TopTop

നിരസിക്കാനാവാത്ത ഓഫര്‍: 45 വര്‍ഷത്തിന് ശേഷം 'ഗോഡ് ഫാദര്‍' ടീം ഒത്തുചേര്‍ന്നു

നിരസിക്കാനാവാത്ത ഓഫര്‍: 45 വര്‍ഷത്തിന് ശേഷം
ലോക സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വിഖ്യാതമായ ചിത്രങ്ങളില്‍ ഒന്നാണ് ഗോഡ് ഫാദര്‍ (1972). ചലച്ചിത്ര വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങളില്‍ ഒന്ന്. മാരിയോ പുസോയുടെ നോവലിനെ ആധാരമാക്കി ഫ്രാന്‍സിസ് ഫോഡ് കപ്പോള സംവിധാനം ചെയ്ത ചിത്രത്തില്‍ മാര്‍ലന്‍ ബ്രാന്‍ഡോയും അല്‍ പാച്ചിനോയും അടക്കമുള്ള അഭിനേതാക്കള്‍ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചിരുന്നു. അധോലോക നേതാവ്വി വിറ്റോ കോര്‍ലിയോണിന്‍റെയും കുടുംബത്തിന്‍റെയും അധോലോക ബന്ധങ്ങളുടെയും കഥ പറഞ്ഞ ചിത്രം അധോലോക പശ്ചാത്തലം പ്രമേയമാക്കിയ ലോകത്തെ എല്ലാ ഭാഷകളിലെയും ഒട്ടു മിക്ക ചിത്രങ്ങളേയും സ്വാധീനിച്ചിട്ടുള്ള ഒന്നാണ്.

തിരക്കഥ, എഡിറ്റിംഗ്, സിനിമാട്ടോഗ്രഫി, പശ്ചാത്തല സംഗീതം, ശബ്ദ മിശ്രണം എല്ലാ തലങ്ങളിലും പൂര്‍ണത അവകാശപ്പെടാവുന്ന ചിത്രമായിരുന്നു ഗോഡ് ഫാദര്‍. ചിത്രത്തിന്‍റെ രണ്ടും മൂന്നും ഭാഗങ്ങളും ഒന്നാം ഭാഗത്തെ പോലെ വലിയ ജനപ്രീതി നേടിയെങ്കിലും കലാപരമായും സാങ്കേതികമായും ഏറ്റവും മികവ് പുലര്‍ത്തിയത് ഒന്നാം ഭാഗം തന്നെയായിരുന്നു. രണ്ടാം ഭാഗവും മികവ് പുലര്‍ത്തുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. ഏതായാലും ഗോഡ് ഫാദറിന്‍റെ ഓര്‍മ്മ പുതുക്കുന്നതിനായി സംവിധായകന്‍, ഫ്രാന്‍സിസ് കപ്പോള, കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അല്‍ പാചിനോ, റോബര്‍ട്ട് ഡി നീറോ തുടങ്ങിയവരെല്ലാം ന്യൂയോര്‍ക്കില്‍ ഒത്തു ചേര്‍ന്നു. 45 വര്‍ഷത്തിന് ശേഷം. ചിത്രത്തിലെ വിഖ്യാതമായ ഡയലോഗ് പോലെ: An offer they couldn't refuse - നിരസിക്കാനാവാത്ത വാഗ്ദാനം.

ന്യൂയോര്‍ക്കിലെ റേഡിയോ സിറ്റി മ്യൂസിക് ഹാളില്‍ റോബര്‍ട്ട് ഡി നീറോയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ട്രിബെക ചലച്ചിത്ര മേളയുടെ സമാപന പരിപാടിക്കിടെ. ഗോഡ്ഫാദര്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോബര്‍ട്ട് ഡുവാള്‍, ജയിംസ് കാന്‍, ഡയാന്‍ കീറ്റണ്‍, ടാലിയ ഷയര്‍ തുടങ്ങിയവരെല്ലാം ഒത്തുചേരലിന് എത്തി. കേന്ദ്ര കഥാപാത്രമായ ഡോണ്‍ കോര്‍ലിയോണിനെ അനശ്വരനാക്കിയ വിഖ്യാത നടന്‍ മാര്‍ലന്‍ ബ്രാന്‍ഡോ, ഫ്രെഡോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോണ്‍ കാസല്‍, ഛായാഗ്രഹണകന്‍ ഗോര്‍ഡന്‍ വില്ലിസ് തുടങ്ങിയവര്‍ ജീവിച്ചിരിപ്പില്ല. ഇവരുടെയെല്ലാം ഓര്‍മ്മകള്‍ ഒത്തുകൂടിയവര്‍ പങ്ക് വച്ചു.

ഗോഡ് ഫാദര്‍ ചെയ്യുന്ന സമയ ഫ്രാന്‍സിസ് കപ്പോള അത്ര ശ്രദ്ധേയനൊന്നുമല്ലാത്ത യുവ സംവിധായകനായിരുന്നു. അല്‍പാച്ചിനോ തീയറ്റര്‍ രംഗത്ത് കേന്ദ്രീകരിച്ചിരുന്ന അത്രയൊന്നും പ്രശസ്തനല്ലാത്ത നടനായിരുന്നു. മാരിയോ പുസോയുടെ നോവല്‍ ആദ്യം വായിച്ചപ്പോള്‍ നിരാശയാണ് തനിക്ക് തോന്നിയതെന്നും ദൈര്‍ഘ്യമേറിയ വിരസമായ നോവലായാണ് അത് അനുഭവപ്പെട്ടതെന്നും ഫ്രാന്‍സിസ് കപ്പോള ഓര്‍ത്തു. മൈക്കിള്‍ കോര്‍ലിയോണ്‍ എ്ന്ന കഥാപാത്രം അല്‍ പാച്ചിനോ തന്നെ ചെയ്യണമെന്ന് കപ്പോള നിര്‍ബന്ധം പിടിച്ചു. നിര്‍മ്മാതാക്കളുമായി ഏറെ വഴക്കിട്ടു. ഒട്ടേറെ തവണ അല്‍ പാച്ചിനോ സ്‌ക്രീന്‍ ടെസ്റ്റിന് വിധേയനായിരുന്നു. ഒരു ഘട്ടത്തില്‍ തന്നെ അഭിനയിപ്പിക്കാന്‍ അധികം മെനക്കെടേണ്ടെന്ന് അല്‍ പാച്ചിനോ കപ്പോളയോട് പറയുകയും ചെയ്തു.

വിറ്റോ കോര്‍ലിയോണിന്റെ മൂത്ത മകന്‍ സണ്ണി കോര്‍ലിയോണായി അഭിനയിച്ചത് ജയിംസ് കാനാണ്. റോബര്‍ട്ട് ഡി നീറോ വിറ്റോ കോര്‍ലിയോണിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച് രണ്ടാം ഭാഗത്താണ് വരുന്നത്. ഷൂട്ടിംഗ് തുടങ്ങിയ ശേഷവും ആദ്യമൊന്നും അല്‍ പാച്ചിനോയ്ക്ക് തീരെ ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഈ വേഷം തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് തന്നെയാണ് പാച്ചിനോ കരുതിയത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി. ഷൂട്ട് ചെയ്ത ആദ്യ രംഗങ്ങള്‍ കപ്പോള കാണിച്ച് കൊടുത്തതോടെ അല്‍ പാച്ചിനോയ്ക്ക് ആത്മവിശ്വാസം കൈവരുകയായിരുന്നു.

വീഡിയോ:Next Story

Related Stories