TopTop

ധനേഷ് മാഞ്ഞൂരാൻ അകത്ത്, സെബാസ്റ്റ്യന്‍ പോൾ പുറത്ത്

ധനേഷ് മാഞ്ഞൂരാൻ അകത്ത്, സെബാസ്റ്റ്യന്‍ പോൾ പുറത്ത്

ഡി ധനസുമോദ്

ഹൈക്കോടതിയിൽ മാധ്യമ പ്രവർത്തകരുടെ അസാന്നിധ്യത്തെ കുറിച്ച് ജസ്റ്റിസ് കെ ടി ശങ്കരൻ പറഞ്ഞതിനെ സെബാസ്റ്റ്യൻ പോൾ വിമർശിച്ചതാണ് ബാർ അസോസിയേഷനിൽ നിന്നുള്ള അദ്ദേഹത്തിന്റെ സസ്‌പെൻഷനിലേക്ക് വഴി തെളിച്ചത്. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞ മാധ്യമപ്രവർത്തകർ ഇല്ലാത്ത 'ഒന്നര മാസം നല്ല ആശ്വാസം ആയിരുന്നു' എന്ന ന്യായാധിപന്റെ വാക്കുകളോട് അഭിഭാഷകനും മാധ്യമ നിരീക്ഷകനുമായ ഡോ.സെബാസ്റ്റ്യൻ പോൾ വിയോജിപ്പ് പരസ്യമായി വ്യക്തമാക്കിയത്. സെബാസ്റ്റ്യൻ പോളിന്റെ രക്തം ദാഹിച്ചു നിന്ന അഭിഭാഷകരിൽ ചിലർ ഇതിനെ ആയുധമാക്കി. കൂട്ട ഒപ്പിട്ട പരാതി അസോസിയേഷനിലേക്ക് ചുമന്നെത്തിച്ചു. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറയുന്നതുപോലെ ജഡ്‌ജിയുടെ പ്രീതിയും പിടിച്ചു പറ്റാം, സ്വന്തം പാളയത്തിലെ നെറിവില്ലായ്മകൾ വിളിച്ചു പറയുന്ന വലിയ മനുഷ്യനെ ശിക്ഷിച്ചു എന്ന തോന്നലും ഉണ്ടാക്കാം.

ഈ കൂട്ടപ്പരാതിയുമായി അസോസിയേഷനിലേക്കു പറന്ന പല അഭിഭാഷകരും അസഹിഷ്ണുതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരായിരുന്നു. ധനേഷ് മാഞ്ഞൂരാനെ സംരക്ഷിക്കുകയും സെബാസ്റ്റ്യൻ പോളിനെ വിമര്‍ശിക്കുകയും ചെയ്യുന്നവരോട് എന്ത് പറയാൻ?

മാധ്യമ പ്രവർത്തകർ എന്ന് കേട്ടാൽ ചുവപ്പു കണ്ട കാളയെപ്പോലെ ആണ് ചില അഭിഭാഷകർക്ക്. സുപ്രീം കോടതിയിലെ അഭിഭാഷകർ ഔന്നത്യം കാത്തു സൂക്ഷിക്കാറുണ്ടെങ്കിലും കേരള ഹൈക്കോടതി മുതൽ ജില്ലാ കോടതി വരെ അസ്വാരസ്യം നിലനിൽക്കുന്നുണ്ട്. മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ഒബി വാനുകൾക്കു നേരെ ഇഷ്ടികയും ബിയർ കുപ്പിയും വായിച്ചെറിയുകയുമാണ് ചില അഭിഭാഷകരുടെ ഹോബി. (ഇതിനും മാത്രം ബിയർ കുപ്പികൾ എങ്ങനെ കോടതി വളപ്പിൽ എത്തിച്ചേരുന്നു എന്ന് അത്ഭുതം തോന്നാറുണ്ട്)

വിജിലൻസ് കോടതിയിൽ മുൻമന്ത്രി ഇ പി ജയരാജനുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അഭിഭാഷകർ തല്ലിയോടിക്കുകയായിരുന്നു. അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും മുറുമുറുപ്പ് എന്ന് പറയുന്നത് പോലെ ഉപദ്രവിച്ചത് പോരാതെ മാധ്യമ പ്രവർത്തകർക്കെതിരെ കള്ളക്കേസും കൊടുത്തു. പൊതുസമൂഹത്തിൽ ഇതൊന്നും വിലപ്പോകുന്നില്ല എന്ന് കണ്ടതോടെ വിജിലൻസ് കോടതിയിൽ അഭിഭാഷകർക്ക് ഇരിക്കാനുള്ള കസേരയിൽ മാധ്യമ പ്രവർത്തകർ ഇരുന്നതാണ് പ്രശ്നം എന്നും ഒരു കഥ പടച്ചുണ്ടാക്കി. പിന്നീടുള്ള ചർച്ച കോടതിയിലെ കസേരയിൽ ആരൊക്കെ ഇരിക്കാം നിൽക്കാം എന്നൊക്കെ ആയി '1992 ജൂലൈ 16-ാം തിയ്യതി കേരളത്തിലെ ഒരു മുൻസിഫ് കോടതിയിൽ ജോസ് എന്നയാൾ കേസ് നടത്തുന്നതിനായി വരികയും വക്കീലൻമാർ ഇരിക്കുന്ന സീറ്റിൽ മുൻനിരയിൽ കയറി ഇരിക്കുകയും ചെയ്തു. നിരവധി വക്കീലൻമാർ നിൽക്കുമ്പോഴാണ് സംഗതി. സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ മുൻസിഫ് ആവശ്യപ്പെട്ടെങ്കിലും അത് ചെവിക്കൊള്ളാൻ ജോസ് തയ്യാറായില്ല. ജോസിനെ കോടതി ഇന്ത്യൻ ശിക്ഷാ നിയമം 228 വകുപ്പു പ്രകാരം ശിക്ഷിച്ചു. ' ഇങ്ങനെ പോകുന്നു ചർച്ചകൾ. വിഷയം ഇതൊന്നും അല്ലല്ലോ സാറേ എന്ന് ചോദിക്കരുത്. കാരണം ഏതെങ്കിലും ഒരു പക്ഷം പിടിച്ചാൽ അത് മാത്രമേ വാദിക്കൂ.അഭിഭാഷകർ മാത്രമല്ല ചില ജഡ്ജിമാരും കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങൾ ആണ് ചെയ്യുന്നത്. സൗമ്യ വധക്കേസിൽ സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച മുൻ സുപ്രീം കോടതി ജഡ്ജി ഒരു കാര്യം വ്യക്തമാക്കിയിരുന്നു. കേരളം ആവശ്യപ്പെട്ടാൽ നിയമോപദേശം നൽകാം. എഡിജിപി ബി സന്ധ്യ പോയി നിയമോപദേശം തേടി. കോടതിയിൽ ഹാജരാകേണ്ട സ്റ്റാൻഡിങ് കൌൺസൽ അറിയാതെ ആയിരുന്നു ഉപദേശം വാങ്ങലും കേൾക്കലുമൊക്കെ. ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച അതിവേഗ കോടതിയിലെ ജഡ്ജി രവീന്ദ്ര ബാബു എങ്ങനെ ഈ കൊടുക്കൽ -വാങ്ങൽ വേദിയിൽ എത്തി എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഹൈക്കോടതി-സുപ്രീം കോടതി റിപ്പോർട്ടിങ് പരിചയം കൊണ്ട് പറയുകയാണ്. ഇതൊക്കെ കേസിൽ ദോഷമേ ചെയ്യൂ.

