TopTop
Begin typing your search above and press return to search.

വിമന്‍ കളക്ടീവ്; നട്ടെല്ലുള്ള സ്ത്രീകളെ സിനിമയിലെ വന്‍മരങ്ങള്‍ ഭയപ്പെടുന്നുണ്ട്, ഈ തെറിവിളികള്‍ അതുകൊണ്ടാണ്

വിമന്‍ കളക്ടീവ്; നട്ടെല്ലുള്ള സ്ത്രീകളെ സിനിമയിലെ വന്‍മരങ്ങള്‍ ഭയപ്പെടുന്നുണ്ട്, ഈ തെറിവിളികള്‍ അതുകൊണ്ടാണ്
ഒരു കാലത്തു സ്ഥിരം നന്മമരങ്ങളെ മാത്രം അവതരിപ്പിച്ചുകൊണ്ടിരുന്ന മമ്മൂട്ടി ഒരു വഷളന്‍ പോലീസുകാരനെ ചെയ്യാനുള്ള സന്നദ്ധത കാണിച്ചു എന്നത് ഒരുപക്ഷെ നടനെന്ന നിലയില്‍ മമ്മൂട്ടി എന്‍ജോയ് ചെയ്തിരിക്കാം. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അതാണ് വലിയ കാര്യവും. അവനവനെ തൃപ്തിപ്പെടുത്തുക എന്നത്. പക്ഷെ അതിനര്‍ത്ഥം ആ സിനിമ മികച്ചതാണ് എന്നല്ല. കസബ നല്ല ഒന്നാന്തരം വള്‍ഗര്‍ പോണാണ് എന്നതില്‍ സംശയമുള്ള പാല്‍കുപ്പികളൊക്കെ ഇനി താഴോട്ടു വായിക്കണമെന്നില്ല. അതിന്റെ കുറ്റം വലിയൊരളവു വരെ മമ്മൂട്ടിക്കും ഷെയര്‍ ചെയ്യേണ്ടതായി വരും. കാരണം അദ്ദേഹമാണ് ആ സിനിമയുടെ മുഖം. 'തന്റേടിയായ' സഹപ്രവര്‍ത്തകയുടെ ഇടുപ്പില്‍ പിടിച്ചു അറുവഷളത്തരം പറഞ്ഞിട്ട് മാസ് ബീജിഎമ്മില്‍ മൂടും കുലുക്കി നടന്നു മറയുന്നൊരു ഹീറോയെ ആര് ചെയ്താലും അയാള്‍ക്ക് അതിന്റെ പഴി കേള്‍ക്കേണ്ടി വരും.

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നപോലെയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരെയുള്ള വിവാദങ്ങള്‍. അവര്‍ ദിലീപ് വിഷയത്തില്‍ ശക്തമായ നിലപാടെടുക്കുന്നത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഇവര്‍ ആരെടാ നമ്മുടെ താരങ്ങളുടെ നിലപാടുകളെ ചോദ്യം ചെയ്യാന്‍, ഇങ്ങനെ നാവാടാന്‍ ഇവര്‍ക്കാരെടാ ലൈസന്‍സ് കൊടുത്തത് എന്ന ചോദ്യങ്ങളായി പിന്നെ എങ്ങും.

ദിലീപ് വിഷയത്തോടെ മലയാള സിനിമയിലെ വന്‍ മരങ്ങളൊക്കെ ആടിയുലഞ്ഞു. അതോടെ സംഘടനയ്‌ക്കെതിരെയുള്ള പരോക്ഷമായ എതിര്‍പ്പും കൂടി. പിന്നീട് വിവാദമൊഴിഞ്ഞു നേരമുണ്ടായിട്ടില്ല. ശെടാ നട്ടെല്ലിനുറപ്പുള്ള കുറച്ചു സ്ത്രീകള്‍ അവരുടെ അഭിപ്രായവും കാഴ്ചപ്പാടും അനുഭവങ്ങളും തുറന്നു പറയുമ്പോള്‍ നിങ്ങളെന്തിനാണ് ഹേ ഇങ്ങനെ കിടന്നു വിറളി പിടിക്കുന്നത്. അവരിനി നിന്ന് തരില്ല എന്ന പേടിയുള്ളതുകൊണ്ടോ?

കഷ്ടം തോന്നുന്നൊരു കാര്യം ഇവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതും സ്ത്രീകളാണ് എന്നുള്ളതാണ്. നീചമായ ഭാഷയില്‍ വൃത്തികെട്ട ലാക്കില്‍ എഴുതപ്പെട്ട അറപ്പു തോന്നുന്ന എത്രയോ പോസ്റ്റുകള്‍ പതിനായിരക്കണക്കിന് ലൈക്കടിച്ചു പറന്നു നടപ്പുണ്ട്. അതിന്റെയൊക്കെ താഴെ തനിക്ക് പറയാന്‍ പറ്റാത്തതൊക്കെ പോസ്റ്റില്‍ കണ്ട നിര്‍വൃതിയിലെ ആള്‍ക്കൂട്ടങ്ങളുടെ കൈയടിയും കാണാം. കസബ എന്നൊരു ടോയിലറ്റ് റോള്‍ സിനിമയേക്കുറിച്ചു വളരെ മാന്യമായാണ് പാര്‍വതി പ്രതികരിച്ചത്. ആ സിനിമ അര്‍ഹിക്കുന്നതിലും സത്യത്തില്‍ എത്രയോ അധികം ബഹുമാനം അവര്‍ അതിനു നല്‍കിയിട്ടുണ്ട്. ഇക്കയെ കുറ്റം പറയുന്ന സ്ത്രീകളെ തെറി വിളിക്കാന്‍ മാത്രം മാളത്തില്‍ നിന്ന് പുറത്തു വരുന്ന വിഭാഗമായി മമ്മൂട്ടി ഫാന്‍സ് മാറിക്കഴിഞ്ഞോ എന്ന് സംശയം. കഴിഞ്ഞ തവണ ലിച്ചിയായിരുന്നു. ഇത്തവണ പാര്‍വതിയും ഗീതു മോഹന്‍ദാസും.

അതിനു കോപ്പു കൂട്ടിയത് ചില ഓണ്‍ലൈന്‍ മഞ്ഞകളും. ഏറ്റവും പ്രവോക് ചെയ്യുന്ന തലക്കെട്ട് തന്നെ നല്‍കി മനപ്പൂര്‍വ്വം ഫാന്‍സിനെ പര്‍വതിക്കെതിരെ ഇളക്കി വിട്ടു വര്‍ത്തകളുണ്ടാക്കി വയറ്റിപ്പിഴപ്പു നടത്തുന്ന തനി എരപ്പാളിത്തരം. ഡിഫന്‍ഡ് ചെയ്യാന്‍ ഇറങ്ങിയ പടമേതാണ് എന്ന് പോലും ഫാന്‍സുകാര്‍ ആലോചിച്ചു കാണില്ല. പെണ്ണിനെ എങ്ങനെയൊക്കെ അബ്യുസ് ചെയ്യാമോ അങ്ങനെയൊക്കെ ചെയ്തിട്ട് മൂടും കുലുക്കി താളം തെന്നി നടന്നുപോകുന്ന രാജന്‍ സക്കറിയ അശ്ലീലമല്ലെങ്കില്‍ പിന്നെന്തു തേങ്ങാപ്പിണ്ണാക്കാണ്?

ഈ ഫാന്‍ കള്‍ച്ചറിന്റെ എല്ലാ കുറ്റവും താരങ്ങളില്‍ ഇടുന്നതും തെറ്റാണ്. ലോകത്തെങ്ങും എല്ലാ സെക്റ്റിലും ഇത്തരം മരയൂള വിഭാഗങ്ങളുണ്ട്. രാഹുല്‍ ഈശ്വരിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തീവ്ര വിഭാഗക്കാര്‍. അത് ഒരു പ്രത്യേക ആളിന്റെയോ ആശയത്തിന്റെയോ മാത്രം കുത്തകയല്ല. തോമസ് ഐസക്കിന്റെ പേജിലും സുരേന്ദ്രന്റെ പേജിലുമൊക്കെ ഇത്തരം ഫാന്‍സുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. അന്ധമായ ആരാധനയുണ്ടാക്കുന്ന ഇന്‍സെക്യൂരിറ്റിയില്‍ നിന്നാണ് വിമര്‍ശനങ്ങളെയും കളിയാക്കലുകളെയും തിരിഞ്ഞാക്രമിച്ചു തുടങ്ങുന്നത്. വെറും കോമിക് കഥാപാത്രമായ ബാറ്റ്മാന്‍, സൂപ്പര്‍മാന്‍ എന്നിവരുടെ പേരില്‍പ്പോലും ഫാന്‍ ഫൈറ്റുകള്‍ ഉണ്ടാകാറുണ്ട്.

