TopTop
Begin typing your search above and press return to search.

കാലാവസ്ഥ ഉടമ്പടി മാത്രം മതിയാവില്ല ആഗോളതാപനത്തിന്റെ തോത് കുറക്കാന്‍

കാലാവസ്ഥ ഉടമ്പടി മാത്രം മതിയാവില്ല ആഗോളതാപനത്തിന്റെ തോത് കുറക്കാന്‍

ജോബി വാറിക്
(വാഷിംഗ്ടണ്‍പോസ്റ്റ് )

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുവാന്‍ 190 രാജ്യങ്ങളെ ഒരുമിപ്പിക്കുക എന്നതാണ് ഫ്രഞ്ച് തലസ്ഥാനത്ത് ഒത്തുകൂടിയ നയതന്ത്ര പ്രതിനിധികളുടെ മുന്‍പിലുള്ള വലിയ ലക്ഷ്യം. എന്നാല്‍ തന്നെയും വരുംവര്‍ഷങ്ങളില്‍ ഉണ്ടാകാനിടയുള്ള അപകടകരമായ ആഗോള താപനത്തെ തടയാന്‍ അതുകൊണ്ടൊന്നും സാധ്യമല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

കാലാവസ്ഥ മാറ്റത്തിന്റെ ഏറ്റവും വിനാശകരമായ ആഘാതങ്ങള്‍ ഒഴിവാക്കാന്‍ പാരീസ് ഉടമ്പടി ഒരു തുടക്കം മാത്രമായി കണ്ട്, ഹരിത വാതകങ്ങള്‍ മൂലമുള്ള മലിനീകരണം തടയാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഭാവിയില്‍ തുടരുകയാണ് മാര്‍ഗമെന്ന് സയന്‍സ് ജേര്‍ണലിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പല ശാസ്ത്രകാരന്‍മാരുടെയും അഭിപ്രായത്തില്‍, താപനില വര്‍ധനവിന്റെ സുരക്ഷിതമായ പരിധി എന്നത് വ്യവസായവത്കരണത്തിന് മുന്‍പുള്ള ശരാശരി താപനിലയേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ലോകവ്യാപകമായി ചൂടിനെ ഈ പരിധിക്കുള്ളില്‍ നിര്‍ത്താന്‍ ബഹിര്‍ഗമനം (emissions) കുറയ്ക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല എന്നാണ് ലേഖകന്‍ അഭിപ്രായപ്പെടുന്നത്.

പാരീസ് സമ്മേളനത്തിന് നാലു ദിവസം മുന്‍പേയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്; ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോളുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് പോലെയുള്ള, ചൂടിനെ തടഞ്ഞു നിര്‍ത്തുന്ന വാതകങ്ങളുടെ അന്തരീക്ഷത്തിലെ ക്രമാതീതമായ വര്‍ധനവു തടയാന്‍ ലോകനേതാക്കള്‍ അന്താരാഷ്ട്രതലത്തില്‍ ഉടമ്പടിക്കായി ശ്രമിക്കുമ്പോള്‍. 150ലേറെ രാജ്യങ്ങള്‍ 2030ഓടെ ഈ വാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കുന്നതിനായി പ്രതിജ്ഞാബദ്ധരാണ്.

എന്നാല്‍ പ്രതിജ്ഞകള്‍ കൊണ്ടു താപനിലയിലെ വര്‍ദ്ധനവ് 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ കൊണ്ടു വരാനാവില്ലെന്ന് യുഎസ് പ്രതിനിധികള്‍ സമ്മതിക്കുന്നുണ്ട്. സയന്‍സ് ജേര്‍ണലിലെ പഠനത്തില്‍ 15 ഗവേഷകര്‍ വിവിധ സാഹചര്യങ്ങളില്‍ ചൂട് ഈ അനുവദനീയ പരിധിക്കുള്ളില്‍ നിര്‍ത്തുന്നതിന്റെ സാധ്യതകള്‍ പരീക്ഷിക്കുന്നു. ഇതില്‍ മലിനീകരണമില്ലാത്തതും കര്‍ശനവും നിരന്തരവുമായ നിയന്ത്രണങ്ങളുള്ളതുമായ സാഹചര്യങ്ങള്‍ ഉള്‍പ്പെടുന്നു. എല്ലാ രാജ്യങ്ങളും പാരീസ് സമ്മേളനത്തിലെ തീരുമാനങ്ങള്‍ പാലിച്ചു കൊണ്ട് ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന മാതൃകാപരമായ അവസ്ഥയില്‍ പോലും താപമാനത്തിലെ വര്‍ദ്ധനവ് രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ആകാനുള്ള സാധ്യത 30% മാത്രമാണെന്ന് ഈ പഠനങ്ങള്‍ പറയുന്നു. യുഎസ് ഗവണ്‍മെന്റിന്റെ ശാസ്ത്രജ്ഞര്‍, യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ്, മറ്റ് യുഎസ്, ഓസ്ട്രിയ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ എന്നിവരടങ്ങിയ ഗവേഷകസംഘം പറയുന്നതു സമയാസമയങ്ങളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളും നിശ്ചയങ്ങളും കൈക്കൊണ്ട് നടത്തുന്ന ആത്മാര്‍ഥ ശ്രമങ്ങള്‍ക്കെ ഈ ലക്ഷ്യത്തിലേക്കെത്തിക്കാനാവൂ എന്നാണ്.ഈ പഠനങ്ങളുടെ പ്രധാന ലേഖകനും ഗവണ്‍മെന്റ് സാമ്പത്തിക വിദഗ്ദ്ധനുമായ അലെന്‍ ഫൗസെറ്റ് പറയുന്നു 'പ്രധാനമായും ശ്രദ്ധിക്കേണ്ടകാര്യം രാജ്യങ്ങള്‍ സമര്‍പ്പിക്കുന്ന ഈ ഉടമ്പടി 2025-2030 വരെ മാത്രം നീളുന്ന ഒന്നാണ് എന്നുള്ളതാണ്'. അത്യധികമായ താപനത്തിനുള്ള സാധ്യതകള്‍ കുറക്കുന്നതാണ് പാരീസിലെ നടപടികള്‍ എങ്കിലും താപനില വര്‍ദ്ധനവ് രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, 2030നു ശേഷമുള്ള നിയന്ത്രണ നടപടികള്‍ ഇതേത്തുടര്‍ന്നു നിലവില്‍ വരണമെന്ന് അദ്ദേഹം പറയുന്നു.

താപനില വര്‍ദ്ധനവ് പരിമിതപ്പെടുത്തുന്നതിന് രാജ്യങ്ങളുടെ ഹരിത വാതക ബഹിര്‍ഗമനത്തിന്റെ തോത് ഇപ്പോഴത്തേതുവച്ച് 'പൂജ്യം വര്‍ദ്ധനവ്' അല്ലെങ്കില്‍ 'പൂജ്യത്തിലും താഴെ വര്‍ദ്ധനവ്' ആകേണ്ടിയിരിക്കുന്നു എന്നാണ് ഈ ഗവേഷണ ഫലങ്ങള്‍ കാണിക്കുന്നത്. അതിനര്‍ത്ഥം, കാടുകള്‍ വച്ചു പിടിപ്പിച്ചും പുതിയ സാങ്കേതിക വിദ്യകളിലൂടെയും അന്തരീക്ഷത്തിലെത്തുന്ന ഹരിത വാതകങ്ങള്‍ വര്‍ധിക്കാതെ നോക്കണമെന്നാണ്.

പസിഫിക് നോര്‍ത്ത് വെസ്റ്റ് നാഷനല്‍ ലബോറട്ടറിയുടെ ഊര്‍ജ വകുപ്പും മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്നുള്ള സംരംഭമായ ജോയിന്റ് ഗ്ലോബല്‍ ചേഞ്ച് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗോകുല്‍ അയ്യര്‍ ഈ പഠനത്തിനു നേതൃത്വം നല്കിയ ശാസ്ത്രജ്ഞരില്‍ ഒരാളാണ്. എല്ലാ ഉറവിടങ്ങളില്‍ നിന്നുമുള്ള ഹരിത വാതക ബഹിര്‍ഗമനത്തേക്കാള്‍ കൂടിയ നിരക്കിലും അളവിലും 'കാര്‍ബണ്‍കാപ്ചര്‍' സാങ്കേതിക വിദ്യ ഉപയോഗിക്കുക എന്നതാണ് ആശയം എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

'ഹരിതവാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കാന്‍ 2030നു ശേഷവുമുള്ള ത്വരിത നടപടികള്‍, ഫോസ്സില്‍ ഇന്ധനങ്ങള്‍ ഘട്ടം ഘട്ടമായുള്ള ഒഴിവാക്കല്‍, നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ പൂജ്യത്തിലും താഴെയുള്ള ഹരിത വാതക നിര്‍ഗമനം എന്നിവയും കര്‍മപരിപാടികള്‍ ആണ്.'

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


Next Story

Related Stories