TopTop
Begin typing your search above and press return to search.

സമരങ്ങളുടെ കാടിറങ്ങുന്ന സി.കെ ജാനു

സമരങ്ങളുടെ കാടിറങ്ങുന്ന സി.കെ ജാനു

പ്രമോദ് പുഴങ്കര

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എത്രയൊക്കെ അദ്ധ്വാനിച്ചിട്ടും പച്ചതൊടാത്ത ബി ജെ പി ആളെപ്പിടിക്കാന്‍ നടക്കുന്നത് ഒരു പുതിയ വാര്‍ത്തയേ അല്ല. കുമ്മനം രാജശേഖരനെ അദ്ധ്യക്ഷനാക്കിയതും വെള്ളാപ്പള്ളി നടേശന്റെ കുടുംബജന സേനയുമായുള്ള സഖ്യവും വിചാരിച്ച ഫലം തരില്ല എന്ന സൂചനകള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിപ്പുരയില്‍ കാത്തിരിക്കവേ ബി ജെ പിക്ക് വ്യക്തമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അമിത് ഷായുടെ തന്ത്രം എന്നൊക്കെ പറയുന്ന, ഭീമന്‍ രഘു മുതല്‍ ശ്രീശാന്ത് വരെ എന്തൊക്കെ കാട്ടിക്കൂട്ടും എന്നാര്‍ക്കും നിശ്ചയമില്ലാത്ത സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ ഈ വ്യാപക ബഹുജനപ്രാപ്യതക്കായി അവര്‍ രംഗത്തിറക്കുന്നുണ്ട്. വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ പോന്ന സാധ്യതകള്‍ ഇതൊന്നും നല്‍കുന്നുമില്ല.

എന്നാല്‍ ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി നടത്തിയ അട്ടിമറി ആദിവാസി ഗോത്ര മഹാസഭാ നേതാവ് സി കെ ജാനുവിനെ എന്‍ ഡി എ പാളയത്തിലെത്തിച്ചതാണ്. സി കെ ജാനു ജനാധിപത്യ സംരക്ഷണ സഭ എന്ന പുതിയ രാഷ്ട്രീയ കക്ഷിയുണ്ടാക്കി എന്‍ ഡി എയില്‍ ചേരുമെന്നും സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നുമാണ് പ്രഖ്യാപനം. ആദിവാസി ഗോത്ര മഹാസഭയുടെ മറ്റൊരു നേതാവ് ഗീതാനന്ദന്‍ ജാനുവിന്റെ നിലപാടിനെ തള്ളിപ്പറയുകയും സംഘടനയുടെ പിന്തുണ ജാനുവിന്റെ നിലപാടുകള്‍ക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ ജാനുവിന്റെ സ്വന്തമായ സംഘപരിവാര്‍ യാത്രക്ക് തുടക്കമായെന്നുവേണം കരുതാന്‍. സി കെ ജാനു മത്സരിച്ചാലും വിജയിക്കാനുള്ള സാധ്യത ഒട്ടുമില്ലെന്ന് ബി ജെ പിക്കും അവര്‍ക്കും നന്നായറിയാം. പക്ഷേ സി കെ ജാനുവിനുള്ള അധികാര വാഗ്ദാനങ്ങള്‍ മറ്റ് പലതുമുണ്ട്. വഴിയേ ചിലതെല്ലാം വന്നേക്കാം. അത് ഈ നീക്കത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ക്ക് മുന്നില്‍ അപ്രസക്തവുമാണ്.

ഈ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു നിസാര നീക്കമല്ല സംഘപരിവാര്‍ ജാനുവിനെ അണിചേര്‍ത്തതിലൂടെ നടത്തിയിരിക്കുന്നത്. ഇതിനെ പി സി തോമസ് എന്‍ ഡി എയില്‍ പോയതിന് സമാനമായി ചിത്രീകരിക്കുന്നത് സംഘപരിവാര്‍ അജണ്ടയെ ലളിതവത്ക്കരിക്കലാകും.

നായാടി മുതല്‍ നമ്പൂരി വരെ എന്ന വിശാല ഹിന്ദു അജണ്ടയുമായി വെള്ളാപ്പള്ളി നടേശനെ മുന്നില്‍ നിര്‍ത്തി ഇറങ്ങിയപ്പോഴും സംഘപരിവാറിന് ആ ലക്ഷ്യം വേണ്ടത്ര പറഞ്ഞുഫലിപ്പിക്കാനുള്ള ഒരു അടിത്തറ കിട്ടിയിരുന്നില്ല. എന്തായാലും കേരളത്തിലെ ആദിവാസി സമരങ്ങളുടെ പോരാട്ടവീര്യത്തിന്റെ പുതിയകാലമുഖമായി ജനങ്ങളറിയുന്ന സി കെ ജാനുവിനെ ലഭിച്ചതോടെ ഈ വിശാലഹിന്ദു തരംഗരാജിയുടെ രണ്ടറ്റങ്ങള്‍ അവര്‍ ഏതാണ്ട് സമര്‍ത്ഥമായി കൂട്ടിമുട്ടിച്ചിരിക്കുന്നു. ബി ജെ പി ഈ തെരഞ്ഞെടുപ്പിലും ഒരു സീറ്റില്‍ പോലും വിജയിക്കില്ലായിരിക്കാം, അല്ലെങ്കില്‍ ഒരു സീറ്റിലെങ്കിലും ആദ്യമായി ജയിക്കാം. രണ്ടായാലും കേരളത്തിലെ ഹിന്ദുത്വ വര്‍ഗീയ പദ്ധതി അതിന്റെ സൈദ്ധാന്തിക അടിത്തറ ഭദ്രമാക്കുകയാണ്. ഇനിയെന്നെങ്കിലും ജാനു എന്‍ ഡി എ വിട്ടുപോയാലും സംഘപരിവാറിന്റെ ഓലക്കീറില്‍ ആദിവാസിയടങ്ങുന്ന വിശാല ഹിന്ദുവിന്റെ ആധികാരികതക്കായി സി കെ ജാനു നിലനില്‍ക്കും. ചരിത്രം അങ്ങനെയാണ്; തിരുത്തിയാലും തിരിഞ്ഞുകുത്തുന്ന വിധത്തില്‍ അത് മുരണ്ടുകൊണ്ടേയിരിക്കും.

സി കെ ജാനുവിനെ സംഘപരിവാര്‍ മുന്നണിയില്‍ കെട്ടുന്നതോടെ ഒരു പുതിയ രാഷ്ട്രീയ ഭൂമികയാണ് ആര്‍ എസ് എസ് അടക്കമുള്ള ഹിന്ദുത്വ ശക്തികള്‍ കേരളത്തില്‍ തേടാന്‍ പോകുന്നത്. സംഘപരിവാറിന്റെ ഹിന്ദുത്വനിര്‍മിതിയുടെ ഒരു നിര്‍വചനത്തിലും പെടാത്ത ജീവിതരീതികളും സംസ്കാരവുമുള്ള ആദിവാസികളെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഏറെനാളായി രാജ്യവ്യാപകമായി അവര്‍ നടത്തുന്നു. ഛത്തീസ്ഗഡിലും ഝാര്‍ഘണ്ടിലുമൊക്കെ ബി ജെ പിയുടെ മുന്നേറ്റത്തില്‍ ഈ ശ്രമങ്ങള്‍ നിസാരമല്ലാത്ത സംഭാവനകള്‍ നല്കിയിട്ടുണ്ട്. പക്ഷേ ആദിവാസി മേഖലകളായ വനപ്രദേശങ്ങളില്‍ സ്വകാര്യ മൂലധനത്തിന്റെ ഭയാനകമായ വിധത്തിലുള്ള കൊള്ളക്കു കൂട്ടുനില്‍ക്കുന്നതിനാണ് സംഘപരിവാറിന്റെ പ്രഥമ പരിഗണന എന്നതിനാല്‍ ഉത്തരേന്ത്യയില്‍ ഈ അജണ്ട ആദിവാസികളുടെ ചെറുത്തുനില്‍പ്പിന്റെ ഒരറ്റത്തും ചേരാന്‍ കഴിയാതെ കഴിഞ്ഞ കുറച്ചു നാളുകളായി തട്ടിത്തടഞ്ഞു നില്‍ക്കുകയാണ്. അതോടൊപ്പം വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ നേടിയ അധികാര രാഷ്ട്രീയത്തിലെ മേധാവിത്തം തികഞ്ഞ ആദിവാസി വിരുദ്ധമായ ഭരണകൂട ഭീകരത അഴിച്ചുവിടുന്നതിന് അവരെ പ്രാപ്തരാക്കിയിരിക്കുന്നു. ഈ ഭരണകൂട ഭീകരത, ഹിന്ദുത്വ വര്‍ഗീയ ശക്തികളുടെ തനതു സംഭാവനയായല്ല, മൂലധനഭീകരതയുടെ തുടര്‍ന്നുവരുന്ന ആക്രമണത്തിന്റെ രാഷ്ട്രീയപ്രയോഗം കൂടിയായിത്തന്നെ കാണണം. പക്ഷേ അത്തരം ഭരണകൂട ഭീകരതയെ ചെറുക്കാനുള്ള ജനകീയ പ്രതിരോധങ്ങളില്‍ മതവിഭാഗീയതയുടെ ഉറക്കുഗുളിക ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് ഹിന്ദുത്വ ഭീകരതയുടെ തന്ത്രം.

എന്നാല്‍ കേരളത്തില്‍ ആദിവാസികള്‍ നേരിടുന്ന ഭീഷണി പ്രധാനമായും ഇത്തരത്തില്‍ മൂലധനക്കൊള്ളയുടെ നേരിട്ടുള്ള കടന്നാക്രമണമല്ല. മറിച്ച് മുഖ്യധാര സമൂഹം എന്നു സ്വയം വിശേഷിപ്പിക്കുന്ന വിഭാഗം ആദിവാസികളുടെ ജീവിതാവാസ കേന്ദ്രങ്ങളിലേക്ക് സര്‍ക്കാരിന്റെയും മതമേധാവികളുടെയും ഒത്താശയോടെ നടത്തിയ കയ്യേറ്റത്തിന്റെയും കുടിയേറ്റത്തിന്റെയും ചരിത്രമാണ്. ബി ജെ പിക്കാകട്ടെ ഇത്തരം കുടിയേറ്റ മേഖലകളില്‍ കാര്യമായ ജനപിന്തുണയുമില്ല. ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയ കണക്കുകൂട്ടലില്‍ അത്തരം കുടിയേറ്റക്കാരുടെ ഇടയില്‍ ബി ജെ പിക്കുള്ള വോട്ട് ശതമാനം നാമമാത്രമാണ്. പല കുടിയേറ്റമേഖലകളിലും ശക്തമായ കുടിയേറ്റ ജനവിഭാഗം കൃസ്ത്യാനികളുമാണ്. വിവിധ ക്രിസ്ത്യന്‍ സഭകള്‍ക്കാകട്ടെ ഇവര്‍ക്കിടയില്‍ മറ്റ് രാഷ്ട്രീയ കക്ഷികളെ, ഇടതു-വലതു ഭേദമില്ലാതെ ചൊല്‍പ്പടിക്ക് നിര്‍ത്താവുന്ന സ്വാധീനമുണ്ടുതാനും. ഗാഡ്ഗില്‍ റിപ്പോര്‍ടിന്റെ കാര്യത്തില്‍ നാമത് അടുത്തിടെപ്പോലും കണ്ടതുമാണ്. കുടിയേറ്റ, ക്രിസ്ത്യന്‍ സഭ സമ്മര്‍ദ സംഘങ്ങള്‍ക്ക് ഇടതുമുന്നണി വഴങ്ങുകയും ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിക്കുകയും ചെയ്തതും നമ്മള്‍ കണ്ടു. മരിച്ചാല്‍ കുഴിച്ചിടാന്‍ ഒരിത്തിരി മണ്ണിനായിപ്പോലും ആദിവാസികള്‍ സമരം ചെയ്യുമ്പോളാണ് 'പാവപ്പെട്ട കുടിയേറ്റ കര്‍ഷകനായി’ ഈ ത്യാഗം നടന്നത്.

ഇക്കളികളിലെല്ലാം ബി ജെ പി കാഴ്ച്ചക്കാരന്റെ പക്ഷത്തായിരുന്നു. അതുകൊണ്ട് ഒരു ഘട്ടത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട് നടപ്പാക്കണം എന്നുവരെ കേരളത്തിലെ ബി ജെ പി ഘടകം വാദിച്ചു. കേരളത്തിലെ ക്രിസ്ത്യന്‍ സഭയുമായി നേരിട്ടുള്ള ഒരേറ്റുമുട്ടലിന് കളമൊരുക്കാനുള്ള വിദഗ്ദ്ധമായ ഒരജണ്ടയായിരുന്നു അത്. അല്ലാതെ പരിസ്ഥിതി പ്രേമമൊന്നുമായിരുന്നില്ല. ഇതേ ബി ജെ പിയുടെ ഗോവയിലെയും മഹാരാഷ്ട്രയിലെയും സര്‍ക്കാരുകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ആവശ്യപ്പെടുന്ന സമയത്തായിരുന്നു ഇത്. പിന്നീട് ഇക്കാരണങ്ങളാല്‍ തന്നെ കേരളത്തില്‍ ബി ജെ പി ഇക്കാര്യത്തില്‍ അടവ് മാറ്റിപ്പിടിച്ചു.

സി കെ ജാനുവിന്റെ വരവോടെ സംഘപരിവാറിന് ഈ ക്രിസ്ത്യന്‍ കുടിയേറ്റ വിഭാഗത്തിനെതിരെ ഒരു പ്രതിയോഗിയായി സ്വയം ചമയാനുള്ള അവസരം വീണ്ടും വരികയാണ്. ജാനുവിന്റെ ആദിവാസി ഭൂസമരങ്ങളിലേക്ക് ബി ജെ പി ഒരു രാഷ്ട്രീയനഷ്ടവും ഭയക്കാതെ കടന്നുകയറും. അങ്ങനെ വോട്ട് നഷ്ടം നോക്കാതെ കുടിയേറ്റ മേഖലകളില്‍ ആദിവാസികള്‍ക്ക് പിന്തുണ നല്‍കാവുന്ന ഒരു രാഷ്ട്രീയ സാഹചര്യം ബി ജെ പിക്ക് മാത്രമാണ് എന്നത് അവര്‍ക്കൊരു സുവര്‍ണ സാധ്യതയായാണ് സംഘപരിവാര്‍ കാണുന്നത്. ഇതൊരിക്കലും ആദിവാസികളുടെ ഭൂസമരത്തെ യുക്തിസഹമായ, നീതിപൂര്‍വകമായ അന്ത്യത്തിലെത്തിക്കാനല്ല, മറിച്ച് ഹിന്ദുത്വ തീവ്രവാദ അജണ്ടയും ന്യൂനപക്ഷ വിരോധവും വളരെ എളുപ്പത്തില്‍ ഇറക്കാവുന്ന വളക്കൂറുള്ള മണ്ണായതുകൊണ്ടാണ്. ഏറെക്കാലമായി കുടിയേറ്റവും കയ്യേറ്റവും മതവിശ്വാസവും കൂട്ടിക്കലര്‍ത്തി, കേരള രാഷ്ട്രീയത്തിലെ ബ്ലഡി മേരി കച്ചവടക്കാരായ ക്രിസ്ത്യന്‍ സഭകള്‍ക്ക് അതിനെ ചെറുക്കാനുള്ള ഏകവഴി കൂടുതല്‍ ഹീനമായി തങ്ങളുടെ സമ്മര്‍ദം കൂട്ടുക എന്നതായിരിക്കും. അങ്ങനെ കേരളത്തിലെ ആദിവാസിയെ വനവാസിയാക്കി, വിശാലഹിന്ദുവാക്കി, നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ തീണ്ടാപ്പാടകലങ്ങളില്‍ ഹിന്ദുത്വദേശീയതയുടെ നിര്‍വ്വാണശീല്‍ക്കാരം മുഴക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയപരീക്ഷണത്തിലേക്ക് സി കെ ജാനു ചെന്നുകയറുകയാണ്.

ആദിവാസികളെയും ദളിതരേയും ഹിന്ദുക്കളാക്കുക മാത്രമല്ല സനാതന സവര്‍ണ ജാതി ഹിന്ദുക്കള്‍ക്ക് പകരം ഹിന്ദുത്വ ഭീകരതയുടെ കൊല്ലാനും ചാവാനുമുള്ള ആള്‍ക്കൂട്ടമാക്കാനും സംഘപരിവാറിനറിയാം. ഗുജറാത്ത് വംശഹത്യയില്‍ ഏറെ അതിശയോക്തി കലര്‍ത്തിയാണെങ്കിലും അവിടുത്തെ ചാര ഗോത്രവര്‍ഗക്കാര്‍ തങ്ങള്‍ക്കൊപ്പം അക്രമാസക്തരായി പങ്കെടുത്തതിനെക്കുറിച്ച് ഹിന്ദുത്വ ഭീകരവാദി ബാബു ബജ്രംഗി പറഞ്ഞത്, "മുസ്ലീങ്ങളെ കൊന്ന ചാരാകള്‍ യഥാര്‍ത്ഥ കരുത്തുള്ള ഹിന്ദുക്കളാണ്. എല്ലാ ഹിന്ദുക്കളും മാംസം കഴിച്ച് ചാരാകളെ പോലെ ദയാരഹിതരായ കൊലപാതക യന്ത്രങ്ങളാകണം" എന്നാണ്. കേരളത്തിലും സംഘപരിവാറിന് മറ്റൊരു ഉദ്ദേശത്തിലല്ല ആദിവാസികളെ ആവശ്യം. ഗുജറാത്തിലെ രാഷ്ട്രീയ സാമൂഹ്യ കാലാവസ്ഥയല്ല കേരളത്തില്‍ എന്നുള്ളതുകൊണ്ട് ഈ തിരക്കഥ അതുപോലെ ഒരിയ്ക്കലും ആവര്‍ത്തിക്കില്ല. പക്ഷേ അതിന്റെ രാഷ്ട്രീയ ലക്ഷ്യത്തില്‍ ഒരു മാറ്റവുമില്ല.

ഇതൊക്കെ സി കെ ജാനു വഴി സംഘപരിവാറിന്റെ കാവിപൂശിയ കേരളമെന്ന, കാത്തിരുന്ന് കാത്തിരുന്ന് മെലിഞ്ഞുണങ്ങിയ സ്വപ്നത്തിന് കിട്ടിയ ഒരു ചെറിയ വര്‍ഷശാന്തിയാണ്. പകരം സി കെ ജാനുവിനെന്താണ് കിട്ടുക? അതൊരിക്കലും അവരുടെ ഇന്നലെവരെയുള്ള രാഷ്ട്രീയ നിലപാടുകളെ സാധൂകരിക്കാനുള്ളവയല്ല എന്നുറപ്പാണ്. കേന്ദ്രത്തിലെ ഏതോ പല്ലില്ലാ സമിതിയില്‍ ഒരംഗത്വം, കേരളത്തിലെ ആദിവാസി പ്രശ്നം പഠിക്കാന്‍ ഒരു ഉന്നത സമിതി കേന്ദ്രം വക, സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം വക ചില നിര്‍ദേശങ്ങള്‍; അത്രയൊക്കയെ ഉള്ളൂ അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിച്ചാല്‍ സി കെ ജാനു നേരിടുന്ന പരാജയത്തിനപ്പുറം കിട്ടുന്ന ഒറ്റമൂലികള്‍. അത്രയൊക്കെ മതി എന്ന് സി കെ ജാനു തീരുമാനിച്ചതിന് പിന്നില്‍ വ്യക്തിപരമായ ആഗ്രഹങ്ങള്‍ ഏറെയുണ്ട്. അതവിടെ നില്‍ക്കട്ടെ.

ഈ തീരുമാനം കേരളത്തിലെ ആദിവാസി ഭൂസമരത്തെ എവിടെയെത്തിക്കും എന്നാണ് കാതലായ മറ്റൊരു പ്രശ്നം. ആദിവാസി ഗോത്ര മഹാസഭ എന്നത് സി കെ ജാനുവിന് ആദിവാസികളിലും പൊതുസമൂഹത്തിലുമുള്ള പ്രാപ്യതയും സ്വീകാര്യതയും എന്നതിനൊപ്പം ഗീതാനന്ദന്റെ കൂടി സജീവ പങ്കാളിത്തമുള്ള ഒന്നായിട്ടായിരുന്നു വളര്‍ന്നത്. സി കെ ജാനു ഇല്ലാത്ത സംഘടനയെ കുറച്ചു വര്‍ഷങ്ങള്‍ക്കപ്പുറം ഇന്നത്തെ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആദിവാസിയല്ലാത്ത ഗീതാനന്ദന് കഴിയില്ല. അതുകൊണ്ടുതന്നെ ഗീതാനന്ദന്‍ ആ സംഘടനയെ കുറച്ചുകൂടി വിശാലമായ ജനസമരഭൂമികകളിലേക്ക് പങ്കാളികളാക്കിക്കൊണ്ട് ആദിവാസി ഗോത്ര മഹാസഭയുടെ പ്രസക്തി നിലനിര്‍ത്താന്‍ ശ്രമിക്കും എന്നാണ് കരുതുന്നത്. പക്ഷേ അപ്പോഴും ആദിവാസി ഭൂസമരങ്ങളുടെ ഭാവിയിലേക്ക് സി കെ ജാനു എറിഞ്ഞിട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അന്യഭാഷ ഉണ്ടാക്കുന്ന വ്യാകരണപ്പിശകുകള്‍ നിസാരമായിരിക്കില്ല.

