TopTop

"നിന്നെപ്പോലുള്ള മുസ്ലീങ്ങളെ പാകിസ്ഥാനിലേയ്ക്ക് വിടും"; ജെഎന്‍യു വിദ്യാര്‍ത്ഥിക്ക് സിഐഎസ്എഫുകാരുടെ മര്‍ദ്ദനം

"നിന്നെപ്പോലുള്ള മുസ്ലീങ്ങളെ പാകിസ്ഥാനിലേയ്ക്ക് വിടും"; ജെഎന്‍യു വിദ്യാര്‍ത്ഥിക്ക് സിഐഎസ്എഫുകാരുടെ മര്‍ദ്ദനം
കുര്‍ത്ത ധരിച്ച് താടിയും വച്ചെത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥിയെ മുസ്ലീമെന്ന് പറഞ്ഞ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി. ഡല്‍ഹി മെട്രോ സ്‌റ്റേഷനിലാണ് സംഭവം. രണ്ടാം വര്‍ഷ എംഎ ചരിത്ര വിദ്യാര്‍ത്ഥി അമന്‍ സിന്‍ഹ എന്ന 21-കാരനാണ് മര്‍ദ്ദനമേറ്റത്. ജൂലൈ 27ന് നടന്ന സംഭവം ഏതായാലും വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സഹോദരിയോടൊപ്പം ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അമന് മര്‍ദ്ദനമേറ്റത്. മെട്രോ സ്‌റ്റേഷനുകളില്‍ പ്രവേശിക്കുമ്പോഴുള്ള പരിശോധനാ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അമന്റെ ചെവിയില്‍ ഹെഡ്‌ഫോണ്‍ ഇരുന്നതിനെ തുടര്‍ന്നുണ്ടായ വാഗ്വാദമാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് അമന്റെ ആദ്യ പേര് കേട്ട പൊലീസുകാര്‍ അയാള്‍ മുസ്ലീം ആണെന്ന് പറഞ്ഞ് പാകിസ്ഥാനിലേക്ക് കയറ്റി അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും സിഐഎസ്എഫ് ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ രഘുബീര്‍ ലാല്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ മുസഫര്‍പൂരില്‍ നിന്നുള്ള അമന്‍ നേരത്തെ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് ഇരയായിരുന്നു. ഡല്‍ഹി രാംജാസ് കോളേജില്‍ എബിവിപി നടത്തിയ അക്രമങ്ങള്‍ക്കെതിരെ തെരുവില്‍ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു ഇത്. സംഭവത്തെ കുറിച്ച് അമന്‍ വിശദമായി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

'ഇന്ന് വൈകിട്ട് രാജിവ് ചൗക്ക് മെട്രോ സ്‌റ്റേഷനില്‍ സുരക്ഷ പരിശോധനയ്ക്ക്ള്ള ക്യൂവിലായിരുന്നു ഞാന്‍. എന്നാല്‍ ഹെഡ്‌ഫോണ്‍ ധരിച്ചിരുന്നതിനാല്‍ സിഐഎസ്എഫ് ഗാര്‍ഡുകള്‍ എന്നെ തടഞ്ഞു നിറുത്തി. ഹെഡ്‌ഫോണ്‍ നീക്കാന്‍ ആജ്ഞാസ്വരത്തില്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. പക്ഷെ അത്തരം ഉത്തരവ് അനുസരിക്കാന്‍ തയ്യാറായില്ല. വാഗ്വാദം കനത്തപ്പോള്‍ പൊതുജനങ്ങള്‍ എന്നോടൊപ്പം നില്‍ക്കുകയും സുരക്ഷ പരിശോധനയിലൂടെ കടന്നുപോകാന്‍ അവര്‍ എന്നെ അനുവദിക്കുകയും ചെയ്തു. എന്നാല്‍, അതിന് ശേഷം സ്തീകളുടെ ക്യൂവിലൂടെ കടന്നുവരികയായിരുന്ന എന്റെ സഹോദരിയെ കാത്തിരിക്കുമ്പോള്‍ ഒരു സിഐഎസ്എഫുകാരന്‍ വന്ന ഞാന്‍ എവിടെ നിന്നും എന്താണ് ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു. എന്റെ പേരും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിയാണെന്നും മറുപടി നല്‍കി. എന്റെ പേര് കേട്ടപ്പോള്‍ 'മുഴുവന്‍ പേര്' പറയാന്‍ അയാള്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ സഹപൗരനായ എന്നോട് പോലീസുകാര്‍ സംസാരിക്കുന്ന രീതിയില്‍ അസ്വസ്ഥരായ പൊതുജനങ്ങളും സിഐഎസ്എഫുകാര്‍ക്കെതിരെ സംസാരിക്കാന്‍ തുടങ്ങി. ഇത് സിസിടിവി ദൃശ്യങ്ങളില്‍ ലഭ്യമാണ്. മറ്റൊരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ വരുകയും രാജ്യത്തിന്റെ പേര് നിങ്ങള്‍ നശിപ്പിക്കുകയുമാണ് എന്ന് പറഞ്ഞു. 'നിങ്ങള്‍ മുസ്ലീങ്ങളെ ഞങ്ങള്‍ ഇന്നുതന്നെ പാകിസ്ഥാനിലേക്ക് അയയ്ക്കും,' എന്നയാള്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദീര്‍ഘമായ ഇടനാഴിയിലൂടെ പൊതുജനങ്ങള്‍ക്കിടയിലൂടെ സിസിടിവിയും പൊതുജനങ്ങളും ഇല്ലാത്ത സുരക്ഷ ഓഫീസിലേക്ക് അവരെന്നെ വലിച്ചിഴച്ചു കൊണ്ടുപോയി. അവരെന്റെ അമ്മയെയും സഹോദരിയെയും ചീത്തവിളിച്ചു എന്ന് മാത്രമല്ല, 'പൊതുജനങ്ങളുടെ മുന്നില്‍ ഞങ്ങളുടെ പേര് ചീത്തയാക്കി,' എന്ന് പറഞ്ഞുകൊണ്ട് മര്‍ദ്ദിക്കാനും തുടങ്ങി. ഇത് ചിത്രീകരിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അവര്‍ എന്നെക്കൊണ്ട് അത് ഡിലീറ്റ് ചെയ്യിക്കുകയും ഫോണ്‍ തറയില്‍ വലിച്ചെറിയുകയും ചെയ്തു.

ഒടുവില്‍ ഞങ്ങള്‍ രാജീവ് ചൗക്ക് കണ്‍ട്രോള്‍ റൂമില്‍ എത്തിയപ്പോള്‍ മറ്റ് ജീവനക്കാര്‍ എന്നെ പിന്തുണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ എന്നെ വീണ്ടും മര്‍ദ്ദിച്ചു. പിന്നീട് ഒരു വനിത ഉദ്യോഗസ്ഥ വരികയും എന്റെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ കരയുകയായിരുന്നെങ്കിലും എന്നെ സഹായിക്കാന്‍ അവരൊന്നും ചെയ്തില്ല. പുറത്ത് എടിഎം ക്യൂവില്‍ നിന്നിരുന്നവര്‍ക്ക് കണ്ണാടിയില്‍ കൂടി ഞാന്‍ ഓഫീസില്‍ നിന്ന് കരയുന്നത് കാണാമായിരുന്നു. 'നീ ഞങ്ങളുടെ ഓഫീസിലാണ്. ഇവിടെ സീന്‍ ഉണ്ടാക്കിയാല്‍ കുറച്ചു കാര്യങ്ങള്‍ കൂടി ഞങ്ങള്‍ ചെയ്യുകയും പൊലീസും നിന്നെ പിടിക്കുകയും ചെയ്യും,' എന്ന് ഓഫീസില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു. വനിത ഓഫീസര്‍ വന്നതിന് ശേഷവും അവര്‍ എന്നെ തല്ലി. എന്നെ പോലുള്ള ആളുകള്‍ മൂലം രാജ്യത്തിന്റെ യശസ് നഷ്ടപ്പെട്ടു എന്ന് സിഐഎസ്എഫുകാര്‍ അവരോട് പറയുന്നുണ്ടായിരുന്നു.

സിഐഎസ്എഫുകാര്‍ക്ക് എന്റെ മറുപടി മനസിലാവാതിരിക്കാനാവണം അവര്‍ എന്നോട് ഒഴുക്കുള്ള ഇംഗ്ലീഷിലാണ് സംസാരിച്ചത്. അതിനുശേഷവും 'പൗരന്മാരെ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍' എന്നെ മര്‍ദ്ദിച്ചു. തന്റെ ഷൂവില്‍ പറ്റിയിരുന്ന ചാണകം അവരില്‍ ഒരാള്‍ എന്റെ ജീന്‍സില്‍ തേച്ചതില്‍ നിന്നുതന്നെ ആ രണ്ട് പോലീസുകാരുടെ മാനസികാവസ്ഥ വ്യക്തമാണ്. ഇപ്പോള്‍ എന്റെ കുറ്റം എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് എന്നതാണോ അതോ ഹെഡ്‌ഫോണ്‍ ചെവിയില്‍ വച്ചുവെന്നതാണോ? രണ്ട് രീതിയിലായാലും നമ്മുടെ സര്‍ക്കാര്‍ സംവിധാനം എത്രമാത്രം പ്രതിലോമകരമാണെന്ന് അത് വ്യക്തമാക്കുന്നു. എങ്ങനെയാണ് സാധാരണക്കാരോട് പെരുമാറുന്നത് എന്നും.

പശുവിനെ സുരക്ഷിതമാക്കുന്നതിന് പകരം ഈ രാജ്യത്തെ സാധാരണക്കാരെ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ നിലകൊള്ളേണ്ടത്. എന്നെ തല്ലി എന്നുള്ളതല്ല പ്രശ്‌നം, പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ എനിക്കത് ആവശ്യത്തിന് കിട്ടിയിട്ടുണ്ട്. നിയമം നടപ്പിലാക്കേണ്ടവരുടെ സ്വേച്ഛാധിപത്യപരവും മാടമ്പിത്തരം നിറഞ്ഞതുമായ പെരുമാറ്റമാണ് പ്രശ്‌നം. കാശ്മീരിലെയും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേയും പുരുഷകേന്ദ്രീകൃത സായുധ സേനകളുടെ പൈശാചികതയെ കുറിച്ച് സങ്കല്‍പിക്കാന്‍ മാത്രമേ എനിക്ക് സാധിക്കൂ'.

Next Story

Related Stories