സിനിമാ വാര്‍ത്തകള്‍

സ്വവര്‍ഗാനുരാഗികളുടെ കഥ: കാനില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന സിനിമ കെനിയ നിരോധിച്ചു

ആദ്യമായല്ല ഇത്തരം സിനിമകള്‍ കെനിയയില്‍ നിരോധിക്കപ്പെടുന്നത്. നേരത്തെ, സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ കുട്ടികളുടെ പരിപാടികളായ ദി ലജന്റ് ഓഫ് കോറ, ഹേ ആര്‍നൊള്‍ഡ് തുടങ്ങിയ പരിപാടികളും നിരോധിച്ചിരുന്നു.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കാനിരിക്കുന്ന കെനിയന്‍ സിനിമ ‘റാഫിക്കി’ കെനിയയില്‍ നിരോധിച്ചു. സ്വവര്‍ഗാനുരാഗികളായ സ്ത്രീകളുടെ കഥ പറയുന്നതായതിനാലാണ് കെനിയന്‍ ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡ് (കെ എഫ് സി ബി) ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. കെനിയയില്‍ സ്വവര്‍ഗാനുരാഗം 14 വര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ചലച്ചിത്രം കൈവശം വയ്ക്കുന്നതും നിയമ വിരുദ്ധമാണെന്ന് കെഎഫ്‌സിബി വ്യക്തമാക്കി.

‘കെനിയന്‍ പ്രേക്ഷകര്‍ പക്വതയും വിവേചന ബുദ്ധിയുള്ളവരുമാണ്. ക്ലാസിഫിക്കേഷന്‍ ബോര്‍ഡ് ഈ സിനിമയെ 18 വയസിന് മുകളിലുള്ളവര്‍ക്ക് കാണാവുന്ന സിനിമയാക്കി തരം തിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്’ സംവിധായകന്‍ വനൂരി കഹിയു പറഞ്ഞു. ‘നിരോധനം വന്നതോടെ കെനിയന്‍ പ്രേക്ഷകര്‍ക്ക് ഈ സിനിമ കാണാനോ ചര്‍ച്ച ചെയ്യാനോ കഴിയില്ല’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉഗാണ്ടന്‍ എഴുത്തുകാരി ‘മോണിക്ക അറക് ന്യേക്കൊ’വിന്റെ ‘ജാമ്പുല ട്രീ’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സുഹൃത്തുക്കളായ കീനയുടേയും സക്കിയുടേയും പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കെനിയയുടെ നാഷണല്‍ ഗേ ആന്റ് ലെസ്ബിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനും (എന്‍ജിഎല്‍ആര്‍ആര്‍സി) നിരോധനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കമ്മീഷന്‍ ട്വീറ്റ് ചെയ്ത കെഎഫ്‌സിബി ബാന്‍സ് ലെസ്ബിയന്‍ ഫിലിം എന്ന ഹാഷ് ടാഗിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യമായല്ല ഇത്തരം സിനിമകള്‍ കെനിയയില്‍ നിരോധിക്കപ്പെടുന്നത്. നേരത്തെ, സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ കുട്ടികളുടെ പരിപാടികളായ ദി ലജന്റ് ഓഫ് കോറ, ഹേ ആര്‍നൊള്‍ഡ് തുടങ്ങിയ പരിപാടികളും നിരോധിച്ചിരുന്നു. ലൈംഗികതയുടേയും നഗ്‌നതയുടേയും അതിപ്രസരം ഉണ്ടെന്ന കാരണത്താല്‍ 2014ല്‍ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റും കെനിയയില്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞിരുന്നു. കുടുംബ മൂല്യങ്ങള്‍ ലംഘിക്കുന്നു എന്ന് പറഞ്ഞാണ് 2016 ല്‍ കൊക്ക കോളയുടെ ഒരു ടെലിവിഷന്‍ പരസ്യത്തില്‍നിന്നും ചുംബനരംഗം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