TopTop
Begin typing your search above and press return to search.

ആദിവാസി ഗോത്ര മഹാസഭയുടെ വേരറുത്ത് ജാനു എങ്ങോട്ട്?

ആദിവാസി ഗോത്ര മഹാസഭയുടെ വേരറുത്ത് ജാനു എങ്ങോട്ട്?

രമേഷ്‌കുമാര്‍ വെള്ളമുണ്ട

മുത്തങ്ങ സമര നായിക സി.കെ.ജാനു എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരത്തിനിറങ്ങുമ്പോള്‍ വയനാടിന് ഒരു ചോദ്യമുണ്ട്. ഈ രാഷ്ട്രീയ മാറ്റം എന്തിനുവേണ്ടി? സമരങ്ങളിലൊക്കെ സഹയാത്രികനായ ഗീതാനന്ദനും ഈ നീക്കത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നു കഴിഞ്ഞു. ഗോത്ര മഹാസഭയെന്ന കൂട്ടായ്മയുടെ വേരറുത്ത് ഇവര്‍ വഴി പിരിയുമ്പോള്‍ നേട്ടം ആര്‍ക്കാണ്?

ഇതിനുത്തരം തേടി വയനാട്ടിലെ മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ചിലരെ സമീപിപ്പിച്ചപ്പോള്‍ അവരുടെ മറുപടി ഇങ്ങനെയായിരുന്നു. "ഭൂമികിട്ടും വീടു കിട്ടും എന്നൊക്കെ പറഞ്ഞത് കൊണ്ടാണ് അവരുടെ ഒപ്പം കൂടിയത്. സമരങ്ങളുമായി കുറെ അലഞ്ഞു. ഇതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചൊന്നും അറിയില്ല. പക്ഷേ ഭൂമി സര്‍ക്കാര്‍ കൊടുക്കുന്ന മുറയ്ക്ക് ബാക്കിയെല്ലാവരെയും പോലെ ഞങ്ങളില്‍ ചിലര്‍ക്കും കിട്ടി. ഇല്ലാത്തവര്‍ മറ്റുള്ളവരെ പോലെ കാത്തിരുന്നു കഴിയുന്നു. അല്ലാതെ സമരം കൊണ്ട് വലിയ നേട്ടമൊന്നുമുണ്ടായില്ല. പകരം പോലീസിന്റെ അടിയും ഏറും കൂടുതല്‍ കിട്ടി. ജയിലിലുമായി. സമരം കൊണ്ട് അവര്‍ക്ക് (ജാനുവിന്) ഗുണം കുറെയുണ്ടായി. നില്‍പ്പുസമരത്തിനും പിന്തുണ കിട്ടിയതുകൊണ്ട് അവര്‍ക്ക് ആദിവാസികളുടെ പേരില്‍ കൂടുതല്‍ വളരാനായി."

ഒരിക്കല്‍ പോലും വയനാട്ടിലെ ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ ബി.ജെ.പി കാര്യമായി ഇടപെട്ട് കണ്ടിട്ടില്ല. ഇവര്‍ക്കൊപ്പം ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാനു മത്സരിക്കുന്നത് രാഷ്ട്രീയപരമല്ലാത്ത കാരണങ്ങളുണ്ടെന്നാണ് പരക്കെ ഉയരുന്ന ആരോപണം. ബത്തേരി മണ്ഡലത്തിന് മിക്ക തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെ പിന്തുണച്ച ചരിത്രമാണുള്ളത്. ആദിവാസികള്‍ ഏറെയുള്ള മണ്ഡലമാണിത്. വോട്ടു ബാങ്കുകളായി തന്നെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആദിവാസികളെ കണക്കാക്കാറുണ്ട്. ഇതിലുപരിയായി വലിയ മാറ്റങ്ങള്‍ക്കൊന്നും മണ്ഡലം വഴിമാറിയിട്ടില്ല. ഇപ്പോള്‍ ബി.ജെ.പി ഇവിടെ ജാനുവിനെ ഇറക്കി മത്സരിക്കുമ്പോള്‍ ഗുണം ആര്‍ക്കാണ്.യു.ഡി.എഫിനോ എല്‍.ഡി.എഫിനോ എന്നാണ് ചര്‍ച്ചാവിഷയം. എന്തായാലും ബി.ജെ.പിക്കാവില്ല. ഇവിടെ തോറ്റാലും ചുരുങ്ങിയ പക്ഷം രാജ്യസഭയില്‍ എം.പി യാക്കാമെന്ന ബി.ജെ.പി യുടെ ഉറപ്പ് ഇതിന് പിന്നിലുണ്ടെന്നാണ് ഇപ്പോള്‍ പരക്കെയുള്ള പ്രചാരണം.

സി.കെ.ജാനുവിന് ആദിവാസികളില്‍ അഞ്ച് ശതമാനം പേരെ പോലും തന്റെ രാഷ്ട്രീയത്തിലേക്കോ സമരത്തിലേക്കോ ആകര്‍ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. താന്‍ പ്രതിധാനം ചെയ്യുന്ന അടിയ വിഭാഗത്തില്‍പ്പെട്ടവരില്‍ വളരെകുറച്ച് പേര്‍ മാത്രമാണ് ജാനുവിനൊപ്പം ഇറങ്ങാന്‍ ഒരിക്കല്‍ തയ്യാറായത്. മുത്തങ്ങ സമരത്തിനുശേഷം തിരുനെല്ലിക്ക് സമീപുള്ള പനവല്ലി കോളനിയില്‍ പോലും ഈ പേരും പറഞ്ഞ് വരുന്ന ആരെയും കോളനിവാസികള്‍ അടുപ്പിച്ചിരുന്നില്ല.

ബത്തേരിയിലാകട്ടെ കുറുമ സമുദായത്തിനാണ് ആദിവാസികളില്‍ മുന്‍തൂക്കമുള്ളത്. ഇവര്‍ക്കിടയില്‍ നിന്നും ഒരു ജനപ്രതിനിധി വേണമെന്നാണ് ഇവരുടെ ആഗ്രഹം. ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിട്ടുള്ളത് ഇവരിലൊരാളായ രുഗ്മിണി സുബ്രഹ്മണ്യനാണ്. സിറ്റിങ്ങ് സീറ്റില്‍ യു.ഡി.എഫിലെ ഐ.സി.ബാലകൃഷ്ണനുമിറങ്ങുന്നു.മുത്തങ്ങ സമരത്തിന്റെ പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വയനാടിന്റെ ആദിവാസി ജീവിതങ്ങള്‍ക്ക് എവിടെയാണ് മാറ്റമുണ്ടായത്. ഭൂമിക്കുവേണ്ടിയുള്ള ഈ സമരത്തിന് ആദിവാസി സമൂഹത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. മുത്തങ്ങയില്‍ സി .കെ. ജാനുവിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സമരം എന്താണെന്ന് പോലും അറിയാത്തവരാണ് വയനാട്ടിലെ ഭൂരിപക്ഷം ആദിവാസികളും. അതിന്റെ ഗുണഭോക്താക്കള്‍ എത്രയെന്ന കാര്യത്തിന് ഉത്തരം എളുപ്പത്തില്‍ കണക്കാക്കാന്‍ ഇതുകൊണ്ടു തന്നെ കഴിയും. ഇവരിപ്പോഴും നരകയാതനയില്‍ തന്നെയാണ്. ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ ആദിവാസികളുടെ ലോകം ചുരുങ്ങി ചുരുങ്ങി വരികയാണ്. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയരുടെ ജീവിത സാഹചര്യമാണ് ഏറ്റവും പരിതാപകരം. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എത്ര പണിയ സമുദായങ്ങള്‍ക്ക് ഭൂമി ലഭിച്ചുവെന്ന കണക്കുകള്‍ മാത്രം മതി സമരത്തിന്റെ രാഷ്ട്രീയ ഗതികള്‍ നിരീക്ഷിക്കാന്‍.

പുറം നാടുകളില്‍ വലിയൊരു മനുഷ്യാവകാശ പോരാട്ടമായി ഈ സമരം വ്യാഖ്യാനിക്കപ്പെടുമ്പോള്‍ വയനാട്ടിലുള്ള മുഴുവന്‍ ആദിവാസികള്‍ക്കും വേണ്ടി ശബ്ദിക്കാന്‍ ഈ സമരത്തിന്റെ നേതാക്കള്‍ക്ക് കഴിയാതെ പോയതെന്താണ് എന്ന ചോദ്യവും അവശേഷിക്കുകയാണ്. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ ഭൂസമരങ്ങളും ലക്ഷ്യം തെറ്റിപ്പോവുകയായിരുന്നു. കക്ഷി രാഷ്ട്രീയേതരമായി ആദിവാസികള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഏറ്റെടുക്കാന്‍ ആരുണ്ടെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നത് മാവോയിസ്റ്റുകളാണ്.

സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായി പോയവരുടെ ശബ്ദങ്ങളാണ് ആരും കേള്‍ക്കാതെ പോകുന്നത്. ആകാശം മേല്‍ക്കൂരയാക്കുന്ന കുടിലുകളില്‍ നിന്നാണ് ഇവരൊക്കെ ഒടുവില്‍ തെരുവിലേക്ക് തലചായ്ക്കാനുള്ള ഇടത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചത്. കനത്ത മഴയിലും ഭരണകൂടത്തിന്റെ ദയാവായ്പുകള്‍ക്ക് വേണ്ടി ഉറക്കമൊഴിയുന്ന മണ്ണിന്റെ മക്കള്‍ ഈ കാലഘട്ടത്തോട് ചേര്‍ത്തുപറയുന്നത് ഏറ്റവും വലിയ വഞ്ചനയുടെ ചരിത്രം കൂടിയാണ്. ഇതെല്ലാം ഉയര്‍ത്തിക്കാട്ടി ജാനു വരുമ്പോഴും നീതി കിട്ടുമെന്ന പ്രതീക്ഷ ഇവര്‍ക്കിടയിലില്ല. ജനാധിപത്യ രാഷ്ട്രീയ മഹാസഭ എന്ന പേരില്‍ സി.കെ.ജാനു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയുടെ ഭാഗമാകുമ്പോള്‍ അവര്‍ ഇത്രയും കാലം ആദിവാസികളുടെ പേരില്‍ ഉര്‍ത്തിയ മുദ്രാവാക്യങ്ങളെ പിന്തുണച്ചവര്‍ പോലും അകലുകയാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories