TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് ചൂട് ഒരു തിരഞ്ഞെടുപ്പ് വിഷയമായില്ല?

എന്തുകൊണ്ട് ചൂട് ഒരു തിരഞ്ഞെടുപ്പ് വിഷയമായില്ല?

ദിവസങ്ങള്‍ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പ് പാടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. നിരവധി വിഷയങ്ങള്‍ സംവാദമായും വിവാദമായും കടന്നു പോയി. വാഗ്വാദങ്ങള്‍ നടന്നു. പ്രകടന പത്രികകള്‍ വന്നു. വികസനവും അഴിമതിയും ക്രമസമാധാനവും ക്ഷേമ ഭരണവും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതും തെരഞ്ഞെടുപ്പിന് ശേഷവും ചര്‍ച്ച ചെയ്യേണ്ടതുമായ 7 ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അഴിമുഖം 7 ബിഗ് ക്വസ്റ്റ്യന്‍സ് @പോള്‍ 2016. തെരഞ്ഞെടുപ്പ് തലേ ദിവസം വരെ ഈ ചര്‍ച്ച തുടരും.. വായനക്കാര്‍ക്കും പ്രതികരിക്കാം. ഇമെയിലായും കമന്റായും വരുന്ന മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ ഈ സീരീസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നതായിരിക്കും. നാലാമത്തെ ചോദ്യം; എന്തുകൊണ്ട് ചൂട് ഒരു തിരഞ്ഞെടുപ്പ് വിഷയമായില്ല? (ഐടി, വികസനത്തിന്റെ ലാസ്റ്റ് ബസ്സോ?,കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമോ? എന്തുകൊണ്ട് അഴിമതിയെ പടിക്കു പുറത്താക്കണം? , മേല്‍പ്പോട്ട് കെട്ടിയുയര്‍ത്തുന്ന വികസനം മാത്രം മതിയോ നമുക്ക്? എന്നിവയായിരുന്നു മുന്‍ ചോദ്യങ്ങള്‍)


വി എസ് വിജയന്‍

പരിസ്ഥിതി പ്രവര്‍ത്തകന്‍
മുന്‍ ചെയര്‍മാന്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. എന്നാല്‍ ശ്രദ്ധയാകര്‍ഷിക്കേണ്ട രീതിയില്‍ ഉണ്ടാവുന്നില്ല എന്നതാണ് പ്രശ്നം. പലപ്പോഴും ഈ വിഷയം ഒഴിവാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. അഴിമതി, പ്രകൃതി സംരക്ഷണം ഈ രണ്ടു വിഷയങ്ങളിലും തൊടാതെ തെരഞ്ഞെടുപ്പ് മുന്നോട്ടു കൊണ്ടു പോകണം എന്നുള്ള തീരുമാനമാണ് യുഡിഎഫിന്റെ നിലപാട് എന്നാണ് ഞാന്‍ കരുതുന്നത്.

ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം വരള്‍ച്ചയാണ്. ഇത് എങ്ങനെ ഉണ്ടായി എന്നത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. രണ്ടുതരത്തില്‍ ആണ് വരള്‍ച്ച നമ്മെ ബാധിച്ചത്. ഒന്ന് പസഫിക് ഓഷ്യനില്‍ ഉണ്ടായ എല്‍ നിനോ എന്ന പ്രതിഭാസം. അത് നമുക്ക് തടയാനാകുന്നതല്ല. പിന്നെയുള്ളത് നമ്മള്‍ വരുത്തി വച്ച വരള്‍ച്ചയാണ്. കാടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, നെല്‍പ്പാടങ്ങള്‍ എന്നിവ നശിപ്പിച്ചുണ്ടാക്കിയത്.

വെള്ളം പിടിച്ചു നിര്‍ത്തുന്ന ഇത്തരം ഇടങ്ങള്‍ ഇല്ലാതെയാകുമ്പോള്‍ സ്വാഭാവികമായും വരള്‍ച്ചയുണ്ടാകും. 1975 ല്‍ 8.75 ലക്ഷം ഹെക്ടറില്‍ നിറഞ്ഞു നിന്നിരുന്ന നെല്‍പ്പാടങ്ങള്‍ 2015 ആയപ്പോഴേക്കും 1.94 ആയി കുറഞ്ഞു. ഒരു വര്‍ഷം നമുക്കു വേണ്ടത് 45 ലക്ഷം ടണ്‍ അരിയാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് ആകെ ആറു ലക്ഷം ടണ്ണും. ബാക്കി മുഴുവന്‍ നമ്മള്‍ പുറത്തു നിന്നും കൊണ്ടു വരുന്നു. എന്നിട്ടും കൃഷിയെ പ്രോത്സാഹിപ്പിക്കാനായി എന്തുകൊണ്ട് ഒന്നും ചെയ്യുന്നില്ല എന്നുള്ള ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു.

ഇതൊക്കെ ചര്‍ച്ചയില്‍ വന്നു കഴിഞ്ഞാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ വോട്ടുകള്‍ പൂര്‍ണ്ണമായും നഷ്ടമാകും. അതിലേക്ക് വരാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഞങ്ങള്‍ ഒരു ഗ്രീന്‍ അജണ്ട തയ്യാറാക്കിയിരുന്നു. അത് ഏപ്രില്‍ 30ന് എല്ലാ പാര്‍ട്ടികള്‍ക്കും നല്‍കുകയുണ്ടായി. എല്ലാവരുടെയും ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തണം എന്നുള്ളതിനാലാണ് അങ്ങനെ ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ വളരെ കുറച്ചു മാത്രം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി. എന്നാല്‍ എല്‍ഡിഎഫ് അതില്‍ നിന്നും കുറച്ചു കൂടി വിഷയങ്ങള്‍ മാനിഫെസ്റ്റോയില്‍ ചേര്‍ത്തു.

എന്നാലും ശാസ്ത്രീയമായ പരിഗണന ഈ വിഷയത്തില്‍ അത്യാവശമാണ് എന്നുള്ളതിനെക്കുറിച്ച് ഇവര്‍ അജ്ഞരാണ് ഉദാഹരണമായി തണ്ണീര്‍ത്തട സംരക്ഷണം തന്നെയെടുക്കാം. അതിനായി അവരില്‍ ചിലര്‍ പറഞ്ഞ പരിഹാരം തോടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും വക്ക് കല്ലുകെട്ടി സംരക്ഷിക്കാം എന്നാണ്. വിഷയത്തെക്കുറിച്ച് യാതൊരു വിധ പരിജ്ഞാനവുമില്ലാത്തതിനാലാണ് അങ്ങനെ ഒരു മറുപടി ഉണ്ടായത്. വക്ക് കല്ലുകെട്ടുകയല്ല വേണ്ടത്, മണ്ണ് കുത്തിയൊലിച്ചു പോകാനിടയാക്കാതെ ചെടികള്‍ നടുകയാണ്‌.

പിന്നെയൊന്ന് വിഷയങ്ങള്‍ പുതിയത് വരുമ്പോള്‍ ഇതിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നതാണ്. പ്രൈം മിനിസ്റ്റര്‍ വന്നപ്പോള്‍ എല്ലാവരും സൊമാലിയയുടെ പിറകേ പോയി. അതിനു മുന്‍പുണ്ടായിരുന്ന വിഷയങ്ങള്‍ ഇപ്പോള്‍ മണ്മറഞ്ഞു പോവുകയും ചെയ്തു.




അനിത
ട്രീ വാക്ക് മൂവ്മെന്‍റ്

ചൂടു കൂടുക, മഴ കൂടുക, കുറയുക എന്നിവയൊക്കെത്തന്നെ താല്‍ക്കാലികമാണ്. അതൊരു ചര്‍ച്ചാവിഷയമായി ഉയര്‍ത്താന്‍ പരിസ്ഥിതി സംഘടനകള്‍ക്കോ സമൂഹത്തിനോ കഴിഞ്ഞിട്ടുമില്ല. അതുകൊണ്ടു തന്നെ ചൂട് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടാത്തതില്‍ അത്ഭുതമില്ല.

പരിസ്ഥിതി തന്നെ ഇപ്പോള്‍ ഒരു ചര്‍ച്ചാവിഷയമല്ല. അപ്പോള്‍ എങ്ങനെയാണ് അതിനുണ്ടാകുന്ന വ്യതിയാനങ്ങള്‍ വിഷയമാക്കുക. ഇലക്ഷന്‍ മാനിഫെസ്റ്റോകളിലോ മറ്റിടങ്ങളിലോ കുറഞ്ഞ പ്രാധാന്യം പോലും പരിസ്ഥിതിയ്ക്ക് ലഭിക്കുന്നില്ല.

പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നവര്‍ വികസന വിരുദ്ധരായി മുദ്ര കുത്തപ്പെടുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്. വികസനവും പരിസ്ഥിതിയും ഒരുമിച്ചു കൊണ്ടുപോകാം എന്ന് നമ്മള്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല.

അടുത്തിടെ തിരുവനന്തപുരം പുളിമൂടുള്ള ഒരു മരം മുറിക്കാന്‍ തീരുമാനമായി. നിശ്ചിത റോഡിന്റെ സൈഡില്‍ ഉള്ള നടപ്പാതയും കഴിഞ്ഞാണ് മരം നിന്നിരുന്നത്. മുറിക്കരുത് എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ചിലര്‍ ചോദിച്ചത് അപ്പോള്‍ വികസനം വേണ്ടേ എന്നായിരുന്നു. അതോടെ എതിര്‍ത്ത എല്ലാവരും വികസന വിരുദ്ധരായി. അന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത് ഇത്രയും ചൂടുള്ള സമയം ആകെയുള്ള ഒരു മരം നഗരത്തിനു എത്രത്തോളം സഹായകരമാണ് എന്നുള്ളതായിരുന്നു. ഓരോ ദിവസവും സൂര്യാഘാതം കാരണം ആളുകള്‍ മരിക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്യുന്ന സാഹചര്യം നിലവില്‍ ഉള്ളപ്പോഴും ആ മരം മുറിക്കാനായിരുന്നു ശ്രമം.

ഇപ്പോഴും പൊളിറ്റിക്കല്‍ അജണ്ടയില്‍ സുസ്ഥിര വികസനം എന്നുള്ള സങ്കല്‍പ്പം പോലും വന്നിട്ടില്ല. അങ്ങനെയൊരു കണ്സപ്റ്റ് ഉണ്ടെങ്കില്‍ പ്രകൃതിക്ക് അനുയോജ്യമായ തരത്തിലുള്ള വികസനത്തിന് പറ്റിയ രീതികള്‍ നിലവില്‍ വരും. സമൂഹത്തിലെ വളരെ ചെറിയൊരു ശതമാനം ആളുകളുടെ മാത്രം പ്രശ്നമായി ഇത് മാറുകയാണ്.

നിരന്തരം ഇതേ വിഷയത്തെക്കുറിച്ച് തന്നെ പറഞ്ഞിട്ടും എന്തോ ആര്‍ക്കും പ്രശ്നത്തിന്റെ രൂക്ഷതയെക്കുറിച്ച് മനസ്സിലാകുന്നില്ല. ഇക്കോണമിക്കല്‍ ആയ ഒരു മാതൃക ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രത്യേകം കണ്ടെത്തേണ്ടിയിരിക്കുന്നു.

അതായത് മരം സേവ് ചെയ്തു കഴിഞ്ഞാല്‍ ഇത്ര ഒക്സിന്ജന്‍ ശുദ്ധീകരിക്കും, എത്രത്തോളം കാലാവസ്ഥാ വ്യതിയാനമുണ്ടാകും. അതുമൂലം വര്‍ദ്ധിച്ചേക്കാവുന്ന ചെലവുകള്‍, ഒരു ഡിസാസ്റ്റര്‍ ഉണ്ടാകുമ്പോള്‍ വരുന്ന നാശനഷ്ടങ്ങള്‍ അതിന്റെ റിലീഫിനു വേണ്ട ചെലവുകള്‍ എന്നിങ്ങനെ ഓരോന്നും പട്ടിക തിരിച്ചു കാണിക്കുകയാണെങ്കില്‍ ഒരു പക്ഷേ അവര്‍ക്കു ബോധ്യപ്പെട്ടേക്കാം.

അത്തരത്തില്‍ ആളുകള്‍ക്ക് മനസ്സിലാവുന്ന ഇക്കോണമിക്കല്‍ ഭാഷ തന്നെ ഇതിനു വേണ്ടി രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. വരാനിരിക്കുന്നതുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ ഇപ്പോള്‍ നമ്മള്‍ നേരിടുന്ന കാലാവസ്ഥാപരമായ വ്യതിയാനങ്ങള്‍ അത്ര രൂക്ഷമല്ല. പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ ആണ് ഇപ്പോള്‍ ഉള്ളത്. പരിഹരിക്കണോ കൂടുതല്‍ രൂക്ഷമാക്കണോ എന്ന് നമ്മള്‍ തന്നെയാണ് ചിന്തിക്കേണ്ടത്

എസ് ഉഷാകുമാരി
എക്സിക്യുട്ടീവ് ഡയറക്ടര്‍, തണല്‍

ചര്‍ച്ചകള്‍ ആണെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ ആണെങ്കിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ കൂടുതലും നടന്നിട്ടുള്ളത്. പരിസ്ഥിതിയെ തീരെ അവഗണിക്കുകയും അതിന്റെ സുരക്ഷയ്ക്കായുള്ള നിയമങ്ങളെ ലാഘവത്തോടെ കാണുന്ന പ്രവണതയുമാണ് ഇപ്പോള്‍ കണ്ടുവരുന്നത്‌. പരിസ്ഥിതി പ്രവര്‍ത്തകര്‍ അതിനെതിരെ പ്രതികരിച്ചെങ്കിലും അര്‍ഹിക്കുന്ന പ്രാധാന്യം അതിനു ലഭിക്കുകയുണ്ടായില്ല.

ഇത്തരത്തില്‍ ഉള്ള ഒരു കാലാവസ്ഥാ വ്യതിയാനം വരുമെന്നുള്ള കാര്യം നമ്മള്‍ പ്രതീക്ഷിക്കുമ്പോഴും ഭൂരിഭാഗം ജനങ്ങളും അതില്‍ ബോധവാന്മാരല്ല എന്നുള്ളതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.



ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല ഇപ്പോഴത്തെ രാഷ്ട്രീയ പ്രവര്‍ത്തനം ഉള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നിലവിലെ അവസ്ഥയുടെ ഗൌരവം മനസ്സിലായിട്ടില്ല. വളരെ കുറച്ചു രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമാണ് ഇതേക്കുറിച്ച് ബോധവാന്മാര്‍ ആയിട്ടുള്ളത്. എന്നാല്‍ അവരുടെ ശബ്ദവും എങ്ങുമെത്താതെ പോവുകയാണ്.

ഇപ്പോഴുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ താല്‍ക്കാലികമായി മാത്രമാണ് പലരും കാണുന്നത്. ഈ വര്‍ഷം ചൂടു കൂടി, ഇനിയൊരു മഴ പെയ്യുമ്പോള്‍ ആ പ്രശ്നം ഇല്ലാതെയാകും എന്ന തെറ്റായ ചിന്താഗതിയാണ് അവര്‍ക്കുള്ളത്. വരാന്‍ പോകുന്ന വലിയ പ്രശ്നങ്ങളുടെ സൂചനയാണ് ഇതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.

നമ്മുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഒരു വിഷയമാണ്‌ എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ കാര്യങ്ങള്‍ ശരിയായ ദിശയിലേക്ക് എത്തുകയുള്ളൂ.

കാശുള്ളവന്‍ പോയി എസി വാങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ എല്ലായിടങ്ങളിലും കാണാന്‍ കഴിയുക. കാശുള്ളവന്‍ വാങ്ങുന്നു, ഇല്ലാത്തവന്‍ ആ ചൂടില്‍ കിടന്ന് അനുഭവിക്കുക തന്നെയാണ്. അതേ സമയത്ത് തന്നെ മരങ്ങള്‍ മുറിക്കുന്നു. ഇപ്പോള്‍ ഒട്ടും ചെയ്തു കൂടാത്ത ഒന്നാണത്. പ്രധാനമന്ത്രി പാലക്കാട് വന്നപ്പോള്‍ മരങ്ങള്‍ മുറിച്ചുവെന്നും അവിടെ ജനങ്ങള്‍ ഇടപെട്ടു എന്നും കേള്‍ക്കുന്നുണ്ട്. തങ്ങളെ ബാധിക്കുന്ന വിഷയമാണ് എന്ന് ചുരുക്കം ചിലര്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ്‌ അത്.

ജനങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ സാധിക്കില്ല. ജീവിതസാഹചര്യങ്ങള്‍ ആണ് അവരെ നയിക്കുന്നത്. എന്നാല്‍ അവരുടെ സൗഖ്യത്തിനായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ ഇപ്പോഴും വാസ്തവം മനസ്സിലാക്കിയിട്ടില്ല. ദീര്‍ഘകാലത്തേക്ക് തങ്ങളെ ബാധിക്കാന്‍ പോകുന്ന ഒരു കാര്യമാണ് ഇതെന്ന് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനു പോലും ബോധ്യമായിട്ടില്ല.

പിന്നെയൊന്ന് കൃഷിയെക്കുറിച്ചാണ്. പലരും എടുത്തു പറയുന്ന ഒന്ന് ടെറസിലെ കൃഷിയെക്കുറിച്ചാണ്. അത് ചൂണ്ടിക്കാട്ടി കൃഷി കൂടി എന്ന് പറയുന്നു. ടെറസിലെ കൃഷി നല്ലത് തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുനത് ഉള്ള നിലങ്ങളും മറ്റും നശിപ്പിച്ചിട്ട്‌ കൃഷി ഒരു പോളിഹൌസില്‍ മാത്രം ഒതുക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ വന്ന മാറ്റം കുന്നിടിക്കലും വയല്‍ നികത്തലും തന്നെയാണ്. അത് മൈക്രോ ക്ലൈമറ്റിനെ സാരമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

പല സ്ഥലങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ എത്തുമ്പോള്‍ ജനങ്ങള്‍ അത് സൂചിപ്പിക്കാറുമുണ്ട്. പക്ഷേ ഒരു ടാങ്കര്‍ വെള്ളം എന്ന താല്‍ക്കാലിക പരിഹാരത്തോടെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്നാണ് കരുതുന്നത്. അതല്ല സൊല്യൂഷന്‍. ജലസ്ത്രോതസുകള്‍ ഉണ്ടെങ്കില്‍ അത് മെയിന്‍റ്റയിന്‍ ചെയ്തു കൊണ്ടു പോവുകയാണെങ്കില്‍ ഒരു പരിധി വരെ വരള്‍ച്ച ഒഴിവാക്കാം. എല്ലാത്തിനും ശാസ്ത്രീയമായ ആസൂത്രണം ആവശ്യമാണ്. അത് ഉണ്ടാവുന്നില്ല.

ഈ സമയം ജനങ്ങളെ വിഷയത്തിന്റെ തീവ്രത മനസ്സിലാക്കുവാനും ഇതാണ് ആദ്യം പരിഹരിക്കേണ്ട വിഷയം എന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുവാനും പാര്‍ട്ടികള്‍ക്ക് പറ്റുകയാണെങ്കില്‍ അതാവും അവര്‍ക്ക് ജനങ്ങളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനം.

(തയ്യാറാക്കിയത്: വി ഉണ്ണികൃഷ്ണന്‍)


Next Story

Related Stories