TopTop
Begin typing your search above and press return to search.

സികെ ജാനുവിന് ജാതിയുടെ പേരില്‍ അവഹേളനം; തഹസീല്‍ദാര്‍ക്കെതിരെ പരാതി

സികെ ജാനുവിന് ജാതിയുടെ പേരില്‍ അവഹേളനം; തഹസീല്‍ദാര്‍ക്കെതിരെ പരാതി

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്നതിന് ആവശ്യമുള്ള ജാതി സര്‍ട്ടിഫിക്കറ്റ് മാനന്തവാടി തഹസീല്‍ദാര്‍ അകാരണമായി തടഞ്ഞു വച്ചതായി പരാതി. പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലമായ സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് ജാനു മത്സരിക്കുന്നത്.

സംഭവത്തെ കുറിച്ച് ജാനു പറഞ്ഞത് ഇങ്ങനെ. തിരുനെല്ലി വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി തഹസീല്‍ദാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് അനുഭവം. പഠിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ വീട്ടിലാരെങ്കിലും സ്‌കൂളില്‍ പോയിട്ടുണ്ടെങ്കില്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞു. ആറാം ക്ലാസ് വരെയാണ് എന്റെ സഹോദരന്‍ പഠിച്ചത്. ആ സര്‍ട്ടിഫിക്കറ്റിനൊപ്പം കോളനിക്കടുത്തെ രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തണമെന്നുമായി തഹസീല്‍ദാര്‍. ഞാന്‍ അടിയാത്തിയാണെന്ന് തെളിയിക്കുന്നതിന് അയല്‍ക്കാരുടെ സാക്ഷ്യപത്രം. ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പൂര്‍ണഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന നോട്ടറി അറ്റെസ്റ്റ് ചെയ്ത കത്ത് നല്‍കി. ഇതെല്ലാം ചെയ്തശേഷവും തഹസീല്‍ദാര്‍ പ്രകോപിതനായി. ഞാന്‍ അടിയാത്തിയാണെന്ന് അറിഞ്ഞിട്ടും ജാതി പറഞ്ഞുള്ള അധിക്ഷേപമാണ് അവിടെ നടന്നത്. നിങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് തന്നതിന്റെ പേരില്‍ വയനാട്ടിലെ കോടതി കയറിയിറങ്ങാനാകില്ലെന്നാണ് അയാളുടെ പേടി. ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ കോടതിയില്‍ പോകേണ്ടി വരുമോ. അയാള്‍ എന്താ അങ്ങനെ പറയുന്നത്. വില്ലേജില്‍ നിന്നും ക്ലിയറന്‍സ് കിട്ടിയാല്‍ തഹസീല്‍ദാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതേയുള്ളൂ. വില്ലേജ് ഓഫീസറാണ് വിവരങ്ങളെല്ലാം തിരിക്കേണ്ടത്. വില്ലേജ് ഓഫീസറെ ഇയാള്‍ വിളിച്ചു ഞെട്ടിച്ചു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും കൃത്യമായി ജാനുവിനെ അറിയുമോ എന്നായിരുന്നു തഹസീല്‍ദാരുടെ ചോദ്യം. തഹസീല്‍ദാര്‍ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. മറ്റു രീതിയിലും കേസ് കൊടുക്കുമെന്നും ജാനു പറഞ്ഞു.

ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ഉയരാറുണ്ട്. പട്ടിക ജാതി, വര്‍ഗക്കാരെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നേടി ഉദ്യോഗം നേടിയവരും നിരവധിയാണ്. ഇവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് റവന്യൂ വകുപ്പില്‍ നിന്നാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ചൂണ്ടിക്കാണിച്ചാണ് അര്‍ഹരായവരെ ഇതില്‍ നിന്നും തടയുന്നത്.

മിശ്രവിവാഹിതരുടെ മക്കളാണ് ഇങ്ങനെ ക്രൂശിക്കപ്പെടുന്നതില്‍ മറ്റൊരു വിഭാഗം. ഒന്നും രണ്ടും നൂറ്റാണ്ട് മുമ്പ് വയനാട്ടിലെ തോട്ടങ്ങളില്‍ ജോലിക്കെത്തിയ തമിഴ് വംശജരും ഇതേ ദുരിതം അനുഭവിക്കുന്നുണ്ട്. അനന്തരാവകാശികളെയോ ബന്ധുക്കളെയോ അവിടെ കണ്ടെത്താന്‍ അവര്‍ക്ക് കഴിയാറില്ല. 1950-ന് ശേഷമുള്ള കുടിയേറ്റം എന്ന് പറഞ്ഞ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കും.

ഇപ്പോള്‍ വയനാട് ഡയറ്റില്‍ ടി എഡിന് പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നേടാനായിട്ടില്ലെന്ന് അധ്യാപകനായ കെ കെ സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ പുറത്തിറക്കിയ ചില ഉത്തരവുകള്‍ മൂടിവച്ചാണ് ഈ അനീതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിനെ ജാതി സംബന്ധിച്ച ആധികാരിക രേഖയായി പരിഗണിച്ചാല്‍ ഈ പ്രശ്‌നം അവസാനിക്കും. ജാതീയമായ നിരന്തര അവഹേളനമാണ് ഇവിടെ നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories