TopTop
Begin typing your search above and press return to search.

സിപിഎം സ്ഥാനാർഥി ലിസ്റ്റിൽ മണ്ണിൽ ചവിട്ടി നടക്കുന്ന ഒരേ ഒരാള്‍ മാത്രം

സിപിഎം സ്ഥാനാർഥി ലിസ്റ്റിൽ മണ്ണിൽ ചവിട്ടി നടക്കുന്ന ഒരേ ഒരാള്‍ മാത്രം

ആര്‍. സുഭാഷ്

ഇത്തവണത്തെ സിപിഎം സ്ഥാനാർഥി പട്ടികയില്‍ മണ്ണിൽ ചവിട്ടി നടക്കുന്ന ഒരാളേയുള്ളു. അവരുടെ വയനാട് ജില്ലാ സെക്രട്ടറിയും കൽപ്പറ്റ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ സി.കെ.ശശീന്ദ്രൻ. ജീവിതത്തിലൊരിക്കലും ചെരുപ്പിടാതെ അക്ഷരാഥത്തിൽ മണ്ണിൽ ചവിട്ടി നടക്കുന്ന ആൾ. ശശീന്ദ്രനെ പരിചയപ്പെട്ടിട്ട് രണ്ടര പതിറ്റാണ്ടു കഴിഞ്ഞു. മാധ്യമപ്രവർത്തനത്തിൻറെ തുടക്കകാലത്ത് വയനാട്ടിൽ വച്ച്. അന്നയാൾ ഡിവൈഎഫ്ഐയുടെ ചെറിയ നേതാവായിരുന്നു. അന്ന് കണ്ടതിൽ നിന്ന് ഒരു വ്യത്യാസവും ആ മനുഷ്യനു വന്നിട്ടില്ല. എടുപ്പിലും നടപ്പിലും സംസാരത്തിലും പെരുമാറ്റത്തിലുമൊന്നും. സിപിഎമ്മുകാരെ സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി എന്നത് വലിയ സ്ഥാനമാണ്. സെക്രട്ടറിയായാൽ, അതിപ്പോൾ ബ്രാഞ്ചായാലും അഖിലേന്ത്യയായാലും അവർ എടുത്തണിയുന്നൊരു ഗൌരവത്തിൻറെയും അകൽച്ചയുടേയും മേൽക്കുപ്പായമുണ്ട്. അച്ചടക്കത്തിലധിഷ്ഠിതമായ വിപ്ളവബോധം കൊണ്ടാവാം. ജനകീയ ജനാധിപത്യ വിപ്ളവം നടകുമ്പോൾ ജില്ലാ സെക്രട്ടറി ഏതാണ്ട് കേണലിൻറെ റാങ്കിൽ വരും. അതുകൊണ്ടാവും ചിലപ്പോൾ. ഏതായാലും പ്രായഭേദമില്ലാതെ എല്ലാവരും ശശിയേട്ടാ എന്നു വിളിക്കുന്ന ശശിക്ക് അത്തരം മേൽക്കുപ്പായങ്ങളൊന്നും ഒരുകാലത്തും ഉണ്ടായിട്ടില്ല.

സംഘികൾ ഏറ്റെടുത്ത് സ്വന്തമാക്കിയ പശു എന്ന വളർത്തുമൃഗം അവരുടെ ഭാഷയിൽ ഗോമാതാവ് വളർത്തി വലുതാക്കിയ ഒരു കമ്മ്യൂണിസ്റ്റുകാരനാണ് ശശി എന്നു പറയാം. വെളുക്കുംമുന്‍പ് പശുവിനെ കറന്ന് തൂക്കുപാത്രത്തിൽ ആ പാലുമായി മിൽമയുടെ പാൽ സംഭരണകേന്ദ്രത്തിൽ പാലളന്ന ശേഷം പാത്രം തൊട്ടടുത്ത ചായക്കടയിൽ സൂക്ഷിക്കാനേൽപ്പിച്ചാണ് ശശി കൽപ്പറ്റ സിപിഎം ജില്ലാകമ്മറ്റി ഓഫീസിലേക്ക് വച്ചു പിടിക്കുക. വയനാട്ടുകാരെ കാപ്പിയും കുരുമുളകുമെല്ലാം ചതിച്ചിട്ട് ഏറെക്കാലമായി. കുറെക്കാലമായി അവർ ജീവിക്കുന്നത് പാലു വിറ്റാണ്. അതു തന്നെ ശശിയുടേയും ജീവിതമാർഗം. അതു മാത്രം. അതിലൊതുങ്ങുന്ന ജീവിതമേ അയാൾ നയിച്ചിട്ടുള്ളു- വേഷത്തിൻറെയും ഭക്ഷണത്തിൻറെയും കാര്യത്തിൽ മാത്രമല്ല, കുട്ടികളുടെ വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ വരെ.

പാർട്ടിക്ക് ശീതീകരിച്ച ആപ്പീസും കാറും മറ്റു സൌകര്യങ്ങളും ഉണ്ടെങ്കിലും ശശിക്ക് പദസഞ്ചലനത്തിലാണ് താൽപ്പര്യം. അതും ചെരിപ്പിടാതെ. ജീവിതത്തിലൊരിക്കലും ചെരിപ്പിട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതവേണമെങ്കിൽ അതു ശശിയോടുതന്നെ ചോദിക്കണം. പക്ഷേ ശശിയെ കണ്ടവരുടെ ആരുടേയും ഓർമ്മയിൽ അങ്ങേരുടെ കാലിൽ ചെരിപ്പുണ്ടായിരുന്നില്ല. ചെരിപ്പില്ലായ്മയും പശുവളർത്തലും കൃഷിപ്പണിയും തെളിഞ്ഞചിരിയും ഒന്നും ഈ രാഷ്ട്രീയനേതാവ് എടുത്തണിയുന്ന വേഷങ്ങളല്ല. അവ ചെറുപ്പം മുതലേയുള്ള ശീലത്തിൻറെ തുടർച്ചയാണ്. ദരിദ്രകർഷകനായിരുന്നു അച്ഛൻ ഭാസ്ക്കരൻ നായർ. കർഷകസംഘത്തിൻറെ പ്രവർത്തകൻ. മണ്ണിൽ അധ്വാനിക്കുന്ന അച്ഛനൊപ്പം പശുവിനെ തീറ്റിയും പുല്ലരിഞ്ഞും മണ്ണിൽ പണിയെടുത്തുമാണ് ശശി വളർന്നതും പഠിച്ചതും. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുകയും എസ്.എഫ്.ഐയുടെ സിറ്റി കമ്മറ്റി പ്രസിഡൻറ് ആവുകയും പിന്നീട് അവിടെ നിന്നു പോന്ന് ബത്തേരി കോളേജിൽ പഠനം തുടരുകയും ഡി.വൈ.എഫ്.ഐ നേതാവാവുകയും ഒടുവിൽ സിപിഎം ജില്ലാ സെക്രട്ടറിയാവുകയും ഒക്കെ ചെയ്യുമ്പോഴും ശശി പഴയ ശശി തന്നെയായിരുന്നു. പണ്ടത്തെപ്പോലെ തന്നെ വീട്ടിലെ കാര്യങ്ങൾ. സമയം കിട്ടുമ്പോഴെല്ലാം മണ്ണിൽ പണിയെടുത്ത്, കുടുംബം പോറ്റാനായി പശുവിനെ വളർത്തി, ചെലവു ചുരുക്കി ജീവിച്ച് ഒരു വെറും സാധാരണക്കാരനായി അങ്ങനെ. ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ സംബന്ധിച്ച് ഇതൊക്കെ വാർത്തയാവുന്നു എന്നതാണ് കാലത്തിൻറെയും പാർട്ടിയുടേയും മാറ്റം.സ്വത്വബോധം വെറുക്കപ്പെട്ട പദമായിരുന്നതിനാൽ പതിറ്റാണ്ടുകളോളം കണ്ടില്ലെന്നു നടിച്ചിരുന്ന ആദിവാസികളെ ജാനു തെളിച്ചുകൊണ്ടുപോകുന്നതു കണ്ടപ്പോൾ അവരെ തിരിച്ചുപിടിക്കാൻ പാർട്ടി നിയോഗിച്ചത് ശശീന്ദ്രനെയായിരുന്നു. കുടിയേറ്റക്കാരും ആദിവാസികളും വിരുദ്ധ ധ്രുവങ്ങളിലാണ് വയനാട്ടിൽ. ആദിവാസികളുടെ ധ്രുവത്തിലാണ് അവിടുത്തെ കാട്ടുമൃഗങ്ങളുടേയും സ്ഥാനം. ഇക്കണ്ട കാടും മേടും ഈ ഭൂമിതന്നെയും തങ്ങൾക്ക് വേണ്ടി മാത്രമാണെന്ന കയ്യേറ്റക്കാരുടെ ചിന്തയും പ്രവൃത്തിയുമാണ് അവിടുത്തെ ആദിവാസികളുടേയും കാട്ടുമൃഗങ്ങളുടേയും നാശത്തിനു കാരണമായത്. മൃഗങ്ങൾ ഇടയ്ക്കൊക്കെ തങ്ങൾക്കാവും വിധം തിരിച്ചടിക്കുന്നുണ്ട്. അതിനുള്ള വൈഭവം പോലും നഷ്ടപ്പെട്ട ആദിവാസികളുടെ കുലം ദിനേന നിശബ്ദം ഇല്ലാതാവുന്നു. വോട്ട് മാത്രം ലക്ഷ്യമായതുകൊണ്ടും പൊതുബോധം ആദിവാസി, കാട്ടുമൃഗ വിരുദ്ധം ആയതുകൊണ്ടും വയനാട്ടിലെ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളെല്ലാം കുടിയേറ്റക്കാരുടെ വക്താക്കളാണ്. മുത്തങ്ങ സമരകാലത്ത് അതു വ്യക്തമായതുമാണ്.സി.കെ.ജാനുവിൻറെ ഇന്നത്തെ സംരക്ഷകരായ സംഘപരിവാറുകാർ മുതൽ സഖാക്കളും അതിവിപ്ളവകാരികളും പരിസ്ഥിതിവാദികളും വരെ മുത്തങ്ങയിൽ സമരംചെയ്തവരെ പിടിച്ച് പോലീസിലേൽപ്പിക്കാൻ മൽസരിച്ചവരാണ്. മുത്തങ്ങാനന്തരമാണ് സിപിഎമ്മിന് മനംമാറ്റമുണ്ടായതും ആദിവാസിക്ഷേമസമിതി എന്ന സംഘടന രൂപീകരിച്ചതും. പിന്നീട് നിരവധിവർഷങ്ങൾ ശശി ആദിവാസികൾക്കിടയിൽ തന്നെയായിരുന്നു. അവരുടെ സുഖദുഖങ്ങളിൽ പങ്കാളിയായി, സമരപഥങ്ങളിൽ നേതാവായി. അതിൻറെ ഗുണം നിരവധി കുടുംബങ്ങൾക്ക് ലഭിച്ചു. അതുകൊണ്ടുതന്നെയാണ് വയനാട്ടിലെ ആദിവാസികളിൽ ഏറെപ്പേർ ശശിയെ തങ്ങളിലൊരാളായി തന്നെ കാണുന്നതും.

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും സി.കെ.ശശീന്ദ്രൻ മൽസരിച്ചിട്ടില്ല. പാവം ഇത്രകാലം കഷ്ടപ്പെട്ടതല്ലേ ഇനി ഒരു എംഎൽഎ ആയിക്കോട്ടേയെന്നു പാർട്ടി നിനച്ചതുമല്ല. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് കൈവശം വച്ചിരിക്കുന്ന കൽപ്പറ്റ തിരിച്ചുപിടിക്കാൻ തൽക്കാലം മറ്റൊരായുധവും അവരുടെ പക്കലില്ല. അതുകൊണ്ടാണ് ഇത്തവണ തുറുപ്പുഗുലാൻ തന്നെ ഇറക്കിക്കളിക്കാൻ സിപിഎം തീരുമാനിച്ചത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories