TopTop
Begin typing your search above and press return to search.

അഭ്യന്തര യുദ്ധങ്ങള്‍ക്ക് തടുക്കാന്‍ കഴിയാത്ത ആഫ്രിക്കന്‍ സ്വര്‍ണ്ണ കൊയ്ത്ത്

അഭ്യന്തര യുദ്ധങ്ങള്‍ക്ക് തടുക്കാന്‍ കഴിയാത്ത ആഫ്രിക്കന്‍ സ്വര്‍ണ്ണ കൊയ്ത്ത്

തോമസ് ബ്യൂഷിവല്‍, കെവിന്‍ ക്രൌലി
(ബ്ലൂംബര്‍ഗ് ന്യൂസ്)

ആഫ്രിക്കയില്‍ ഏതു വിപ്ലവത്തിനും മീതെ പറക്കുന്ന പരുന്തുകളാണ് സ്വര്‍ണ ഖനന കമ്പനികള്‍. പട്ടാളവിപ്ലവത്തിലൂടെ 2012ല്‍ മാലി സര്‍ക്കാരിനെ അട്ടിമറിച്ച അമാഡു കൊനാരെ മറ്റുമേഖലകള്‍ക്കുനേരെ വാതിലടച്ചപ്പോഴും ഖനന കമ്പനിയായ റാന്‍ഗോള്‍ഡ് റിസോഴ്‌സസിനെ തുടരാന്‍ അനുവദിച്ചത് ഉദാഹരണം. ആഗോളവിപണിയില്‍ തടസമില്ലാതെ സ്വര്‍ണവിപണനം നടത്താനാകും വിധം കമ്പനിജീവനക്കാര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുകയാണ് പുതിയ മാലിസര്‍ക്കാര്‍ എടുത്ത ആദ്യനടപടികളിലൊന്ന്.

റാന്‍ഗോള്‍ഡിന്റെ ലൗലോ - ഗോങ്കൊട്ടോ, മോറില ഖനികള്‍ വര്‍ഷംതോറും ഉത്പാദിപ്പിക്കുന്നത് ഏഴുലക്ഷം ഔണ്‍സ് സ്വര്‍ണമാണ്. ആഗോളവിപണിയില്‍ 1.2 ബില്യണ്‍ മതിപ്പുവിലയുള്ള ഇതിന്റെ ഉത്പാദകര്‍ മാലി സമ്പദ് വ്യവസ്ഥയുടെ പ്രഥമഘടകമാകുന്നത് രാജ്യത്തിനു ലഭിക്കുന്ന നികുതിപ്പണത്തിന്റെ അളവു കൊണ്ടുതന്നെ.

'കൃത്യമായി വാടക നല്‍കുന്നവരെ വീട്ടുടമ പുറത്താക്കാറില്ല. മികച്ച നികുതി നല്‍കുമ്പോള്‍ ഞങ്ങളും നല്ല വാടക നല്‍കുകതന്നെയാണു ചെയ്യുന്നത്,' റാന്‍ഗോള്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ മാര്‍ക്ക് ബ്രിസ്റ്റോ പറയുന്നു. റാന്‍ഗോള്‍ഡില്‍നിന്നുള്ള നികുതിമാത്രം മതി മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനെന്നും ബ്രിസ്റ്റോ അഭിമാനിക്കുന്നു.

ആഭ്യന്തരകലാപങ്ങളും രാഷ്ട്രീയഅനിശ്ചിതത്വങ്ങളും മൂലം പ്രശ്‌നബാധിതമാണെങ്കിലും സ്വര്‍ണ ഉത്പാദനത്തില്‍ മികച്ച വളര്‍ച്ചാനിരക്ക് നേടുകയാണ് ആഫ്രിക്ക. 2008നു ശേഷം ഉത്പാദനത്തില്‍ 68ശതമാനം വളര്‍ച്ചയാണ് ആഫ്രിക്കന്‍ ഭൂഖണ്ഡം നേടിയതെന്ന് തോംസണ്‍ റോയിട്ടേഴ്‌സ് കോര്‍പറേഷന്റെ ഗവേഷണവിഭാഗമായ ജിഎഫ്എംഎസ് പറയുന്നു. സ്വര്‍ണഖനനത്തില്‍ ഒന്നാമതായിരുന്ന ദക്ഷിണാഫ്രിക്ക മാത്രമാണ് ഇതിന് അപവാദം. ഇവിടെ സ്വര്‍ണശേഖരം കുറഞ്ഞുവരികയാണ്.

സ്വര്‍ണവില അഞ്ചുവര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു വന്നിട്ടും മികച്ച ഉത്പാദനം മൂലം റാന്‍ഗോള്‍ഡിനു നേട്ടമുണ്ടാക്കാനായി. ബുര്‍ക്കിന ഫാസോ, ഐവറികോസ്റ്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ആരംഭിച്ച പുതിയ ഖനികളില്‍നിന്നു നേട്ടമുണ്ടാക്കാനായത് വിപണിയിലെ മറ്റു കമ്പനികളെ പിന്നിലാക്കാന്‍ സഹായിച്ചു. വിലയിടിവുണ്ടായെങ്കിലും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം ഉത്പാദനച്ചെലവു കുറച്ചതിനാല്‍ ലാഭവര്‍ദ്ധന തുടരാനായി. പഴയ ഖനികളെപ്പോലെ ആഴത്തില്‍ ഖനനം നടത്തുകയോ നിലവാരം കുറഞ്ഞ സ്വര്‍ണം കൊണ്ടു തൃപ്തിപ്പെടുകയോ ചെയ്യേണ്ട അവസ്ഥ റാന്‍ഗോള്‍ഡിനു വന്നതുമില്ല.
ജഴ്‌സി ചാനല്‍ ഐലന്‍ഡ് ആസ്ഥാനമായ റാന്‍ഗോള്‍ഡിന് ആഫ്രിക്കയില്‍ മാത്രമാണ് ഖനികള്‍ ഉള്ളത്. ഐവറി കോസ്റ്റിലെ ആഭ്യന്തരകലാപം, മാലിയിലെ പട്ടാളവിപ്‌ളവം, അല്‍ ഖയ്ദയുടെ വരവ്, കോംഗോയിലെ പ്രാദേശിക കലാപങ്ങള്‍ എന്നിവയെയെല്ലാം അതിജീവിച്ച കമ്പനിക്ക് കഴിഞ്ഞ വര്‍ഷത്തെ ആകെ ഉത്പാദനം 1.15 മില്യണ്‍ ഔണ്‍സാണ്. 2010നുശേഷം 159 ശതമാനം ഉത്പാദന വര്‍ധന നേടിയ കമ്പനിയുടെ പ്രവര്‍ത്തനം രാജ്യങ്ങളുടെ ആഭ്യന്തര കുഴപ്പങ്ങള്‍ മൂലം ഒരിക്കലും തടസപ്പെട്ടിട്ടില്ലെന്ന് ബ്രിസ്റ്റോ ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപകരില്‍നിന്നും റാന്‍ഗോള്‍ഡിനു മികച്ച പ്രതികരണമാണു ലഭിച്ചത്. 2012ലെ റെക്കോഡ് വര്‍ധനയില്‍നിന്നു താഴെയാണെങ്കിലും കമ്പനിയുടെ ഓഹരിമൂല്യം 2007ലേതിന്റെ ഇരട്ടിയാണ്. ബ്ലൂംബര്‍ഗ് ഇന്റലിജന്‍സ് സീനിയര്‍ ഗോള്‍ഡ് വാല്യുവേഷന്‍ പീര്‍ ഗ്രൂപ്പിലെ 14 കമ്പനികളുടെ മൂല്യത്തില്‍ 72 ശതമാനം ഇടിവുണ്ടായ കാലത്താണ് റാന്‍ഗോള്‍ഡിന് ഈ നേട്ടം.

വിപണിയില്‍ സ്വര്‍ണവില 1,921.17 ഡോളര്‍ വരെ എത്തിച്ച കുതിപ്പിന്റെ ദശകത്തിലാണ് ആഫ്രിക്കയില്‍ ഖനനവ്യാപനം ഉണ്ടായത്. 2011ലേതില്‍നിന്ന് 40ശതമാനം ഇടിവാണ് ഇപ്പോള്‍ വിലയില്‍ ഉള്ളതെങ്കിലും പുതിയതും ചെലവു കുറഞ്ഞതുമായ ഖനികളില്‍ മിക്കവയും ഇപ്പോഴും ലാഭത്തിലാണ്.

കോംഗോയില്‍ കലാപങ്ങള്‍ തുടര്‍ന്നിരുന്ന 2006 - 2013 കാലത്താണ് റാന്‍ഗോള്‍ഡും ആംഗ്ലോ ഗോള്‍ഡ് അഷാന്റിയും കിബാലി ഖനി വികസിപ്പിച്ചത്. ഇന്ന് രാജ്യത്തെ സാമ്പത്തികസ്ഥിരതയുടെ പ്രതീകമാണ് ഇത്. പ്രമുഖ ഖനികളിലെ ശരാശരി ഉത്പാദനച്ചെലവ് ഔണ്‍സിന് 954 ഡോളറായിരിക്കെ 2014ല്‍ കിബാലിയില്‍നിന്ന് ഔണ്‍സിന് 588 ഡോളര്‍ നിരക്കിലാണ് ഉത്പാദനം നടന്നത്. 17 വര്‍ഷംകൂടി ഈ ഖനി ഉത്പാദനക്ഷമമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

അര്‍ജന്റീനയിലും ഓസ്‌ട്രേലിയയിലും ഖനികളുള്ള ആംഗ്ലോഗോള്‍ഡ് സ്വര്‍ണഉത്പാദനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. ആഫ്രിക്കയിലെ നിക്ഷേപമാണ് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്താന്‍ കമ്പനിയെ സഹായിക്കുന്നത്. ഘാന, ഗ്വയിന, മാലി, ടാന്‍സാനിയ, കോംഗോ എന്നിവിടങ്ങളില്‍നിന്ന് 689000 ഔണ്‍സ് ഉത്പാദനം നടത്താന്‍ കമ്പനിക്കു ചെലവുവന്നത് ഔണ്‍സിന് 844 ഡോളര്‍ മാത്രം. സ്വര്‍ണത്തിന്റെ സ്‌പോട്ട് പ്രൈസിനെക്കാള്‍ 28 ശതമാനം കുറവാണിത്.

മറ്റൊരു പ്രമുഖ കമ്പനിയായ സെന്റാമിന്‍ ഈജിപ്റ്റിലെ സുകാരി ഖനിയില്‍നിന്നുള്ള ഉത്പാദനം നാലുവര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിപ്പിച്ചു. പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ 2011ലെ കലാപങ്ങള്‍ പോലും അതിജീവിച്ചാണ് ഈ നേട്ടം.

കോംഗോ, ബുര്‍ക്കിനാ ഫാസോ എന്നിവിടങ്ങളില്‍ 2008നുശേഷം വാര്‍ഷിക സ്വര്‍ണ ഉത്പാദനത്തില്‍ അഞ്ചുമടങ്ങ് വര്‍ധനയാണുണ്ടായത്. എവറി കോസ്റ്റില്‍ ഉത്പാദനം മൂന്നിരട്ടിയായതായും ജിഎഫ്എംഎസ് പഠനം കാണിക്കുന്നു. 2009 വരെ സ്വര്‍ണഉത്പാദനം നടന്നിട്ടില്ലാത്ത ഈജിപ്റ്റ് കഴിഞ്ഞ വര്‍ഷം 11.7 മെട്രിക് ടണ്‍ ഉദ്പാദിപ്പിച്ചു. ദക്ഷിണാഫ്രിക്ക ഒഴികെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ ആകെ ഉത്പാദനം 2008ലെ 252.4ല്‍ നിന്ന് കഴിഞ്ഞ വര്‍ഷം 424.1ടണ്ണായി വര്‍ധിക്കുകയും ചെയ്തു.
ആഗോള ഉത്പാദനത്തിന്റെ 14 ശതമാനം ഇപ്പോള്‍ ആഫ്രിക്കയില്‍നിന്നാണ് - 587.9 ടണ്‍. യുഎസും കാനഡയും ചേര്‍ന്ന് ഉത്പാദിപ്പിക്കുന്നതിനെക്കാള്‍ കൂടുതലാണിത്.

പൊതുവെ പ്രസന്നമായ ആഫ്രിക്കന്‍ ഖനനമേഖലയിലെ കുഴപ്പക്കാര്‍ ദക്ഷിണാഫ്രിക്കയാണ്. 2007ല്‍ ലോകത്തെ ഒന്നാം നമ്പര്‍ ഉത്പാദകരായിരുന്ന അവര്‍ ഇന്ന് ആറാം സ്ഥാനത്താണ്. ലോഹത്തിന്റെ ഗുണനിലവാരവും നഷ്ടമായി. ഉത്പാദനച്ചെലവുകളിലെ വര്‍ധനയും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

പല വന്‍കിട സ്വര്‍ണഉത്പാദകരും രാഷ്ട്രീയ അനിശ്ചത്വങ്ങളും അമിത ഉത്പാദനച്ചലവും മൂലം ആഫ്രിക്കയില്‍നിന്ന് പിന്‍വാങ്ങുകയാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുങ്ങി സുരക്ഷിത രാജ്യങ്ങളിലാണ് അവരുടെ ശ്രദ്ധ. ടൊറന്റോ ആസ്ഥാനമായ ബാറിക് ഗോള്‍ഡ് കോര്‍പ് അവരുടെ ആഫ്രിക്കന്‍ ഖനിവിഭാഗത്തെ 2010ല്‍ പുതിയൊരു കമ്പനിയാക്കി വേര്‍പെടുത്തി. വിഭജനത്തിനുശേഷം ആദ്യകമ്പനി ലാഭം മെച്ചപ്പെടുത്തുകയും ചെയ്തു.

നിക്ഷേപകര്‍ ആഫ്രിക്കയെയും ദക്ഷിണാഫ്രിക്കയെയും ഒന്നായി കാണുന്നത് ഈ മേഖലയിലെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ കാഴ്ചപ്പാട് ശരിയല്ലെന്ന് ജൊഹനാസ്ബര്‍ഗിലെ ഇന്‍വെസ്‌റ്റെക് ബാങ്ക് മേധാവി ജെറമി റാത്ത്ഹാള്‍ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കയെന്നാല്‍ ദക്ഷിണാഫ്രിക്ക മാത്രമല്ല. ആഫ്രിക്കയുടെ മറ്റുഭാഗങ്ങളില്‍ ഖനനത്തിന് ഇനിയും ധാരാളം സാധ്യതകളുണ്ട്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories