TopTop
Begin typing your search above and press return to search.

നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ജാനുവിനെ കല്ലെറിയട്ടെ

നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ജാനുവിനെ കല്ലെറിയട്ടെ

കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ അവകാശസമരങ്ങളെ മുന്നില്‍ നിന്നു നയിക്കുന്ന സി.കെ. ജാനു നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വാര്‍ത്ത ഏറെ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണല്ലോ. ആദിവാസി സ്വത്വജീവിതത്തിന്റെ 'പോസ്റ്റര്‍ ഗേള്‍' ആയിരുന്ന സി.കെ ജാനു പൊടുന്നനെ ആര്‍എസ്എസിന്റെ പോസ്റ്റര്‍ ഗേള്‍ ആയി മാറിയിരിക്കുന്നുവെന്നും ഇക്കാരണത്താല്‍ ആദിവാസി സമരത്തിന്റെ പ്രതീകം എന്ന അവരുടെ ചിത്രം അവര്‍ എന്നെന്നേക്കുമായി ഉടച്ചുകളയുകയാണെന്നുമാണ് സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി തന്റെ മാതൃഭൂമി ലേഖനത്തില്‍ (2016 ഏപ്രില്‍ 27) അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ പതനത്തിനു കാരണം ജാനു പിന്തുടര്‍ന്നുവന്ന സ്വത്വവാദ രാഷ്ട്രീയത്തിന്റെ സ്വാഭാവിക പരിമിതിയാണെന്ന സൈദ്ധാന്തിക വിശകലവും അദ്ദേഹം നടത്തുന്നു.

തെരഞ്ഞെടുപ്പുവേളയില്‍ സൈദ്ധാന്തിക പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കപ്പുറം ജയിക്കാനും അധികാരത്തിലെത്താനും അല്ലെങ്കില്‍ രാഷ്ട്രീയമായ അസ്ഥിത്വം നിലനിര്‍ത്താന്‍ പ്രായോഗിക തന്ത്രങ്ങള്‍ക്കാണ് (അടവുനയം എന്നും പറയാം) രാഷ്ട്രീയകക്ഷികള്‍ മുന്‍തൂക്കം കൊടുക്കുന്നെതന്ന് ഇന്ത്യയിലെ കഴിഞ്ഞകാല തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്യുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. പ്രമുഖ കക്ഷികള്‍ക്കുപോലും തനിച്ചു മത്സരിച്ചാല്‍ ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയ്ക്ക് പരിഹാരമായിട്ടാണ് രാഷ്ട്രീയ സഖ്യങ്ങള്‍ രൂപംകൊണ്ടു തുടങ്ങിയത്. പ്രത്യയശാസ്ത്രപരമായ നിലപാടു മുറുകെ പിടിച്ചു തോല്‍ക്കുന്നതിനേക്കാള്‍ ശരി ജയിക്കാനാവശ്യമായ സഖ്യങ്ങളും ധാരണകളുമുണ്ടാക്കി തെരഞ്ഞെടുപ്പു വിജയം നേടുകയാണെന്ന നിലപാടിലേക്ക് രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പ് സഖ്യങ്ങളില്‍ സ്ഥായിയായ മിത്രങ്ങളും ശത്രുക്കളുമില്ലെന്ന പ്രായോഗിക സമീപനം - ജയത്തിനായി ഒട്ടുമിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്നുവെന്നതാണ് കാല്‍നൂറ്റാണ്ടിലധികമായി നാം കാണുന്നത്. അങ്ങനെ രാഷ്ട്രീയമായ തൊട്ടുകൂടായ്മ ഒരു പഴങ്കഥയായി മാറി. ഈ പശ്ചാത്തലത്തില്‍ വേണം ജാനുവിന്റെ എന്‍.ഡി.എ പ്രവേശനം എന്ന കുറ്റവും പാപവും വിലയിരുത്തപ്പെടേണ്ടത്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു, 1975 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പും മൗലികാവകാശങ്ങള്‍ക്ക് സസ്‌പെന്‍ഷനും രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് തടങ്കലും ഉറപ്പാക്കിയതായിരുന്നു അക്കാലം. 1977 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വശത്തും ജനാധിപത്യ പുനഃസ്ഥാപനത്തില്‍ താല്‍പ്പര്യമുള്ള കക്ഷികള്‍ മറുവശത്തുമായി നിന്നുകൊണ്ട് മത്സരിച്ചപ്പോള്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. രാഷ്ട്രീയമായി ഇടതു-വലതു മധ്യപക്ഷങ്ങള്‍ ഒന്നിച്ചു നിന്നു നേടിയ വിജയമായിരുന്നു അത്.

