TopTop
Begin typing your search above and press return to search.

പാര്‍ട്ടിയില്‍ ഞാന്‍ മാത്രമല്ല ജനകീയന്‍; സി കെ ശശീന്ദ്രന്‍ സംസാരിക്കുന്നു

പാര്‍ട്ടിയില്‍ ഞാന്‍ മാത്രമല്ല ജനകീയന്‍; സി കെ ശശീന്ദ്രന്‍ സംസാരിക്കുന്നു

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

കഴിഞ്ഞ നിമയസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധയും ജനശ്രദ്ധയും കിട്ടിയ മത്സരാര്‍ത്ഥിയായിരുന്നു കല്‍പ്പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി കെ ശശീന്ദ്രന്‍. ചെരുപ്പിടാതെ നടക്കുന്ന, പാല്‍വിറ്റ് ഉപജീവനം നടത്തുന്ന ഒരാള്‍ എന്ന വിശേഷണത്തോടെ കൃത്യമായൊരു ജനകീയ മുഖമായാണ് സിപിഐഎം ജില്ല സെക്രട്ടറി കൂടിയായ ശശീന്ദ്രന്‍ പൊതുമധ്യത്തില്‍ അവതരിപ്പിക്കപ്പെട്ടത്. കല്‍പ്പറ്റയിലെ മത്സരം സിറ്റിംഗ് എംഎല്‍എ ജെഡിയുവിന്റെ എം വി ശ്രേയാംസ്‌കുമാറിനോടായിരുന്നു. പ്രതീക്ഷിത വിജയം പോലെ കന്നിയങ്കത്തില്‍ ശശീന്ദ്രന്‍ നിയമസഭ സാമാജികനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വയനാടിന്റെ വികസന-ജീവല്‍പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരുന്നൊരാള്‍ എന്ന നിലയില്‍ തന്നെ എംഎല്‍എ എന്ന പുതിയ പദവിയിലേക്കെത്തുമ്പോളും നാടിനായി നിറയെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന നിലപാടിലാണ് ശശീന്ദ്രന്‍. സി കെ ശശീന്ദ്രന്‍ എംഎല്‍എ അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി സംസാരിക്കുന്നു.

വിഷ്ണു എസ് വിജയന്‍: ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നു. എത്രമാത്രം തയാറെടുപ്പുകള്‍ നടത്തിയിരുന്നു?

സി കെ ശശീന്ദ്രന്‍: ദീര്‍ഘകാലം വിദ്യാര്‍ഥി യുവജന സംഘടനകളിലും പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച പരിചയം കൈയില്‍ കരുതിയാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പാര്‍ട്ടിയും ജനങ്ങളും എന്നില്‍ വിശ്വാസമര്‍പ്പിച്ചു. ആ വിശ്വാസം കാക്കാന്‍ സാധിച്ചു. ദീര്‍ഘകാലം പാര്‍ട്ടിയിലും പോഷകസംഘടനകളിലും പ്രവര്‍ത്തിച്ച പരിചയം എംഎല്‍എ എന്ന നിലയില്‍ സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു.

വി: കേരളത്തിലെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ വയനാട് അല്‍പ്പം പിന്നാക്കം നില്‍ക്കുന്ന മേഖലയാണ്. കല്‍പ്പറ്റ എംഎല്‍എയുടെ ഭാവി പരിപാടികള്‍ എന്തൊക്കെയാണ്?

ശ: മറ്റു ജില്ലകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വയനാട് അല്പം പിന്നോട്ട് തന്നെയാണ്.കര്‍ഷകരുടെയും ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ഒക്കെ നാടാണ്. തോട്ടം മേഖല വലിയ തകര്‍ച്ചയിലാണ്. ആദിവാസികളുടെയും കര്‍ഷകരുടെയും അവസ്ഥ പരിതാപകരമാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടിയാകും ആദ്യാവസാനം പ്രവര്‍ത്തിക്കുക. കര്‍ഷകരുടെ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും പ്രവര്‍ത്തിക്കുക. വയാനാടിനെ ഒരു കാര്‍ഷിക വ്യവസായ ജില്ലയാക്കിമാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കണം.

വി: ആദിവാസികള്‍ക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ താങ്കള്‍ക്കു ചെയ്യുവാന്‍ സാധിക്കും?

ശ: അവരുടെ വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം തുടങ്ങി സമസ്ഥമേഖലകളിലും അവര്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ആ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചാല്‍ നമുക്ക് അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സാധിക്കും. അതിനു വേണ്ടത് അവരുടെ കാട് വെട്ടിത്തെളിച്ച് അവരെ നാട്ടിലേക്കിറക്കി കോളനികളില്‍ കൊണ്ട് പാര്‍പ്പിച്ചു ശ്വാസം മുട്ടിക്കുകയല്ല. മറിച്ച് അവരുടെ ആവാസവ്യവസ്ഥ നശിപ്പിക്കാതെ അവരുടെ ജീവിത ശൈലികള്‍ മാറ്റാതെ, അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്നതാണ്. ആദിവാസികള്‍ക്ക് വേണ്ടി കോടിക്കണക്കിനു രൂപ അനുവദിക്കുന്നുണ്ട്, എന്നാല്‍ അത് മറ്റുപലരും തട്ടിയെടുക്കുകയായിരുന്നു. ഇനിയത് നടപ്പില്ല. അവര്‍ക്ക് വേണ്ടിയുള്ള വികസനപരിപാടികള്‍ അവരെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തി, നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്.വി: ഇപ്പോഴും വയനാടിന്റെ നല്ലൊരു ഭാഗം വരുമാനവും തോട്ടം മേഖലകളില്‍ നിന്നാണ്. എന്നാല്‍ അവിടെ പണിയെടുക്കുന്നവരുടെ അവസ്ഥ വളരെ പരിതാപകരവും...

