വിദേശം

ഭരണകൂട ഭീകരതയ്ക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് ഫെമിനിസ്റ്റുകളെന്ന് റിപോര്‍ട്ട്

ലോകത്ത് പത്തില്‍ ആറ് രാജ്യങ്ങളിലും പൗരാവകാശങ്ങള്‍ അപകടകരമായ തരത്തില്‍ ഭീഷണിയിലാണെന്നും പൗരാവകാശ പ്രവര്‍ത്തകരുടെ സംഘം സിവിക്സ് മോണിറ്ററിന്റെ കണ്ടെത്തലില്‍ പറയുന്നു.

ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ പൗരന്റെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടത്ര പ്രധാന്യം നല്‍കുന്നില്ലെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യങ്ങളുടെ അധപതനത്തെ പ്രത്യേകമായി എടുത്തു പറയുന്നതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകത്ത് പത്തില്‍ ആറ് രാജ്യങ്ങളിലും പൗരാവകാശങ്ങള്‍ അപകടകരമായ തരത്തില്‍ ഭീഷണിയിലാണെന്നും പൗരാവകാശ പ്രവര്‍ത്തകരുടെ സംഘം സിവിക്സ് മോണിറ്ററിന്റെ കണ്ടെത്തലില്‍ പറയുന്നു. ഈ പഠന പ്രകാരം സിറിയയും  എറിട്രിയയും പോലുള്ള രാജ്യങ്ങളില്‍ ആക്ടിവിസത്തിനു  നേരിയ സാധ്യത പോലും നിലവിലെ അവസ്ഥയില്‍ ഇല്ല. ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങള്‍ക്കധിഷ്ഠിതമായി രൂപം കൊണ്ടഇന്ത്യ, ഫ്രാന്‍സ്, യുഎസ്,ഹംഗറി മുതലായ രാജ്യങ്ങളില്‍ പോലും വന്‍തോതില്‍ പൗരാവകാശം ഹനിക്കപ്പെടുന്നുണ്ട്. പ്രധാനപ്പെട്ട 196 ലോകരാജ്യങ്ങളില്‍ 111 രാജ്യങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യവും സമാധാനപൂര്‍ണ്ണമായി സംഘം ചേരാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പടെ ഭീഷണിയിലാണ്.

അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയും വാര്‍ത്തകള്‍ പുറം ലോകത്തെത്തിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റുകളെയും പൊതുപ്രവര്‍ത്തകരെയും എന്തിന് മാധ്യമ പ്രവര്‍ത്തകരെ വരെ ആക്രമിക്കുകയും തടയുകയും ചെയ്യുന്നതിന്റെയും അടിസഥാനത്തിലാണ് റിപോര്‍ട്ട് ശ്രദ്ധിക്കപ്പെടുന്നത്. നിയമപ്രശ്നങ്ങള്‍ ചൂണ്ടി കാണിച്ചും കേസുകളില്‍ കുടുക്കിയും സമൂഹത്തില്‍ ചിന്തിക്കുന്ന തലച്ചോറുകള്‍ക്ക് കൂച്ചുവിലങ്ങിടുന്നു. ഇവരുടെ ജീവന്‍ പോലും ഭീഷണിയിലാകുന്നു. പൊതുമണ്ഡലത്തിലെയും സൈബര്‍ ഇടങ്ങളിലെയും ആരോഗ്യകരമായ രാഷ്ട്രീയ സംവാദങ്ങള്‍ തടയാന്‍ ഭരണകൂടം പുതിയ സാങ്കേതിക വിദ്യകള്‍ പോലും ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന പോലുള്ള രാജ്യങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സെന്‍സര്‍ഷിപ്പ് പോലും ഏര്‍പ്പെടുത്തുന്നുണ്ട്. യഥാര്‍ത്ഥ പ്രശ്‌നങ്ങളുടെ മഞ്ഞു മലയുടെ ഒരു അറ്റം മാത്രമേ നമ്മുക്ക് നേരിട്ട് അനുഭവപ്പെടുന്നുള്ളൂ. ബാക്കി ഭരണകൂട ഭീകരതകളൊക്കെ ഉള്ളറകളിലാണ് നടക്കുന്നതെന്ന് പൗരാവകാശ പ്രവര്‍ത്തകന്‍ കാതല്‍ ഗില്‍ബെര്‍ട്ട് പറയുന്നു.

ഭരണകൂട ഭീകരത പുറത്തു വരാതെ വേറെയുമുണ്ട്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കോംഗോയും ഫ്രാന്‍സും ബംഗ്ലാദേശും ഒക്കെ വളരെ അപകടത്തിലാണെന്നാണ് റിപോര്‍ട്ട് പറയുന്നത്. ഫ്രാന്‍സില്‍ 2015 ലെ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കി വന്ന താല്‍ക്കാലിക അടിയന്തിരാവസ്ഥയും പൗരന്മാര്‍ക്ക് മേലെയുള്ള  നിരീക്ഷണങ്ങളും ഏതാണ്ട് സ്ഥിരമായി തന്നെ നിലനില്‍ക്കുന്ന അവസ്ഥയാണ്. മുസ്ലിം അവകാശ സംരക്ഷക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് ഇത്തരത്തില്‍ ഏറ്റവുമധികം ലക്ഷ്യം വെയ്ക്കപ്പെടുന്നത്. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും ആശങ്കയുണ്ടാക്കുന്നത് സൗദി അറേബ്യയുടെ രാഷ്ട്രീയാവസ്ഥകളാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സ്ത്രീപക്ഷ ചിന്തകരുടെയുമൊക്കെ അറസ്റ്റ് ഇപ്പോള്‍ അവിടെ സ്വാഭാവികമാണ്. അടുത്തക്കാലത്ത് സ്ത്രീകള്‍ക്ക് സ്വന്തമായി വാഹനം ഓടിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം കണ്ട് ലോകം ഞെട്ടിയിരുന്നു.

സിവിക്കസ് റിപ്പോര്‍ട്ട് പ്രകാരം സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്നവരാണ്  (ഫെമിനിസ്റ്റുകള്‍) ഭരണകൂട ഭീകരതയ്ക്കും എതിര്‍പ്പുകള്‍ക്കും കൂടുതല്‍ ഇരയാകുന്നത്. ഇതിനൊക്കെ ഒരു മറുവശം കൂടിയുണ്ട്. എന്നാല്‍ എത്യോപ്യ പോലുള്ള രാജ്യങ്ങളില്‍ പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം പോയ വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ധിച്ചിട്ടുമുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തികൊണ്ട് എന്തും നേടിയെടുക്കാനാകുമെന്നതിന്റെ തെളിവായിക്കൂടി വേണംഇത്തരം രാജ്യങ്ങളെ കാണാന്‍ ഭരണകൂടത്തെ ആരോഗ്യകരമായും ക്രിയാത്മകമായും വിമര്‍ശിക്കുന്നത് യാതൊരു കാരണവശാലും തടയപ്പെടരുത്. പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങളും ഭീഷണികളും എടുത്തുകളഞ്ഞാല്‍ മാത്രമേ ഏതൊരു രാജ്യത്തിനും പുരോഗമിക്കാനാകൂ എന്നും റിപോര്‍ട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