TopTop
Begin typing your search above and press return to search.

ഐവി ശശി അന്തരിച്ചു

ഐവി ശശി അന്തരിച്ചു

സംവിധായകന്‍ ഐവി ശശി അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലാണ് അന്ത്യം. അവളുടെ രാവുകള്‍, അങ്ങാടി, 1921, ആരൂഢം, ഈ നാട്, അഹിംസ, അനുബന്ധം, തൃഷ്ണ, ആവനാഴി, ഇണ, ഈറ്റ, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഉയരങ്ങളില്‍, മൃഗയ, ദേവാസുരം തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളത്തില്‍ ഏറ്റവുമധികം വലിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തവരില്‍ ഒരാളാണ് ഐവി ശശി. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി 111 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ടി ദാമോദരന്റെയും എംടി വാസുദേവന്‍ നായരുടെയും തിരക്കഥകളില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഐവി ശശി -ടി ദാമോദരന്‍ കൂട്ടുകെട്ട് 80കളില്‍ മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ചു. 26 ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ശക്തമായ രാഷ്ട്രീയ വിമര്‍ശന ചിത്രങ്ങളായിരുന്നു പലതും. ലോഹിതദാസ് രചന നിര്‍വഹിച്ച മൃഗയയിലൂടെ (1989) മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടി. 2015ല്‍ സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ജെസി ഡാനിയേല്‍ പുരസ്‌കാരം നേടി.

1948 മാര്‍ച്ച് 28ന് കോഴിക്കോടാണ് ജനനം. 1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. ചില ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമാണ് ഐവി ശശി സ്വതന്ത്ര സംവിധായകനായത്. 1975ല്‍ പുറത്തിറങ്ങിയ ഉത്സവമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1976ലെ അനുഭവം എന്ന ചിത്രത്തിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1977 എന്ന ഒറ്റ വര്‍ഷം ഐവി ശശിയുടെ 12 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. 1980ല്‍ അദ്ദേഹത്തിന്റെ 10 ചിത്രങ്ങള്‍ തീയറ്ററുകളിലെത്തി. ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെയെല്ലാം ശ്രദ്ധയമായ ചിത്രങ്ങള്‍ ഐവി ശശി ഒരുക്കി. തമിഴിലിലും മലയാളത്തിലുമായി ദ്വഭാഷാ ചിത്രമായി ഒരുക്കിയ അലാവുദീനും അദ്ഭുതവിളക്കും എന്ന ചിത്രത്തില്‍ രജനീകാന്തും കമല്‍ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഐവി ശശിയുടെ പത്തോളം ചിത്രങ്ങളില്‍ കമല്‍ഹാസന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ഏഴ് ചിത്രങ്ങള്‍ ഒരുക്കി. മിഥുന്‍ ചക്രവര്‍ത്തി നായകനായ പതിത (1980) അടക്കം മൂന്ന് ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

1982ല്‍ പുറത്തിറങ്ങിയ ആരൂഢം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം (നര്‍ഗീസ് ദത്ത് അവാര്‍ഡ്) നേടി. വലിയ സാമ്പത്തിക വിജയം നേടുകയും അതേസമയം കലാമൂല്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുന്ന ചിത്രങ്ങളായിരുന്നു കൂടുതലും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്വത്തിനുമെതിരായ ഐതിഹാസികമായ ജനകീയ പോരാട്ടമായ മലബാര്‍ കലാപം പ്രമേയമാക്കിയ 1921 ഏറെ ശ്രദ്ധേയമായ ചിത്രമാണ്. പ്രണയം, ലൈംഗികത, കക്ഷി രാഷ്ട്രീയം, ഹിംസ, ട്രേഡ് യൂണിയന്‍, ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളുമായും വിവിധ മേഖലകളുമായും ബന്ധപ്പെട്ട് പുതിയ അനുഭവങ്ങളും പുതിയ കാഴ്ചകളുമായി ഐവി ശശി എത്തി. വലിയ ആള്‍ക്കൂട്ടങ്ങളെ ഉപയോഗിച്ചുള്ള ശ്രദ്ധേയമായ ഔട്ട്‌ ഡോര്‍ രംഗങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ശ്രദ്ധേയമായ ബഹുതാര ചിത്രങ്ങള്‍ ഒരുക്കി. മമ്മൂട്ടിയെ താരപദവിയിലേയ്ക്ക് ഉയര്‍ത്തിയത് പ്രധാനമായും ഐവി ശശിയുടെ ചിത്രങ്ങളായിരുന്നു.

നായകനും വില്ലനും ഒരേയാള്‍ തന്നെയാകുന്ന പുതിയ അനുഭവമാണ്‌ 80കളില്‍ എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉയരങ്ങളില്‍ തന്നത്. ഉയരങ്ങളില്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയവയെല്ലാം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളാണ്. 1994ല്‍ രജ്ത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ദേവാസുരമാണ് ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായത്. 1997ല്‍ പുറത്തിറങ്ങിയ വര്‍ണപ്പകിട്ടിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും സാമ്പത്തിക വിജയം നേടിയില്ല. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആണ് അവസാന ചിത്രം. നടി സീമയാണ് ഭാര്യ. ഐവി ശശിയുടെ മുപ്പതോളം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. അനുവും അനിയുമാണ് മക്കള്‍. 2004ല്‍ പുറത്തിറങ്ങിയ സിംഫണിയില്‍ അനു അഭിനയിച്ചിരുന്നു. ഏതായാലും സംവിധായകന്റെ പേര് നോക്കി തീയറ്ററിലേയ്ക്ക് പോകുന്നത് മലയാളികള്‍ തുടങ്ങി വച്ചത് ഐവി ശശിയിലൂടെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മലയാളത്തിലെ ആദ്യത്തെ ക്രൗഡ് പുള്ളര്‍ സംവിധായകനാണ് വിടവാങ്ങിയിരിക്കുന്നത്.


Next Story

Related Stories