TopTop
Begin typing your search above and press return to search.

നടിമാര്‍ക്ക് ഗോഡ് ഫാദര്‍മാര്‍ വേണ്ട, ഒറ്റപ്പെട്ടാലും പോരാട്ടം തുടരും: റിമ കല്ലിങ്കല്‍

നടിമാര്‍ക്ക് ഗോഡ് ഫാദര്‍മാര്‍ വേണ്ട, ഒറ്റപ്പെട്ടാലും പോരാട്ടം തുടരും: റിമ കല്ലിങ്കല്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ട് പോകുമെന്ന് നടിയും മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഭാഗവുമായ റിമ കല്ലിങ്കല്‍. നാളെ ചിലപ്പോള്‍ വിമണ്‍ കളക്ടീവ് ഒറ്റപ്പെട്ടേക്കാം. എന്നാലും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. താരസംഘടനയായ അമ്മ എല്ലാ തരത്തിലുമുള്ള പിന്തുണയും അറിയിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട റിമ, ഭാവിയില്‍ 'അമ്മ' എന്ത് ചെയ്യുമെന്നത് കണ്ടറിയണമെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

സമൂഹത്തില്‍ എല്ലായിടത്തും ഉള്ളത് പോലെ തന്നെ ആണധികാരവും അത്തരം മനോഭാവവും അമ്മയെന്ന സംഘടനയിലുമുണ്ട്. അത് പുതിയ കാര്യമൊന്നുമല്ല. നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞതാണ്. ആ ആണധികാര മനോഭാവം മാറ്റി സ്ത്രീകളെ കൂടി പരിഗണിക്കുന്ന തരത്തിലേക്ക് അമ്മയെ മാറ്റാന്‍ കൂടിയാണ് 'വിമണ്‍ ഇന്‍ സിനിമ കളക്ടീവ്' രൂപീകരിച്ചത്. പക്ഷേ ഒരു സുപ്രഭാതത്തില്‍ അതു മാറ്റാനാവില്ല. അതിന് സമയമെടുക്കും. പടിപടിയായുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. അമ്മയില്‍ അങ്ങനെയൊരു മാറ്റം വരുന്നതോടെ അത് സമൂഹത്തിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. റിമ പറയുന്നു.

ആരുടെയും ഔദാര്യമില്ലാതെ അവരുടെ കഴിവ് മാത്രം പരിഗണിച്ച് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം സ്ത്രീകള്‍ക്കുണ്ടാവണം. ഞാനാണ് ഈ നടിയെ സിനിമയില്‍ കൊണ്ടുവന്നത് എന്നു പറയുന്ന തരത്തിലുള്ള ഗോഡ്ഫാദര്‍മാര്‍ ഇനിയുണ്ടാകരുത്. ആ മനോഭാവത്തില്‍ മാറ്റം വരണം. അമ്മയിലെ ആണധികാരത്തെ പൊളിച്ചു കളയാനാണെങ്കില്‍ സമൂഹത്തിലെ മറ്റു മേഖലയിലെ പലതും പൊളിച്ചു കളയേണ്ടി വരും. പൊളിച്ചു കളയുക എന്നത് എളുപ്പമാണ്. അതിന് പകരം ഒരു മാറ്റമാണ് ഉദ്ദേശിക്കുന്നത്. അമ്മ എന്ന സംഘടനയില്‍ നിന്ന് രാജിവെച്ച് പോരാന്‍ എളുപ്പമാണ്. എന്നാല്‍ അതല്ല വേണ്ടത്. അതിനുള്ളില്‍ നിന്ന് തന്നെ പോരാടി സ്ത്രീകള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്.

നടിക്കെതിരായി ആക്രമണമുണ്ടായപ്പോള്‍ സ്ത്രീകള്‍ രാത്രി യാത്ര ചെയ്യാതിരിക്കട്ടെ എന്ന അമ്മയുടെ പ്രസ്താവന സങ്കടമുണ്ടാക്കിയ കാര്യമാണ്. അത് ശരിയല്ല എന്ന് അന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇത്രയും കാലം ആരും ഇത് പറഞ്ഞിരുന്നില്ല. ഇങ്ങനെയുള്ള പ്രസ്താവനകള്‍ പ്രശ്നമാണെന്ന് സ്ത്രീകള്‍ പോലും മനസ്സിലാക്കിയിട്ടില്ല. ഞങ്ങള്‍ ഡബ്ല്യുസിസി അവിടെയാണ് നില്‍ക്കുന്നത്. അതുകൊണ്ട് മുന്നിലുള്ളത് വലിയ യാത്രയാണ്. നാളെ ചിലപ്പോള്‍ എല്ലാവരും ഒറ്റപ്പെട്ടേക്കാം. സിനിമാ മേഖലയില്‍ നിന്ന് പുറത്തായേക്കാം. പക്ഷേ ശുഭപ്രതീക്ഷയോടെ മുന്നോട്ടു പോകാനാണ് താത്പര്യം. എട്ട് വര്‍ഷം നിലപാടുകള്‍ തുറന്നു പറഞ്ഞ വ്യക്തിയാണ്. അതിനെ തുടര്‍ന്ന് പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ല.

ഡബ്ല്യുസിസി രൂപീകരിച്ചതിന് ശേഷം പങ്കെടുക്കുന്ന ആദ്യ ജനറല്‍ബോഡി മീറ്റിംഗായിരുന്നു അത്. ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അത് പറയുന്നതിന് മുമ്പ് അമ്മയ്ക്ക് അയച്ച കത്ത് എക്സിക്യൂട്ടീവ് മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്തു. എല്ലാവരും പൂര്‍ണ പിന്തുണ തന്നു. നടിക്കെതിരായ പരാമര്‍ശത്തില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് ദിലീപ് മാപ്പ് പറയുകയും ചെയ്തു. പിന്നീട് ഞങ്ങള്‍ക്ക്. യോഗത്തില്‍ ഒന്നും ഉന്നയിക്കാനുള്ള സ്പെയ്സ് ഉണ്ടായിരുന്നില്ല. അമ്മയില്‍ പോയി തല്ലുണ്ടാക്കുന്നതിന് പകരം കൂട്ടുകാരിക്ക് നീതി കിട്ടുന്നതിനാണ് ഞങ്ങള്‍ പ്രയത്നിക്കുന്നത്. അതിന് അമ്മ കൂടെയുണ്ടാകുമെന്ന് ഉറപ്പു വരുത്തുകയാണ് വേണ്ടത്. അല്ലാതെ ഭിന്നിപ്പുണ്ടാക്കുകയില്ല. അമ്മയാണ് ഇക്കാര്യത്തില്‍ നിലപാട് എടുക്കേണ്ടത്. 23-ാമത്തെ ജനറല്‍ ബോഡി മീറ്റിംഗാണിത്. ഞങ്ങളുടെ സംഘടന പറയേണ്ട കാര്യമല്ല ഇത്. അവരുടെ നിലപാട് അവര്‍ എടുക്കുക തന്നെ വേണം. അപകീര്‍ത്തിപ്പെടുത്തുന്ന, മുറിപ്പെടുത്ത രീതിയില്‍ പ്രസ്താവന ഉണ്ടായാല്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നും റിമ വ്യക്തമാക്കി.

സെറ്റില്‍ വരുന്ന ഡ്രൈവര്‍മാരില്‍ അധിക പേരും നല്ല സ്വഭാവക്കാരായിരിക്കും. അവരോട് നമ്മള്‍ നല്ല രിതീയിലാണ് പെരുമാറുക. അതിനെ അടുത്ത സൗഹൃദമൊന്നും പറയാനാവില്ല. ഇനി ദിലീപ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ഭാഷ്യമാണ്. പക്ഷേ ഇക്കാര്യങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് വീണ്ടും വേദനയുണ്ടാക്കുന്ന കാര്യമാണ്. അത് നമ്മള്‍ മനസ്സിലാക്കണം. സത്യത്തിന് നിരക്കുന്നതും അവകാശപ്പെട്ടതുമായ കാര്യങ്ങളാണ് ഡബ്ല്യുസിസി ചോദിക്കുന്നത്. ആ ബോധ്യമാണ് ഞങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതും. അതുകൊണ്ട് തന്നെ നല്ല ആത്മവിശ്വാസവുമുണ്ട്. സിനിമാ മേഖലയിലേക്ക് വരുന്ന പുതിയ പെണ്‍കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്ന് നല്‍കുകയും അവര്‍ക്ക് ശബ്ദമുയര്‍ത്താനുള്ള അവസരം നല്‍കുകയും വേണം. ഇതും ഡബ്ല്യുസിസിയുടെ ലക്ഷ്യങ്ങളാണ്. ഇതുവരെ നല്‍കിയ പിന്തുണ ഇനിയും തുടരുമെന്നും പ്രതീക്ഷിക്കുന്നതായും റിമ കല്ലിങ്കല്‍ പറഞ്ഞു.


Next Story

Related Stories