TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രിക്ക് തീർപ്പുകൽപ്പിക്കാനാണെങ്കിൽ അന്വേഷണവും കോടതിയുമൊന്നും വേണ്ടല്ലോ!

മുഖ്യമന്ത്രിക്ക് തീർപ്പുകൽപ്പിക്കാനാണെങ്കിൽ അന്വേഷണവും കോടതിയുമൊന്നും വേണ്ടല്ലോ!
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് മാത്രമാണ് പങ്കുള്ളതെന്നും ഗൂഢാലോചന സംബന്ധിച്ച ആരോപണങ്ങള്‍ തള്ളുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് വിവാദമായിരിക്കുകയാണ്. ഇന്നലെ തലശേരിയിലെ പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ പോലും പൂര്‍ത്തിയാകാതിരിക്കുകയും പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തീര്‍ത്തും നിരുത്തരവാദപരമായി ഇത്തരമൊരു കാര്യം പറഞ്ഞിരിക്കുന്നത്.

കേസിനെക്കുറിച്ച് തെറ്റായ ചിത്രീകരണം നടക്കുമ്പോള്‍ അതില്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയുകയോ വിമര്‍ശിക്കുകയോ ചെയ്യാം. എന്നാല്‍ ഇവിടെ ഈ കേസിന് ആധാരമായ കുറ്റകൃത്യം ഇന്നതാണ്, ഇന്ന ആള്‍ മാത്രമാണ് ഇതില്‍ ഉത്തരവാദി എന്നെല്ലാം അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയാണ്. എന്ത് അടിസ്ഥാനത്തിലാണ് ഇത്? മുഖ്യമന്ത്രി കല്‍പ്പിക്കുന്ന ഈ തീര്‍പ്പും ഊഹാപോഹക്കാര്‍ പ്രചരിപ്പിക്കുന്ന കഥകളും തമ്മില്‍ എന്ത് വ്യത്യാസം? ഈ കേസില്‍ ഗൂഢാലോചനയൊന്നുമില്ല എന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍വിധിയോടെയുള്ള ഏകപക്ഷീയമായ പ്രഖ്യാപനം ഈ കേസില്‍ എന്തൊക്കെയോ ഗൂഢാലോചനകള്‍ മറച്ച് വയ്ക്കപ്പെടുന്നുണ്ട് എന്ന സംശയം ബലപ്പെടുത്തുന്നതാണെന്ന്   സംശയിച്ചാല്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. കോടതിയില്‍ മതില്‍ ചാടിക്കടന്ന്, ജഡ്ജിയില്ലാത്ത നേരം കീഴടങ്ങാനെന്ന് പേരിൽ അകത്ത് കയറിയ പ്രതികളെ പിടികൂടിയ നടപടിയെ പൊലീസിന് ന്യായീകരിക്കാം. പക്ഷെ കേസ് അന്വേഷണം ഏത് ദിശയില്‍ പോകണമെന്നത് സംബന്ധിച്ച് സൂചന നല്‍കുന്നത് പോലെയുള്ള ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടതായിരുന്നു. എന്തിനെയും ന്യായീകരിക്കാന്‍ സോഷ്യല്‍ മീഡിയയിലെ ന്യായീകരണ തൊഴിലാളികളും സൈബര്‍ പോരാളികളും ഉള്ളതുകൊണ്ട് മുഖ്യമന്ത്രിക്ക് സമാധാനിക്കാം.

മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ:

"പ്രധാന പ്രതിയുടെ തന്നെ ഭാവനയാണിത്. പ്രധാന പ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ ഒരു നടപടിയാണിത്. അയാളുടെ മനസ്സില്‍ ഉയര്‍ന്നുവന്ന ഒരു സങ്കല്‍പ്പം. ഒരു കുറ്റകൃത്യം എങ്ങനെ നടത്തണമെന്ന് കുറ്റവാളി സങ്കല്‍പിച്ച് വെക്കുമല്ലോ. അതിന്റെ ഭാഗമായി നടത്തിയ കാര്യം. ഇതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്."

ഒരു ചായക്കടയിലോ കവലയിലോ നിന്നോ സ്വകാര്യ സംഭാഷണങ്ങളിലോ ഏതൊരു സാധാരണക്കാരനും പങ്ക് വച്ചേക്കാവുന്ന ഇത്തരമൊരു ഊഹാപോഹം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് ഗുരുതരമായ തെറ്റാണ്.

മുഖ്യമന്ത്രിയുടെ പ്രസംഗം - വീഡിയോ:നടന്‍ ദിലീപിനെതിരെയാണ് പല ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകളും ആരോപണങ്ങള്‍ ഉന്നയിച്ചത്. അതിനെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായി എന്തെങ്കിലും പറയുമ്പോള്‍ അല്‍പ്പം ഔചിത്യം പുലര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ടതായിരുന്നു. കേസ് സംബന്ധിച്ച് ഏറെ വ്യാജ പ്രചാരണങ്ങളും തെറ്റായ വാര്‍ത്തകളും ചിത്രീകരണങ്ങളും നടക്കുന്നതായും സിനിമാ മേഖലയിലെ പ്രമുഖരെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളും നടക്കുന്നതായി ആരോപിച്ച് കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ശരിയായിരിക്കാം. ഇത്തരത്തില്‍ വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും നടക്കുന്നുണ്ടായിരിക്കാം. പക്ഷെ അതിന് ഇരയാവുന്ന പ്രമുഖ നടന്മാര്‍ അടക്കമുള്ളവര്‍ക്ക് അതിനെതിരെ നിയമ നടപടി സ്വീകരിക്കാവുന്നതാണ്. അത് അവര്‍ ചെയ്ത് കൊള്ളും. അതിന്റെ പേരില്‍ ഉത്തരവാദരഹിതമായി സംസാരിക്കുന്നത് ശരിയല്ല. ഇത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പൊതുസമൂഹത്തിലും ഏത് തരത്തിലുള്ള സന്ദേശമാണ് നല്‍കുക എന്നത് മുഖ്യമന്ത്രി ആലോചിക്കുന്നുണ്ടോ?

നടിയുമായി സംസാരിച്ചതിന് ശേഷമാണ് അവരുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമായ മഞ്ജു വാര്യര്‍ ഇക്കാര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ച് പറയുന്നത്. പ്രതി പള്‍സര്‍ സുനിയെ പൊലീസ് പിടിച്ചതിന് ശേഷവും മഞ്ജു ഇക്കാര്യം ആവര്‍ത്തിച്ചു. സിനിമാലോകത്ത് നിന്ന് മറ്റൊരാളും ഇക്കാര്യം പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എല്ലാവരും പിന്തുണയും ഐക്യദാര്‍ഢ്യവും വികാര പ്രകടനവും മാത്രമാണ് മുന്നോട്ട് വച്ചത്. അതാണെങ്കില്‍ ഒട്ടും ബുദ്ധിമുട്ടില്ലാത്ത കാര്യമാണല്ലോ. ഇക്കാര്യത്തില്‍ ചലച്ചിത്രമേഖലയിലോ പുറത്തോ ഉള്ള ഇന്നയിന്ന പ്രമുഖര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് പറയാനുള്ള തെളിവ് ഇപ്പോഴില്ല. എന്നാല്‍ അത്തരം സംശയങ്ങള്‍ ശക്തമാക്കി നിലനിര്‍ത്തുന്ന കാരണങ്ങള്‍ ഉണ്ട് താനും. ഇത്തരം സംശയങ്ങളാണ് ദുരീകരിക്കപ്പെടേണ്ടതാണ്. അതിന് ഏറ്റവും നല്ല വഴി സിനിമാ മേഖലയില്‍ ആരോക്കെയായി ഈ ക്രിമിനലുകള്‍ക്ക് ബന്ധമുണ്ട് എന്ന് കണ്ടെത്തി അത് തുറന്നുകാട്ടുകയാണ്. അതിനെന്താണ് തടസം എന്ന് മനസിലാകുന്നില്ല. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുക മാത്രമായിരുന്നു ഉദ്ദേശമെന്ന് സുനി പറയുന്നു. ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി, 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ അത് പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, നടിയെ ഈ ക്രിമിനലുകള്‍ ഇറക്കിവിട്ടു എന്നും അത് അവരുടെ മാത്രം താല്‍പര്യപ്രകാരമായിരുന്നു എന്നെല്ലാം പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

ഏത് വ്യക്തിക്കെതിരെയായാലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും മുന്‍വിധികളുടേയും കഥകളുടേയും അടിസ്ഥാനത്തിലും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല. ചലച്ചിത്ര മേഖലയിലെ ക്രിമിനല്‍വത്കരണത്തെ കുറിച്ച് മുഖ്യമന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത്തരം ക്രിമിനല്‍ പ്രവണതകള്‍ തുടച്ച് നീക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ധാനം ചെയ്തിരുന്നു. എങ്ങനെയാണ് ഈ സിനിമ മേഖലയില്‍ ഇത്തരം ക്രിമിനലുകള്‍ക്ക് ഇടം കിട്ടുന്നത് എന്നല്ലേ ചോദിക്കേണ്ടത്. ക്രിമിനലുകള്‍ക്ക് മുന്നില്‍ സിനിമാലോകത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നത് കൊണ്ടാണല്ലോ അവര്‍ ഇതിനകത്ത് വരുന്നത്. അപ്പോള്‍ ചലച്ചിത്രപ്രവര്‍ത്തകരില്‍ പലര്‍ക്കും ഇവരുമായി ബന്ധമുണ്ടെന്ന കാര്യം വ്യക്തമാണല്ലോ. അതാര്‍ക്കൊക്കെയാണ് എന്ന കാര്യം പരിശോധിക്കപ്പെടാതെ എങ്ങനെയാണ് നിങ്ങള്‍ സിനിമാ മേഖലയിലെ ക്രിമിനല്‍ പ്രവണതകള്‍ തുടച്ച് നീക്കാന്‍ പോകുന്നത്? ഏതൊരു വ്യവസായ മേഖലയും പോലെ മൂലധന താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു അധോലോകം വളര്‍ന്ന് വരുന്നതും ക്രിമിനല്‍വത്കരണം ശക്തിപ്പെടുന്നതും പൊതുവെ കാണുന്ന കാര്യമാണ്. അതിനെ അഭിസംബോധന ചെയ്യേണ്ടത് അനിവാര്യമാണ്.

ആക്രമിക്കപ്പെട്ട നടി, താന്‍ നേരിട്ട പീഡനം സംബന്ധിച്ച് പരാതി നല്‍കാനും ആ സംഭവം പുറത്തറിയിക്കാനും കാണിച്ച ആര്‍ജ്ജവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയേക്കാവുന്ന പല സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കാര്യത്തിലുണ്ടായത്. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മട്ടില്‍ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതിന് പിന്നാലെ പൊലീസും അങ്ങനെ പറഞ്ഞു കഴിഞ്ഞു.  ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യം പിടിയിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് പറഞ്ഞിരുന്നത്. ഇപ്പോള്‍ പറയുന്നത് ക്വട്ടേഷനേ ഇല്ലെന്നാണ് വാര്‍ത്തകള്‍. ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുന്നതിനായി താന്‍ തന്നെ ആവിഷ്‌കരിച്ച് നടപ്പാക്കിയ പരിപാടിയാണിതെന്നും സിനിമാ മേഖലയിലെ മറ്റാര്‍ക്കും ഗൂഢാലോചനയില്‍ പങ്കില്ലെന്നും പള്‍സര്‍ സുനി മൊഴി നല്‍കിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ല. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ  പ്രസ്താവന തീര്‍ത്തും അനാവശ്യവും കേസിനെക്കുറിച്ച് പൊതുസമൂഹത്തില്‍ കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നതുമാണ്.

(അഴിമുഖം സ്റ്റാഫ് ജേർണലിസ്റ്റാണ് സുജയ്)


Next Story

Related Stories