മൂന്ന് ചിത്രങ്ങളുടെ പരിചയം മാത്രമുള്ള ഒരു നടനെയായിരുന്നു ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരമായ സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയെ അവതരിപ്പിക്കാന്‍ സംവിധായകന് നീരജ് പാണ്ഡെ തെരഞ്ഞെടുത്തത്. സിനിമാക്കഥയെക്കാള്‍ സംഭവബഹലുമായ ക്യാപ്റ്റന്‍ കൂളിന്റെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ന്നാടാന്‍ മുന്‍നിര താരങ്ങളെയാരെയും പരീക്ഷിക്കാതെയാണ് ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായ പുഞ്ചിരിയോര്മിപ്പിക്കുന്ന മുഖവും, നീണ്ടു മെലിഞ്ഞ ശരീരവും, കൈപോച്ചേയിലും ശുദ്ധ് ദേശി റൊമാന്‍സിലും കണ്ട കുസൃതിക്കാരനായ യുവാവിന്റെ അതേ ശരീരഭാഷയമുള്ള സുശാന്ത് സിംഗ് രാജ്പുതിനെ പാണ്ഡെ തെരഞ്ഞെടുത്ത്. ധോണി; ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുവേണ്ടി സംവിധായകന് കളിച്ച ഏറ്റവും മികച്ച ഷോട്ട് തന്നെയായിരുന്നു സുശാന്ത് എന്ന് പിന്നീട് ചരിത്രം രേഖപ്പെടുത്തി.
ബോക്സ് ഓഫീസില്‍ ഹെലികോപ്റ്റര്‍ ഷോട്ട് പോലെ ഉയര്ന്നുപൊങ്ങിക്കൊണ്ടിരുന്ന കളക്ഷന്‍ റെക്കോര്‍ഡുകള്‍ക്ക്, മഹിയുടെ രസം പിടിപ്പിച്ച ജീവിത കഥയ്ക്ക് മാത്രമായിരുന്നില്ല, അദ്ദേഹത്തെ ഓരോ ചലനത്തിലും നോട്ടത്തിലും പോലും ഓര്‍മിപ്പിച്ചുകൊണ്ടിരുന്ന സുശാന്തിനും വലിയ പങ്ക് ആയിരുന്നു. അയാളോളം ധോണിയാകാന്‍ മറ്റാര്ക്കുമാകില്ലായിരുന്നുവെന്ന് അടിവരയിട്ട അഭിനയം. വ്യക്തി ജീവിതത്തിലെ ഭാവങ്ങളും ചലനങ്ങളും മാത്രമായിരുന്നില്ല, സുശാന്തിലെ നടന് മികവുറ്റതാക്കിയത്, ഏറിയ പങ്കും കളിക്കളത്തില്‍ നിന്ന ധോണിയെ പരിചയസമ്പന്നനായ ഒരു ക്രിക്കറ്ററെന്നപോലെ എത്ര അനായാസമായിട്ടായിരുന്നു സുശാന്ത് അവതരിപ്പിച്ചത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒരു കായിക താരത്തിന്റെ ബയോപിക്കുകളില്‍ ധോണി; ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്തുകൊണ്ട് മുന്നില്‍ നില്‍ക്കുന്നുവെന്ന് ചോദിക്കുമ്പോള്‍ സുശാന്ത് സിംഗ് രാജപുത് എന്ന ഒറ്റ ഉത്തരം മതിയാകും.
ചേതന്‍ ഭഗതിന്റെ The Three Mistakes of My Life' എന്ന നോവലിനെ അധികരിച്ച് 2013 ല്‍ പുറത്തുവന്ന കൈ പോച്ചെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുകയും ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും നേടുകയും ചെയ്ത സുശാന്തിന്റെ ഏഴു വര്‍ഷം നീണ്ട ബോളിവുഡ് കരിയറില്‍ ഏറ്റവും മികച്ച ഇന്നിംഗ്സും ധോണിയായിരുന്നു. 216 കോടിയായിരുന്നു ഈ സുശാന്ത് ചിത്രം നേടിയത്. റിലീസ് ചെയ്ത ആഴ്ച്ചയില്‍ തന്നെ ചിത്രം നേടിയത് 66 കോടി രൂപയായിരുന്നു. ചിത്രത്തിന്റെ സാമ്പത്തിക നേട്ടം മാത്രമായിരുന്നില്ല, ഏവരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ കഴിഞ്ഞൂവെന്നതും സുശാന്തിന് അനുഗ്രഹമായി.
