സിനിമാ വാര്‍ത്തകള്‍

സിനിമ തീയറ്ററുകളില്‍ ഇ ടിക്കറ്റുകള്‍ പ്രാബല്യത്തില്‍: വ്യാജ കളക്ഷന്‍ കണക്കുകള്‍ ഇനി നടക്കില്ല

നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയുമെല്ലാം വിഹിതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പോകും.

സംസ്ഥാനത്തെ തീയറ്ററുകളില്‍ ഇ ടിക്കറ്റിംഗ് നിലവില്‍ വന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെഎസ്എഫ്ഡിസി) തിയറ്ററുകളിലാണ് ആദ്യം ഇ ടിക്കറ്റ് നിലവില്‍ വരുന്നത്. തിരുവനന്തപുരം കൈരളി കോംപ്ലക്‌സില്‍ ഇന്നും മറ്റു തിയറ്ററുകളില്‍ ഒരാഴ്ചയക്കകവും തുടക്കമാകും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മറ്റ് സ്വകാര്യ തിയറ്ററുകളിലും വരുമെന്ന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.

ഇതോടെ എത്രപേര്‍ സിനിമ കണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് വരും. നികുതി കണിശമായി ഖജനാവിലെത്തും. അനധികൃത പ്രദര്‍ശനങ്ങള്‍, ക്രമക്കേടുകള്‍ തുടങ്ങിയവയെല്ലാം പഴങ്കഥയാവും. തീയറ്റര്‍ വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ചലച്ചിത്ര മേഖലയില്‍ സുതാര്യത വരാന്‍ സഹായകമാണ് ഇ ടിക്കറ്റിംഗ് സമ്പ്രദായം. കെബി ഗണേഷ്‌കുമാര്‍ സിനിമ വകുപ്പ് മന്ത്രിയായിരിക്കെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് നടപ്പാക്കാന്‍ തീരുമാനിച്ചതെങ്കിലും ഒരു വിഭാഗം തിയറ്റര്‍ ഉടമകളുടെ എതിര്‍പ്പുമൂലം വൈകിയിരുന്നു. തീയറ്റര്‍ അടച്ചിട്ടുള്ള പ്രതിഷേധത്തിനുള്‍പ്പടെ നേരത്തെ ഉടമകള്‍ ആഹ്വാനം ചെയ്തിരുന്നു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് പദ്ധതിയുടെ സാങ്കേതിക ചുമതല. സംസ്ഥാനത്തെ 570 തിയറ്ററുകളെയും സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഏക സെര്‍വറുമായി ബന്ധിപ്പിക്കുകയാണ് ഇ-ടിക്കറ്റിംഗ് ചെയ്യുന്നത്. നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയുമെല്ലാം വിഹിതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പോകും. ഓരോ ദിവസത്തെയും കളക്ഷന്‍ ഓണ്‍ലൈനായി പരിശോധിക്കാനും ഇ ടിക്കറ്റിംഗിലൂടെ കഴിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