1989 ല്‍ ഒമ്പതാം ലോകസഭാ തിരഞ്ഞെടുപ്പില്‍ ബോഫോഴ്‌സ് അഴിമതി ആരോപണത്തിനു വിധേയനായ രാജീവ്ഗാന്ധിയുടെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തോല്‍പ്പിച്ചതും പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത നിലപാടുകളിലുള്ള കക്ഷികളുടെ കൂട്ടായ്മയാണ്. വി.പി.സിംഗിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഫ്രണ്ടും ഇടതുപാര്‍ട്ടികളും ബി.ജെ.പി.യും ചേര്‍ന്ന കൂട്ടായ്മയാണ് അന്ന് രാജീവ്ഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു വഴിത്തിരിവെന്ന് വിശേഷിപ്പിക്കാവുന്ന ബാബറി മസ്ജിദ് സംഭവത്തിനു (1992) ശേഷം സഖ്യകക്ഷി രാഷ്ട്രീയ ദേശീയതലത്തിലും പ്രാദേശിക തലത്തിലും ശക്തിപ്രാപിക്കുന്നതാണ് കണ്ടത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഉത്തര്‍പ്രദേശില്‍ അതിനുത്തരവാദിയായ ബി.ജെ.പി.യുടെ പിന്തുണയോടുകൂടി 1995 ജൂണില്‍ ബി.എസ്.പി. നേതാവ് മായാവതി മുഖ്യമന്ത്രിയായി ചുമതലയേറ്റു. 1984 ല്‍ അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ രൂപീകരിച്ച ബി.എസ്.പി.യുടെ വെബ്‌സൈറ്റില്‍ അംബേദ്ക്കറെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്നെ കാര്യം കൂടി ഓര്‍ക്കണം. മുലായംസിംഗ് യാദവിനെ അധികാരത്തില്‍ നിന്നൊഴിവാക്കാനാണ് മായാവതി ഇപ്രകാരം ചെയ്തത്. പശ്ചിമബംഗാളിലെ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് (2006), ഒഡീഷയിലെ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡി(1998 -2009), തമിഴ്‌നാട്ടിലെ ജയലളിതയുടെ എ.ഡി.എം.കെ., വൈക്കോയുടെ എം.ഡി.എം.കെ. (1998), ബീഹാറില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ (യു) (2005-2014), ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം (1999-2005, 2014-2016) എന്നീ കക്ഷികളും ബി.ജെ.പി.യുമായി സംഖ്യം ചേര്‍ന്നവരാണ്. കര്‍ണ്ണാടകത്തില്‍ ജനതാദള്‍ (എസ്) നേതാവായ കുമാരസ്വാമി ബി.ജെ.പി.യുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി ഭരിക്കുമ്പോള്‍ (2006-07) ജനതാദള്‍ (എസ്) കേരളത്തില്‍ ഇടതുപക്ഷ മുന്നണി അംഗമായിരുന്നു.

ജമ്മു കാശ്മീരിലെ കാര്യം നോക്കുക. ബി.ജെ.പിയും മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയും ചേര്‍ന്ന സംഖ്യമാണിവിടെ ഭരണം നടത്തുന്നത്. തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു പി.ഡി.പിക്ക് രക്തസാക്ഷിയും ബി.ജെ.പിക്ക് രാജ്യദ്രോഹിയുമാണ്! ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ബി.എസ്.പി., തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി., എ.ഡി.എം.കെ., എം.ഡി.എം.കെ., തെലുങ്കുദേശം, ജനതാദള്‍, കശ്മീര്‍ പി.ഡി.പി. എന്നിവയെല്ലാം തന്നെ സെക്യുലര്‍ കക്ഷികളാണ്. ബി.ജെ.പി. ബന്ധത്തിന്റെ പേരില്‍ മായാവതി മുതല്‍ മെഹ്ബൂബ മഫ്തി വരെയുള്ള നേതാക്കളെ ആരും ആര്‍.എസ്.എസിന്റെ 'പോസ്റ്റര്‍ ഗേള്‍സ്' എന്നു വിളിച്ചു പരിഹസിച്ചതായി അറിയില്ല. അവരൊന്നും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരായിരുന്നില്ല എന്നതാണോ കാരണം?

ഇപ്പോള്‍ വോട്ടെടുപ്പു നടക്കുന്ന പശ്ചിമബംഗാള്‍ 'അടവുനയ' രാഷ്ട്രീയ തന്ത്രത്തിന്റെ മറ്റൊരു മാതൃകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി വിരുദ്ധ രാഷ്ട്രീയ ചേരികള്‍ക്കു നേതൃത്വം നല്‍കിയ സി.പി.എമ്മും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരുമിച്ചു നിന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടുന്നത്. ത്രികോണ മത്സരം വന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനായാസം ജയിച്ചു കയറുമെന്ന തിരിച്ചറിവാണ് പൂര്‍വ്വകാലശത്രുക്കളെ പൊടുന്നനെ മിത്രങ്ങളാക്കിയത്. നിലനില്‍പ്പിനു വേണ്ടി രാഷ്ട്രീയകക്ഷികള്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് രാഷ്ട്രീയപാപമാണെന്ന് പറയാനാവില്ല.അടുത്തമാസം വോട്ടെടുപ്പ് നടക്കാന്‍പോകുന്ന കേരളത്തിലുമുണ്ട് കൗതുകകാഴ്ചകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കു കൂട്ടുനിന്ന കേരള കോണ്‍ഗ്രസ് (റിബല്‍) നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്റണി രാജു തുടങ്ങിയവര്‍ ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി വേഷം മാറി ഉമ്മന്‍ചാണ്ടിയെ തോല്‍പ്പിക്കാന്‍ വോട്ടുചോദിക്കുന്നു. മദ്ധ്യതിരുവിതാംകൂറിലെ യു.ഡി.എഫ്. മേല്‍ക്കോയ്മ തകര്‍ക്കാനുള്ള എത്ര ചെറിയ നീക്കവും എല്‍.ഡി.എഫിനു ഗുണം ചെയ്യുമെന്ന പ്രായോഗിക തന്ത്രമാണിവിടെ കാണുന്നത്.

ഇങ്ങനെ നോക്കുമ്പോള്‍ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികള്‍ക്കും അത്രയൊന്നും ആദര്‍ശപരതയും ധാര്‍മ്മികതയും അവകാശപ്പെടാനില്ലെന്നു കാണാം. അപ്പോള്‍പിന്നെ സി.കെ.ജാനുവിനു മാത്രം ഇതൊക്കെ വേണമെന്ന് ശഠിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്?