റിഷി കപൂര്‍ അടക്കമുള്ള ബോളിവുഡ് ഇതിഹാസ താരങ്ങള്‍ വരെ ധോണിയായുള്ള സുശാന്തിന്റെ വേഷപ്പകര്‍ച്ചയെ പുകഴ്ത്തി രംഗത്തെത്തി. സുശാന്ത് പൂര്‍ണമായും ധോണിയായി മാറിയിരുന്നു എന്നായിരുന്നു റിഷി കപൂര്‍ ട്വീറ്റ് ചെയ്തത്. തമിഴ് നടന് സൂര്യയും സുശാന്തിനെ അഭിനന്ദിച്ച് രംഗത്ത് വന്നതും വലിയ വാര്‍ത്തയായിരുന്നു. എന്തിനേറെ സാക്ഷാല്‍ ധോണിയെ തന്നെ അത്ഭുതപ്പെടുത്താന്‍ സുശാന്തിന് കഴിഞ്ഞുവെന്നത് തന്നെയാണ് അയാളുടെ മികവ്. ചിത്രത്തിന്റെ പ്രമോഷന് ചടങ്ങുകളില്‍ പങ്കെടുത്തപ്പോള്‍ സിനിമയ്ക്ക് വേണ്ടി സുശാന്ത് ചെയ്ത കഠിനാദ്ധ്വാനങ്ങളെക്കുറിച്ച് പുകഴ്ത്താന്‍ ധോണി തയ്യാറായിരുന്നു. കളിക്കളത്തിലും പുറത്തും മിതഭാഷിയായ ധോണിയില്‍ നിന്നും തികച്ചും അപ്രതീക്ഷതമായ പ്രകടനം.
ധോണി പറഞ്ഞത് വാസ്തവമായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടാണ് സുശാന്ത് എം എസ് ആയി വെള്ളിത്തിരിയിലെത്തിയത്. ഒമ്പത് മാസത്തോളം ദിവസവും രണ്ട് മുതല്‍ രണ്ടര മണിക്കൂറോളം ധോണിയാകാന്‍ സുശാന്ത് പരിശീനം നടത്തിയിരുന്നു. സിനിമയില്‍ നമ്മള് കണ്ടത് യഥാര്‍ത്ഥ ധോണിയെ തന്നെയാണെന്ന് തോന്നാന്‍ കാരണവും മറ്റൊന്നായിരുന്നില്ല. ഒരുപക്ഷേ എം എസ് ധോണിയെന്ന ക്രിക്കറ്റര്‍ക്ക് ലോകം മുഴുവന്‍ പോപ്പുലറാകാന്‍ സിനിമയും ഒരു കാരണമാണ്. ധോണിയെ കൂടുതല്‍ അറിയാന്‍ സഹായിച്ചതിലൂടെ. അങ്ങനെയെങ്കില്‍ ആ മഹാനായ ക്രിക്കറ്റ് താരത്തിന് തന്റെ ജീവിതം സുശാന്തിനോടും കൂടി കടപ്പെട്ടിരിക്കുന്നു. അതല്ലെങ്കില്‍ ധോണിയെ കൂടുതല്‍ അറിയാന്‍, പ്രേക്ഷകരെയും ആരാധകരെയും സഹായിച്ച സുശാന്തിനോട് എല്ലാവരും കടപ്പെട്ടിരിക്കുന്നു. പക്ഷേ, എത്ര മികച്ച ഇന്നിംഗ്സുകള്‍ ഇനിയും ബാക്കിയുണ്ടായിരിക്കെ, പെട്ടെന്ന് കളിയവസാനിപ്പിച്ച് അയാള്‍ കടന്നു പോകുമ്പോള്‍ ഗാലറി മൊത്തം നിശബ്ദമാവുകയാണ്...