TopTop
Begin typing your search above and press return to search.

ജാനുവിന്റെ ചരിത്രവും ചാരിത്ര്യവും ചികയുന്നവരോട്; സ്വയം പരിശോധനയും ആവാം

ജാനുവിന്റെ ചരിത്രവും ചാരിത്ര്യവും ചികയുന്നവരോട്; സ്വയം പരിശോധനയും ആവാം

സനിത മനോഹര്‍

സി കെ ജാനുവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവരോട് ഒരു ചോദ്യം. നിങ്ങൾക്കെന്ത് അർഹതയുണ്ട് അവരെ ആക്രമിക്കാൻ? ഒരു പുരുഷനാണ് എതിരാളിയെങ്കിൽ അയാളുടെ ചരിത്രം മാത്രം ചികയുമ്പോൾ സ്ത്രീ ആയതുകൊണ്ട് ചാരിത്ര്യം ചികയുന്നു. ആദിവാസിയെ രക്ഷിക്കാൻ എന്ന പേരിൽ ജാനു വെളുത്ത് തടിച്ചു കൊഴുക്കുന്നതാണ് കണ്ടതത്രെ. ഒരു പെണ്ണിൻറെ മനോവീര്യം കെടുത്താൻ ഏറ്റവും നല്ല ആയുധം ഇതാണെന്ന് തലമുറകളായി കിട്ടിയ അറിവുണ്ടല്ലോ നമുക്ക്. അധികാര മോഹമാണ് ജാനുവിനെന്ന്. എന്താ അത്തരം മോഹങ്ങളൊന്നും ജാനുവിന് പാടില്ലേ? തടിച്ചു കൊഴുക്കലും അധികാര മോഹവും പറഞ്ഞ് ജാനുവിൻറെ മനോവീര്യം കെടുത്താമെന്നു കരുതുന്നുവെങ്കിൽ തെറ്റി. കൂരിരുട്ടിലൂടെയാണ് ജാനു നടന്നു തുടങ്ങിയത്. ജാനുവിൻറെ യാത്ര വെളിച്ചം കണ്ടേക്കുമെന്ന് മനസ്സിലായപ്പോൾ ഒപ്പം കൂടിയവരാണ് ബാക്കിയുള്ളവർ. മുത്തങ്ങ സമരവും നിൽപ്പു സമരവും ഉണ്ടായത് തന്നെ ജാനു വെളിച്ചം തേടി ഇറങ്ങിയത് കൊണ്ടുതന്നെയാണ്. ജാനു ശബ്ദമുയർത്താൻ തുടങ്ങിയപ്പോൾ മുതലാണ് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് അങ്ങ് കുന്നിൻ മുകളിൽ കുറേ മനുഷ്യരുണ്ടെന്ന് ഞാനും നിങ്ങളും ഒക്കെ ഉൾപ്പെടുന്ന സമൂഹവും ഭരണകൂടവും ഇടയ്ക്കെങ്കിലും ചിന്തിക്കുന്നത്. എന്നിട്ടും നമ്മൾ അവരെ കണ്ടില്ലെന്ന് നടിച്ചു. പാടെ അവഗണിച്ചു. അങ്ങ് ഉത്തരേന്ത്യയിലെ ദളിതരുടെ പ്രശ്നങ്ങൾ അന്വേഷിച്ചു പോയ ഫാസിസ്റ്റ് വിരോധികൾ ഇങ്ങ് കേരളത്തിൽ ഒരു അടിസ്ഥാന വർഗ്ഗം അവകാശങ്ങൾ നിഷേധിക്കപ്പെട്ട് കഴിയുന്നത് അറിഞ്ഞതേയില്ല.

അധികാരത്തിലെത്താൻ എല്ലാവിധ അവിശുദ്ധ കൂട്ടു കെട്ടും നടത്തുന്നവരാണ് ജാനുവിൻറെ എൻ ഡി എ പ്രവേശനത്തെ വിമർശിക്കുന്നത്. ഇടതുപക്ഷത്തിനൊപ്പമായിരുന്നു ജാനു നിന്നതെങ്കിൽ വാഴ്ത്തപ്പെട്ടവളാകുമായിരുന്നു. ഏത് കൊള്ളരുതാത്തവനെയും ഇടതു പക്ഷത്തിനൊപ്പം നിന്നാൽ മാന്യനാക്കുകയും ഏതെങ്കിലും മാന്യൻ കോൺഗ്രസ്സിനോ ബി ജെ പിയ്ക്കോ ഒപ്പം നിന്നാൽ അയാളെ കൊള്ളരുതാത്തവനാക്കുകയും ചെയ്യുന്ന ഇവിടുത്തെ കുറേ അഭിനവ ബുദ്ധി ജീവികളാണ് ജാനുവിനെ തെറി വിളിക്കുന്നത്. ഇടതു പക്ഷം പുറത്താക്കിയപ്പോൾ വലതു പക്ഷത്തിനൊപ്പം ചേർന്നവരെ പിന്തുടർന്ന് ആക്രമിക്കുകയും പിന്നീട് അതിൽ നിന്ന് അവർ പുറത്താക്കപ്പെട്ടപ്പോൾ അധികാരത്തിലെത്താൻ അവരോട് സഖ്യം ചേരുകയുംചെയ്യാം. വർഗ്ഗീയതയെ തുടച്ചു മാറ്റാൻ ഇറങ്ങിയവർക്ക് ഓരോ പ്രദേശത്തും മുൻതൂക്കമുള്ള സമുദായത്തിന് അനുസരിച്ച് സ്ഥാനാർത് ഥിയെ മത്സരിപ്പിക്കാം. അതിന് ന്യായീകരണവുമുണ്ട് ജനങ്ങൾക്ക് നല്ല ഭരണം നൽകാൻ അധികാരത്തിലെത്താനുള്ള അടവു നയങ്ങൾ ആണത്രെ അതൊക്കെ. അങ്ങനെയെങ്കിൽ ഇത് ജാനുവിൻറെ അടവുനയമാണ്.