: ശരിയാണ്, ഇപ്പോഴും വയനാടിന്റെ നല്ലൊരു ശതമാനം വരുമാനം ലഭിക്കുന്നത് തോട്ടം മേഖലയില്‍ നിന്നാണ്. പ്രത്യേകിച്ചു കല്‍പ്പറ്റയില്‍. അവരിപ്പോഴും കഴിയുന്നത് പാഡികളില്‍ ആണ്. അവര്‍ക്ക് വൃത്തിയുള്ള പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചു കൊടുക്കണം. അവരുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിയണം. അവര്‍ക്ക് കൃത്യമായ കൂലി ഉറപ്പാക്കാന്‍ ശ്രമിക്കും.

വി: കാടിന് നോവാത്ത ഒരു വികസന മാതൃക ആയിരിക്കുമല്ലോ മുന്നോട്ടുവയ്ക്കുന്നത്?

ശ: തീര്‍ച്ചയായും. വയനാടിനെ കാര്‍ബണ്‍ ന്യുട്രല്‍ ജില്ലയാക്കി മാറ്റണം. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അമിതമായ ഉത്പാദനമാണ് ലോകത്തെവിടെയും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന്. കൃത്രിമമായി ഉണ്ടാക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കുറയ്‌ക്കേണ്ടതുണ്ട്. പ്രകൃതി ഉത്പാദിപ്പിക്കന്നതിനു പ്രതിവിധി പ്രകൃതി താനെ കണ്ടെത്തുന്നുണ്ട്. നമ്മള്‍ ഉണ്ടാക്കുന്ന പ്രശ്‌നം പരിഹരിക്കുവാന്‍ നമ്മള്‍തന്നെ മുന്‍കൈ എടുക്കേണ്ടതുണ്ട്. ലോകത്തിലെ തന്നെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി വയനാടിനെ മാറ്റുവാന്‍ ഞങ്ങള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കും. വനനശീകരണം വ്യാപകമായി നടക്കുന്നുണ്ട്. അതിനു തടയിടുവാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് സ്വീകരിക്കും. വികസനം എന്നത് വന്‍സൗധങ്ങള്‍ കേട്ടിപ്പോക്കുന്നതല്ല, വയനാട്ടിലെ വികസനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കര്‍ഷകന്റെയും ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നത് തന്നെയാണ്. മലകള്‍ തുരന്നും, പുഴകള്‍ മൂടിയും ഇവിടെ ഒന്നും ചെയ്യാന്‍ ഇനി ഞങ്ങള്‍ അനുവദിക്കുകയില്ല.

വി: തെരഞ്ഞെടുപ്പു സമയത്ത് സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം സികെ ശശീന്ദ്രന്‍ എന്ന ജനകീയ നേതാവായിരുന്നു താരം. പാര്‍ട്ടിയുടെ ഇപ്പോഴത്തെ ജനകീയ മുഖങ്ങളില്‍ ഒന്നാം സ്ഥാനത്തായി താങ്കളെ അവര്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്...

ശ: പാര്‍ട്ടിക്ക് ഞാന്‍ മാത്രം അല്ല ജനകീയരായ നേതാക്കളായി ഉള്ളത്. പാര്‍ട്ടിയുടെ എല്ലാ നേതാക്കളും-അത് ബ്രാഞ്ച് മുതല്‍ അങ്ങ് കേന്ദ്ര കമ്മിറ്റി വരെയുള്ളവര്‍- ജനകീയരാണ്. എല്ലാവരും സമൂഹത്തില്‍ ഇറങ്ങി സാധാരണക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ സാധാരണക്കാരായി കടന്നുവന്നവര്‍ തന്നെയാണ്. പാര്‍ട്ടി സാധാരണക്കാരന്റെയും കര്‍ഷകന്റെയും പാര്‍ട്ടിയാണ്, അവിടെ എല്ലാവരും സമന്മരാണ്.

വി: എന്നിരിക്കിലും താങ്കള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു കമ്യുണിസ്റ്റ് മാതൃകയുണ്ട്...

ശ: എന്റെ ജീവിത ശീലങ്ങള്‍ കമ്യുണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കി തന്നതാണ്. അതെല്ലാം എന്റെ ആശയങ്ങളോടും പ്രസ്ഥാനത്തോടും ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. പ്രസ്ഥാനം പഠിപ്പിച്ചു തന്നതാണ് എങ്ങനെ ജീവിക്കണം എന്നുള്ളത്. അതിനെയൊന്നും വക്തിപരമായി ഞാന്‍ കാണുന്നില്ല. പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളുടെ ഭാഗമായി മാത്രമായേ ഞാനതിനെ കാണുന്നുള്ളൂ.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)


Next Story

Related Stories