എന്‍ട്രന്‍സ് പരീക്ഷയില്‍ മൂന്നാംറാങ്ക് നേടിയാണ് സുശാന്ത് സിങ് രജ്പുത് ഡല്‍ഹി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ (ഡിസിഇ) ബാച്ച്ലര് കോഴ്സിന് ചേരുന്നത്. 11 എന്‍ട്രന്‍സ് പരീക്ഷകളാണ് സുശാന്ത് ക്ലിയര്‍ ചെയ്തത്. എങ്കിലും ഡല്‍ഹിയില്‍ തന്നെ തുടരാന്‍ അദ്ദേഹം നിശ്ചയിക്കുകയായിരുന്നു. അങ്ങനെയാണ് ഡിസിഇയില് ചേരുന്നത്. ഫിസിക്സില്‍ നാഷണല്‍ സയന്‍സ് ഒളിമ്പ്യാഡ് ജേതാവു കൂടിയായിരുന്ന സുശാന്ത് പക്ഷെ, ഡിസിഇ വിടുന്നത് പരാജിതനായാണ്. പഠനത്തെക്കാള്‍ നൃത്തത്തിലും നാടകാഭിനയത്തിലുമായിരുന്നു ഈ കാലയളവില്‍ സുശാന്തിന്റെ ശ്രദ്ധ മുഴുവന്‍. ക്ലാസില്‍ അറ്റന്‍ഡ് ചെയ്യാനോ പഠിക്കാനോ അദ്ദേഹത്തിന് സമയമുണ്ടായില്ല. അഭിനയത്തോടും നൃത്തത്തോടുമുള്ള അഭിനിവേശം അദ്ദേഹത്തെ ശരിയായ ഇടങ്ങളില്‍ തന്നെയാണ് കൊണ്ടെത്തിച്ചത്.
സുശാന്തിന്റെ അച്ഛന് ഒരു എന്‍ജിനീയറായിരുന്നു. ബിഹാറില്‍ പാറ്റ്നയിലായിരുന്നു സുശാന്തിന്റെ കുട്ടിക്കാലം. സുശാന്ത് പന്ത്രണ്ടാംതരത്തില്‍ പഠിക്കുമ്പോള്‍ മാതാവ് മരിച്ചു. താന്‍ മരിക്കുന്നതിനു മുമ്പ് അമ്മ സുശാന്തിനെ വിളിക്കുകയുണ്ടായി. രാത്രിയില്‍ ഏറെനേരം സംസാരിക്കുകയും കരയുകയും ചെയ്തു. അന്നു തന്നെ ബ്രെയിന്‍ ഹാമറേജ് മൂലം അമ്മ മരിച്ചു. അച്ഛനുമായി അത്ര അടുപ്പം തനിക്കുണ്ടായിരുന്നില്ലെന്ന് സുശാന്ത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ അമ്മയുടെ മരണം സുശാന്തിന് വലിയൊരു ആഘാതമായിരുന്നു. എപ്പോഴും അമ്മയെക്കുറിച്ച് പറയുന്നതില്‍ നിന്ന് അദ്ദേഹത്തിന് സ്വയം വിലക്കാന്‍ കഴിയാറില്ലായിരുന്നു.
തന്റെ വിജയം കാണാന്‍ അമ്മയുണ്ടായില്ലെന്ന ദുഖം സുശാന്ത് പറയാറുണ്ട്. സ്കൂള്‍ വിട്ടെത്തിയാല്‍ തനിക്ക് എല്ലാം പങ്കുവെക്കാന്‍ ഉണ്ടായിരുന്ന ഒരേയൊരാള്‍.
ബോളിവുഡ് കൊറിയോഗ്രാഫറായി ഷിയാമക് ദാവറിന്റെ കൂടെ കൂടുകയാണ് എന്‍ജിനീയറിങ് പഠനകാലത്ത് സുശാന്ത് ചെയ്തത്. ഇന്ത്യയില്‍ പടിഞ്ഞാറന്‍ നൃത്തശൈലികള്‍ ആദ്യമായി പരിചയപ്പെടുത്തിയയാള്‍ എന്ന ബഹുമതി ഇദ്ദേഹത്തിനാണ്. താന്‍ ഇന്ന് എന്തെങ്കിലും ആയിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിനു കാരണം ഷിയാമക് ആണെന്ന് സുശാന്ത് പറയാറുണ്ട്. അദ്ദേഹത്തിന്റെ ട്രൂപ്പിലേക്ക് 2005ല്‍ സുശാന്ത് തെരഞ്ഞെടുക്കപ്പെട്ടു. ഷിയാമക്കിന്റെ ടീമിനൊപ്പം ഫിലിംഫെയര്‍ അവാര്‍ഡ്സില്‍ ഡാന്‍സ് ചെയ്യാനായാണ് ബോളിവുഡ് സിനിമകളുടെ കേന്ദ്രമായ മുംബൈയിലേക്ക് സുശാന്ത് ആദ്യമായി ചെല്ലുന്നത്. ഐശ്വര്യ റായിക്കൊപ്പം അന്ന് നൃത്തം ചെയ്യാന്‍ കഴിഞ്ഞു. പിന്നീട് ഷിയാമക് കൊറിയോഗ്രാഫ് ചെയ്ത മെല്‍ബണ്‍ കോമണ്‍വെല്‍ത്തില്‍ ഡാന്‍സ് ചെയ്യാനായി 2006ല്‍ സുശാന്ത് പോയി. ധാരാളം പണമുണ്ടാക്കാനും അന്ന് സാധിച്ചിരുന്നു. ഇതിനിടയില്‍ എന്‍ജിനീയറിങ് പഠനത്തെക്കുറിച്ച് അദ്ദേഹം മറന്നു പോയി. ഫലം, തോല്‍വി. എന്‍ജിനീയറിങ് കോളജില്‍ താന്‍ അനുഭവിച്ചിരുന്ന അരക്ഷിതത്വം ഭീതിയും വിട്ടൊഴിഞ്ഞതോടെ ആ തോല്‍വി സുശാന്തിനെ അലട്ടിയതേയില്ല.
അഭിനേതാവിനെക്കാള്‍ ഒരു ഡാന്‍സറായിരുന്നു സുശാന്ത്. അദ്ദേഹം ഏറ്റവും ആസ്വദിച്ച് ചെയ്തിരുന്നതും അതാണ്.
നൃത്തം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞതായി സുശാന്ത് പറയുകയുണ്ടായി. അഭിനയത്തിലേക്കുള്ള വഴികള്‍ ആരാഞ്ഞു തുടങ്ങിയത് അങ്ങനെയാണ്. നാദിറ ബാബ്ബറുടെ നാടകസംഘത്തില്‍ അദ്ദേഹം ചേര്‍ന്നു. ഇതിനായാണ് മുംബൈയില്‍ സ്ഥിരതാമസമാക്കിയത്. രണ്ടര വര്‍ഷത്തോളം ഈ തിയറ്റര്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ബാലാജി ടെലിഫിലിംസിന്റെ പവിത്ര രിഷ്ത എന്ന സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. നിര്‍മാതാവായ ഏക്ത കപൂര്‍ ഓഡിഷന് വേളയില്‍ സുശാന്തിനോട് ഇപ്രകാരം പറഞ്ഞു: 'ഞാന്‍ നിന്നെ ഒരു താരമാക്കും!'
നെസ്റ്റ്ലെ മഞ്ചിന്റെ ഒരു പരസ്യത്തില്‍ സുശാന്ത് അഭിനയിക്കുന്നത് ഇതേ കാലയളവിലാണ്. രാജ്യമെമ്പാടും സുശാന്ത് തിരിച്ചറിയപ്പെടുന്നത് ഇങ്ങനെയാണെന്നു പറയാം.
ഐശ്വര്യ റായിയുമായി ആദ്യമായി വേദി പങ്കിട്ട 2005ലെ സന്ദര്‍ഭം സുശാന്ത് ഓര്‍ത്തെടുക്കുന്നുണ്ട് ഒരു അഭിമുഖത്തില്‍. താന്‍ അവരുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. അഭിനയിക്കുകയാണെന്ന കാര്യമേ മറന്നു. നൃത്തത്തിനിടയില് ഐശ്വര്യയെ എടുത്തുയര്ത്തേണ്ട സന്ദര്‍ഭം വന്നു. 'എന്നെ നിലത്തിടല്ലേ സുശാന്ത്' എന്ന് ഐശ്വര്യ പറഞ്ഞപ്പോള്‍ ഒരു സ്വപ്നത്തിലെന്ന പോലെയാണ് താനത് കേട്ടു നിന്നത്. ഐശ്വര്യ റായി തന്നോട് സംസാരിക്കുന്നു!
ഇതൊന്നും കണ്ട് അന്തംവിടേണ്ടെന്നായിരുന്നു ഷിയാമക്കിന്റെ പറച്ചില്. ഒരുദിവസം സുശാന്തും ഒരു താരമാകും!
2013ലാണ് സുശാന്ത് ആദ്യമായി സിനിമയിലെത്തുന്നത്. അഭിഷേക് കപൂറിന്റെ കൈ പോ ചെയില്‍ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൊരാളായി സുശാന്ത് അഭിനയിച്ചു. ചേതന്‍ ഭഗത്തിന്റെ ദി ത്രീ മിസ്റ്റേക്സ് ഇന്‍ മൈ ലൈഫ് എന്ന ജനകീയ നോവലിന് സിനിമാവിഷ്കാരമായിരുന്നു അത്. ഈ സിനിമ ഹിറ്റായി. സിനിമാരംഗത്ത് സുശാന്തിന്റെ കാലവും തെളിഞ്ഞു. സിനിമാനിരൂപകര്‍ സുശാന്തിനെ ഒരു താരസാന്നിധ്യമായി തിരിച്ചറിഞ്ഞു. അയാളില്‍ നിന്ന് കണ്ണെടുക്കാനാകുന്നില്ലെന്ന് നിരൂപകനായ രാജീവ് മസാന്ദ് എഴുതി. ഒരു താരം ജനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് പിന്നീട് സുശാന്തില്‍ നിന്നും കണ്ണെടുക്കുകയുണ്ടായില്ല.