ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. മൃതദേഹം കഴിഞ്ഞദിവസം തന്നെ പൊലീസ് മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെവെച്ച് പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞു. പാറ്റ്നയിലുള്ള സുശാന്തിന്റെ പിതാവ് ഇന്ന് മുംബൈയില്‍ എത്തിച്ചേരും. സുശാന്തിന്റെ അമ്മ നേരത്തെ മരിച്ചിരുന്നു.
34 വയസ്സുള്ള സുശാന്തിന്റെ ആത്മഹത്യ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹം വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെമ്പാടു നിന്നും സുശാന്തിന് അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്. ബോളിവുഡ് താരങ്ങള്‍ മുതല്‍ രാഷ്ട്രീയനേതാക്കള്‍ വരെയുള്ളവര്‍ അനുശോചനങ്ങള്‍ അറിയിക്കുന്നുണ്ട്. പ്രളയകാലത്ത് കേരളത്തെ അകമഴിഞ്ഞ് സഹായിച്ച സുശാന്തിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഓര്‍ത്തെടുത്തിരുന്നു.
പാറ്റ്നയില്‍ 1986ലാണ് സുശാന്ത് രജ്പുത് ജനിച്ചത്. 12ാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരിച്ചു. അമ്മയുടെ മരണം സുശാന്തിലുണ്ടാക്കിയത് വലിയ ആഘാതമാണ്. അച്ഛനുമായി അത്രയടുത്ത ബന്ധം സുശാന്തിനില്ലായിരുന്നു ചെറുപ്പം മുതല്‍. ഈ ആഘാതത്തില്‍ നിന്നും സുശാന്ത് ഒരിക്കലും മുക്തനായില്ല. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ അമ്മയുടെ ചിത്രം അപ്ലോഡ് ചെയ്തിരുന്നു അദ്ദേഹം. താന്‍ ഇപ്പോഴും കരയുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
അമ്മയുടെ മരണശേഷമാണ് സുശാന്തിന്റെ കുടുംബം പാറ്റ്നയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുന്നത്. അവിടെ എന്‍ജിനീയറിങ്ങിന് ചേര്‍ന്നു. പഠനകാലത്ത് നൃത്തത്തില്‍ അഭിനിവേശം കയറി ആ വഴിക്ക് നീങ്ങി. പഠനം മുടങ്ങി. പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും അദ്ദേഹം വളര്‍ന്നു. 2013ല്‍ പുറത്തിറങ്ങിയ കൈ പോ ചെ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സുശാന്ത് ശ്രദ്ധേയനാകുന്നത്.