സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കനി കുസൃതിയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബിരിയാണി എന്ന സിനിമയില്‍ ഖദീജ എന്ന കഥാപാത്രമായി വേഷപ്പകര്‍ച്ച നടത്തിയതിനാണ് കനി അംഗീകരിക്കപ്പെടുന്നത്. കനി ഒരു അസാധ്യ നടിയാണെന്നും അവരെ അഭിനയിപ്പിക്കാന്‍ പാടുപെട്ടില്ലെന്നും ചിത്രത്തിന്റെ സംവിധായകന് സജിന്‍ ബാബു പറയുന്നു. ഒപ്പം തന്റെ സിനിമയ്ക്ക് മറ്റ് അംഗീകാരങ്ങളൊന്നും ലഭിക്കാതെ വന്നതില്‍ വിഷമമില്ലെന്നും സജിന്‍ പറഞ്ഞു അഴിമുഖവുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും തയ്യാറാക്കിയത്.
കനിയുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമയാണ് ബിരിയാണി. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ കനിയെന്ന നടിയെ കഥാപാത്രമാക്കി മാറ്റാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ കനിയുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമാണ് ബിരിയാണിയിലെ ഖദീജ. ഖദീജ സമൂഹത്തെ പേടിച്ച് ജീവിക്കുന്ന ഒരു കഥാപാത്രമാണ് സിനിമയുടെ ക്ലൈമാക്സില്‍ വരെയും. പക്ഷെ കനി വളരെ മനോധൈര്യമുള്ള സ്ത്രീയാണ്. ഖദീജയുടെ ഭര്‍ത്താവിനെതിരെ ഐഎസ് ബന്ധം ആരോപിക്കപ്പെടുമ്പോള്‍ സമൂഹമാണ് അവരെ പരസ്യമായി തന്നെ എന്തിനെയും നിഷേധിക്കാനുള്ള കരുത്ത് നല്‍കുന്നത്. ബിരിയാണി സിനിമയുടെ പ്രധാന പ്ലോട്ട് ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന ഒരു കുടുംബത്തിന് എന്ത് സംഭവിക്കുന്നു എന്നതാണ്.
ഞാന്‍ ഈ കഥാപാത്രത്തെ എഴുതുമ്പോള്‍ മറ്റാരെയും എനിക്ക് മനസ്സില്‍ തോന്നിയില്ല. ബിരിയാണി കനിയല്ലായിരുന്നെങ്കില് സിനിമ തന്നെ മറ്റൊന്നായി പോകുമായിരുന്നു. കനിയോട് ആദ്യമായി ഈ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവരുടെ മാനസികാവസ്ഥ നല്ലതായിരുന്നില്ല. അതൊക്കെ പരിഹരിച്ചാണ് അവര്‍ ഷൂട്ടിംഗുമായി സഹകരിച്ചത്. ബിരിയാണി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പോലും അംഗീകരിക്കപ്പെട്ട സിനിമയാണ്. കേരളത്തിലെ ജൂറിയ്ക്ക് ചിലപ്പോള്‍ ഞങ്ങള്‍ പറഞ്ഞ വിഷയം സംവേദനം ചെയ്ത് കാണില്ല എന്ന് മാത്രമാണ് ഈ സിനിമയെ മികച്ച സിനിമയായി തെരഞ്ഞെടുക്കാത്തതിനെക്കുറിച്ച് എനിക്ക് തോന്നുന്നത്. ബിരിയാണിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കൊടുത്തുവെന്നത് തന്നെ ഒരു സ്വതന്ത്ര സിനിമയ്ക്ക് കിട്ടിയ അവാര്‍ഡായാണ് കണക്കാക്കേണ്ടത്. വലിയ താരങ്ങളൊന്നുമില്ലാത്ത ഒരു സിനിമയെ അംഗീകരിച്ച ജൂറിയെ ഞാനും അംഗീകരിക്കുന്നു. കനിക്ക് അവാര്‍ഡ് ലഭിക്കുന്നതിലൂടെ സിനിമയ്ക്ക് തന്നെയാണ് മൈലേജ് ലഭിക്കുന്നത്. അവാര്‍ഡ് കിട്ടിയതുകൊണ്ട് മാത്രം ഒരു സിനിമ നല്ലതാകണം എന്നില്ല. ജനങ്ങള്‍ അതിനെ കണ്ട് വിലയിരുത്തട്ടെ.
ഇത്തവണ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട വാസന്തി അംഗീകാരം കിട്ടേണ്ട സിനിമ തന്നെയാണ്. പണം മുടക്കി ചെയ്യുന്ന സിനിമകളോട് മത്സരക്കാന്‍ പറ്റുന്ന ഉള്ളടക്കം ഓഫ് ബീറ്റ് സിനിമകള്‍ക്കും ഉണ്ടെന്നാണ് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനം തെളിയിച്ചത്. സംവിധാനത്തിനോ മികച്ച സിനിമയ്ക്കോ ഉള്ള അവാര്‍ഡ് കിട്ടാത്തതില്‍ യാതൊരു നഷ്ടബോധവും ഇല്ല. ഇത്രയെങ്കിലും അംഗീകാരം കിട്ടിയെന്ന സന്തോഷം മാത്രമേ ഉള്ളൂ.
ഐഎഫ്എഫ്കെയും ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളും തന്നെയാണ് ഞാനെന്ന സംവിധായകനെ വളര്‍ത്തിയെടുത്തത്. അവിടെ കണ്ട സിനിമകളും അവിടെ നടന്ന ചര്‍ച്ചകളുമാണ് എന്റെ സിനിമാ സങ്കല്‍പ്പങ്ങളെയും സ്വാധീനിച്ചിട്ടുള്ളത്. കറണ്ട് പോലുമില്ലാത്ത ഒരു വീട്ടില്‍ നിന്നാണ് ഞാന്‍ സിനിമ സ്വപ്നം കണ്ട് തുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് എന്റെ പല നിലപാടുകളെയും സ്വാധീനിച്ചത്. ഇപ്പോഴും ഞാന്‍ സമൂഹത്തില്‍ നിന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്.