സ്വാതന്ത്ര്യം കിട്ടി വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആദിവാസി ജീവിതങ്ങൾ നരകത്തിലാണ്. കുടിക്കാൻ വെള്ളമില്ല, കഴിക്കാൻ ഭക്ഷണമില്ല, തല ചായ്ക്കാൻ കൂരയുമില്ല. ഇന്ന് ഏത് ആദിവാസി കോളനികളുടെയും അവസ്ഥ ഇതൊക്കെയാണ്. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ആദിവാസികളുടെ നരക യാതന കണ്ടതേയില്ല. ആ യാതനകളിൽ നിന്നും കുറച്ചെങ്കിലും അവരെ രക്ഷിച്ചെടുക്കുന്നതിനു അധികാരത്തിന് സാധിക്കുമെന്ന് ജാനു വിശ്വസിക്കുന്നു. ആ വിശ്വാസം കൊണ്ട് തന്നെയാണ് തൻറെ ജീവന് പോലും ഭീഷണി ഉണ്ടാവുമെന്നും താൻ തീവ്ര വിമർശനങ്ങൾക്ക് ഇരയാവുമെന്നും ബോധ്യമുണ്ടായിട്ടുംഎൻ ഡി എയ്ക്കൊപ്പം നിന്നിട്ടായാലും അധികാരം നേടുക എന്ന് അവർ തീരുമാനിച്ചത്.



ഒരു ജനതയുടെ പേരും പറഞ്ഞാണ് ജാനു വലുതായതെന്ന്. കർഷകരുടെയോ തൊഴിലാളികളുടെയോ മുതലാളികളുടെയോ മത വിശ്വാസികളുടെയോ സംരക്ഷകരായി അധികാരതിലെത്തിയവരാണ് നാം ഇന്നു കാണുന്ന ഈ നേതാക്കളൊക്കെ. ജാനു അധികാരം കിട്ടിക്കഴിഞ്ഞാൽ ആദിവാസികളെ വഞ്ചിക്കുമെന്നു പറയുന്നവരെ കുറ്റം പറയാനാവില്ല.വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തുന്ന നേതാക്കൾ തടിച്ചു കൊഴുക്കുന്നതും വളർന്നു വലുതാവുന്നതും വർഷങ്ങളായി കണ്ടു ശീലിച്ചവർക്ക് അങ്ങനയേ ചിന്തിക്കാനാവൂ.

ഒരു തവണയേ ജാനുവുമായി സംസാരിച്ചിട്ടുള്ളൂവെങ്കിലും കൃത്യമായ നിലപാടുള്ള ഒരു സ്ത്രീ ആയിട്ടാണ് തോന്നിയിട്ടുള്ളത്. ഒരു കുട്ടിയെ ദത്തെടുത്തത് പോലും അത്തരം നിലപാടുകളുടെ ഭാഗമായി തന്നെയാവും. അക്രമത്തിൻറെ വഴികളിലേക്ക് സമരങ്ങളെ നയിക്കാൻ കൂടെയുള്ളവർ ശ്രമിച്ചപ്പോൾ ജാനു അത് തടയുകയും ഭരണ ഘടനാപരമായ വഴികൾ തിരഞ്ഞെടുക്കുകയുമാണ് ചെയ്തിട്ടുള്ളത്. മാത്രവുമല്ല പരിഷ്കൃതരെന്നു അവകാശപ്പെടുന്ന നമ്മളേക്കാൾ എത്രയോ മുൻ നിരയിലാണ് സത്യസന്ധതയിലും മാന്യതയിലും ആദിവാസി ഗോത്ര വർഗ്ഗക്കാർ എന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ വ്യക്തിപരമായ നേട്ടങ്ങൾ ജാനുവിന് ഉണ്ടാവുമെങ്കിലും ആദിവാസികളെ അവർ മറക്കുമെന്ന് കരുതുന്നില്ല. ജനസേവനത്തിന്റെ പേരും പറഞ്ഞ് അധികാരത്തിലെത്തിയിട്ടുള്ള എല്ലാ നേതാക്കൾക്കും വ്യക്തിപരമായ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്.

ഇനി ജാനുവിൻറെ നന്മയ്ക്കാണെങ്കിലും അവർ ജയിക്കണമെന്നു തന്നെയാണ് ആഗ്രഹം. കാരണം ആദിവാസി ഊരിൽ അരി വേവിച്ചും പാത്രം കഴുകിയും ജീവിതം ജീവിച്ചു തീർക്കേണ്ടിയിരുന്ന പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു സ്ത്രീ പൊതു രംഗത്തേയ്ക്ക് സ്വന്തം നിലയിൽ ഉയർന്നു വന്നതും അങ്ങ് ലോക രാജ്യങ്ങൾ വരെ ശ്രദ്ധിക്കുന്ന തലത്തിലേയ്ക്ക് എത്തിയതും നിസ്സാര കാര്യമല്ല. ഈ തെരഞ്ഞെടുപ്പിൽ ജാനു ജയിക്കുകയാണെങ്കില്‍ അത് ചരിത്രമായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.

(ഒമാനില്‍ സ്വതന്ത്രമാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories