TopTop
Begin typing your search above and press return to search.

ജനകീയസമരങ്ങളെ അടിച്ചമര്‍ത്തില്ല, പക്ഷേ എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കരുത്; പിണറായിയുടെ വികസന മുന്നറിയിപ്പ്‌

ജനകീയസമരങ്ങളെ അടിച്ചമര്‍ത്തില്ല, പക്ഷേ എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കരുത്; പിണറായിയുടെ വികസന മുന്നറിയിപ്പ്‌

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം കൊച്ചി മെട്രോ കേരളത്തിന്റെ വികസനക്കുതിപ്പിന്റെ തുടക്കം മാത്രമാണെന്നാണ്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ന്നുമുള്ള സഹായം അഭ്യര്‍ത്ഥിക്കുന്ന അദ്ദേഹം സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമാക്കുന്നുണ്ട്.

എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന എതിര്‍പ്പുകളെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവനകളില്‍ ജനകീയ സമരങ്ങളോടുള്ള ഒരു വെല്ലുവിളിയുടെ ശബ്ദം നിറഞ്ഞിരുന്നതും ശ്രദ്ധേയമാണ്. വലിയ വികസന പ്രവര്‍ത്തനങ്ങളുണ്ടാകുമ്പോള്‍ കുറച്ചുപേര്‍ക്കൊക്കെ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ വിവിധങ്ങളായ നഷ്ടം നേരിടേണ്ടി വരുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നാണ്. വികസന പ്രവര്‍ത്തനങ്ങള്‍ ഒരു പ്രദേശത്തിന്റെ മാത്രമല്ല, നാടിന്റെയും രാജ്യത്തിന്റെയും വികസനത്തിന് ആവശ്യമാണ്. അത്തരമൊരു കാര്യം വരുമ്പോള്‍ ഏതാനും ചിലര്‍ വിഷമങ്ങള്‍ സഹിച്ചായാലും അതുമായി സഹകരിക്കാന്‍ തയ്യാറാകണം.

വിഷമങ്ങള്‍ സഹിക്കുന്നവര്‍ വിഷമിച്ചോട്ടെ എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരവും പുനരധിവാസം ആവശ്യമാണെങ്കില്‍ പുനരധിവാസം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എന്നിട്ടും എതിര്‍ക്കാന്‍ തയ്യാറായാല്‍ പിന്നെ ആ എതിര്‍പ്പ് അംഗീകരിച്ചുകൊണ്ട് പോകാനാകില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തില്‍ വിവിധ വിഷയങ്ങളില്‍ ഇപ്പോഴും തുടരുന്ന ജനകീയ സമരങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ് ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഈ സമരങ്ങളെയെല്ലാം തള്ളിക്കളയുന്ന വാക്കുകളായി പോയി അദ്ദേഹത്തില്‍ നിന്നും ഇന്നുയര്‍ന്നത്.

ജനകീയ സമരങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അടിച്ചമര്‍ത്തലുകള്‍ അത് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതായാലും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതായാലും കണ്ടില്ലെന്ന് നടിക്കാനാകില്ല. കഴിഞ്ഞ ദിവസവും പുതുവൈപ്പിനില്‍ ജനകീയ സമരക്കാരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള പല സമരങ്ങളും വികസനത്തിനല്ല, പകരം അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെയാണ് നടക്കുന്നത്. അത്തരത്തില്‍ പ്രത്യാഘാതങ്ങള്‍ നിരീക്ഷിച്ച് പ്രാവര്‍ത്തികമാക്കുന്ന ഒരു വികസന പ്രവര്‍ത്തനവും ജനവിരുദ്ധമായി തീരുകയില്ല. നാടിന്റെ വികസനം ജനങ്ങളുടെ ആവശ്യമാണെന്ന തിരിച്ചറിവ് ഇന്ന് ഈ സമൂഹത്തിന് കൈവന്നു കഴിഞ്ഞു. പക്ഷെ സ്വന്തം ഇടം നഷ്ടമാക്കിയുള്ള വികസനത്തെ അവര്‍ക്ക് ഭയപ്പാടോടെ മാത്രമേ കാണാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി മനസിലാക്കേണ്ടതുണ്ട്.

മെട്രോയുടെ ചരിത്രത്തില്‍ തന്നെ അതിവേഗം പൂര്‍ത്തിയാക്കിയ സെക്ടറാണ് കൊച്ചിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്നതെന്ന് നേരത്തെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയിരുന്നു. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് ഇതൊരു സന്ദേശമാണ്. ഏത് വികസന പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ സാധിക്കുമെന്ന സന്ദേശമാണ് അത്. ഈ സന്ദേശം ഉള്‍ക്കൊള്ളുന്ന നിക്ഷേപകര്‍ക്ക് കേരളത്തില്‍ കൂടുതല്‍ പണം മുടക്കാനുള്ള പ്രചോദനമാകുകയും ധാരാളം പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആരംഭിക്കാന്‍ സാധിക്കുകയും ചെയ്യും. വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഗതാഗത വികസനമാണ് മുഖ്യമന്ത്രി ഇന്ന പ്രത്യേകമായും എടുത്തു പറഞ്ഞത്. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി വാട്ടര്‍ മെട്രോ, ദേശീയപാത ആറുവരിയാക്കല്‍, റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ അതിവേഗതയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ മൂലം പ്രകൃതിക്ക് കോട്ടം വരുന്ന സ്ഥിതി ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് പറയുന്നതിലൂടെ വികസനം പ്രകൃതി വിരുദ്ധമാകാന്‍ അനുവദിക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗ്ഗങ്ങളും കേരളത്തിലെ കടല്‍ത്തീരങ്ങളും ഉപയോഗിച്ചുള്ള സുരക്ഷിതവും മലിനീകരണ മുക്തവുമായ ഗതാഗത മാര്‍ഗ്ഗമെന്ന അദ്ദേഹത്തിന്റെ ആശയം സ്വാഗതാര്‍ഹമാണ്. കേരളത്തിലെ റോഡുകളിലെ തിരക്ക് ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനോടൊപ്പം അതിലൂടെ അന്തരീക്ഷ മലിനീകരണത്തിനും പരിഹാരം കാണാന്‍ സാധിക്കും.

പ്രകൃതിയുടെ സംരക്ഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആറന്മുള വിമാനത്താവളത്തെക്കുറിച്ചും പറയേണ്ടതുണ്ട്. വിമാനത്താവള പദ്ധതിയ്ക്കല്ല എതിര് നിന്നത് പകരം അത് പരിസ്ഥിതിയ്ക്ക് വലിയ ആഘാതമുണ്ടാക്കുമെന്നതിനാലാണ് അതിന് എതിര് നിന്നത് എന്നായിരുന്നു മുഖ്യമന്ത്രി തന്നെ അതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. മെട്രോ കേരളത്തിന്റെ വലിയൊരു വികസന സ്വപ്‌നമാണെന്ന സത്യം നിലനില്‍ക്കുമ്പോഴും അത് മാത്രമല്ല കേരളത്തിന്റെ വികസന സ്വപ്‌നം എന്ന് വ്യക്തമാക്കാനും മുഖ്യമന്ത്രിക്ക് സാധിച്ചു. കൊച്ചി മെട്രോ സംസ്ഥാനത്തെ വികസനത്തിന്റെ അവസാന വാക്കല്ലെന്നും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. അതേസമയം വിഭവശേഷിയിലെ അപര്യാപ്തത നിലനില്‍ക്കുന്നത് മൂലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ കേരളത്തിന് ആവശ്യമാണ്.

മെട്രോയെ മാതൃകയാക്കി ഒട്ടനവധി നിക്ഷേപകര്‍ കേരളത്തിലേക്കെത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ ഈ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ജനജീവിതത്തെ ഇല്ലാതാക്കുകയോ താറുമാറാക്കുകയോ ചെയ്താല്‍ പ്രതികരിക്കാതിരിക്കാന്‍ ഈ സമൂഹത്തിന് സാധിക്കില്ല. നാടിന്റെ വികസനം ജനങ്ങളുടെ ആവശ്യമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ തന്നെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തനവും ഇവിടെ സാധ്യമാകില്ലെന്നും മുഖ്യമന്ത്രി ഓര്‍ത്താല്‍ നന്ന്.


Next Story

Related Stories