ആദിവാസി ഭൂമി പ്രശ്നത്തില്‍ എല്ലാക്കാലത്തും തികച്ചും അന്യായമായ നിലപാടെടുക്കുന്നതില്‍ കേരളത്തിലെ ഇടതു, വലതു മുന്നണികള്‍ ഒറ്റക്കെട്ടായിരുന്നു. ഒരു സ്വാഭാവിക രാഷ്ട്രീയ സഖാവ് എന്ന നിലയില്‍ ആദിവാസിഭൂമി പ്രശ്നത്തെ കൈകാര്യം ചെയ്യേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട പ്രതിലോമകരമായ വര്‍ഗവഞ്ചന തിരുത്താനുള്ള ഒരാര്‍ജവവും അതിപ്പോഴും പ്രകടിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. കേരളത്തിലെ ഇടതുപക്ഷ മുന്നണി ഇടുക്കിയില്‍ കുടിയേറ്റ, കൈയേറ്റ, ക്രിസ്ത്യന്‍ സഭ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കാണിച്ച ഔത്സുക്യത്തിന്റെ പാതിയുണ്ടെങ്കില്‍ ഈ ഭൂമിപ്രശ്നത്തില്‍ പരിഹാരം കാണാനായേനെ. കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷമാകട്ടെ ഇടതുപക്ഷത്തിന്റെ ഒപ്പമുണ്ടാകേണ്ട ഒരു വിഭാഗത്തെ അവര്‍ തള്ളിക്കളഞ്ഞതിനെ പരമാവധി മുതലെടുക്കുക എന്ന ലളിതതന്ത്രമാണ് പയറ്റിയത്. ആന്റണിയും ഉമ്മന്‍ ചാണ്ടിയും സുധീരനുമൊക്കെ സി കെ ജാനുവിന്റെ സമരസമാപനങ്ങളില്‍ സ്വീകാര്യരായിരുന്നത് ഇങ്ങനെയും കൂടിയായിരുന്നു. എന്തായാലും സി കെ ജാനുവിന്റെ എന്‍ ഡി എ പ്രവേശം ഇരുമുന്നണികളുടെയും ആദിവാസി വിരുദ്ധതയ്ക്ക് കക്ഷിരാഷ്ട്രീയ ന്യായങ്ങള്‍ എളുപ്പമാക്കും. ഒരു ജനകീയ സമരത്തെ വെറും ബി ജെ പി മുതലെടുപ്പാക്കി വ്യാഖ്യാനിക്കും. സര്‍വം സംഘിവിരുദ്ധം എന്ന താളത്തില്‍ ഈ സമരത്തെ ആക്ഷേപിക്കും. ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും നാമറിയേണ്ടത് ഇങ്ങനെയാണ് സമരങ്ങള്‍ വഞ്ചിക്കപ്പെടുന്നത് എന്നുകൂടിയാണ്.

സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ആദിവാസി ഭൂസമരത്തിന്റെ സ്ഥാനം കേരളത്തില്‍ ശക്തി പ്രാപിച്ച നിരവധി ചെറുസമരങ്ങള്‍ക്കൊപ്പമായിരുന്നു. ഭൂസമരങ്ങള്‍, പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍, സ്ത്രീകളുടെ അവകാശ സമരങ്ങള്‍, അസംഘടിത തൊഴിലാളികളുടെ സമരങ്ങള്‍ സമരങ്ങള്‍ എന്നിങ്ങനെ. എന്നാല്‍ ഇത്തരം സമരങ്ങളോടും, വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ സംഘടനാ സംവിധാനത്തിലൂടെയല്ലാതെ ഉയര്‍ന്നുവരുന്ന ജനകീയ ചെറുത്തുനില്‍പ്പുകളോടും മുഖ്യധാര ഇടതുപക്ഷം കാണിച്ച തൊട്ടുകൂടായ്മയും വഞ്ചനയും സ്വത്വവാദത്തിന്റെ രാഷ്ട്രീയഗണിതങ്ങളിലേക്ക് ഈ സമരങ്ങളെ ഗണനസംഖ്യകളാക്കി മാറ്റി. അതാകട്ടെ സ്വകാര്യമൂലധന ഭീകരതയെ കണ്ടില്ലെന്നു നടിച്ചു. മര്‍ദിത ജനതയുടെ ഐക്യത്തെ വംശീയവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ കാത്തുസൂക്ഷിക്കുന്നവരുടെ അവസരവാദ രാഷ്ട്രീയ മുന്നണിയാക്കി മാറ്റി. ജനാധിപത്യസമരങ്ങളെ അതിന്റെ പൊളിറ്റിക്കല്‍ ഇക്കോണമിയില്‍ നിന്നും അടര്‍ത്തി മാറ്റി. കേവലമായ ആശയാസ്തിത്വങ്ങളുടെ അടിച്ചേല്‍പ്പിക്കലിനെ വിമോചനമായി കൊട്ടിഘോഷിച്ചു. ഈ സ്വത്വ രാഷ്ട്രീയത്തിന്റെ വഞ്ചാനാപരമായ രാഷ്ട്രീയ ദൌത്യത്തിന്റെ സ്വാഭാവിക പരിണാമഗുപ്തിയാണ് സി കെ ജാനുവിന്റെ എന്‍ ഡി എ പ്രവേശം.

സംഘപരിവാറിന്റെ ദളിത വിരുദ്ധ രാഷ്ട്രീയം രോഹിത് വെമുലയുടെ ഭരണകൂട കൊലപാതകത്തിന് ശേഷം കൂടുതല്‍ വെളിച്ചപ്പെടുന്ന ഈ ഘട്ടത്തില്‍ സി കെ ജാനു ഹിന്ദുത്വ ജാതിവാദികള്‍ക്ക് നല്‍കുന്ന ആനന്ദം നിസ്സാരമല്ല. ഇന്ത്യയില്‍ ഒരിടത്തും ഇന്നേവരെ ഒരാദിവാസിക്കും ഒരു തുണ്ട് ഭൂമി നല്‍കിയിട്ടില്ല എന്നുമാത്രമല്ല വന്‍കിട കമ്പനികള്‍ക്ക് വേണ്ടി അവരെ കുടിയൊഴിക്കുകയും അതിനായി അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയകക്ഷിയെയാണ് സി കെ ജാനു ഭൂപ്രശ്നം പരിഹരിക്കാനുള്ള അധികാരവഴികളിലേക്ക് സഖ്യകക്ഷിയായി കണ്ടെത്തിയത് എന്നത് വരണ്ട ഫലിതമാണ്.

ആദിവാസികളുടെ ഭൂമിപ്രശ്നത്തിനും സഹജീവികളായ നമുക്ക് ആത്മനിന്ദ തോന്നേണ്ട വിധത്തില്‍ നാമവരെ തള്ളിയിട്ടിരിക്കുന്ന മനുഷ്യത്വരഹിതമായ ജീവിതാവസ്ഥകള്‍ക്കും ന്യായമായ രാഷ്ട്രീയപരിഹാരം അടുത്തെങ്ങാനുമുണ്ടാകും എന്ന് കരുതാന്‍ വയ്യ. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയകക്ഷികള്‍ നിരന്തരം വഞ്ചിച്ച നിഴലുകള്‍ പോലെ നിശബ്ദരായി കാലം കഴിച്ചുപോയ ആ മനുഷ്യരുടെ പോരാട്ടവഴികളില്‍ സി കെ ജാനു രണ്ടു കാലങ്ങളിലായി കോറിയിട്ടത് രണ്ടടയാളങ്ങളാണ്; ആദ്യം തിളക്കുന്ന അവകാശ രാഷ്ട്രീയത്തിന്റേത്. പിന്നെ ആ രാഷ്ട്രീയമൂലധനം അവസരവാദ രാഷ്ട്രീയകച്ചവടത്തില്‍ നിക്ഷേപിച്ച നിസംഗത. രണ്ടും സി കെ ജാനുവില്‍ തുടങ്ങിയതല്ല. അതുകൊണ്ടുതന്നെ രണ്ടിനും സി കെ ജാനുവില്‍ ഒടുങ്ങാനും പറ്റില്ല. പക്ഷേ, പാകമായ കഴുത്തുകള്‍ക്കായി കുരുക്കുകള്‍ ഇനിയും തയ്യാറാകുന്നുണ്ട്.

(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകന്‍. ന്യൂഡല്‍ഹിയില്‍ താമസം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories