുണ്ട്, പക്ഷേ നിങ്ങള്‍, നിങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കുള്ളില്‍ ഇനിയും സംശയങ്ങള്‍ക്കിടയുണ്ടാക്കരുത്.

http://www.azhimukham.com/film-after-anna-reshma-rajan-mammootty-fans-attack-rima-kallingal-with-abusive-words/


Next Story

Related Stories