TopTop

റഷ്യയും ഇറാനും വിലക്കേര്‍പ്പെടുത്തിയാല്‍ പാം ഡി ഓറിന് മത്സരിക്കുന്ന രണ്ട് പ്രമുഖ സംവിധായകര്‍ കാനിലെത്തില്ല

റഷ്യയും ഇറാനും വിലക്കേര്‍പ്പെടുത്തിയാല്‍ പാം ഡി ഓറിന് മത്സരിക്കുന്ന രണ്ട് പ്രമുഖ സംവിധായകര്‍ കാനിലെത്തില്ല
റഷ്യയും ഇറാനും വിലക്കേര്‍പ്പടുത്തിയതിനാല്‍ പാം ഡി ഓറിനായി മത്സരിക്കുന്ന രണ്ട് പ്രമുഖ വിമത സംവിധായകര്‍ക്ക് ഇത്തവണ കാന്‍ ചലച്ചിത്രവേദിയില്‍ എത്താന്‍ സാധിക്കില്ല. റഷ്യന്‍ ചലച്ചിത്ര-നാടക സംവിധായകനായ കിറില്‍ സെറെബ്രെനിക്കോവിനും ഇറാന്‍ സംവിധായകനായ ജഫര്‍ പനാഹിക്കുമാണ് രാഷ്ട്രീയപരമായ കാരണങ്ങളാല്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തത്. രണ്ട് സംവിധായകരേയും Palme d’Orഫെസ്റ്റിവലില്‍ പങ്കെടുപ്പിക്കാന്‍ കാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പനാഹിയെ പങ്കെടുപ്പിക്കാന്‍ ഫ്രഞ്ച് ഗവണ്മെന്റിന്‍റെ സഹായം തേടിയെങ്കിലും പ്രയോജനമുണ്ടായില്ല.

സെറെബ്രെനിക്കോവിന്റെ 'ലെറ്റോ' (സമ്മര്‍) എന്ന ചിത്രമാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അഴിമതി ആരോപിക്കപ്പെട്ട് ഓഗസ്റ്റ് മുതല്‍ റഷ്യയില്‍ വീട്ടുതടങ്കലിലാണ് അദ്ധേഹം. മോസ്‌കോയിലെ പ്രശസ്ത തിയേറ്ററായ ഗൊഗോള്‍ സെന്ററില്‍ ആര്‍ട്ട് ഡയരക്ടറായി ജോലി ചെയ്തുകൊണ്ടിരിക്കെ 790,000 പൗണ്ട് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തി എന്നതാണ് ആരോപണം. റഷ്യന്‍ കലാകാരന്മാരുടെ വിയോജിക്കുവാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നു ചൂണ്ടിക്കാട്ടി പല പ്രമുഖ റഷ്യന്‍ അഭിനേതാക്കളും സംവിധായകന്മാരും സെറെബ്രെനിക്കോവിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. യൂറോപ്യന്‍ ഫിലിം അക്കാഡമി ഈ തീരുമാനത്തിനെതിരെ പ്രതികരിച്ചു. നേരത്തെ, ക്രിമിയന്‍ വിഷയത്തിലും റഷ്യയുടെ എല്‍.ജി.ബി.ടി നയത്തിലും അദ്ധേഹം ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

2016-ലെ 'ദ സ്റ്റുഡന്റ്' എന്ന ചിത്രത്തിനു ശേഷം കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സെറെബ്രെനിക്കോവിന്റെ രണ്ടാമത്തെ സിനിമയാണ് ലെറ്റോ. അറസ്റ്റിന് മുമ്പ് ചിത്രീകരിച്ച ചലച്ചിത്രം 80-കളുടെ തുടക്കത്തില്‍ സോവിയറ്റ് യൂണിയന്റെ കാലത്തെ ഇതിഹാസ താരങ്ങളായിരുന്ന ലെഡ് സെപ്പിലിന്റെയും ഡേവിഡ് ബോവിന്റെയും കഥയാണ് പറയുന്നത്. 1995-ല്‍ പുറത്തിറങ്ങിയ 'ദി വൈറ്റ് ബലൂണ്‍' എന്ന ആദ്യ സിനിമയിലൂടെതന്നെ കാന്‍ ചലച്ചിത്ര പുരസ്‌കാരം നേടിയ പാനിഹിക്ക് 2010-മുതല്‍ രാജ്യം വിട്ടുപോകുന്നതിന് ഇറാന്‍ വിലക്കേര്‍പ്പെടുത്തിയതാണ്. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രചാരണം നടത്തിയെന്നും രാജ്യ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്നൊക്കെയാണ് അദ്ധേഹംനേരിടുന്ന ആരോപണങ്ങള്‍. ആറു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട പനാഹി ആദ്യം വീട്ടുതടങ്കലിലായിരുന്നു. ഇപ്പോള്‍ രാജ്യത്തിനകത്ത് സഞ്ചരിക്കാന്‍ അദ്ദേഹത്തിന് ഭാഗികമായി അനുവദമുണ്ടെങ്കിലും വിദേശ യാത്ര നടത്തുവാനോ മാധ്യമങ്ങളോട് സംസാരിക്കുവാനോ സിനിമ സംവിധാനം ചെയ്യുവാനോ എഴുതുവാനോ ഒന്നും അനുവാദമില്ല. 20 വര്‍ഷത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയിക്കുന്നത്.

'ത്രീ ഫേസസ്' എന്ന ചിത്രമാണ് പനാഹിയുടെതായി കാനിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇറാന്‍ വിപ്ലവത്തിനുശേഷമുള്ള മൂന്ന് നടന്മാരുടെ വ്യത്യസ്ത കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയാണിത്. വിലക്കുകള്‍ക്കിടയിലും അതിസര്‍ത്ഥമായാണ് അദ്ദേഹം സിനിമികള്‍ സംവിധാനം ചെയ്യുന്നത്. ഏഴ് വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെതായി പുറത്തുവരുന്ന നാലാമത്തെ ചിത്രമാണിത്. 2011-ല്‍ 'ദിസ് ഈസ് നോട്ട് എ ഫിലിം' എന്ന ഡോക്യുമെന്ററിയും, 2013-ലെ 'ക്ലോസ്ഡ് കര്‍ട്ടനും' അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് രഹസ്യമായി ചിത്രീകരിച്ചവയായിരുന്നു. 2015-ല്‍ പുറത്തിറങ്ങിയ ഡോക്യുഫിക്ഷന്‍ 'ടാക്‌സി', ഡ്രൈവറുടെ വേഷംധരിച്ച് ടാക്‌സിയില്‍ കാമറകള്‍ രഹസ്യമായി സ്ഥാപിച്ചാണ് ഷൂട്ട് ചെയ്തത്. നിരോധനം തുടരുകയാണെങ്കിലും തന്റെ ചിത്രങ്ങള്‍ വിദേശ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ മാസം ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയ കുറിപ്പില്‍ പനാഹി പറഞ്ഞിരുന്നു. മേയ് 8-ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേള മേയ് 19-ന് അവസാനിക്കും.

Next Story

Related Stories