മാധ്യമ പ്രവർത്തകർ പുണ്യവാളന്മാർ ആണെന്ന ഒരു തെറ്റിദ്ധാരണയും ലേഖകനില്ല. സ്വയം സൃഷ്ടിക്കുന്ന തിരക്കിൽ പാതി മനസ്സിലാക്കിയും മനസിലാക്കാതെയും വിളമ്പുന്ന വാർത്തകൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്‍നങ്ങളെ കുറിച്ച് പലപ്പോഴും ചില മാധ്യമ പ്രവർത്തകർ ചിന്തിക്കാറില്ല. സൗമ്യ കേസിൽ രണ്ടുവട്ടം ആണ് അബദ്ധം പറ്റിയത്. രണ്ടാമത് പറ്റുന്നതിനെ അബദ്ധമെന്നാണോ അതോ മണ്ടത്തരമെന്നോ ഏതാണ് വിളിക്കേണ്ടത് എന്ന് പിന്നീട് ചർച്ച ചെയ്യാം. പുനഃപരിശോധനാ ഹർജി മാറ്റി വച്ചപ്പോൾ തള്ളി എന്നാണ് വാർത്താ ചാനലുകൾ കൊടുത്തത്. ചാനലുകളുടെ തള്ളൽ വിശ്വസിച്ചു വകുപ്പ് മന്ത്രിയുടെ ഫോൺ വിളിക്കു മറുപടി പറയേണ്ട സ്റ്റാൻഡിങ് കൌണ്‍സലിന്റെ അവസ്ഥ ആലോചിച്ചു നോക്കു. മാധ്യമ പ്രവർത്തകർ ജാഗ്രത പാലിച്ചില്ലെങ്കിൽ സംഭവിക്കുന്ന പ്രശ്‍നങ്ങൾ ഗുരുതരമായിരിക്കും.

സുപ്രീം കോടതിയിൽ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പാസ് സംവിധാനം ചീഫ് ജസ്റ്റിസ് ആയിരിക്കെ കെ ജി ബാലകൃഷ്ണൻ ആണ് കൊണ്ട് വന്നത്. എല്ലാ കോടതി മുറികളിലും കയറി റിപ്പോര്‍ട്ട് ചെയ്യാൻ ഉപകരിക്കുന്ന പാസ് കാലാവധി ആറുമാസമായിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസ് എസ് എച് കപാഡിയയുടെ കാലത്തു മൂന്ന് മാസമാക്കി ചുരുക്കി. കാലാവധി കഴിയുമ്പോൾ പുതുക്കി നല്കാൻ സ്ഥാപനത്തിന്റെ ഐഡി കാർഡിന്റെ കോപ്പിയും ബ്യുറോചീഫിന്റെ കത്തും മതി. സ്ഥിരം ഈ പാസുമായി എത്തുന്ന മാധ്യമ പ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാണ്. ഇത് പോലുള്ള മാതൃക കേരളം ഹൈക്കോടതിയിലും അനുകരിക്കാവുന്നതാണ്. മാധ്യമ പ്രവർത്തകർ അവരുടെ ജോലിയുടെ ഭാഗമായിട്ടാണ് എത്തുന്നത് എന്ന് അഭിഭാഷകരും, അനാരോഗ്യ ചർച്ചയ്ക്കും സമരത്തിനും ഇടയാക്കാതെ അതീവ ജാഗ്രതയോടെ ചെയ്യപ്പെടേണ്ട ഒന്നാണ് കോടതി റിപ്പോർട്ടിങ് എന്ന് മാധ്യമ പ്രവർത്തകരും മനസിലാക്കിയാൽ തീരാവുന്ന പ്രശ്നം മാത്രമേ കോടതി വളപ്പുകളിൽ ഉള്ളൂ.

പിൻകുത്ത് : പട്ടാപ്പകൽ, തിങ്ങി നിറഞ്ഞ കോടതി മുറിയിൽ, ജഡ്‌ജിന്റെ തൊട്ടുമുന്നിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ ആ അഭിഭാഷകരെ മര്‍ദ്ദിക്കാൻ ശ്രമിച്ചു എങ്കിൽ അവരുടെയൊക്കെ പേര്, രജനി കാന്ത്, അമിതാഭ് ബച്ചൻ, വിജയ് കാന്ത്, വിജയ്, വിജയശാന്തി, പുലി മുരുകൻ എന്നൊക്കെ തിരുത്തി വായിക്കണം.(കടപ്പാട്: ചന്ദ്രകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് )

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)1.മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അഡ്വക്കേറ്റ് ആനയറ ഷാജി വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി.

ബഹുമാനപ്പെട്ട വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അവര്‍കള്‍ക്ക് മുമ്പാകെ,

പരാതിക്കാരന്‍
ആനയറ ഷാജി, വയസ്സ്-55
S/O ബാലകൃഷ്ണന്‍, 'Ritu'
TC.14/2056(4) വെണ്‍പാല വട്ടം
ആനയറ P.O
തിരുവനന്തപുരം

പ്രതികള്‍: 1) Prabhat Nair
Principal correspondent
The New Indian Express
Thiruvanvanthapuram
2) Ramakrishnan (PTI)
Press trust of india
3) C.P Ajitha
Asianet News, Thiruvanvanthapuram
4) Jasthena Thomas
Manorama News, Thiruvanvanthapuram

സാര്‍,

14.10.2016-ാം തീയതി രാവിലെ ഉദ്ദേശം 11.30 മണിക്ക് ഞാന്‍ ജുഡീഷ്യൽ JFMC 2 കോടതിയില്‍ കേസ് അറ്റൻഡ് ചെയ്തു കഴിഞ്ഞ ശേഷം JFMC 5 കോടതിയിലേക്ക് മറ്റൊരു കേസ് അറ്റൻഡ് ചെയ്യുന്നതിലേയ്ക്കായി പടികയറി മുകളിലേക്ക് പോകവെ വഴിയില്‍ വച്ച് പടി ഇറങ്ങി വന്ന പ്രഭാത് നായര്‍ മനഃപൂര്‍വ്വം യതൊരു പ്രകോപനവും കൂടിതെ ''വഴിയില്‍ നിന്നും മാറടാ തായോളി. കോടതി നിന്റെയൊക്കെ തന്തയുടെ വകയല്ല' എന്നും പറഞ്ഞ് എന്റെ ഇടത് നെഞ്ചില്‍ ആഞ്ഞ് ഇടിച്ച് വേദനിപ്പിക്കുകയും ചെയ്തു. ടി. സമയം ടിയാന്റെ പിന്നില്‍ നിന്നും വന്ന രാമകൃഷ്ണന്‍ 'എടാ സെക്രട്ടറി തള്ളയ്യോളി ഒതുങ്ങി നില്ലടാ' എന്ന് പറഞ്ഞ് കൈമുട്ട്‌കൊണ്ട് എന്റെ വലതുവശം നെഞ്ചില്‍ ഇടിച്ച് വേദനിപ്പിച്ചിട്ടുള്ളതുമാണ്.

ടി സംഭവത്തില്‍ വച്ച് എനിക്ക് അതിയായ ശരീര വേദനയും മനോവിഷമവും ഉണ്ടായിട്ടുള്ളതാണ്. കോടതകിയില്‍ case attent ചെയ്യേണ്ടത് അത്യാവശ്യമായതിനാല്‍ ഞാന്‍ വീണ്ടും പടി കയറി മുകളിലേക്ക് പോയപ്പോള്‍ ഏഷ്യനെറ്റ് ന്യൂസിലെ അജിതയും, മനോരമ ന്യൂസിലെ ജസ്റ്റീന തോമസും പടി ഇറങ്ങി വരുകയും ഈ സമയം അജിത യാതൊരു പ്രകോപനവും കൂടാതെ എന്റെ മുഖത്തിന് നേരെ കൈ ചൂണ്ടികൊണ്ട് 'you bastard, നിന്നെ പെണ്ണ് കേസില്‍ കുടുക്കി പ്രതികൂട്ടില്‍ നിര്‍ത്തുന്നത് കാണിച്ചു തരാം' എന്നും ഈ സമയം കൂടെയുണ്ടായിരുന്ന ജസ്റ്റീന തോമസ് ഇനി ഞങ്ങള്‍ക്കെതിരെ കളിച്ചാല്‍ യാതൊരു തെളിവും ഇല്ലാതെ കൊന്നുകളയും കേട്ടോടാ 'mother fucker' എന്നു പറഞ്ഞ് അവിടെ നിന്നു പോയിട്ടുള്ളതാകുന്നു.

ടി പ്രതികള്‍ എന്നെ ഉപദ്രവിച്ച് മുറിവ് ഏല്‍പ്പിക്കുന്നതിനു വേണ്ടിയും എന്നെ അസഭ്യം വിളിച്ച് മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യനാക്കുന്നതിനും എന്നെ ഭീഷണിപ്പെടുത്തി പേടിപ്പിക്കുന്നതിനും വേണ്ടിയുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി തങ്ങളുടെ പൊതു ഉദ്ദേശകാര്യ സാധ്യത്തിനു വേണ്ടി പരസ്പര ഉത്സാഹികളും സഹായികളുമായി പ്രവര്‍ത്തിച്ചിട്ടുള്ളതാണ്.

ടി പ്രതികളുടെ പ്രവര്‍ത്തി അവിടെ നിന്ന കക്ഷികളും മറ്റ് പലരും കണ്ടിട്ടുള്ളതാണ്.

ആയതിനാല്‍ പ്രതികള്‍ക്കെതിരെ വേണ്ട നിയമനടപടികള്‍ സ്വീകരിക്കണമെന്ന് താഴ്മയായി ആപേക്ഷിക്കുന്നു.

എന്ന്,
ആനയറ ഷാജി


2. മനോരമ ചാനല്‍ റിപ്പോര്‍ട്ടര്‍ ജസ്റ്റീന തോമസിന്റെ ഫെബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

വിജിലൻസ് കോടതിയിൽ നിന്ന് ഒരു അനുഭവക്കുറിപ്പ്...

രാവിലെ 11 മണിക്കാണ് ഞാനും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സി പി അജിതയുമടക്കം ആറുമാധ്യമപ്രവർത്തകർ കോടതിയിലെത്തിയത്. ആദ്യ 40 മിനിറ്റുകൾ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഇതിനിടെ ഇപി ജയരാജനെതിരായ ഹർജി പരിഗണിക്കാനെടുത്തു. പെട്ടെന്നാണ് ഒരു കൂട്ടം അഭിഭാഷകർ കോടതി മുറിക്കുള്ളിലേക്ക് പാഞ്ഞെത്തിയത്. എന്ത് റിപ്പോർട്ട് ചെയ്യാനാണ് വന്നതെന്ന് ആ അഭിഭാഷകർ ആക്രോശിച്ചു. ജഡ്ജിയുടെ മുമ്പിൽ വച്ചായിരുന്നു ഇതെല്ലാം. ഇറങ്ങിപ്പോയില്ലെങ്കിൽ പിടിച്ചിറക്കുമെന്നും വെറുംകൈയോടെ മടങ്ങില്ലെന്നും ഭീഷണി. തുടർന്ന് പിടിഐ ലേഖകന്‍‍ ജെ രാമകൃഷ്ണൻ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ പ്രഭാത് എന്നിവരെ കൈയേറ്റം ചെയ്തു. ബാർ അസോസിയേഷൻ ഭാരവാഹികളും മുതിർന്ന അഭിഭാഷകരും കേസിനു വന്നവരുo അങ്ങനെ എല്ലാവരും നോക്കി നില്ക്കേയായിരുന്നു ഈ അഴിഞ്ഞാട്ടം. സഹപ്രവർത്തകരെ ഉപദ്രവിക്കുന്നതു കണ്ടതോടെ ഭയന്നു പോയ ഞങ്ങൾ ജഡ്ജിയുടെ ഇരിപ്പിടത്തിനടുത്തേയ്ക്ക് നീങ്ങി നിന്ന് അദ്ദേഹത്തോട് സഹായമഭ്യർഥിച്ചു. ആരാണണവിടെ ബഹളമുണ്ടാക്കുന്നതെന്നും എന്തടിസ്ഥാനത്തിലാണെന്നും ജഡ്ജി ആരാഞ്ഞു. തുടർന്ന് അദ്ദഹം കോടതി നടപടികൾ തുടർന്നു. വക്കീലന്മാർ വാദവും തുടർന്നു. വീണ്ടും അഭിഭാഷകർ വന്ന് ഇറങ്ങിയില്ലെങ്കിൽ പിടിച്ചിറക്കുമെന്ന് പറഞ്ഞു എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ നിസഹായരായി.

ഞങ്ങൾ പുറത്തേയ്ക്ക് ഇറങ്ങുകയാണ് നല്ലതെന്നായിരുന്നു പൊലീസുകാരുടെ ഉപദേശം. തുടർന്ന് പൊലീസ് വലയത്തിൽ പിൻവാതിലിലൂടെ ഏതു നിമിഷവും ആക്രമണം ഭയന്ന് പുറത്തെത്തി.പിന്നീടായിരുന്നു മനോരമ ന്യൂസിന്റയും ഏഷ്യാനെറ്റ് ന്യൂസിന്റേയും തത്സമയ സംപ്രേഷണ വാഹനങ്ങൾക്കു നേരെ കോടതി വളപ്പിനുള്ളിൽ നിന്നും കല്ലുകളും ചുടു കട്ടകളും പാഞ്ഞു വന്നത്. സഹായിക്കേണ്ടവരൊക്കെ നോക്കി നിന്നപ്പോൾ കോടതിയുടെ കൂറ്റൻ മതിൽ ഞങ്ങൾക്ക് കവചമായി. കോടതി പരിസരത്ത് എത്തിയപ്പോൾ തന്നെ പ്രശ്നമുണ്ടായാലോ അകത്തേയ്ക്ക് കയറണോ എന്ന് പൊലീസുദ്യോഗസ്ഥൻ ആശങ്ക രേഖപ്പെടുത്തിയത് അഭിഭാഷകർ സംഘടിക്കുന്നുണ്ട് എന്റെ കൈയിൽ നിൽക്കുമെന്ന് തോന്നുന്നില്ലെന്ന് ബാർ അസോ.നേതാവ് പറഞ്ഞത് എല്ലാം കൂട്ടി വായിക്കുമ്പോൾ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടുന്നു.

ഒരു പാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട് അവരോട് ഒന്നേ പറയാനുള്ളു. നിങ്ങളോട് മത്സരിക്കാനല്ല അരി മേടിക്കാനാണ് അന്നം തരുന്ന ജോലിയുടെ ഭാഗമായാണ് കോടതിയിൽ വരുന്നത്. നിങ്ങൾ കല്ലുകളും ബീയർ കുപ്പികളുമായി നേരിടുമ്പോൾ ഞങ്ങളെയും കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട് (ശരിക്കും ഭീഷണിപ്പെടുത്തിയോ? ഏറു കിട്ടിയോ ? നിങ്ങൾ പ്രകോപനമെന്തെങ്കിലും ഉണ്ടാക്കിയോ? എന്നൊക്കെ തിരക്കിയവർക്ക് രണ്ടു പെൺകുട്ടികൾ അപമാനിക്കപ്പെട്ടപ്പോൾ കൈയും കെട്ടി നോക്കി നിന്ന മുഴുവൻ പേർക്കും സമർപ്പിക്കുന്നു)


Next Story

Related Stories