കേരളത്തിലെ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന ജനസമൂഹത്തിന്റെ നേതൃനിരയിലേക്ക് ജീവിതാനുഭവങ്ങളുടെ തീവ്രതയെല്ലാം അനുഭവിച്ചുകൊണ്ടും കഠിനാധ്വാനം കൊണ്ടും മാത്രം എത്തപ്പെട്ടയാളാണ് സി.കെ.ജാനു. ഔപചാരിക വിദ്യാഭ്യാസം പോലും അവര്‍ക്ക് കിട്ടിയിട്ടില്ല. അവര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിട്ടല്ല, സ്വന്തം കക്ഷിയായ ജനാധിപാത്യ രാഷ്ട്രീയ സഭയുടെ സ്ഥാനാര്‍ത്ഥിയായി, എന്‍.ഡി.എ.യുടെ ഒരു ഘടകകക്ഷിയെന്ന നിലയില്‍ അതിന്റെ വ്യക്തിത്വം നിലനിര്‍ത്തിയാണ് മത്സരിക്കുന്നത്. ഈ വ്യത്യാസം തിരിച്ചറിയാതെ പോകരുത്.അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതനിലവാരം ആഫ്രിക്കയിലെ എത്യോപ്യയ്ക്ക് തുല്യമാണെന്ന് ഏതോ ഗവേഷകസംഘം അഭിപ്രായപ്പെട്ടതായി വായിച്ചതോര്‍ക്കുന്നു. കേരളം ഭരിച്ച എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഈ ദുരന്തത്തില്‍ ഉത്തരവാദിത്വമുണ്ട്. ഇടതു വലതു സഖ്യങ്ങളുടെ വഞ്ചന ആദിവാസി സമൂഹത്തിനു മറക്കാനായിട്ടില്ല. അവര്‍ക്കു വോട്ടുബാങ്കില്ല. സാമ്പത്തികശേഷിയും രാഷ്ട്രീയ സ്വാധീനവുമില്ല. അവരുടെ വിലാപത്തിനു പരിഹാരം കാണാന്‍ കേരളം ഭരിച്ചവര്‍ക്ക് സൗകര്യമുണ്ടായില്ല. അത്തരം ഒരു സാഹചര്യത്തില്‍ എന്‍.ഡി.എ. സഖ്യം എന്ന പുതിയൊരു സാദ്ധ്യത പരീക്ഷിക്കാനുള്ള ആവേശവും സ്വാതന്ത്ര്യവും ജാനുവിനുണ്ട്. ബസ്തര്‍, കന്ധമാല്‍ മേഖലയിലെ ആദിവാസി ചൂഷണം മറന്നുകൊണ്ടല്ല ഇത് പറയുന്നത്. തീരുമാനമെടുക്കാന്‍ ജാനു പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തെ പരിഹസിക്കാന്‍ നമുക്ക് അര്‍ഹതയില്ല എന്നതുകൊണ്ടാണ്.

ജയിക്കില്ലെന്ന് ഉറപ്പായ ഒരു സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് ഇത്രയധികം ചര്‍ച്ചകള്‍ ഉണ്ടായിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ വസ്തുത. ആദിവാസി സമൂഹത്തിന്റെ താല്‍പര്യമായ എം.എല്‍.എ.യും മന്ത്രിയുമൊക്കെയാകാനുള്ള മോഹമാണ് ജാനുവിനെ എന്‍.ഡി.എ. സഖ്യത്തില്‍ എത്തിച്ചതെന്നു പോലും വിമര്‍ശനമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ തന്നെ അതൊരു പാപമാണോ? ശോഭാസുരേന്ദ്രനും ബിന്ദുകൃഷ്ണയ്ക്കും ടി.എന്‍.സീമയ്ക്കും സ്ഥാനമാനങ്ങള്‍ മോഹിക്കാമെങ്കില്‍ എന്തുകൊണ്ട് ജാനുവിനതു പാടില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഇവരെക്കാളെല്ലാം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ നിസ്തുലമായ സംഭാവന നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരമൊരാള്‍ നിയമസഭാ പ്രവേശം ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?

ജാനുവിന് ശിക്ഷവിധിക്കുന്നവര്‍ അതിനാധാരമായ ശിക്ഷാപുസ്തകത്തില്‍ സ്വന്തം പേരും വലിയ അക്ഷരത്തില്‍ കുറ്റവാളികളുടെ പട്ടികയില്‍ എഴുതപ്പെട്ടിട്ടുണ്ട് എന്ന സത്യം സമര്‍ത്ഥമായി മൂടിവയ്ക്കുകയാണ് ചെയ്യുന്നത്. ആദിവാസികളോട് എന്തുമാകാമല്ലോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories