കമല്‍ഹാസനും സല്മാന് ഖാനും ആദ്യമായി ഒന്നിച്ച് 'അഭിനയി'ക്കുന്നു. സിനിമയിലല്ല, ടിവി റിയാലിറ്റി ഷോയിലാണെന്ന് മാത്രം. ഹിന്ദിയില്‍ സല്‍മാനും തമിഴില്‍ കമല്‍ഹാസനുമാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകര്‍. ദസ് കാ ദം എന്ന സോണി ടിവിയുടെ റിയാലിറ്റി ഷോയുടെ അവതാരകന് സല്മാന് ഖാനാണ്. തന്റെ പുതിയ ചിത്രമായ വിശ്വരൂപ് 2വിന്റെ പ്രൊമോഷന് വേണ്ടിയാണ് കമല്‍ ഷോയിലെത്തുന്നത്.
ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ നിര്‍മ്മിക്കുന്നത് രോഹിത് ഷെട്ടിയും അനില്‍ അംബാനിയുടെ റിലൈന്‍സ് എന്റര്ടെയ്ന്മെന്റും ചേര്‍ന്നാണ്. 2013ല്‍ വിശ്വരൂപത്തിന്റെ ആദ്യ ഭാഗത്തിനെതിരായ മതമൗലികവാദികളുടെ പ്രചാരണം ശക്തമായിരുന്ന സമയത്ത് ചിത്രം കാണാന്‍ തന്റെ ആരാധകരോട് സല്മാന് ആവശ്യപ്പെട്ടിരുന്നു. കമല്ഹാസന് നടത്തിയ സ്പെഷല്‍ സ്ക്രീനിംഗിന് സല്മാന് എത്തിയിരുന്നു.
ഓഗസ്റ്റ് 10ന് റിലീസിംഗ് തീയതി നിശ്ചയിച്ചിരിക്കുന്ന വിശ്വരൂപം രണ്ടിന്റെ ട്രെയ്ലര് ജൂണില്‍ പുറത്തിറങ്ങിയിരുന്നു. കമല്ഹാസന് രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കമലിനെ കൂടാതെ പൂജ കുമാര്‍, ആന്‍ഡ്രിയ ജെറിമിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ്, ജയ്ദീപ് അഹ്ലാവത്, വഹീദ റഹ്മാന് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.