കോഴിക്കോട്, പേരാമ്പ്ര എ യു പി സ്കൂള്‍ നിര്‍മ്മിച്ച 'ഹൗ ഫാര്‍ ഈസ് ദി റിവര്‍' (How Far Is The River) എന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രം അന്താരാഷ്ട്രതലത്തില്‍ തന്നെ അംഗീകാരങ്ങളുമായി കുതിക്കുകയാണ്. ആദ്യമായി പുഴ കാണാന്‍ പോകുന്ന ഒരു പന്ത്രണ്ട് വയസ്സുകാരന്റെ സ്വപ്നാനുഭവങ്ങളെയാണ് ഈ ചിത്രത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. തിരുവോണത്തിന് യുട്യുബ് റിലീസ് ചെയ്ത ഈ ചിത്രം ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളിലെ ചലച്ചിത്ര മേളകളില്‍ അവതരിപ്പിക്കുകയും അംഗീകാരങ്ങളും പ്രശംസകളും സ്വന്തമാക്കിയും ചെയ്തുകഴിഞ്ഞിട്ടുണ്ട്.
കേരളാ വിദ്യാഭ്യാസ വകുപ്പിന്റെ എസ് ഐ ഇ ടി ചില്‍ഡ്രന്‍സ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ (SIET chilldren short film) സ്പെഷ്യല്‍ ജൂറി പുരസ്കാരം, ശിവം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച കാമ്പസ് ചിത്രം, മികച്ച ബാലനടന് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയ ചിത്രം ലണ്ടന്‍, ലെബനന് തുടങ്ങിയ നിരവധി വിദേശ ഷോര്‍ട്ട് ഫിലിം മേളകളിലും പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
സ്കൂളിലെ തന്നെ അദ്ധ്യാപകരും വിദ്യാര്‍ഥികളും അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിനിമാ സംവിധായകനായ ഹരിഹരന്റെ അസിസ്റ്റന്റായ ഹരീഷ് കോട്ടൂരാണ്. എഴാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠഭാഗമായ റസ്കിന് ബോണ്ടിന്റെ ഹൗ ഫാര്‍ ഈസ് ദ റിവര്‍ എന്ന കഥയെ ആസ്പദമാക്കി ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അധ്യാപകനായ വിനയകുമാര്‍ വാകയാട് ആണ്. ഇതേ വരെ പുഴ കണ്ടിട്ടില്ലാത്ത ഒരു കുട്ടി ഒറ്റക്ക് പുഴ കാണാനായി കാട്ടിലൂടെ പോകുമ്പോഴുള്ള അനുഭവങ്ങളാണ് ഹൗ ഫാര്‍ ഈസ് ദ റിവറില്‍ പറയുന്നത്.
മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചത് പ്രധാന കഥാപാത്രമായി അഭിനയിച്ച ആദില്‍ മുഹമ്മദിനാണ്. മുതിര്‍ന്നവരുടെ വേഷങ്ങള്‍ അധ്യാപകര്‍ തന്നെ അഭിനയിച്ചെങ്കിലും ചില മുതിര്‍ന്ന കഥാപാത്രങ്ങളായഭിനയിച്ച കുട്ടികളുടെ വേഷപകര്‍ച്ചയും ശ്രദ്ധേയമായിട്ടുണ്ട്. പ്രകൃതിയെ അറിഞ്ഞും സ്നേഹിച്ചും ആകണം ബാല്യം വളരേണ്ടത് എന്ന സന്ദേശത്തെ ആവിഷ്ക്കരിക്കാനായി ലൊക്കേഷനായി തിരഞ്ഞെടുത്ത മുക്കം ആനക്കാംപോയില്‍ ജാനകിക്കാട് പരിസരങ്ങള്‍ ചിത്രത്തിന് ദൃശ്യ ഭംഗിയും കൂട്ടി.
പ്രകൃതിയുടെ തനത് സൗന്ദര്യത്തെ സ്വാഭാവിക വെളിച്ചത്തോടെ ക്യാമറയില്‍ പകര്‍ത്തിയത് നിതിന്‍ കൃഷ്ണനാണ്. എ കെ വി പീലിക്കോട് എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ സിജു അഗ്രഗാമിയാണ്. മില്ലേനിയം വീഡിയോസ് ആണ് ചിത്രം യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. പേരാമ്പ്ര സ്കൂള്‍ നിര്‍മ്മിച്ചു എന്ന് പറയുന്നതിനെക്കാളും അര്‍ത്ഥവത്താകുന്നത്, ആ ഗ്രാമത്തിന്റെ സഹകരണത്തോടെ ഈ ഹ്രസ്വ ചിത്രം പൂര്‍ത്തിയാക്കി എന്ന് പറയുന്നതാണ് എന്നാണ് സംവിധായകനായ ഹരീഷ് കോട്ടൂര്‍ പറയുന്നത്.
സൗത്ത് ആഫ്രിക്കയിലെ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി അവരുടെ ഫേസ്ബുക്ക് പേജിലൂടെ ഈ ഹ്രസ്വചിത്രത്തിന്റെ ലിങ്ക് പങ്കുവച്ചിരുന്നു. കൂടാതെ ചിത്രത്തെക്കുറിച്ച് ഫീച്ചര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പെരാമ്പ്രയെന്ന ഗ്രാമത്തിലെ ഒരു സ്കൂള്‍ മുന്നോട്ടു വച്ച ഈ സിനിമാ ആശയം ഇന്ന് ലോക ശ്രദ്ധ നേടി കൊണ്ടിരിക്കുന്നുവെന്നത് തീര്‍ച്ചയായും മറ്റു സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകുമെന്നതില്‍ സംശമില്ല.
'ഹൗ ഫാര്‍ ഈസ് ദി റിവര്‍' കാണാം..