ഇവിടെ നമ്മുടെ താരങ്ങള്‍ ഇത്തരം ഫാന്‍സുകളെ പരസ്യമായി ഡിസോണ്‍ ചെയ്യാനുള്ള ധൈര്യം കാണിച്ചിരുന്നെങ്കില്‍ ഒരു പരിധി വരെ ഇതൊക്കെ നിയന്ത്രിക്കപ്പെടുമായിരുന്നു. അല്ലാണ്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ കണ്ണട വെച്ച് നടക്കുകയല്ല വേണ്ടത്. ആ സാമാന്യ മര്യാദ ഇതുവരെയും മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ഭാഗത്തു നിന്നുണ്ടായിട്ടില്ല. നമുക്ക് ജീവിതത്തില്‍ ഹീറോയിസം കാണിക്കാനറിയില്ലല്ലോ സാറേ, സിനിമയിലല്ലേ അറിയൂ.

അതുപോലെ തന്നെ സുരഭിയുടെ വിഷയം. ഫിലിം ഫെസ്റ്റിവല്‍, അവാര്‍ഡ് ജേതാക്കളെ സ്വീകരിക്കല്‍ വേദിയല്ലെന്ന് ഈ മറുതകളോട് ആരെങ്കിലുമൊന്നു പറഞ്ഞു കൊടുക്കണം. IFFK ഒരു തുറന്ന വേദിയാണ്. നിങ്ങള്‍ക്കവിടെ വരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പാസ് തരപ്പെടുത്തി വരണം. അല്ലാതെ ആരെങ്കിലും വീട്ടില്‍ വന്നു ക്ഷണിച്ചാലേ വരുള്ളൂ എന്നാണേല്‍ അവിടിരിക്കത്തെ ഉള്ളു. അതിനും WCC മറുപടി പറയണം പോലും. ഇന്നിപ്പോ ഓഖി ചുഴലിക്കാറ്റിന് പോലും WCC ഉത്തരം പറയണമെന്ന അവസ്ഥയാണ്.

ഒരു കാര്യം ഉറപ്പാണ്. ഈ സംഘടന തങ്ങളുടെ പ്രിവിലേജുകളെ ഇല്ലാതാക്കുമോ എന്ന് ആരൊക്കെയോ പേടിക്കുന്നുണ്ട്. അതിന്റെ വിറളിയാണ് ഈ കാണുന്നതൊക്കെ. ശെടാ, ഇത്ര പേടിക്കാന്‍ ഇതെന്താ ഭീകര സംഘടനയാണോ? എടോ അവര്‍ അവരുടെ കാര്യം പറയട്ടഡോ.. തനിക്കൊക്കെ അവരുടെ തന്ത കളിച്ചു മതിയായില്ലേ..? ഇനി അവരുടെ കാര്യം അവര്‍ തന്നെ പറയട്ടെന്ന്. അവര്‍ പുരുഷന്മാരിലെ ചൂഷകര്‍ക്കെതിരെ സംസാരിക്കുമ്പോള്‍ നിങ്ങളെന്തിനാണ് എതിര്‍ക്കാന്‍ വരുന്നത് ? കള്ളനെന്നു വിളിക്കുമ്പോ നിങ്ങളെന്തിനാണ് ഹേ പ്രെസന്റ് സാര്‍ പറയുന്നത്?

(ആര്‍ ജെ സലിം ഫേസ്ബുക്കില്‍ എഴുതിയത്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories