TopTop
Begin typing your search above and press return to search.

ശരി അങ്ങുന്നേ, ജാനു ഫാസിസ്റ്റാണ്

ശരി അങ്ങുന്നേ, ജാനു ഫാസിസ്റ്റാണ്

സൗമ്യശീലന്‍

അവതാരിക ഇല്ല. സി. കെ ജാനുവിന്റെ ഫാസിസ്റ്റ് പ്രവേശനമാണ് വിഷയം. അല്‍പം നാടകീയതക്ക് വേണ്ടി ചില കാര്യങ്ങള്‍ പറയാം. തല്‍പരര്‍ അല്ലാത്തവര്‍ക്ക് അവസാന ഖണ്ഡിക വായിക്കാം. അത് ഇ.എം.എസ് ലൈന്‍ ആണ്. പറഞ്ഞതൊക്കെ അവസാനം കാപ്‌സൂളാക്കും. സമയമുള്ളവര്‍ക്കുവേണ്ടി ഉപമയും ഉല്‍പ്രേക്ഷയും.

വി.ബി ചെറിയാനും വി. വിശ്വനാഥമേനോനും കമ്യൂണിസ്റ്റായിരുന്നു. കൂട്ടത്തില്‍ മുന്തിയ കമ്യുണിസ്റ്റ് വി.ബി.സി എന്ന് വിളിക്കപ്പെട്ട വി.ബി ചെറിയാന്‍. തിയറിയും പ്രാക്ടീസും സമാസമം വഴങ്ങുന്ന ട്രേഡ് യൂണിയനിസ്റ്റ്. പ്രകാശ് കാരാട്ടിനു മുന്നെ ലിനന്‍ ട്രൗസറും ബുഷ് ഷര്‍ട്ടും ധരിച്ച് മുഖം വടിച്ച് പാര്‍ട്ടി പരിപാടി അണുവിട തെറ്റരുത് എന്ന് കാര്‍ക്കശ്യം പറഞ്ഞയാള്‍. സീതാറാം യെച്ചൂരിക്ക് മുന്നേ സഖാവിന് സിഗരറ്റാകാം എന്ന് ശീലംകൊണ്ട് ധരിപ്പിച്ചയാള്‍. പാലക്കാടനന്തരം സിപിഐഎമ്മിന് തൊഴിലാളി ബോധം പോര എന്ന് സൈദ്ധാന്തികമായി സമര്‍ഥിച്ച് പാര്‍ട്ടി വിട്ടയാള്‍. എം.സി.പി.ഐ എന്ന ബദലുണ്ടാക്കി സിപിഐ-എമ്മിനെ വെല്ലുവിളിക്കാന്‍ ശ്രമിച്ചയാള്‍. മരണം തികഞ്ഞ കമ്യുണിസ്റ്റായി. ലെനിനും ലംക്‌സംബര്‍ഗും പച്ചവെള്ളം. ഗ്രാംഷി മുതല്‍ ഹോബ്‌സ്ബാം വരെ കലക്കിക്കുടിച്ചയാള്‍.

വിശ്വനാഥമേനോന്‍ തറവാടി മാര്‍ക്‌സിസ്റ്റാണ്. ഇടപ്പള്ളിയുടെ ഭൂതകാലം. അമ്പാടി വിശ്വം എന്ന് വിളിപ്പേര്. കമ്യുണിസം ജന്മനാല്‍ കിട്ടിയതാണ്. പോരാളി. രണ്ടുപേരും വെളുത്ത നിറമുള്ളവര്‍. പഠിച്ചവര്‍. പണമുള്ളവര്‍. 'കുടുംബത്തില്‍' പിറന്നവര്‍, പല അര്‍ഥത്തിലും സവര്‍ണര്‍.ഇതൊന്നുമല്ല സി.കെ ജാനു. ജന്മനാല്‍ ഒന്നുമില്ല. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ചരിത്രത്തിലോ വര്‍ത്തമാനത്തിലോ; കാലം എന്ന അര്‍ഥത്തില്‍ മാത്രമല്ല സമഭാഷണം എന്ന അര്‍ഥത്തിലും വര്‍ത്തമാനം പ്രസക്തം; സി.കെ ജാനു ഇല്ല. സ്വമേധായ ഇല്ല; സ്വാഭാവികമായി ഇല്ല. സ്വാഭാവികമായി ഉള്ളതിന്റെ ബലതന്ത്രങ്ങളാണല്ലോ ചരിത്രം എന്ന പേരില്‍ കമ്യൂണിസ്റ്റുകളും അല്ലാത്തവരും വായിക്കുന്നതും പഠിക്കുന്നതും. ചരിത്രത്തില്‍ സ്വാഭാവികമായി ഉണ്ടായി വന്ന വ്യക്തിയല്ല ജാനു. സ്വയം നിര്‍മിച്ചു; സവിശേഷമായ സന്ദര്‍ഭത്തില്‍ സ്വയം നിര്‍വചിച്ചു. അതുപോട്ടെ.

ആദിവാസിയാണ് സി.കെ ജാനു. ദളിത് അല്ല. ദളിത്, ആദിവാസി എന്ന് പ്രഭാഷിക്കുന്ന കമ്യുണിസ്റ്റുകള്‍ കേള്‍ക്ക്. ദളിത് അല്ല സി.കെ ജാനു. തെങ്ങിനും കവുങ്ങിനും ഒരേ തലാപ്പ് പാടുണ്ടോ? അങ്ങനെ കരുതിപ്പോയതല്ലേ ആകെ കുഴപ്പമായത്. വിശദീകരിക്കുന്നില്ല. നമ്പൂരിയും നായാടിയും വരെയുള്ള ആ ജാതി ശ്രേണിയുണ്ടല്ലോ സുശക്തമായ ഇന്ത്യന്‍ പൊളിറ്റിയില്‍ ഉള്ളവര്‍. അതിലെങ്ങും ഒരടയാളവുമില്ല കേരളത്തിലെ ആദിവാസികള്‍ക്ക്. എത്ത്‌നിക് ആണ് നൂറ് ശതമാനം.

അങ്ങനെയുള്ള സി.കെ ജാനു ഫാസിസ്റ്റായതാണല്ലോ വിഷയം. തികഞ്ഞ മാര്‍ക്‌സിസ്റ്റായിരുന്ന വി.ബി.സിയുടെ പാര്‍ട്ടി ബാബറി മസ്ജിദാനന്തര ബി.ജെ.പി, നേതൃത്വം കൊടുത്ത മുന്നണിയില്‍ ചേരുകയും വി. വിശ്വനാഥമേനോനെ ആ മുന്നണിയുടെ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ കേള്‍ക്കാത്ത പഴിയാണല്ലോ അത്. അന്ന്, ഇതെന്തുപറ്റി എന്ന ചര്‍ച്ചയില്‍ അധികാരം കൊയ്യണം ആദ്യം നാം എന്ന ഇടശ്ശേരിക്കവിത ആയിരുന്നല്ലോ ആപ്തവാക്യം.

സി കെ ജാനുവിനെ ഫാസിസ്റ്റ് ആക്കുന്നതാണ് യഥാര്‍ത്ഥ ഫാസിസം- ജോയി മാത്യു/അഭിമുഖം
ജാനുവിനെ വിധിക്കാന്‍ നമ്മളാര്: സിവിക് ചന്ദ്രന്‍/അഭിമുഖം
ജാനുവിന് അധികാര മോഹം: എം ഗീതാനന്ദന്‍/അഭിമുഖം

അതും പോട്ടേ. ചരിത്രം. കഴിഞ്ഞുപോയകാലം. മറ്റൊരു സംശയം സി.കെ ജാനു ചോദിച്ചേക്കാം. മുന്നണി രാഷ്ട്രീയം എന്നാല്‍ എന്താണ്? ചോദിക്കാന്‍ സാധ്യതയില്ല. വലിയ ചോദ്യങ്ങളോ ചെറുത്തുനില്‍പുകളോ ഒന്നും ശീലമില്ലാത്ത ഒരു വര്‍ഗത്തിന്റെ പ്രതിനിധിയാണല്ലോ സി.കെ ജാനു. സിപിഐഎമ്മിന്റെ പാര്‍ട്ടി പരിപാടി രാജ്യത്ത് നടപ്പാക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരായിരിക്കും അല്ലേ കേരളത്തിലെ ഇടതുപക്ഷ മുന്നണി സഖ്യകക്ഷികളും സഹയാത്രികരും? അല്ലല്ലേ? അക്കാര്യം വരുമ്പോള്‍ മുന്നണി എന്നത് ഒരു പൊതുമിനിമം പരിപാടി ആണ്. അതിനോടുള്ള യോജിപ്പാണ്. എന്‍.ഡി.എ മുന്നണിക്ക് അങ്ങനെ ഒരു പരിപാടി ഉണ്ടോ? ആണെങ്കില്‍ ആ പരിപാടി ആദിവാസി വിരുദ്ധമാണോ? സി.കെ ജാനുവിന് ആ ഉത്തരം മാത്രം മതി. കാരണം മറ്റെല്ലാം- അസഹിഷ്ണുതയും ഫാസിസവും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ജാതിയും രോഹിത് വെമുലയും കനയ്യകുമാറും ദേശീയഗാനവും ദേശദ്രോഹവും ഉള്‍പ്പടെ ബി.ജെ. പി പ്രതിക്കുട്ടിലായ വിഷയങ്ങള്‍ ഒന്നും- സി.കെ ജാനുവിന്റെ പരിഗണന അല്ല. കാരണം അത് നമ്മള്‍ മുഖ്യധാരാസമുഹത്തിന്റെ, പോളിറ്റിയില്‍ രേഖപ്പെടുത്തപ്പെട്ടവരുടെ പരിഗണനയാണ്; ആശങ്കയാണ്. സാമൂഹിക ജീവികളുടെ വേവലാതിയാണ്. ജനാധിപത്യ വിശ്വാസികളുടെ പരിഭ്രാന്തിയാണ്. അപ്പോള്‍ ഇതിലൊന്നും സി.കെ ജാനു ഇല്ലേ? ഇല്ല അങ്ങുന്നേ; സി.കെ ജാനുവും അവരുടെ വംശവും ഇല്ല. നിങ്ങളുടെ ജനാധിപത്യത്തില്‍ എവിടെയാണ് അവര്‍? നിങ്ങളുടെ സര്‍വകലാശാലകളില്‍ എവിടെയുണ്ട് അവര്‍? നിങ്ങളുടെ പാര്‍ലമെന്റില്‍ എവിടെയിരിക്കുന്നു അവര്‍? നിങ്ങളുടെ ജാതിഘടനയില്‍ നിങ്ങള്‍ അവരുടെ പേര് ചേര്‍ത്തിട്ടില്ല. പിന്നെ അവര്‍ ജാതീയതക്കെതിരെ നിങ്ങള്‍ക്കൊപ്പം നിന്ന് സമരത്തിന് വരണോ? നിങ്ങള്‍ എന്തിനാണ് അവരെ ഉപദേശിക്കുന്നത്. നിങ്ങള്‍ വരക്കുന്ന വൃത്തത്തിലേക്ക് വളച്ചിടുന്നത്. നിങ്ങള്‍ എന്തിനാണ് അവരുടെ ഏജന്‍സി ചമയുന്നത്? അവര്‍ കവിത പോലും എഴുതിക്കളയുമെന്ന് പരിഹസിക്കാനോ?ഉപരി രാഷ്ട്രീയത്തിന്റെ ഒരു പരിഗണനകളിലും ഇടം കിട്ടാത്ത മനുഷ്യര്‍, നിങ്ങള്‍ക്ക് അബദ്ധമെന്ന് തോന്നുന്ന, നിങ്ങളുടെ സ്വൈര്യതകളെ തകര്‍ക്കുന്ന തീരുമാനങ്ങള്‍ എടുത്തെന്ന് വരും. അപ്പോള്‍ നിങ്ങള്‍ പരിഭ്രാന്തരാവും. അങ്ങനെയെങ്കിലും അവരിവിടെ ഉണ്ട് എന്ന് നിങ്ങള്‍ ഓര്‍മിക്കും എന്നതാണ് ആ തീരുമാനത്തിന്റെ രാഷ്ട്രീയം. നിങ്ങള്‍ക്ക് ചരിത്രമൊക്കെ ഉണ്ടല്ലോ? ചരിത്രത്തില്‍ ശരികള്‍ മാത്രമല്ല ചില തെറ്റുകളും ചലനാത്മകമാണ്. തെറ്റും ശരിയും നിര്‍ണയിക്കുന്ന നിങ്ങളുടെ അളവുകോലുകള്‍ നിങ്ങള്‍ പ്രയോഗിക്കുക. അവര്‍ക്ക് കോലും കണക്കുമില്ലാത്തതിനാല്‍ അവര്‍ തുടരട്ടെ. ഞാനിവിടെയുണ്ട്. എന്റെ ജനത ഇവിടെയുണ്ട് എന്ന് വിളിച്ചുപറയാന്‍ ഒരു സ്ത്രീ നടത്തുന്ന പിടച്ചിലുകളെ ഇങ്ങനെ വിധിച്ചു കളയരുത്.

അതിനാല്‍ മുന്നണി രാഷ്ട്രീയം മുഖ്യകക്ഷിയുടെ രാഷ്ട്രീയത്തിന്റെ നടപ്പാക്കല്‍ അല്ല എന്ന തോന്നലില്‍ നിന്നാണ് സി.കെ ജാനു എന്‍.ഡി.എയില്‍ ചേര്‍ന്നത് എന്നും ഫാസിസം പോലെ പൊതുജനാധിപത്യത്തില്‍ പങ്കുള്ളവരെ അലട്ടുന്ന, ഭയപ്പെടുത്തുന്ന പരിഗണനകള്‍ തല്‍ക്കാലം അവര്‍ക്കില്ല എന്നും മുന്നണിയില്‍ ചേര്‍ന്ന വെളുത്തവര്‍ക്ക് കൊടുത്ത സംവാദസ്ഥലം അവര്‍ക്കും ഉണ്ടെന്നും ശരിതെറ്റുകള്‍ കാലം തീരുമാനിക്കട്ടെ എന്നും മായ്ചുകളയലിനെതിരെ ഉള്ളുപിടഞ്ഞ് നടത്തുന്ന കുതറലുകളെ അവമതിക്കരുതെന്നും സി.കെ ജാനുവിനെ വിധിക്കരുതെന്നും നമുക്ക് നമ്മളോട് അഭ്യര്‍ഥിക്കാം.

(മാധ്യമ പ്രവര്‍ത്തകനും സാമൂഹിക നിരീക്ഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories